UPDATES

വായന/സംസ്കാരം

തന്നെ വിമര്‍ശിച്ചവരെക്കാള്‍ കൂടുതല്‍ തന്നില്‍ ഓടിയണഞ്ഞവര്‍: എം മുകുന്ദന്‍

ഭാഷാ ശൈലിയെ സമ്പന്നമാക്കിയ നേതാവാണ് പിണറായി വിജയന്‍; ചോയി നോവലുകളിലൂടെ ലാച്ചാര്‍ പോലുള്ള പദപ്രയോഗങ്ങളെ താന്‍ വീണ്ടെടുത്തതു പോലെയാണ് കുലംകുത്തി പോലുള്ള പ്രയോഗങ്ങളെ തിരികെ പിടിച്ചത്

മയ്യഴിയെ മലയാളിയുടെ വായനാനുഭവത്തിലേക്ക് ആധുനികതയുടെ കൂട്ടുപിടിച്ച് കടത്തിവിട്ട എഴുത്തുകാരനാണ് എം മുകുന്ദന്‍. ഡല്‍ഹിയിലിരുന്ന് മയ്യഴിയുടെ പശ്ചാത്തലത്തില്‍ നിരവധി നോവലുകളും കഥകളും എഴുതിയ മുകുന്ദന്‍ ആദ്യമായി പൂര്‍ണമായും നാട്ടില്‍ വെച്ചു എഴുതിയ നോവലാണ് നൃത്തം ചെയ്യുന്ന കുടകള്‍. ആധുനികതയെ അദ്ദേഹം ഉപേക്ഷിച്ചുവെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. എന്നാല്‍ ആധുനികത എന്നത് എന്നേ സ്വയംകെട്ടുപോയ ഒന്നാണെന്നും ഇല്ലാത്ത ഒന്നിനെ താനെങ്ങനെ ഉപേക്ഷിക്കുമെന്നും മുകുന്ദന്‍ ചോദിക്കുന്നു. മാതൃഭൂമി വാരികയില്‍ താഹ മാടായിയുമായി നടത്തിയ അഭിമുഖത്തിലാണ് സ്വത്വം, ഭാഷ, എഴുത്തുജീവിതം, വായന, സിനിമ, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള നിലപാടുകള്‍ എം മുകുന്ദന്‍ തുറന്നു പറയുന്നത്.

അതേസമയം തന്റെ ആധുനിക രചനകളെ വിമര്‍ശിച്ചവരേക്കാള്‍ കൂടുതല്‍ അതിലേക്ക് ഓടിയണഞ്ഞവരാണെന്നും അതിനെ ആരാധിച്ചവരെക്കുറിച്ച് ആരുമൊന്നും മിണ്ടുന്നില്ലെന്നും മുകുന്ദന്‍ പറയുന്നു. കോഴിക്കടത്തും മദ്യക്കടത്തും ക്വട്ടേഷന്‍ സംഘവും ലിവര്‍ സിറോസിസും മരണവുമാണ് പുതിയ മയ്യഴിയെന്നും ആ മയ്യഴിയെ തനിക്ക് ഇഷ്ടമല്ലെന്നും മുകുന്ദന്‍ പറയുന്നു. എന്നാല്‍ താന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിവന്നിരിക്കുന്നത് പുതിയ മയ്യഴിയിലേക്കല്ലെന്നും പഴയ മയ്യഴിയില്‍ തന്നെയാണെന്നും അദ്ദേഹം പറയുന്നു. തന്റെ തുടര്‍ച്ച മുന്നോട്ടല്ല, പിന്നോട്ടാണ്.

