UPDATES

വായന/സംസ്കാരം

ദൈവത്തെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കവി; വയലാര്‍ ഇന്നും പ്രസക്തനാണ്

വയലാര്‍ ഗാനങ്ങള്‍ ഭക്തിയും ഈശ്വരഭജനയും നിറയ്ക്കുന്ന വരികളില്‍ സമ്പുഷ്ടമാണ്. എന്നാല്‍ എല്ലാ ദൈവീക പ്രഭാവത്തിനുമുപരിയായി മനുഷ്യനെയാണ് അദ്ദേഹം സദാ ഉയര്‍ത്തിക്കാട്ടിയത്. ഒരു കറയറ്റ മനുഷ്യപക്ഷ മാനവികതാവാദിക്കു മാത്രമേ അങ്ങനെയാവാന്‍ കഴിയു. കവി വയലാര്‍ രാമവര്‍മ്മ അതായിരുന്നു.

ശിവ സദ

ശിവ സദ

കവികള്‍ ക്രാന്തദര്‍ശികള്‍! കാലത്തിന് മുന്‍പേ നടന്നവര്‍! അവര്‍ മനുഷ്യ കഥാനുഗായികള്‍ ആയീ തീരുന്നതാണ് അവരുടെ സര്‍ഗ്ഗാത്മക ചൈതന്യത്തിലെ കാമ്പും കാതലും! അപൂര്‍വ്വമായേ അത്തരം കാവ്യ തേജസ്സുകള്‍ മനുഷ്യഹൃദയത്തില്‍ സ്ഥാനം നേടുകയുള്ളു. മലയാള സാഹിത്യ നഭോമണ്ഡലത്തില്‍ അതിശ്രേഷ്ഠതയുള്ള കവികളുടെ നിര തന്നെയുണ്ട്! അവരില്‍ ചിലര്‍ മാത്രമേ മാനവഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളു. അതൊരു സവിശേഷ സാമൂഹിക പ്രതിഭാസത്തിലെ തേജസ്സുള്ള രാസപ്രക്രിയാ ഫലമാണ്. പ്രകൃഷ്ട രചനകളിലൂടെ കവിത്രയങ്ങളും അവരെ പിന്‍പറ്റിയവരും സാഹിത്യത്തില്‍ നിരവധി. പക്ഷേ, സാധാരണക്കാരടക്കമുള്ള മനുഷ്യഹൃദയങ്ങളില്‍ ഇടം നേടി ചിര സ്ഥായി ആവുക എന്നത് അത്യപൂര്‍വ്വവും!

ആമുഖമായി ഇത്രയും പറഞ്ഞത് അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണത്തിലാണ്! ഇന്ന് ഒക്ടോബര്‍ 27, കവി ഓര്‍മ്മയായ ദിവസം! വയലാര്‍ എന്ന ഗ്രാമ നാമം ഓര്‍ക്കപ്പെടുന്നത് ഐതിഹാസികമായ അധഃസ്ഥിത പോരാട്ട ചരിത്രത്തിലൂടെയാണ്. സാമൂഹിക നീതിക്കുവേണ്ടിയുള്ള മനുഷ്യ പോരാട്ടം. അതും ഒക്ടോബര്‍ 27 ആണ്. യാദൃച്ഛികമെങ്കിലും അനിതരസാധാരണമായ ഒരു സമന്വയം ഈ അനുസ്മരണത്തില്‍ കവിയുടെ കഥാവശേഷവും ചരിത്രത്തിന്റെ ഇഴചേര്‍ന്ന് കിടക്കുന്നു.

വയലാര്‍ രാമവര്‍മ്മ കവിയും ചലച്ചിത്ര നാടക ഗാന രചയിതാവും ആണ്. വയലാര്‍ ഗാനങ്ങളുടെ ഈരടികളും ശീലുകളും കേള്‍ക്കാതെ മലയാളി ഒരു ദിവസവും പിന്നിടുന്നില്ല. ആയിരത്തി നാനൂറോളം ഗാനങ്ങള്‍ സിനിമയില്‍! നാടകങ്ങളില്‍ ഏതാണ്ട് ഇരുനൂറിനു മേല്‍ പാട്ടുകള്‍! അനേകം കവിതകള്‍! കവിതകളിലും പാട്ടുകളിലും വയലാര്‍ എഴുതി നിറച്ചത് മനുഷ്യ മനോവിചാരങ്ങളുടെ വൈവിദ്ധ്യ പൂര്‍ണ്ണതയാണ്. തത്ത്വശാസ്ത്രവും ശാസ്ത്രവും ഭാവനയും ഭ്രമാത്മകതയും ചരിത്രവും പുരാണേതിഹാസങ്ങളും രാഷ്ട്രീയവും പ്രണയവും പ്രേമഭംഗവും നൈരാശ്യവും പ്രതീക്ഷയും പ്രത്യാശയും ഒക്കെയായി മനുഷ്യ വിചാര വികാരങ്ങള്‍!

