UPDATES

വായന/സംസ്കാരം

ചരിത്ര സന്ധിയിലെ കലാപകാലുഷ്യങ്ങള്‍; ‘പൊറ്റാളിലെ ഇടവഴിക’ളെക്കുറിച്ച് അജയ് പി മങ്ങാട്ടിന്റെ കുറിപ്പ്‌

അഭിലാഷ് മേലേതിലിന്റെ നാലു ഭാഗങ്ങളുള്ള നോവല്‍ പരമ്പരയിലെ രണ്ടാം പുസ്തകം ‘പൊറ്റാളിലെ ഇടവഴികള്‍’ പുറത്തിറങ്ങി

പുസ്തകം: പൊറ്റാളിലെ ഇടവഴികള്‍ (നോവല്‍) –  ഭാഗം 2
അഭിലാഷ് മേലേതില്‍
പുസ്തകം ഓർഡര്‍ ചെയ്യാന്‍: ഫേസ്ബുക്ക് മെസ്സഞ്ചര്‍ (https://www.facebook.com/profile.php?id=100007899828468)
വാട്ട്സാപ്പ്
7736509449

അഭിലാഷ് മേലേതിലിന്റെ നാലു ഭാഗങ്ങളുള്ള നോവല്‍ പരമ്പരയിലെ രണ്ടാം പുസ്തകം ‘പൊറ്റാളിലെ ഇടവഴികള്‍’ പുറത്തിറങ്ങി. ഈ പുസ്തകത്തിന് അജയ് പി മങ്ങാട്ട് എഴുതിയ ആമുഖവും പുസ്തകത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

അജയ് പി മങ്ങാട്ട് പുസ്തകത്തിനെഴുതിയ ആമുഖം

“പൊറ്റാള്‍ രണ്ടാം പുസ്തകം വായിച്ചപ്പോള്‍ സ്വാഭാവികമായും ഞാന്‍ ആദ്യപുസ്തകം ഓർമ്മിച്ചു, വരാനിരിക്കുന്ന രണ്ടു പുസ്തകങ്ങളെയും സങ്കൽപ്പിക്കുകയും ചെയ്തു. സാധാരണ ഗ്രാമപ്രദേശവും അതിലെ അതിസാധാരണ മനുഷ്യരും, എന്നാൽ, ഒരിക്കൽ ഒരു അസാധാരണ ചരിത്രസന്ധിയുടെ കടന്നുപോകുന്നു. ഓരോ വ്യക്തിയെയും അതു ചെന്നുതൊടുന്നു. അങ്ങനെയുണ്ടാകുന്ന ആ സ്വത്വകാലുഷ്യങ്ങളാണ് പൊറ്റാളിലെ ഇടവഴികള്‍ എന്ന നോവല്‍പരമ്പര. മനുഷ്യരുടെ ജീവിതാഭിമുഖ്യങ്ങളാണ് ദേശസംസ്കൃതിയെ നിർണ്ണയിക്കുന്നതെങ്കില്‍, നോവലിന്റെ സംസ്കൃതിയെ രൂപപ്പെടുത്തുന്നത് അതിന്റെ ആഖ്യാനമാണ്. പൊറ്റാളിന്റേതു സങ്കീർണ്ണമായ ഭൂമികയാണ്. ചിലപ്പോഴെല്ലാം വിരസവും. എന്നാൽ ഏതു പ്രദേശവും ചരിത്രഭാരം ചുമന്നുതുടങ്ങുമ്പോള്‍ വിസ്മയകരമായ ചില ഘടനകളെ വെളിപ്പെടുത്തും. അടര്‍ത്തിയെടുത്ത പച്ചിലയില്‍ ഉറ്റുനോക്കിയാല്‍ അതിലെ ഞരമ്പുകള്‍ കാണാമെന്ന പോലെ, പുസ്തകത്താളുകളില്‍നിന്നും പൊറ്റാളിന്റെ നാഡീഘടന തെളിഞ്ഞുവരും.

