UPDATES

വായന/സംസ്കാരം

വ്യക്തിഗത കവിതയെഴുതി നിൽക്കാവുന്ന സ്ഥലമല്ല കേരളം, എന്നിട്ടും മലയാള കവിതയില്‍ ആറ്റൂരിന് വീടുണ്ടായി

വെള്ളം തുടച്ചു കളഞ്ഞ കൽക്കെട്ടിലെ ഈർപ്പം കണ്ടു നിൽക്കുന്ന ഒരാളെപ്പോലെ സംസ്കൃതിയുടെ പാടുകളിൽ കൈകൾ കൊണ്ട് തൊട്ട് തൊട്ട് നടന്നു.

സാംസ്കാരിക സംഘർഷങ്ങളെ കവിതയിലേക്കാനയിക്കുകയും ആ സാംസ്കാരിക സംഘർഷത്തിൽ താനെവിടെ സ്ഥിതിചെയ്യുന്നു എന്നന്വേഷിച്ച് മദ്ധ്യത്തിൽ ധ്യാനത്തിൽ ലയിച്ച കവിയാണ് ആറ്റൂർ. നൂറ് നൂറായ് നുറുങ്ങട്ടെയീ പായസ ഉരുളികൾ എന്ന് വിളിച്ചു പറഞ്ഞ കവി ഒളപ്പമണ്ണയൊക്കെ സുകൃതമായെണ്ണിയ പായസത്തെയാണ് പ്രശ്നവൽക്കരിച്ചത്. കവി തന്റെ സംസ്കൃതി മുളച്ചയിടങ്ങൾ നോക്കി തിണകളുടെ നിലങ്ങൾ തേടി നടന്നു കവിതയിൽ. എന്നാൽ നിരർത്ഥകമാണ് സ്വത്വാന്വേഷണം എന്ന് തിരിച്ചറിഞ്ഞപ്പോഴും ഭാഷയിൽ തായ് തമിഴ് ചേർത്ത് പറയുന്ന ശീലമുണ്ടാക്കി. അത് മറ്റ് പലരും ഏറ്റെടുത്തപ്പോൾ അതൊരു വ്യാജഭാഷയായി മാറുന്നത് കണ്ട് നിർമ്മമനായിരിക്കേണ്ടി വന്നിട്ടുമുണ്ട്.

പാസിലൊക്കെയുള്ളത് പോലെ ഒഴിവിടങ്ങൾ അന്വേഷിച്ചു തിരിഞ്ഞതും ആറ്റൂരാണ്. വെള്ളം തുടച്ചു കളഞ്ഞ കൽക്കെട്ടിലെ ഈർപ്പം കണ്ടു നിൽക്കുന്ന ഒരാളെപ്പോലെ സംസ്കൃതിയുടെ പാടുകളിൽ കൈകൾ കൊണ്ട് തൊട്ട് തൊട്ട് നടന്നു. കവിതയിൽ താനേറ്റിയതൊക്കെ പൊടിയിൽ മറയും വണ്ണം കുളമ്പുകൾ വീഴ്ത്തുന്ന കാലത്തിൽ മൗനത്തിലേക്ക് പിൻവാങ്ങി .ഒരു കായ സഞ്ചിയിൽ കരുതിയ രണ്ട് ഫലങ്ങൾ പോലെ ജൈനനും ബുദ്ധനും ഏറ്റെടുക്കുന്നതിൻ മുന്നേയുള്ള സംഘത്തിന്റെ ചിലയടയാളങ്ങൾ കവിതയിൽ കരുതി . മേഘരൂപൻ എന്ന കവിതയിൽ ദീക്ഷിച്ച ഉത്സവം പിന്നീടുള്ള കവിതയിൽ കണ്ടില്ല. മലവും ചലവും ചവുട്ടിയരച്ചിട്ടും വിട്ടു പോകാതെ ചില തായ് വഴികൾ എന്നെഴുതി.

എവിടെയായിരുന്നു കാലത്തിൽ, സ്ഥലത്തിൽ ആറ്റൂർ സ്ഥിതിചെയ്തത്? ആർ രാമചന്ദ്രന്റെ ശ്യാമ ദുഖത്തിന്റെ ചോട്ടിൽ, കക്കാടിന്റേയും മാധവനയ്യപ്പത്തിന്റേയുമൊക്കെ ചുറ്റുപാടിൽ, അയ്യപ്പപ്പണിക്കരുമായുള്ള ദൂര ബന്ധത്തിൽ, വൈലോപ്പിള്ളിയിൽ നിന്ന് കുതറി മാറി സഞ്ചരിച്ച ഒളപ്പമണ്ണയുടേയും വിഷ്ണുനാരായണൻ നമ്പൂതിരിയുടേയും സുഗതയുടേയും ഇടയിൽ. പക്ഷേ ആറ്റൂരിനെ മാവോയിസം നഗരത്തിലേക്ക് ക്ഷണിച്ചു. നഗരത്തിൽ നിന്ന് കവിതയുടെ പാരമ്പര്യ ജാഥയിൽ നിന്ന് കുതറി. ആർ രാമചന്ദ്രൻ മാഷ് എന്നും ആറ്റൂരിന് വിളക്കായിരുന്നു. അതിനാലായിരിക്കാം കവിതയിൽ ബാഹ്യ രാഷ്ട്രീയത്തെ തൊട്ടതേയില്ല. പേഴ്സണൽ പോയട്രിയെഴുതി നിൽക്കാവുന്ന ഒരു സ്ഥലമല്ല ഒരിക്കലും കേരളം. എന്നിട്ടും കവിതയിൽ അദ്ദേഹത്തിന് പാർക്കാൻ ഒരു വസതിയുണ്ടായി. കർണാട്ടിക് സംഗീതത്തിനോട് ഉള്ളയടുപ്പം തമിഴിനോടുള്ളത് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പാതകൾ തമിഴ് ദിക്കിലേക്ക് നടന്നു പോയി.

കഥകളി പോലെ ഇണക്കമുള്ള കലാകാരൻമാർ കൂടിയിരുന്നു കേൾക്കുന്ന സംഗീത സഭ പോലെ ചെറിയ ഒച്ചയടങ്ങിയ കൂട്ടമാണ് കവിതയിൽ അദ്ദേഹം എന്നും പ്രതീക്ഷിച്ചത്. സുന്ദര രാമസ്വാമിയും ജയമോഹനുമൊക്കെ തമിഴിനും മലയാളത്തിനുമിടയിൽ മറ്റൊരു ലോകം ഉണ്ടാക്കാൻ തുണയായി.

കേരളം അദ്ദേഹത്തിന് ലൗഡായ ഒരു സ്ഥലമായി തോന്നിയതിന്റെയൊരു ചുരുങ്ങൽ ഇവിടെ അവസാന കാലത്ത് അദ്ദേഹം പുലർത്തിയതായാണ് മനസ്സിലാകുന്നത്. തമിഴിൽ ഉള്ള അവധാനത ആ ഭാഷയും ജീവിതവുമായി കൂടുതൽ അടുപ്പിച്ചിട്ടുണ്ടാകാം. കുറച്ചുകൂടി ചെറുപ്പമുണ്ടായിരുന്നെങ്കിൽ തമിഴിൽ അദ്ദേഹം കവിതകളെഴുതുമായിരുന്നേനെ. പാതിയിൽ വെച്ച് നിലച്ചത് പോലെ മലയാള കവിതയുടെ മണലിൽ ആ നീരൊഴുക്കിന്റെ പത്തികൾ വരണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