ഭക്തിയും ഈശ്വര ചിന്തയും നാസ്തികതയും സ്ഫുട പാകത്തില്‍ വരച്ചിട്ടു വയലാര്‍ തന്റെ വാങ്മയങ്ങളില്‍! എല്ലാം പ്രകാശമാനമായ കാവ്യരസാനുഭൂതികള്‍ പകരുന്നവ! വയലാര്‍ വ്യത്യസ്തനാവുന്നത് തന്റെ രചനകളിലെ ക്രാന്തദര്‍ശിത്വം കൊണ്ടാണ്. പാട്ടുകളിലും കവിതകളിലും ഒരുപോലെ അനുവാചകരെ ത്രസിപ്പിക്കുന്ന ആശയങ്ങള്‍! കാലാതിശായിയായ ചില വരികള്‍ അദ്ദേഹത്തിലെ സര്‍ഗ്ഗ പ്രതിഭയുടെ ഔന്നത്യം പ്രകടമാക്കുന്നുണ്ട്. വൈവിദ്ധ്യ പൂര്‍ണ്ണതയുടെ എഴുത്തുകാരനാണ് വയലാര്‍!

അദ്ദേഹം പറഞ്ഞു വച്ച പലതും നമ്മുടെ രാജ്യവും ദേശവും അഭിമുഖീകരിച്ചു പോവുകയാണ്. ഒരേ സമയം ഭക്തിയും വിശ്വാസരാഹിത്യവും പ്രകടമാക്കിയ സാധാരണക്കാരന്റെ മനസ്സ്! ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്തും വെല്ലുവിളിച്ചുമാണ് കവിയുടെ രചനകള്‍ മലയാളിയുടെ ഹൃദയങ്ങള്‍ കീഴടക്കിയത്. ഭക്തിയും ഈശ്വരീയതയും മിഴിവില്‍ വരച്ച പാട്ടുകളും ധാരാളം. ശബരിമലയുടെ ഇന്നത്തെ വിശ്വാസാചാരങ്ങളെപ്പോലും എത്രയോ വര്‍ഷങ്ങള്‍ക്കപ്പുറം അദ്ദേഹം നമുക്ക് മുമ്പില്‍ അവതരിപ്പിച്ചു. എല്ലാ വിശ്വാസങ്ങള്‍ക്കുമപ്പുറം മനുഷ്യനാണ് വലുത്! പ്രധാനം എന്ന് ഉറക്കെ ഘോഷിച്ചു കവി. തന്റെ കാവ്യങ്ങളില്‍ എന്നത് പോലെ
ചലച്ചിത്ര നാടക ഗാനങ്ങളിലും തന്റെ മനുഷ്യ പക്ഷ നിലപാടുകള്‍ പ്രഖ്യാപിച്ചു വയലാര്‍.

ശബരിമലയിലും കല്ല്
ശക്തീശ്വരത്തും കല്ല്
തിരുപ്പതി മലയിലും
ഗുരുവായൂരിലും
തൃച്ചംബരത്തും കല്ല്!
കല്ലിനെ തൊഴുന്നവരേ
നിങ്ങള്‍ കല്‍പ്പണിക്കാരെ മറക്കരുതേ!