കുട നന്നാക്കുന്ന ചോയിയിലെ മൂസ തന്റെ കൗമാരകാലത്തെ ഒരു മുസ്ലിം ചെങ്ങാതിയുടെ ഓര്‍മ്മയില്‍ നിന്നും രൂപപ്പെട്ടതാണ്. ആ ചെങ്ങാതിയില്‍ നിന്നാണ് മാപ്പിളക്കുട്ടികളെ മാര്‍ക്കം ചെയ്യുന്ന കാര്യം ആദ്യമായി അറിഞ്ഞത്. അന്ന് രാത്രി പേടിച്ചിട്ട് ഉറക്കം വന്നില്ല. മാപ്പിളക്കുട്ടിയായി ജനിപ്പിക്കാത്തതില്‍ കരിങ്കുട്ടിച്ചാത്തന് നന്ദി പറഞ്ഞു. ചേലാകര്‍മത്തെക്കുറിച്ചും എഴുതണമെന്ന് തനിക്കുണ്ടെന്നും അതിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണെന്നും മുകുന്ദന്‍ വ്യക്തമാക്കി.

ഭാഷാ ശൈലിയെ സമ്പന്നമാക്കിയ നേതാവാണ് പിണറായി വിജയന്‍, ചോയി നോവലുകളിലൂടെ ലാച്ചാര്‍ പോലുള്ള പദപ്രയോഗങ്ങളെ താന്‍ വീണ്ടെടുത്തതു പോലെയാണ് പിണറായി വിജയന്‍ കുലംകുത്തി പോലുള്ള പ്രയോഗങ്ങളെ തിരികെ പിടിച്ചതെന്നും മുകുന്ദന്‍ പറയുന്നു. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ഉത്തരാധുനികതയില്‍ നിന്നും കടമെടുത്ത വാക്കാണ് ബഹുസ്വരത. എന്നാല്‍ ഇതേ ബഹുസ്വരതയെ കണ്ണൂര്‍ രാഷ്ട്രീയം പൊറുക്കുന്നില്ല. അതുകൊണ്ടാണ് രാഷ്ട്രീയ നരഹത്യകള്‍ അവിടെ അവസാനിക്കാത്തത്.

പ്രശസ്തിയ്ക്കും പൈസയ്ക്കും വേണ്ടി ധാരാളം എഴുതുന്ന രീതി പുതിയ എഴുത്തുകാര്‍ക്കില്ല. ഗംഭീര കഥകളാണ് അവര്‍ എഴുതുന്നത്. ഒരുകാലത്ത് ഞാനും ധാരാളം എഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശസ്തിയുടോ പണത്തോടുമുള്ള എന്റെ പൂതി തീര്‍ന്നിരിക്കുന്നു. പത്രമാസികകളിലും ചാനലുകളിലും എഴുത്തുകാര്‍ അമിതമായി മുഖം കാണിക്കുന്നത് നല്ലതല്ല. ഉള്ളില്‍ സര്‍ഗാത്മകതയുണ്ടെങ്കില്‍ എഴുത്ത് തനിയെ വരും.

നീണ്ട ആലോചനകളുടെയും ധ്യാനത്തിന്റെയും അഭാവമാണ് സൈബര്‍ ഭാഷകളുടെ ഒരു പോരായ്മ. അക്ഷരത്തെറ്റുകളും ഭാഷയ്ക്ക് താളം നല്‍കുന്ന കുത്തുകളുടെയും കോമകളുടെയും അഭാവവുമാണ് അതിന്റെ പരിമിതി. നെറ്റില്‍ എഴുതുന്നവര്‍ വിരലുകളുടെ വേഗം കുറച്ചാല്‍ ഈ പരിമിതി പരിഹരിക്കപ്പെട്ടേക്കാം. സൈബര്‍ എഴുത്തിനെയും കയ്യെഴുത്തിനെയും താരതമ്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്. അത് രണ്ടും രണ്ടാണ്.

