UPDATES

വായന/സംസ്കാരം

ഖനനം ചെയ്തെടുത്ത മനുഷ്യനിര്‍വ്വചനങ്ങള്‍; ഇ. സന്തോഷ് കുമാറിന്റെ നാരകങ്ങളുടെ ഉപമ വായിക്കുമ്പോള്‍

മികച്ച കഥയ്ക്കുള്ള പത്മരാജന്‍ കഥാ പുരസ്കാരം നാരകങ്ങളുടെ ഉപമയ്ക്കായിരുന്നു

ഇലയനക്കമില്ലാതെ കാറ്ററിയാനും പെയ്യാത്ത മഴയുടെ തണുപ്പേൽക്കാനും പൊരിവെയിലിലും തണലാകാനും ഒരു കടലാഴം ഉള്ളിൽ നിറയ്ക്കാനും ഒരു കാടിണന്‍റെ ജൈവവൈവിധ്യമാവാനും വായനക്കാരനെ സഹായിക്കുന്ന ഒരു എഴുത്തുകാരൻ കഥകളുടെ ഭാണ്ഡവുമായി ഒട്ടും തിരക്കില്ലാതെ, തീരെ ആർഭാടമില്ലാതെ വായനക്കാരനിലേക്ക് പെയ്തിറങ്ങുന്നുണ്ട്. വിട പറയാതെ മടങ്ങുന്ന രാത്രിയെപ്പോലെ വീണ്ടും വീണ്ടും വായനക്കാരനിലേക്ക് തിരിച്ചെത്തുന്നുണ്ട്.

ഭാഷയുടെ പ്രകമ്പനങ്ങളോ വാക്കിന്റെ മൂലരൂപം തേടിപ്പോയി സംസ്കാരത്തെ വെല്ലുവിളിക്കുന്ന പദപ്രയോഗങ്ങളോ, കാൽപ്പനികതയുടെയും യാഥാർത്ഥ്യത്തിന്‍റെയും മാറിമാറി വരുന്ന പകർന്നാട്ടങ്ങളോ ത്രസിപ്പിക്കുന്ന രതിബിംബങ്ങളോ ജീവിതത്തിന്‍റെ കടുംവർണ്ണങ്ങളോ ആസക്തിയുടെ അഴുക്കുകളോ ഒന്നും തന്നെയില്ലാതെ നിങ്ങളിലെ വായനക്കാരനെ എഴുത്തുകാരൻ കൂടെ നടക്കാൻ ക്ഷണിക്കുന്നു. പക്ഷേ ജീവിതമെന്ന വില്ലു കുലയ്ക്കുന്ന ഓരോ മനുഷ്യനും ഞാണിൽ നിന്ന് തൊടുത്തു വിട്ടശേഷം ലക്ഷ്യഭേദിയാകുകയോ ലക്ഷ്യം നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ കടന്നു പോയിരിക്കാവുന്ന ഒരു കൂട്ടം അനുഭവങ്ങൾക്ക് നിങ്ങൾ എഴുത്തുകാരനൊപ്പം സാക്ഷിയാകും. ജീവപ്രപഞ്ചത്തിന്‍റെ ആത്മാവ് മനുഷ്യനെന്നു കരുതുന്നവർക്ക് ശാശ്വതപരിഹാരമില്ലാത്ത ആത്മയാത്രകളുടെ അലച്ചിലും വലച്ചിലും വെളിപ്പെടുത്തുന്ന മനുഷ്യമണമുള്ള, നന്മപ്രസരിപ്പിക്കുന്ന കഥകൾ.

