UPDATES

വായന/സംസ്കാരം

ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ ഒന്നര പേജ് വെട്ടിമാറ്റി പൂർണ്ണ പബ്ലിക്കേഷന്‍സ്; ജന്മിത്തവും പുന:സ്ഥാപിച്ചു

ഞെട്ടിപ്പിക്കുന്ന വസ്തുത 2016ൽ പ്രസിദ്ധീകരിച്ച ഈ നാടകം ഇതിനോടകം രണ്ടു വർഷം പിന്നിട്ടിട്ടും ആരുടെയും ശ്രദ്ധയിൽപെട്ടില്ല എന്നതാണ്

1949-ൽ പ്രസിദ്ധീകരിച്ച ഇടശ്ശേരി ഗോവിന്ദൻ നായരുടെ ‘കൂട്ടുകൃഷി’ എന്ന നാടകം വെട്ടിമാറ്റിയിരിക്കുന്നു. ജന്മി-കുടിയാൻ വ്യവസ്ഥിതിക്കെതിരെയും ഹിന്ദു-മുസ്ലിം വൈരത്തിനെതിരെയും ശക്തമായ നിലപാടുകൾ അവതരിപ്പിക്കുന്ന ആ നാടകത്തിന്റെ അവസാന ഭാഗങ്ങളാണ് പൂർണ്ണമായും വെട്ടിമാറ്റിയിരിക്കുന്നത്. 2016 ജൂലൈയിൽ പ്രസിദ്ധീകരിച്ചതും ഇപ്പോൾ വിപണിയിലുള്ളതുമായ പൂർണ പബ്ലിക്കേഷൻസ് ഇറക്കിയ പതിപ്പിലാണ് ഈ വെട്ടിമാറ്റൽ.

2001-ൽ കറന്റ് ബുക്ക്സ് ഇറക്കിയ ഇടശ്ശേരിയുടെ നാടകങ്ങളുടെ സമ്പൂർണ്ണ സമാഹാരത്തിൽ ‘കൂട്ടുകൃഷി’ നാടകം പൂർണ്ണരൂപത്തിൽ ചേർത്തിട്ടുണ്ട്. എന്നാല്‍ 2016 വരെ മലയാളികൾ വായിച്ച പുരോഗമനാശയങ്ങൾ നിറഞ്ഞ ‘കൂട്ടുകൃഷി’യല്ല ഇപ്പോൾ നമുക്ക് ലഭിക്കുന്നത്. ജാതി- മത, ജന്മി-കുടിയാൻ ഭേദമില്ലാതെ കൂട്ടുകൃഷി നടത്തിയാൽ നല്ല വിളവും നല്ല നാടും വിളയിക്കാമെന്ന സന്ദേശത്തെയാണ് പൂർണ ഇപ്പോൾ വെട്ടി മാറ്റിയിരിക്കുന്നത്. അതിലുപരി, ജന്മിത്ത വ്യവസ്ഥിതിയെ ഉറപ്പിക്കുന്ന സംഭാഷണത്തോടെയാണ് ‘പൂർണ’ യുടെ ‘കൂട്ടുകൃഷി’ അവസാനിക്കുന്നത്. ജാതി-ജന്മി നാടുവാഴിത്ത വ്യവസ്ഥയ്ക്കു പകരം ഇടശ്ശേരി മുന്നോട്ടുവെക്കുന്ന നവലോക സൃഷ്ടിയെ ഭയക്കുന്നതാരാണ്?

എന്താണ് ‘കൂട്ടുകൃഷി’?