പൊറ്റാള്‍ ആദ്യപുസ്തകത്തെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ആദ്യം വായിച്ചുതുടങ്ങിയപ്പോള്‍, നോവലിൽ ബാബറി മസ്ജിദ് തകര്‍ത്ത സംഭവവും മറ്റും എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്ന് അറിയാനായിരുന്നു എന്റെ കൗതുകം. ഉച്ചത്തിലായിത്തീർന്നേക്കാവുന്ന വിഷയം. പക്ഷേ, പൊറ്റാളില്‍ അതു സൂക്ഷ്മതലത്തിലുള്ള പ്രകമ്പനമാണ്. അത് കഥാപാത്രസ്വത്വങ്ങളുടെ വിഭജനങ്ങളെയും വികാസങ്ങളെയും നിര്‍ണയിക്കുന്നുണ്ടെങ്കിലും ഒറ്റ നോട്ടത്തില്‍ എല്ലാം പതിവുപോലെ എന്നേ തോന്നൂ. ചരിത്രം എത്ര ഭയാനകമാണെന്ന് അപ്പോഴാണ് തിരിച്ചറിയുക. ഈ യാഥാർത്ഥ്യത്തിന്റെ ആഴത്തിലേക്കു പോകാന്‍ വേണ്ടിയാകും അഭിലാഷ് ഇതില്‍ സര്‍വവ്യാപിയായ ‘ഞാൻ’ എന്ന ആഖ്യാതാവിന്റെ അധീശത്വം നിരസിച്ചത്. യഥാർഥത്തിൽ, ഓരോ കഥാപാത്രവും ഓരോ ഞാൻ ആണെങ്കിലും ഓരോരുത്തരും സ്വതന്ത്ര ആഖ്യാതാക്കളാണ്. രണ്ടു ഡസനിലേറെ വരുന്ന കഥാപാത്രങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ വന്നുപോകാനുള്ള സ്വാതന്ത്ര്യമാണ് ഈ നോവലിലെ വ്യത്യസ്തമാക്കുന്നത്. ഒരു നാടിന്റെ സ്വത്വപരിണാമങ്ങളുടെ കാലുഷ്യം വെളിപ്പെടുത്താന്‍ ഇതാണ് ഉചിതമെന്നും കാണാം.

രണ്ടാം പുസ്തകത്തിൽ പൊറ്റാളിന്റെ കൗമാരവിഹ്വലതകളും യൗവന പ്രയാണങ്ങളും വായിക്കാം. ഉടൽ, പിന്നെയും ഉടൽ, അതിനകം നീറുന്ന ഉയിര് എന്നതാണ് രണ്ടാം പുസ്തകത്തിലെ മിക്കവാറും പേരുടെ വിധി. ശരീരത്തെ വിസ്മരിക്കാൻ ഒരു നിമിഷം പോലും കഴിയാതെ ജീവിച്ച ആ വർഷങ്ങൾക്കുവേണ്ടിയാണ് ഈ നോവൽ.”

******************

നോവലില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍

റിയാസ് : അരി വാർക്കാൻ നിൽക്കുമ്പോഴാണ് പിന്നാമ്പുറത്ത് ഒരൊച്ച കേട്ടത്. ചെന്ന് നോക്കുമ്പോൾ കൗസ്വാത്തയായിരുന്നു. അവരെ വർഷങ്ങൾക്കുശേഷം കാണുമ്പോൾ ഇറച്ചി കുറച്ചു കൂടി വറ്റി, കുറച്ചു കൂടി നരച്ചു വളഞ്ഞിട്ടുണ്ട് എന്നെനിയ്ക്കു തോന്നി. എന്തേ താത്താ? ഞാൻ ചോദിച്ചു. അവർ അപ്പോഴും മിണ്ടാതെ എന്നെത്തന്നെ നോക്കുകയാണ്. കൊറച്ചുവെള്ളം തരോ മോനെ? അവർ ചോദിച്ചു. അവർ എനിയ്ക്കുള്ള മാറ്റങ്ങൾ നോക്കുകയായിരുന്നിരിക്കണം. ഉമ്മയുള്ളപ്പോൾ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു അവർ, അവർ തമ്മിൽ അധികം വർത്തമാനമൊന്നുമില്ല. കഞ്ഞിയോ ചോറോ പിന്നാമ്പുറത്തെ തിണ്ടിലിരുന്നു കഴിക്കും. എണ്ണ കാച്ചാൻ എന്നും പറഞ്ഞു കൂവളവും തെച്ചിപ്പൂവും പറിച്ചു അവർ പോവും. അതാണ് പതിവ്. ആ എണ്ണ തലയിലിട്ടാൽ ഒരു തണുപ്പാണ് എന്ന് അവർ പറയും. ചിലപ്പോൾ നോക്കിക്കൊണ്ടു നിൽക്കുന്ന എന്നോട് എന്തെങ്കിലും പറയും. പണ്ട് താഴേ പറമ്പ് പാടമായിരുന്നു. അതെ, ഇപ്പോൾ വിശ്വസിയ്ക്കാൻ കഴിയില്ല. നെല്ല് കൊയ്യാൻ വരുന്നത് ഒളകരയിലെ കണക്കികൾ മാത്രമല്ല ഉമ്മച്ചിമാരും കൂടിയാണ്. അക്കൂട്ടത്തിലുണ്ടായിരുന്നു കൗസാത്ത. അന്നൊക്കെ ഞാൻ ട്രൗസർ ഇടാതെ നടക്കുന്ന കാലമാണ് പോലും. ഇട്ടു തന്നാലും ഞാൻ ഊരിക്കളയും. അവർ എന്റെ ചുക്കുമണി ചൂണ്ടി ഇതരിയട്ടെ എന്ന് ചോദിച്ചുപോലും. അതിനുശേഷം ഞാൻ ട്രൗസർ ഇടാതെ നടന്നിട്ടില്ലെന്നാണ് ഉമ്മ പറയുക. ഞാൻ ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്തു അവർക്കു കൊടുത്തു. അവർ വെള്ളം വായിലാക്കി കുലുക്കുഴിഞ്ഞു മുറ്റത്തിന്റെ അതിരിലെ തെച്ചിക്കാട്ടിലേയ്ക്കു തുപ്പി. എന്നിട്ടു ചിറിയുടെ പിന്നിൽ നിന്ന് പറ്റിപ്പിടിച്ചു നിന്ന ഹാൻസുകൂടി എടുത്തു കളഞ്ഞു. പിന്നെ വക്ക് തൊടാതെ വെള്ളം മുഴുവൻ തലപിറകോട്ടു വളച്ചു വായിലേയ്ക്കൊഴിച്ചു ഒറ്റശ്വാസത്തിൽ കുടിച്ചു. പാത്രം തിരികെത്തരുമ്പോൾ അവർ ചോദിച്ചു – മോനെ കൊറച്ചു കൂവളം. അയിനെന്താ ഉമ്മാ, ചെറ്യ തയ്യ്മ്മ്ന്ന് പൊട്ടിയ്ക്കല്ലി – ഞാൻ പറഞ്ഞു. അപ്പോൾത്തന്നെ അത് ഉമ്മയോ ഉപ്പയോ പറയാൻ സാധ്യതയുള്ള വാക്കുകളായി തോന്നുകയും ചെയ്തു. ഇയ്ക്കും തന്നാളി കൊറച്ച്. ഞാൻ അവരുടെ പിറകെ വിളിച്ചുപറഞ്ഞു. ആയിക്കോട്ടെ – അവർ തൊടിയിലേക്കു കാലെടുത്തുവച്ചുകൊണ്ട് പറഞ്ഞു.