പ്രകൃതിദത്തമായതെന്തും അതിനു നിശ്ചയിക്കപ്പെട്ട, അതിന്‍റെ ജീനിൽ എഴുതപ്പെട്ട സമയനിഷ്ഠയോടെ മാത്രമാണ് പൂർണ്ണ വളർച്ച പ്രാപിക്കുന്നത്. ശീലമല്ലാത്ത എല്ലാ കാഴ്ചകളും അലോസരമായി മാറുന്ന മനുഷ്യൻ എന്ന നിരന്തരപരിണാമജീവി. ചിരപരിചിതമല്ലാത്ത ഒരോ കാഴ്ചയും സംശയദൃഷ്ടിയോടെ മാത്രം വീക്ഷിക്കുന്ന അപൂർവ്വ ജീവി. സ്വന്തം ചോദന ആ അപരിചിതത്തിലേക്കു തന്നെ പായുമ്പോഴും സ്വാർത്ഥത്തിന്‍റെ, യുക്തിയുടെ, പ്രായോഗികതയുടെ പുകമറ സൃഷ്ടിച്ച് വഴുതി മാറുന്ന, ഒരു യന്ത്രവത്കൃത മാതൃകയായി രൂപാന്തരം പ്രാപിക്കുന്ന മനുഷ്യൻ. ആറാം വിരല്‍ എന്ന പരിചിതമല്ലാത്ത ഒരു ശരീരഭാഗം ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.

ഒട്ടുചെടിയല്ലാതെ കുരു പാവി മുളപ്പിച്ച ഒരു ഓറഞ്ചുചെടി പുഷ്പിക്കുമ്പോൾ നിങ്ങൾ ഒരു മനുഷ്യനെ ഓർക്കണമെങ്കിൽ, ജനിതകമാറ്റങ്ങളിലൂടെ അതിശയങ്ങൾ സൃഷ്ടിക്കുന്ന പുതിയ യുഗത്തിൽ അയാൾ ഒരു ഒറ്റപ്പെട്ട അടയാളപ്പെടുത്തൽ തന്നെയായിരിക്കും. നടുന്ന എല്ലാ മരങ്ങളും അവരവരുടെ ജീവിതകാലത്തു തന്നെ കായ്ക്കണമെന്ന ചിന്താഗതിയില്ലാത്ത ഒരാൾ! ഒരാളുടെ കാത്തിരിപ്പും ജീവിതവും അവനവന്‍റേതു മാത്രമായി ചുരുങ്ങുന്ന നവലോക യാഥാർത്ഥ്യങ്ങൾ. വിത്തിൽ ഒളിപ്പിച്ച ജീവിതചക്രത്തിന് കൃത്രിമമായ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ ഭൂമിക്ക് മുകളിൽ വാസം സാധ്യമെന്ന് പ്രകൃതി നിരന്തരം ഓർമ്മപ്പെടുത്തുമ്പോഴും, വളർച്ച വേഗത കൂട്ടി ഫലപ്രപ്തിയിലേക്കുള്ള ഊടുവഴികളിൽ കുരുങ്ങിക്കിടന്ന് കിതയ്ക്കുകയാണ് ഗവേഷണങ്ങൾ.