ജന്മിയായ ശ്രീധരൻ നായരും കുടിയാന്മാരായ വേലുവും അബൂബക്കറും ഒരുമിച്ച് പണിയെടുത്ത് കൂട്ടുകൃഷി നടത്തുന്നതിന്റെ കഥയാണ് ഈ നാടകം. മതമൈത്രിയുടെ ഭാഗമായി നിരവധി വെല്ലുവിളികൾ യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വരുമ്പോഴും നിലപാടുകളിൽ ഉറച്ച് നിന്നതിന്റെ പേരിൽ അബൂബക്കറിന്റെ വീട് നഷ്ടപ്പെടുന്നു. ശ്രീധരൻ നായർ തന്റെ വീട്ടിലേക്ക് അബൂബക്കറിനെയും കുടുംബത്തേയും കൊണ്ടുപോയി താമസിപ്പിക്കുന്നു. മതഭ്രാന്ത് പിടിപെട്ട അബൂബക്കറിന്റെ മകനെ പെങ്ങളായ ആയിഷ മാനസാന്തരപ്പെടുത്തുന്നു. അവരൊന്നിച്ച് കൂട്ടുകൃഷിയിലൂടെ മുൻപത്തെ വിളവിന്റെ പത്തിരട്ടി വിളവെടുക്കുന്നു. വിളവ് ഭാഗിക്കേണ്ട കാര്യം ചർച്ച ചെയ്യുമ്പോൾ ജന്മിക്ക് ആറും കുടിയാന് നാലും എന്ന വിഭജന ക്രമത്തിൽ വേണമെന്ന് അബൂബക്കർ പറയുന്നു. എന്നാൽ ‘നമ്മളെല്ലാം മനുഷ്യരാണ്’ എന്നു പറഞ്ഞുകൊണ്ട് വിളവ് സമാസമം വീതിക്കാനാണ് ശ്രീധരൻ നായർ ശ്രമിക്കുന്നത്. മതത്തിന്റെയും ജന്മിത്തത്തിന്റെയും അതിർവരമ്പുകൾ വെട്ടിമാറ്റി ഒരു നവലോക സൃഷ്ടിക്കായി കളമൊരുക്കേണ്ടതുണ്ടെന്ന ആശയം അവതരിപ്പിച്ചു കൊണ്ടാണ് നാടകം അവസാനിക്കുന്നത്. അതെങ്ങനെയെന്ന നിർദ്ദേശം വ്യക്തമായി നാടകം പറയുന്നുണ്ട്. ആയിഷ – സുകുമാരൻ വിവാഹ ബന്ധത്തിലുടെ മതേതരമായ ഒരു പുതിയ തലമുറയെ വിളയിക്കാനാകുമെന്ന സന്ദേശവും നാടകം മുന്നോട്ടു വക്കുന്നുണ്ട്.

‘കൂട്ടുകൃഷി’യുടെ ചരിത്രപഥങ്ങൾ

മലയാള നാടകവേദിയെ സംബന്ധിച്ചിടത്തോളം ഉണർവ്വിന്റെ കാലമാണ് 1940-50കൾ. നാല്പതുകളുടെ ഒടുവിൽ ഇന്ത്യയിലുണ്ടായ നാടകപ്രവർത്തനങ്ങളുടെ സ്വാധീനം കേരളത്തിലും പ്രത്യക്ഷപ്പെടുകയും ജനകീയ പ്രസ്ഥാനങ്ങൾ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ജനകീയ പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് പ്രചരണോപാധി എന്ന നിലയിൽ പല നാടകങ്ങളും രചിക്കപ്പെടുന്നത്. 1937-ൽ ആരംഭിക്കുന്ന മലയാള രാഷ്ട്രീയ നാടക ചരിത്രത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ‘കൂട്ടുകൃഷി’ രചിക്കപ്പെടുന്നത്. 1940-50 കാലഘട്ടം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സാമ്പത്തിക ജീവിതത്തിൽ വളരെ പ്രധാനമായ കാലഘട്ടമാണ്. നിരവധി സംഘർഷങ്ങൾക്കകത്ത് ജീവിക്കുന്ന ജനവിഭാഗങ്ങളിലേക്ക് പുത്തൻ ആശയങ്ങളുടെ പ്രചാരണം നടന്ന കാലഘട്ടമാണത്. ഈ സവിശേഷ സന്ദർഭത്തിലാണ് ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി ‘കൂട്ടുകൃഷി’ രചിക്കുന്നത്. നാടകം മുന്നോട്ടുവച്ച പുരോഗമനാശയങ്ങളെ ജനങ്ങൾ വൻ ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് എൻ.വി കൃഷ്ണവാരിയർ ‘കൂട്ടുകൃഷി’യുടെ അവതാരികയിൽ രേഖപ്പെടുത്തുന്നുണ്ട്. “കൂട്ടുകൃഷി, തുടിക്കുന്ന നാടൻ ജീവിതത്തിൽ നിന്നും മുറിച്ചെടുത്ത ഒരു കഷണ”മാണെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. നമ്മെ അതിരിടുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സാമൂഹിക ശക്തികളോടും ഇടുങ്ങിയ സ്വാർത്ഥങ്ങളോടും സമരം ചെയ്യാൻ ജീവനോടെ അരങ്ങത്തേക്കെറിയപ്പെട്ട നമ്മുടെ ചില സഹജീവികളെ കൂട്ടുകൃഷിയിൽ കാണാമെന്നും എൻ.വി കൂട്ടിച്ചേർക്കുന്നു. നാടകത്തിലെ അവസാന രംഗത്തെ സംഭാഷണങ്ങൾ കൂറ്റൻ കുടമണി പോലെ മുഴങ്ങുന്നവയാണെന്ന് എൻ.വി പറയുന്നു. ആ കുടമണിമുഴക്കങ്ങൾ അസ്വസ്ഥമാക്കുന്ന ഒരു സമൂഹം ഇപ്പോഴും സജീവമാണ് കേരളത്തിൽ എന്നതിന്റെ തെളിവാണോ ‘കൂട്ടുകൃഷി’യുടെ പ്രസക്ത ഭാഗങ്ങളുടെ വെട്ടിമാറ്റല്‍?