കൂവളം പറിയ്ക്കാൻ പോയ ആൾ കുറേനേരം കഴിഞ്ഞും വന്നില്ല. അവരെനിയ്ക്ക് ഇല തരാതെ പോയോ? അതോ പറമ്പിലെ ഇല മുഴുവൻ പറിച്ചു തീർക്കുകയാണോ? ഞാൻ ചിരവാനെടുത്ത തേങ്ങാമുറി അടുപ്പിനടുത്തു വച്ചിട്ട്, വരാന്തയിലിറങ്ങി ഒന്നെത്തി നോക്കി. അവരെ കൂവളത്തിന്റെ ചോട്ടിൽ കണ്ടില്ല. കൂവളം അടുക്കളപ്പുറത്തെ കണ്ടത്തിന്റെ അതിരിലായിരുന്നു. അതിനു താഴെ കണ്ടത്തിൽ ഒരു കാട്ടപ്പയുടെ കൂട്ടവും അതിനപ്പുറം ഒരു തെങ്ങിൻ തടവുമായിരുന്നു. കൂവളത്തിനു ചുറ്റും ചെറുതും വലുതുമായ തൈകളുണ്ട്. അവരെ അവിടെയൊന്നും കണ്ടില്ല. ഞാൻ ആദ്യം വരാന്തയിൽ നിന്നും പിന്നെ മുറ്റത്തിന്റെ അരിക്കിൽ ചെന്നും വിളിച്ചു ചോദിച്ചു – കൗസാത്ത പോയാ? മറുപടിയുണ്ടായില്ല.