കാടിനുളളിലുളളവര്‍ക്ക് ആരും ഇല്ല എന്ന് കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നത് പ്രതിബദ്ധതാപൂര്‍ണ്ണമായ ദൃഷ്ടിയോടെ സമൂഹചലനങ്ങളെ അപഗ്രഥിക്കുന്നതുകൊണ്ടാണ്. സ്വന്തം ആകാശത്തിന്‍റെ അപാരത തിരിച്ചറിയാത്ത പക്ഷിക്ക് ചിറകുണ്ടായിട്ടും പ്രയോജനമില്ല എന്നതുപോലെ ജൈവികത നിറഞ്ഞ കാടിന്‍റെ സൂക്ഷിപ്പുകാര്‍ക്ക് പ്രാണനുപോലും നാടുഭരിക്കുന്നവരെ ആശ്രയിക്കേണ്ട ഗതികേടാണ്. പക്ഷങ്ങളും അവയുടെ സ്വഭാവവുമാണ് തന്‍റെ പക്ഷി എന്ന നിലനില്‍പ്പിനാധാരം എന്ന തിരിച്ചറിവില്ലാത്തതുകൊണ്ടാവാം പക്ഷി പറക്കുക എന്ന ക്രിയ മറന്നുകളയുന്നത്. നൈസര്‍ഗ്ഗികമായ ജീവിതാവസ്ഥകളില്‍ നിന്ന് വ്യതിചലിക്കുന്ന ജീവിവര്‍ഗ്ഗം അപൂര്‍വ്വവും അസാധാരണവുമായ കാഴ്ചയാണ്. സ്വന്തം പ്രതിരൂപത്തോടുളള ആകാംക്ഷയേക്കാള്‍ ജലത്തില്‍ താന്‍ കാണുന്ന കാഴ്ചയില്‍ നിന്ന് ഒന്നുംതന്നെ വായിച്ചെടുക്കാന്‍ കഴിയാത്ത നിസ്സഹായതയാവാം പരുന്തിനെ തൊട്ടിപ്പുറത്ത് പിടിച്ചിരുത്തുന്നത്. കാഴ്ചകളിലേക്ക് ചൂഴ്ന്നിറങ്ങാന്‍ കഴിവുളള കണ്ണുകള്‍ ഉണ്ടെങ്കിലും ജന്മവാസനയെ ഉപരോധിക്കും വിധം എന്തോ ഒന്ന് അതിന്‍റെ ചിന്താമണ്ഡലത്തില്‍ കൊടുംങ്കാറ്റിനുശേഷം സംഭവിച്ചിട്ടുണ്ടാകണം. തൊട്ടിയില്‍ കല്ലെറിയുമ്പോള്‍ വീണ്ടും ഉടഞ്ഞുപോയ അതിന്‍റെ ദൃശ്യലോകം അതിനെ വീണ്ടും അമ്പരപ്പിക്കുകയും അത് പറന്നുപോകുകയും ചെയ്യുന്നു. സാധാരണ ജന്തുജാലങ്ങളില്‍ നിന്ന് വിഭിന്നമായ ജീവിതശൈലികളുളള ഒരു കൂട്ടം മൃഗങ്ങള്‍ നമ്മോട് പറയുന്നത് മനുഷ്യസഹവാസം അവയെ പരിണാമത്തിനു വിധേയമാക്കുന്നു എന്നുതന്നെയാണ്. ജനിതകമാറ്റത്തേക്കാള്‍ ക്രൂരമാണിതെന്നു വിലയിരുത്താന്‍ തോന്നിപ്പിക്കും വിധം സാധുമൃഗങ്ങള്‍ വായനക്കാരോട് ഇടപെടുന്നു. കറവവറ്റിയ പശുക്കളും കാടിറങ്ങുന്ന ആദിവാസിയും സ്വസ്ഥത കെടുത്തുന്ന സമൂഹഘടനയില്‍ കാടിനുവേണ്ടി സംസാരിക്കുന്ന മകനും പോറ്റുമൃഗങ്ങളുടെ കടമകള്‍ മറന്നിട്ടും തീറ്റിപ്പോറ്റുന്ന ആടും നായുമെല്ലാം അഷ്ടിക്കു മുട്ടുമ്പോഴും പട്ടിണിയുടെ വിലയറിയുന്ന നന്മയുടെ പ്രതിരൂപങ്ങളായി എല്ലും തോലുമായ കീറിപ്പിഞ്ഞിയ ഉടുപ്പുകള്‍ക്കുളളില്‍ ഭദ്രമാണ്. സ്വന്തം ജീവിതം ആത്മഗതംപോലെ ഉരുവിടുന്ന സ്ത്രീയില്‍ നിഗൂഢത സംശയിക്കുന്നുണ്ട് എഴുത്തുകാരന്‍. വ്യക്തിപരമായി പറയട്ടെ, പലപ്പോഴും സ്ത്രീകള്‍ സ്വയം ഒളിക്കുന്നതും വിഷാദങ്ങളെ തളച്ചിടുന്നതും ആത്മഹര്‍ഷങ്ങളെ തുറന്നുവിടുന്നതും, ക്രൗര്യത്തെ മരവിപ്പിക്കുന്നതും അത്തരം നിഗൂഢതകളിലാണ്.

ദുര്‍മാര്‍ഗികള്‍ക്ക് ഒളിത്താവളമൊരുക്കുന്ന കാട് കാട്ടുദൈവത്തെപ്പോലെ ഉറച്ചുസംസാരിക്കുന്ന മകനെ കാത്തുരക്ഷിക്കുന്നില്ലല്ലോ!