വെട്ടിമാറ്റലിന്റെ ചരിത്രം

നാല് അങ്കങ്ങളിലായി കഥാവസ്തു അവതരിപ്പിക്കുന്ന ഈ നാടകത്തിലൂടെ ഇടശ്ശേരി അവതരിപ്പിക്കുന്ന പ്രധാന ആശയങ്ങൾ രണ്ടാണ്. ഒന്ന്) ജന്മി-കുടിയാൻ ബന്ധത്തെ പുന:ക്രമീകരിച്ച് എല്ലാവരും മനുഷ്യരാണെന്ന ചിന്ത.

രണ്ട്) ഹിന്ദു – മുസ്ലിം വേർതിരിവില്ലാത്ത, ജാതി-മത വിദ്വേഷമില്ലാത്ത ഒരു നവലോകസൃഷ്ടി.

ഈ ആശയങ്ങൾ നാടകത്തിലുടനീളം പങ്കുവെക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രശ്നപരിഹാര നിർദ്ദേശം വരുന്നത് അവസാനത്തെ രംഗത്തിലെ സംഭാഷണങ്ങളിലാണ്. ഈ ആശയങ്ങളെയാണ്/സംഭാഷണങ്ങളെയാണ് പൂർണ പ്രസിദ്ധീകരിച്ച ‘കൂട്ടുകൃഷി’ യിൽ നിന്നും വെട്ടിമാറ്റിയത്. ചെറുകഷണങ്ങളായി വേർതിരിക്കപ്പെട്ട ഭൂമി ഒന്നാക്കി ഈഴവനും നായരും മുസൽമാനും കൃഷി ചെയ്തപ്പോൾ വിളവ് 985 പറ നെല്ല്. ഒറ്റക്ക് നിന്നപ്പോൾ ഉള്ളതിനേക്കാൾ വളരെ വലിയ വിളവ്. വിളവ് സമാസമം ഭാഗിക്കണമെന്ന്, ജന്മിയായ എന്നാൽ ഇപ്പോൾ കൂട്ടുകൃഷിക്കാരനുമായ ശ്രീധരൻ പറയുന്നുണ്ട്. ആ സംഭാഷണം ഇങ്ങനെയാണ്- “ജന്മിയെയും കുടിയാനെയും നമ്മള് നാടുകടത്തീലേ? ഇവിടെ ഇപ്പോൾ മനുഷ്യൻമാരല്ലേ ഉള്ളൂ” എന്നാണ്. ഇതിനു തൊട്ടു മുൻപുള്ള സംഭാഷണ ഭാഗം അതായത് അബൂബക്കറിന്റെ മകൻ ബാപ്പു, “അതെ ബാപ്പ. അവരല്ലേ ജന്മി. പണീം എട്ത്തിട്ട്ണ്ട്” എന്നുപറയുന്ന സംഭാഷണത്തോടെയാണ് പൂർണയുടെ നാടകം അവസാനിക്കുന്നത്. അതായത്, ജന്മിത്തപാരമ്പര്യം നിലനിർത്തിക്കൊണ്ട് ജന്മിക്ക് ആറും കുടിയാന് നാലും ഭാഗങ്ങളായി വീതിക്കണമെന്ന കുടിയാന്റെ അഭിപ്രായം ശരിവച്ചുകൊണ്ടാണ് പൂർണയുടെ ‘കൂട്ടുകൃഷി’ അവസാനിക്കുന്നത്.