വിശ്വാസ ആരാധനകളുടെ വ്യത്യസ്ത സ്ഥലികളാണ് കവി ചൂണ്ടിക്കാട്ടുന്നത്. അവിടെയൊക്കെയും വിഗ്രഹങ്ങള്‍ മെനഞ്ഞത് മനുഷ്യരായ ശില്പ വേലക്കാരാണ്. വിഗ്രഹങ്ങളെ തൊഴുത് സായൂജ്യമടയുന്ന മനുഷ്യര്‍ ആവിഗ്രഹങ്ങള്‍ കൊത്തി ചെത്തിമിനുക്കിയ കല്ലുകൊത്തുകാരനെ മറന്നു പോകല്ലേ എന്നാണ് ഓര്‍മ്മിപ്പിക്കുന്നത്.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കുവച്ചൂ മനസ്സു പങ്കുവച്ചൂ…

എന്ന വരികളില്‍ മത വിശ്വാസത്തിന്റെ മാനുഷികതലങ്ങള്‍ സുവ്യക്തമായി വ്യാഖ്യാനിക്കുന്നു. മത വിശ്വാസത്തിന്റെ ദൈവീകാരാധനയുടെ മാനുഷിക സങ്കല്പം ഇതേക്കാള്‍ മിഴിവിലും പൂര്‍ണതയിലും മറ്റാരുമിതേവരെ പറഞ്ഞിട്ടില്ല! മനസ്സും മണ്ണും മതങ്ങളാല്‍ പങ്കിട്ടുപോയവരുടെ ദുരന്ത ദുരിതങ്ങള്‍ ലോകം മുഴുവനും അനുഭവിക്കുന്നു.

നമ്മള്‍ കേരളീയര്‍ സമകാലികമായി അതിന്റെ ചൂടും തീഷ്ണതയും അറിയുകയാണ്. ദൈവ വിശ്വാസങ്ങളുടെ മാനുഷിക സാന്ത്വനം വെളിവാക്കുന്ന അതിസുന്ദരഗാനങ്ങള്‍ എല്ലാ മത ധാരകളിലും ചേര്‍ത്ത് ധാരാളം എഴുതിയിട്ടുണ്ട് വയലാര്‍.

ശബരിമലയില്‍ തങ്ക സൂര്യോാദയം
സംക്രമപ്പുലരിയില്‍ അഭിഷേകം
ഭക്ത കോടി തേടിയെത്തും സന്നിധാനത്തില്‍
എത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി…

എന്നെഴുതുന്നിടത്ത് ശബരിമലയുടെ ഔന്നത്യം നമ്മളിലേക്ക് ഭക്തിയോടെ സംക്രമിപ്പിക്കുന്നുണ്ട് വയലാര്‍!

ശരണമയ്യപ്പാ സ്വാമി
ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ
ശരണമയ്യപ്പാ…

എന്ന് മറ്റൊരു ഗാനത്തിലും ശബരീശ ഭക്തിയുടെ നിറവ് അനുവാചകനില്‍ പകരുന്നുണ്ട്. അതേ വയലാര്‍ തന്നെ;

തുമ്മിയാല്‍ തെറിക്കണമൂക്കാണെങ്കില്‍
ചുമ്മാ തെറിച്ചു പോട്ടെ
ഒരു പെഗ്ഗ് റമ്മടിച്ചാല്‍
ഈശ്വരന്‍ പിണങ്ങുമെങ്കില്‍
ചുമ്മാ പിണങ്ങിക്കോട്ടെ

എന്ന് അനാചാരികളുടെ നാസ്തിക ചിന്തയും കൂസലില്ലായ്മയും തനിമലയാളത്തില്‍ വരച്ചിടുന്നുണ്ട്.

ചെത്തീന്ദാരം തുളസി
പിച്ച കമാലകള്‍ ചാര്‍ത്തി
എന്നു കേള്‍ക്കുമ്പോഴെ ഗുരുവായൂരപ്പനെ സ്മരിക്കുന്നു നാം. വയലാര്‍ ഗാനങ്ങള്‍ അത്രമേല്‍ ആസ്തികനാസ്തിക ഭാവങ്ങള്‍ നിറയ്ക്കുന്നു അനുവാചകനില്‍!

ഗുരുവായൂരമ്പലനടയില്‍
ഒരു ദിവസം പോവും ഞാന്‍
ഗോപുരവാതില്‍ തുറക്കും
ഞാന്‍ ഗോപകുമാരനെ കാണും

എന്ന മറ്റൊരു ഗാനത്തിലൂടെ യേശുദാസിനെ ഗുരുവായൂര്‍ നാലമ്പലത്തില്‍ കയറ്റാന്‍ അമ്പല നടയില്‍ സത്യാഗ്രഹം അനുഷ്ഠിക്കും എന്ന് മുന്നറിയിപ്പു നല്‍കാനും തന്റെ രചനയെ ഉപയോഗിച്ചു!