Also Read: നാരകങ്ങളുടെ ഉപമ: വ്യത്യസ്തമായ ജീവിതങ്ങളുടേയും വ്യത്യസ്തമായ മരണങ്ങളുടേയും പുസ്തകം

നിത്യജീവിതത്തിലേക്ക് കഥാപാത്രമായിത്തന്നെ മൃഗങ്ങളെ ചേര്‍ത്തുവെച്ച്, അസാധാരണമായി ഒന്നുമില്ലാത്തവിധം ആ മൃഗം കഥാഗതി നിയന്ത്രിക്കുന്ന വിസ്മയകരമായ കാഴ്ചയാണ് വാവയിലെ കാള. ഒരു മനുഷ്യന്‍റെ അസ്തിത്വം കാള എന്ന ജീവിയിലൂടെ പൂരിപ്പിക്കപ്പെടുന്നത് അല്‍പ്പം ഞെട്ടലോടെ അനുഭവിച്ചുപോകുന്നു. പരിണാമസിദ്ധാന്തത്തിലൂന്നിയ ഡിഎന്‍എ തുടര്‍ച്ചകളില്‍ ഇഴവിട്ടുപോയ ജീവിവര്‍ഗ്ഗങ്ങളെല്ലാം തന്നെ മനുഷ്യനിലിപ്പോഴും അവശേഷിക്കുന്ന ചോദനകളായി ഉണ്ടാവാം എന്നു കണ്ടെത്തുന്നുണ്ട് എഴുത്തുകാരന്‍. ശബ്ദങ്ങളെ അതേപടി അനുകരിക്കുക എന്ന സംഗതി സാധ്യമാവുന്നത് പരിണാമത്തിന്‍റെ പല അടരുകളില്‍ എവിടെയൊക്കയോവെച്ച് ഉരിഞ്ഞുകളഞ്ഞ ഓരോ ജീവിവര്‍ഗ്ഗത്തിന്‍റെയും അതുല്യമായ സ്വഭാവവിശേഷതകളുടെ ഡിഎന്‍എ മാപ്പിംഗ് മനുഷ്യനില്‍ നിലനില്‍ക്കുന്നതുകൊണ്ടായിരിക്കുമോ? ഓരേ സമയം ശബ്ദാനുകരണത്തിലൂടെ മനുഷ്യനെയും മൃഗത്തിനെയും കബളിപ്പിക്കാന്‍ ശബ്ദത്തിനു കഴിയുന്നതിന് വേറെന്ത് കാരണം ചിന്തിക്കണമെന്നറിയില്ല. ജീവിതമെന്നാല്‍ ഭോഗമെന്ന് കാളയുടെ തലച്ചോറില്‍ എഴുതിച്ചേര്‍ക്കുന്നത് മനുഷ്യന്‍ തന്നെയാണല്ലോ! ജന്മനിയോഗമായി കാളയ്ക്ക് ഭോഗം മാറുമ്പോള്‍ ജീവികളില്‍ മനുഷ്യന്‍റെ ഇടപെടലുകള്‍ അവയെ വഴിതെറ്റിക്കുന്നതിന്‍റെ മറ്റൊരുദാഹരണമായി മാറുന്നു.