എന്റെ കഥാനായകന്മാര്‍ക്ക് തനിയെ സഞ്ചരിക്കാന്‍ കഴിയില്ല. അവര്‍ക്കെപ്പോഴും ഒരു പെണ്‍കൂട്ട് വേണം. എന്നാല്‍ നഷ്ടപ്രണയത്തിനാണ് ഭംഗി. പ്രണയിക്കുന്നവര്‍ വിവാഹം ചെയ്താല്‍ അത് അവരുടെ പ്രണയത്തിന്റെ അവസാനമായിരിക്കും. പണ്ടുമുതലേയുള്ള എന്റെ വിശ്വാസമാണത്. ദാസന്റെയും ചന്ദ്രികയുടെയും കാലം മുതലെ. ഇപ്പോഴും അത് തുടരുന്നു. വനജയിലും മാധവനിലും അതെത്തി നില്‍ക്കുന്നു.

എനിക്ക് മലയാളത്തില്‍ മാത്രമേ എഴുതാന്‍ കഴിയൂ. സക്കറിയയ്ക്കും എന്‍എസ് മാധവനും ഒന്നാന്തരം നോവല്‍ ഇംഗ്ലീഷില്‍ എഴുതാന്‍ കഴിയും. എന്നും അവര്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതാത്തത്? അവരുടെ സ്വപ്‌ന ഭാഷ മലയാളമായതാണ് അതിന് കാരണം. ഇംഗ്ലീഷില്‍ നിന്നും വരുന്ന എന്തും സ്വീകരിക്കുമെന്നതാണ് നമ്മുടെ സ്വഭാവം. അതിനാലാണ് പൗലോ കൊയ്‌ലോയെപ്പോലുള്ളവര്‍ ഇവിടെ കൊണ്ടാടപ്പെട്ടത്. ചേതന്‍ ഭഗത്തിനെയും ആഘോഷിക്കുന്നില്ലേ? സമകാലീന ആഗോള നോവലിന് ഒരു ഫോര്‍മാറ്റുണ്ട്. അതിനുള്ളില്‍ കയറിയിരുന്ന് എഴുതാന്‍ അരുന്ധതി റോയിക്ക് മാത്രമേ കഴിഞ്ഞുള്ളൂ. പാശ്ചാത്യരുടെ നോവല്‍ സങ്കല്‍പത്തില്‍ ഒതുങ്ങുന്നതല്ല നമ്മുടെ നോവല്‍ സങ്കല്‍പ്പം.

ഫാസിസ്റ്റുകള്‍ എഴുത്തുകാരെയും ബുദ്ധിജീവികളെയും ഭയപ്പെടുന്നു. ലോറന്‍സ് ബ്രിറ്റ് ‘ഫ്രീ ഇന്‍ക്വയറി’ മാസികയില്‍ എഴുതിയ ഒരു ലേഖനത്തില്‍ അത് പറയുന്നുണ്ട്. 2003ല്‍ ഉമ്പര്‍ട്ടോ എക്കോയും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഗാന്ധിജിയെ ഇല്ലാതാക്കാന്‍ എളുപ്പമാണ്. കാരണം ഒരു ഗാന്ധിയേയുള്ളൂ. ഒരാളെ കൊന്നാല്‍ ഗാന്ധി തീര്‍ന്നു. എഴുത്തുകാര്‍ നൂറ് കണക്കിനുണ്ട്. എത്ര എഴുത്തുകാരെയാണ് കൊല്ലുക? ഗൗരി ലങ്കേഷിന്റെ കാര്യത്തില്‍ പ്രതിഷേധ യോഗങ്ങള്‍ എല്ലായിടത്തും നടന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും വെവ്വേറെ സമ്മേളനങ്ങള്‍ നടത്തി. ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒന്നിച്ച് വലിയ ആന്റി ഫാസിസ്റ്റ് പ്രതിരോധ സമ്മേളനം നടത്തിക്കൂടായിരുന്നോ? അങ്ങനെ ഫാസിസ്റ്റുകളെ വിറപ്പിക്കാമായിരുന്നില്ലേ? എന്തിന് വെവ്വേറെ സമ്മേളനങ്ങള്‍? നമ്മുടെ പ്രതിരോധം ചിതറിപ്പോയി. കഷ്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