വയലാര്‍ ഗാനങ്ങള്‍ ഭക്തിയും ഈശ്വരഭജനയും നിറയ്ക്കുന്ന വരികളില്‍ സമ്പുഷ്ടമാണ്. എന്നാല്‍ എല്ലാ ദൈവീക പ്രഭാവത്തിനുമുപരിയായി മനുഷ്യനെയാണ് അദ്ദേഹം സദാ ഉയര്‍ത്തിക്കാട്ടിയത്. ഒരു കറയറ്റ മനുഷ്യപക്ഷ മാനവികതാവാദിക്കു മാത്രമേ അങ്ങനെയാവാന്‍ കഴിയു. കവി വയലാര്‍ രാമവര്‍മ്മ അതായിരുന്നു.

കല്ലിനെ വിഗ്രഹത്തെ തൊഴുന്നവരും തൊഴുകല്‍ സാധിതമാക്കുന്നവരും ഇന്ന് സംഘര്‍ഷത്തിലാണ്. വിഗ്രഹങ്ങളെ കൊത്തിയ കല്ലുകൊത്തിയും കൊത്താന്‍ കല്ലു ചുമന്നും തുടച്ചും മിനുസപ്പെടുത്തിയും ഒപ്പമുണ്ടായ സ്ത്രീയും ഇന്ന് വിലക്കപ്പെട്ടവരായി കരുതപ്പെടുന്നു. മതങ്ങളും ദൈവങ്ങളും കൊണ്ട് വേര്‍തിരിഞ്ഞ മനുഷ്യര്‍ മനസ്സ് പങ്കിട്ടു. വെട്ടിമുറിക്കുകയാണ്. നീതിന്യായ വ്യവസ്ഥകള്‍ക്കും മേലെ മതവും വിശ്വാസവും പൗരോഹിത്യവും രാജാധികാരവും!

കവി വയലാര്‍ രാമവര്‍മ്മ ഇതില്‍ പലതുമാണ് ജന്മത്താല്‍! പക്ഷേ കര്‍മ്മ വഴിയില്‍ അദ്ദേഹം നിസ്വനായ, അസ്പൃശ്യനായ ഗര്‍ഹണീയനായ നിസ്സാര മനുഷ്യന്റെ പക്ഷത്താണ്. ക്രാന്തദര്‍ശനം പ്രതിഭാസഫുരണം തന്നെ! ലോകവും പ്രപഞ്ചവും ജീവിതവും സമഗ്രമായി അറിഞ്ഞവനാണത്! മയലയാളികളുടെ പ്രിയ കവിയും പാട്ടുകാരനുമാവുന്നതങ്ങനെയും കൂടിയാണ്. വയലാര്‍ എന്ന പ്രതിഭാധനന്‍ ജീവിതമെഴുത്തിലെ ഒരു നിലവറയാണ് സകല ഭാവങ്ങളുടേയും! നമുക്ക് ഏത് വേണമെങ്കിലും അതില്‍ നിന്നെടുക്കാം ഉത്‌ഘോഷിക്കാം! ആസ്വദിക്കാം! പ്രചരിപ്പിക്കാം! പക്ഷേ ഓര്‍ക്കേണ്ടത് ഒന്ന് മാത്രം! അത് അദ്ദേഹം കവി വയലാര്‍ രാമവര്‍മ്മ ജീവിച്ചിരുന്നപ്പോഴും കഥാവശേഷനായിക്കഴിഞ്ഞും സദാ മനുഷ്യ പക്ഷത്താണ്. സ്‌നേഹത്തിന്റെ ശാസ്ത്രത്തിന്റെ മാനവ പുരോഗതിയുടെ പ്രകാശഗോപുരത്തിലാണ് ‘ ഒരു പക്ഷേ സ്വയം ഒരു പ്രകാശഗോപുരം തന്നെയും ആണ്. വിശ്വത്തോളം ഉയര്‍ന്ന മാനവികതയുടെ പ്രകാശഗോപുരം! ഇന്നേയ്ക്ക് ആ മഹാപ്രതിഭ യശ്ശശരീരനായിട്ട് 43 വര്‍ഷം തികയുന്നു. മാനവ ജീവിതത്തിന്റെ സ്‌നേഹ ഗായകന് വിമോചകരുടെ പടപ്പാട്ടുകാരന് പ്രണാമാഞ്ജലികള്‍!

ശിവ സദ

ശിവ സദ

എഴുത്തുകാരന്‍, സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