പാരമ്പര്യത്തിന്‍റെ തനതുവഴികള്‍ ബുദ്ധിയുടെ ഇടപെടലുകളിലൂടെ മനുഷ്യനും പൊട്ടിച്ചെറിയുന്ന ചിത്രമാണ് അന്യം നിന്നുപോകുന്ന മരുന്നുകൂട്ടുകളുടെ ഭാരിച്ച ഹൃദയവുമായി മരണപ്പെടുന്ന വൈദ്യരുടെ കഥാപാത്രം. മനുഷ്യരാശിക്ക് പ്രയോജനപ്പെടുമെന്ന് ഉത്തമബോധ്യമുളള അമൂല്യസമ്പത്തായ തന്‍റെ ചികിത്സാവിധികള്‍ തന്‍റെ രക്തത്തില്‍പ്പിറന്ന മകന്‍ നിഷേധിക്കുന്നിടത്ത് രൂപപരിണാമം മനുഷ്യനിലെത്തിനില്‍ക്കുമ്പോള്‍, ഏതിടപെടലുകള്‍ക്കും മേലെ സ്വബുദ്ധികൊണ്ടു മാത്രം പ്രവര്‍ത്തനമേഖലകള്‍ തിരഞ്ഞെടുക്കുന്ന മനുഷ്യസിദ്ധി സാധ്യമാക്കിയ സൃഷ്ടാവിനെ വെറുതെ നമിക്കാന്‍ തോന്നുന്നു. കാളയും മനുഷ്യനും തമ്മിലുളള സംവേദനങ്ങള്‍ വായിച്ചടുക്കുക വളരെ ശ്രമകരമാണ്. കുളിക്കടവിലെ കാളനോട്ടത്തെ ഭയക്കുന്ന സ്ത്രീകള്‍, ഭോഗസമയത്തെ കാളയുടെ കുതിപ്പുകള്‍ക്കൊപ്പം കഥാപാത്രത്തിലുണ്ടാകുന്ന ശാരീരിക അവസ്ഥകള്‍ എന്നിവയെല്ലാം അവര്‍ക്കുമാത്രം സാധ്യമാവുന്ന ഏതോ ലോകം എന്നുപറയാനേ വായനക്കാര്‍ക്കു കഴിയൂ. പ്രകൃതിയും കഥയും എപ്പോഴെല്ലാം കൂടിക്കുഴയുന്നുവെന്ന് തിരിച്ചറിയുക പ്രയാസമാണ്. മനോഹരമായ ഒരു ദൃശ്യവര്‍ണ്ണനയിലൂടെ കഥ ഇതളഴിയുമ്പോള്‍ പ്രകൃതിയാണോ കഥയാണോ മികച്ചുനില്‍ക്കുന്നതെന്നു തിരിച്ചറിയാന്‍ കഴിയില്ല. രക്തബന്ധങ്ങള്‍ പോലും സ്വാധീനിക്കാത്ത വാവ എന്ന കഥാപാത്രത്തിന്‍റെ യുദ്ധക്കൊതിക്ക് മനുഷ്യസൃഷ്ടിയോളം പഴക്കം തോന്നുന്നു. യുദ്ധവാര്‍ത്തകള്‍ ത്രസിപ്പിക്കുന്ന ഒരുകൂട്ടം ആളുകളെ നമ്മള്‍ ഈയിടെയും തിരിച്ചറിയുകയുണ്ടായല്ലോ!

മനുഷ്യരുടെ ദ്വന്ദ്വസ്വഭാവത്തിന്‍റെ പ്രത്യക്ഷ പ്രതീകങ്ങളാണ് രാമനും രാഘവനും. സമീപകാല ചരിത്രവും കഥയും തമ്മിൽ അകലം സൂക്ഷിക്കാതെ തന്നെ ഡോക്ടർ സാബും സീരിയൽ കില്ലറും കഥയുടെ പശ്ചാത്തലത്തിൽ നിറയുന്നു. സ്വന്തം കർമ്മത്തെ വെല്ലുന്ന യാതൊന്നും ഭൂമിയിൽ നാളിതുവരെ ഉണ്ടായിട്ടില്ല എന്നതിന് നിദർശനമാണ് രാമൻ എന്ന കഥാപാത്രം.