ജന്മി ജന്മിയായും കുടിയാൻ കുടിയാനായും തുടരേണ്ടതാണെന്ന അജണ്ട തന്നെയാണ് ഈ വെട്ടിമാറ്റലിന്റെ പിന്നിലുള്ളത്. ഏകദേശം ഒന്നര പേജാണ് പൂര്‍ണ്ണ എഡിറ്റ് ചെയ്തു മാറ്റിയിരിക്കുന്നത്.

ഇതാണ് വെട്ടിമാറ്റിയ ഭാഗങ്ങൾ

ഈ നാടകത്തിലൂടെ ഇടശ്ശേരി പറഞ്ഞുവെക്കുന്ന പ്രധാന ആശയങ്ങളുൾപ്പെടുന്ന സംഭാഷണ ഭാഗങ്ങൾ പൂർണ്ണമായും പൂർണ പബ്ലിക്കേഷൻസ് ഒഴിവാക്കിയിരിക്കുന്നു. ജന്മിയായ ശ്രീധരൻ നായർ പറയുന്നു: “ഞങ്ങളിട്ടിരുന്ന എടവരമ്പൊക്കെ ഞങ്ങൾ തന്നെ കൊത്തിയിട്ടു. ആ വരമ്പുകളാണ് കണ്ടത്തിൽ നീരൊഴുക്കില്ലാതാക്കിയത്. ഞങ്ങൾക്കിന്നത് മനസ്സിലായി.”

കുടിയാന്റെ മകനായ ബാപ്പു മറുപടി പറയുന്നു: “ശ്രീധരൻ നായരെ, നിങ്ങൾ മതത്തിന്റെ എടവരമ്പും കൊത്തി. നന്നായി, കൊറച്ചൊക്കെ നീരൊഴുക്കും അവടെയും ഉണ്ടാവും”.

ശ്രീധരൻ: “ബാപ്പു, ആ കാര്യത്തിൽ നമ്മൾ വിജയിച്ചു കഴിഞ്ഞില്ല. ഈശ്വരൻ നമ്മളെ അവടെയും തുണയ്ക്കട്ടെ. മതപരമായ വിജ്ഞാനത്തിലും നടപ്പിലും നമ്മൾക്ക് കൂട്ടുകൃഷി വേണം. പക്ഷെ നിലം പാകപ്പെട്ടിട്ടില്ല.”

സുകുമാരൻ: “കൃഷിക്കാരൻ എറങ്ങിയാൽ ആ നെലവും പാകപ്പെടും”

തുടർന്ന് നിലം പാകപ്പെടാൻ കാലവർഷം കാത്തിരിക്കണമെന്ന് ശ്രീധരൻ പറയുന്നു. പ്രണയ ജോഡികളായ സുകുമാരനും (ജന്മിയുടെ അനിയൻ) ആയിഷയും (കുടിയാന്റെ മകൾ) ആ അതിർവരമ്പുകൾ മുറിയുന്നത് കാത്തു നിൽക്കുന്നു. നാടകത്തിലെ പ്രധാന ആശയങ്ങളിലൊന്ന് പുതിയ ഒരു കാലം വരുമെന്നും ഇപ്പോ ഈ കൂട്ടു കൃഷിയിലുണ്ടായ സമൃദ്ധി പോലെ അടുത്ത പുകിലിൽ (വിളവ്) നാം സമൃദ്ധമായ ഒരു പുതിയ തലമുറയെ വിളയിക്കുമെന്നുമാണ്.

കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഇടശ്ശേരിയുടെ നാടകങ്ങള്‍-സമ്പൂര്‍ണ്ണ സമാഹാര’ത്തിലെ അവസാന ഭാഗം