റെയിൽവേ സ്റ്റേഷനിൽ തന്‍റെ പഴയ കാലത്തെ ഉപേക്ഷിക്കുവാനുള്ള അയാളുടെ ശ്രമത്തെ വരച്ചു കാണിക്കുന്നതിലൂടെ അധർമ്മം അയാളുടെ സ്വസ്ഥത കവരുന്നുണ്ടെന്ന് വായനക്കാർക്ക് വ്യക്തമാണ്. “താനെന്നും എന്നോടൊപ്പമുണ്ടായിരുന്നു രാമാ മന:സാക്ഷി പോലെ” എന്ന ഏറ്റുപറച്ചിലിലും നിയന്ത്രിക്കാനാവാത്ത കുരുക്കുകളിൽ പെടുന്ന മനസ്സിനെ താൻ തിരിച്ചറിഞ്ഞിരുന്നു എന്നുള്ള വെളിപ്പെടുത്തലാണ്. ഒരേ ഭൗതിക സാഹചര്യങ്ങളിലും തലച്ചോറിന്‍റെ വഴികൾ പലതാണ്, സ്വാധീനങ്ങളും കർമ്മമണ്ഡലങ്ങളും വ്യത്യസ്തമാണ്. കൊല്ലിനും കൊലയ്ക്കും സമ്പത്തിനും സമൂഹത്തിലുള്ള പ്രമാണിത്തം അധികാരകേന്ദ്രങ്ങളുടെ പിൻവാതിൽ വഴി ഭരണരംഗപ്രവേശം നടത്തുന്ന ഒരു ലോകത്താണ് നമ്മുടെ ജീവിതം. ഒരു കൊല കൊണ്ട് അധികാരത്തിന്‍റെ ഒരു തൂൺ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത്തരം പല തൂണുകളാൽ നിർമ്മിതമായ ആധുനിക ഭരണസിരാകേന്ദ്രങ്ങൾ നിലനിൽക്കുമ്പോൾ രാമൻ രാഘവിനെയും ഡോ. ദത്താ സാമന്തിനെയും ചേർത്ത് വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചനാവൈഭവം അഭിനന്ദനം അർഹിക്കുന്നു. രാഷ്ട്രത്തെ സംബന്ധിച്ചത് പറയാൻ ഒളിയമ്പുകളെക്കാൾ മൂർച്ച കൂടിയ ആയുധങ്ങളില്ല. ട്രോളുകളെ സ്വീകരിച്ച സമൂഹം ഒളിയമ്പുകളെയും സ്വീകരിക്കുന്നുണ്ട്.

ഒരു ലോകം റേഡിയോയിലൂടെ ഒഴുകി വന്നിരുന്ന കാലം. ഇന്നും പ്രഭാതം വിരിയുന്നത് എഫ്എമ്മിലൂടെയാണ്. ചാക്കുണ്ണിയുടെ കണക്കുകൾ തെറ്റിച്ചു കൊണ്ട് ബാലലോകത്തിന്‍റെ കേൾവിക്കാരൻ മരിച്ചപ്പോൾ മറ്റൊരു ബാലലോകത്തിലുടെ ആശ്വാസം തേടുന്ന അയാളുടെ ചിത്രം കണ്ണുനീരിനാൽ തുരുമ്പെടുത്ത ഒരു തയ്യൽ മെഷീനിനെ ഓർമ്മിപ്പിക്കുന്നു. വ്യാധികൾ നിറഞ്ഞ ജീവിതത്തെ തടഞ്ഞു വെയ്ക്കാൻ റേഡിയോ സിഗ്നലുകൾക്ക് കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു. ദാരിദ്ര്യം എന്നത് അനുഭവിക്കുന്നവന്‍റെ മാത്രം ദുരന്തമായതിനാൽ സമൂഹത്തിനത് കണ്ടില്ലെന്ന് നടിക്കാം. പണയങ്ങൾ തീരുന്നിടത്ത് പ്രാണനും തീരുന്നു.

സിനിമ പറുദീസ എന്നത് മറ്റു പറുദീസകളുടെ കാര്യത്തിലെന്ന പോലെ ഒരു സങ്കൽപ സാമ്രാജ്യമായതിനാൽ ജയപരാജയങ്ങളും യുക്തിയും പ്രായോഗികതയും അതിനെ വലയ്ക്കുന്നില്ല. നേടിയതിലേറെ നഷ്ടപ്പെട്ടവരുടെ ലോകം. നേട്ടങ്ങളും കോട്ടങ്ങളുമില്ലാതെ പൊലിയുന്നവരുടെ ലോകം. ജോയ് തെക്കേക്കരയുടെ ലക്ഷ്യം കൃത്യമായ അനുപാതത്തിലുള്ള ചേരുവകളുടെ അഭാവത്തിലും തനിക്കു ചുറ്റുമുള്ള ലോകത്തിന്‍റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനാലും ഫലപ്രാപ്തിയിലെത്താതെ പോകുമ്പോഴും ലക്ഷ്യത്തെ പിൻതുടരാനുള്ള അയാളുടെ അപാരമായ കഴിവിൽ ഒരു ജീവിത കാലയളവ് അല്ലലില്ലാതെ തീർന്നു പോകുന്നു. എൺപതുകളുടെ കാമ്പസ്സിൽ ജോയിക്കൊപ്പം നിന്ന നമുക്കറിയാം, മുദ്രാവാക്യങ്ങളിൽ പോലും കവിത തുളുമ്പിയിരുന്ന, ഒരോ പ്രണയലേഖനവും ഒരു ക്ലാസ്സിക്കായിരുന്ന, ഒരു പുസ്തകമെങ്കിലും ലൈബ്രറിയിൽ നിന്ന് എന്നും കയ്യിലുണ്ടായിരുന്ന, കലോത്സവങ്ങളിൽ കൈമെയ് മറന്നിരുന്ന കാമ്പസ്സുകളുടെ തുടിപ്പുകൾ. ക്ഷുഭിതയൗവ്വനം പോലുള്ള വാക്കുകൾ കേട്ട് കവികളെ ഉത്സവമായി കൊണ്ടാടിയിരുന്ന കാമ്പസ് വിദ്യാർത്ഥിയല്ലാത്തവരെപ്പോലും കവിയാക്കിയിരുന്നു. ഇഷ്ടപ്പെട്ട സ്ത്രീയുടെ കൈ പിടിക്കുമ്പോൾ അഞ്ചിതളുള്ള ഒരു പൂവ് കൈയ്യിലമർന്നു എന്ന് അയ്പ് പാറമേൽ എഴുതിയത് ഇസബെല്ല എന്ന സിനിമയായി ദൃശ്യവത്കരിക്കപ്പെട്ടപ്പോൾ നിരാശരായവരോടൊപ്പം നമ്മളും ഉണ്ടായിരുന്നു. ഊട്ടിയിലെ ഹെയർപിൻ വളവിലെ വയലറ്റ് പൂക്കൾ വിരിയുന്ന വയസ്സൻ മരത്തിനു കീഴെ വണ്ടി നിർത്തി മദ്യത്തിലേക്ക് തണുപ്പിനെ അലിയിക്കാൻ തെരെഞ്ഞടുത്ത ആംഗിളുകൾ ശരിയല്ലെന്നു വിധിയെഴുതിയതും ഈ സിനിമാ ഭ്രാന്തായിരുന്നു. ദീപ്തി നവാലിനെയും സ്മിതാ പാട്ടീലിനെയും പ്രാദേശിക സിനിമാ പ്രക്ഷേപണങ്ങളിലൂടെ കണ്ടു കൊതിച്ച കാലത്തിന്‍റെ ഓർമ്മക്കുറിപ്പുകളായി അവശേഷിക്കുമ്പോൾ ജോയ് തെക്കേക്കര ഒരു തെറ്റല്ലാതായി മാറുന്നു എന്ന് എഴുതാൻ കഴിയുന്നു.

നന്മകൾ പൂക്കുന്ന ഒരു കാടുമായി മൃഗീയതയില്ലാത്ത ഭാഷയുമായി സരളമായ ജീവിതവഴികളിലൂടെ എഴുത്തുകാരന്‍റെ ഭാഷയാകുന്ന രഥം ജൈത്രയാത്ര തുടരട്ടെ. മനുഷ്യന്‍റെ നിർവ്വചനങ്ങൾ നിറഞ്ഞ ഓരോ കഥയും നെഞ്ചിലേറ്റാൻ സദാ ഒരുങ്ങി നിൽക്കുന്ന ഒരു വായനാലോകം നിങ്ങളുടെ കഥകൾക്കായി കാത്തിരിക്കുന്നു.

സുനിത ഹരികുമാര്‍

സുനിത ഹരികുമാര്‍

പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വായനക്കുറിപ്പുകൾ എഴുതുക എന്നതാണ് സാഹിത്യ താത്പര്യം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