എന്നാല്‍ പൂര്‍ണ്ണ പ്രസിദ്ധീകരിച്ച ‘കൂട്ടുകൃഷി’ അവസാനിക്കുന്നത് ഇങ്ങനെയാണ്

വെട്ടിമാറ്റലിന്റെ രാഷ്ട്രീയം

ഏതൊരു ആശയ പ്രചാരണത്തിനുള്ള മാധ്യമമായാണോ ഈ നാടകം രചിക്കപ്പെട്ടത് ആ ലക്ഷ്യം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. സാമൂഹ്യ വ്യവസ്ഥിതിയിലെ മാറ്റത്തെ റദ്ദാക്കും വിധം നാടകത്തെ അവസാനിപ്പിക്കുന്നതിന്റെ പിന്നിലെ താല്പര്യങ്ങളെന്താണ്? ഹിന്ദു – മുസ്ലീം ഐക്യത്തിലൂടെ പുലരേണ്ടുന്ന നവലോക സൃഷ്ടിക്ക് തടസ്സം നിൽക്കുന്നതാരാണ്? ആരാണിതിനെ ഭയപ്പെടുന്നത്? എഴുത്തുകാരന്റെ നിലപാടുകളെ ഹനിക്കുന്ന ഫാസിസ്റ്റ് നിലപാടുകളെ നാം ഇതിനോടകം പല രൂപത്തിൽ കണ്ടു കഴിഞ്ഞു. കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ ഇല്ലാതാക്കിയതും പെരുമാൾ മുരുകനെ നിശബ്ദനാക്കിയതും കാഞ്ച ഐലയ്യയെ ആക്രമിക്കുന്നതും വരവരറാവു ഉള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കിയതും സമീപകാലത്ത് എസ്. ഹരീഷിന്റെ ‘മീശ’ ക്കെതിരെ ഉണ്ടായ വിവാദങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇത്തരം ഫാസിസ്റ്റ് നിലപാടിന്റെ തുടർച്ചയായി വേണം ‘കൂട്ടുകൃഷി’യുടെ പ്രസക്ത ഭാഗങ്ങളുടെ വെട്ടിമാറ്റലിനെയും വായിക്കേണ്ടത്. ഹിന്ദു -മുസ്ലിം മതഭേദങ്ങൾ ഒഴിവാക്കി മതേതരമായ ഒരു ലോകം പുലരണമെന്നും അതിനായി നിലമൊരുക്കേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്യുന്ന വരികൾ വെട്ടിമാറ്റുന്നതിന്റെ പുറകിലെ യുക്തി ഇതല്ലാതെ വേറെയെന്താണ്?

അതിനേക്കാളേറെ അതിശയിപ്പിക്കുന്ന വസ്തുത 2016-ൽ പ്രസിദ്ധീകരിച്ച ഈ നാടകം ഇതിനോടകം രണ്ടു വർഷം പിന്നിട്ടിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല എന്നതാണ്. രണ്ടു വർഷമായി വായനക്കാരൻ വായിക്കുന്നതും അറിയുന്നതും പൂർണ ഇറക്കിയ ഈ വെട്ടിമാറ്റിയ പതിപ്പാണെന്ന വസ്തുത ഞെട്ടലുളവാക്കുന്ന ഒന്നാണ്. ഒരു എഴുത്തുകാരന്റെ കൃതി അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വെട്ടിമാറ്റി പ്രസിദ്ധീകരിക്കാൻ ഒരു പ്രസാധകന് അവകാശമില്ല .’ബാല്യകാല സഖി’ എന്ന തന്റെ കൃതിയിലെ മുസ്ലീം സംഭാഷണഭാഷ പ്രസാധകൻ മാനക ഭാഷയാക്കി തിരുത്തിയതിന്റെ പേരിൽ പ്രസ്സിന്റെ മുറ്റത്തിട്ട് അച്ചടിച്ച കോപ്പി മുഴുവനും കത്തിച്ച ബഷീറിനെ ഇവിടെ ഓർക്കേണ്ടതുണ്ട്. എന്താണോ ഒരു കൃതിയിലൂടെ ഗ്രന്ഥകാരൻ പറയാനുദ്ദേശിച്ചത് അതിനെ അനുമതിയില്ലാതെ വെട്ടിമാറ്റുന്നത് കുറ്റകരമാണ്. എന്തു തന്നെയായാലും പൂർണയുടെ ഈ വെട്ടിമാറ്റൽ ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിനും നിലപാടുകൾക്കും നേരെയുള്ള കത്തിവെയ്പ്പാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. സൗമ്യ ദാസന്‍

ഡോ. സൗമ്യ ദാസന്‍

കാലടി സംസ്കൃത സർവ്വകലാശാല തിരുവനന്തപുരം സെന്ററിലെ മലയാളം അധ്യാപികയാണ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