അപ്പോൾ ഒരു തുണിയുടെ അറ്റം ഞാൻ താഴെ കണ്ടത്തിൽ കണ്ടു. എന്റെ ഉള്ളിൽ ചെറിയ എന്തോ ഒരു ഇളക്കമുണ്ടായി. ഞാൻ തൊടിയിലേയ്ക്ക് കടന്ന് അടുത്ത് ചെന്നു നോക്കിയപ്പോൾ അവർ കാട്ടപ്പകളുടെ മറവിലേയ്ക്കു മലർന്നു കിടപ്പായിരുന്നു. അവരുടെ തലയിൽ നിന്ന് തട്ടം തെല്ലു നീങ്ങിയിട്ടുണ്ട്. രണ്ടു കൈകളും രണ്ടിടത്തായി മേൽവയറിലേക്കു വച്ചിരുന്നു. ഒന്നിൽ മുറുക്കെപ്പിടിച്ച കൂവളത്തിന്റെ ഇലകളുണ്ട്. അപ്പകളുടെ പൂവിന്റെതോ എന്തോ ഒരു വെളുത്തപൊടി അവരുടെ മുഖത്ത് വീണിരുന്നു. എന്നാൽ അവരുടെ കണ്ണുകൾ തുറന്നു തന്നെ കിടന്നു. ആകാശം നോക്കി കിടക്കുന്നപോലെ. ചതുരപ്പുളിയുടെയും തെങ്ങോലകളുടെയും നിഴൽ അവരുടെ ദേഹത്ത് ഇളകിക്കൊണ്ടിരുന്നു. എനിക്കാദ്യം തോന്നിയത് അവർ വെറുതെ കിടക്കുകയാണ് എന്നാണ്. അവരുടെ മുഖത്ത് അത്ഭുതമോ വേദനയോ ഒന്നുമുണ്ടായിരുന്നില്ല. ആരോ വന്നു തൊടുന്നപോലെ, തൊടുമ്പോൾ ചുരുങ്ങുന്ന തൊട്ടാവാടിപോലെ, ഒരു ഞൊടിയിലായിരുന്നിരിയ്ക്കണം എല്ലാം നടന്നത്. മൂത്രത്തിന്റെ മണം എനിയ്ക്കനുഭവപ്പെട്ടു. ഞാൻ കുറച്ചു നേരം കൂടി അവരെ നോക്കി നിന്നു. ഒരില പോലും അനങ്ങുന്നുണ്ടായിരുന്നില്ല. കാടുപിടിച്ച തൊടിയിൽ വെയിൽ അവിടവിടെ വീഴുന്നുണ്ടായിരുന്നു. ആരോ മതിലിനപ്പുറത്തു റോട്ടിലൂടെ തിരക്കിട്ടു പോകുന്നു. മനസ്സിലൂടെ പല ചിന്തകൾ പോയി. നോട്ടം മടങ്ങി അവരുടെ മുഖത്ത് തന്നെ എത്തി. കാറ്റിൽ ഓലകളനങ്ങിയപ്പോൾ അവരുടെ കണ്ണുകളിൽ വെയിൽ വീണു. അവ തിളങ്ങി. ഞാൻ ഇറങ്ങിക്കിച്ചെന്ന് അവരുടെ അടുത്ത് കുനിഞ്ഞിരുന്നു. മെല്ലെ കൈ നീട്ടി ആ കണ്ണുകൾ അടച്ചു. എന്റെ ഉള്ളൊന്നു കലങ്ങി. അത്ര തെളിച്ചമില്ലാത്ത ഏതോ ചിത്രം ഉള്ളിൽ പൊങ്ങിവന്നു. വഴിയിലെവിടെയോ വച്ചു ഉമ്മയുടെ കാര്യം തിരക്കിയതോ അങ്ങനെ എന്തോ. ഞാൻ അവരെ മുട്ടുകുത്തി എടുത്ത്, കൊണ്ടുപോയി ഉമ്മറത്തെ തിണ്ണയിൽ കിടത്തി. എന്ത് ചെയ്യണം എന്നാലോചിച്ചു.

പിന്നെ മതിലിന്റെ അടുത്തു ചെന്ന് പറങ്ങുവാശാന്റെ മോൻ സുരേട്ടനെ വിളിച്ചു. എന്റെ മുഖം കണ്ടായിരിയ്ക്കണം അയാൾ തിരക്കിട്ടു ഒരു ഷർട്ടുപോലുമിടാതെ ഇറങ്ങിവന്നു. ഞാൻ കാര്യം പറഞ്ഞു. ഏ? തന്നേ? എന്ന വാക്കുകൾ അയാളുടെ വായിൽ നിന്ന് വന്നു. അയാൾ മതിലെടുത്തു ചാടി (അത് റോഡ് മണ്ണിട്ടുയർത്തുന്നതിനനുസരിച്ചു ഉയരം കുറഞ്ഞു കുട്ടികൾക്ക് പോലും ചാടികടക്കാവുന്ന പരുവത്തിലായിരുന്നു) ഒപ്പം വന്നു. വരാന്തയിൽ കിടക്കുന്ന കൗസാത്തയുടെ മുഖം ഒന്ന് സൂക്ഷിച്ചു നോക്കി അയാൾ പറഞ്ഞു – തീർന്ന്ക്ക്ണ് ട്ടാ. പാവം. അയാളുടെ കണ്ണ് ഒന്ന് നിറഞ്ഞു. ആ സ്ത്രീ സന്തോഷവതിയായിരുന്ന കാലത്തു കണ്ട ഓർമ്മയായിരിയ്ക്കാം. അയാളുടെ ഭാര്യയും തിരക്കിട്ടു വന്നു നോക്കി. അവർ വായ പൊത്തി കഷ്ടം പറഞ്ഞു നിന്നു. ആള് കൂടി. വിജയൻറെ അമ്മയും ഭാര്യയും വന്നു. ഇന്ദിരേച്ചി വന്നു. വിജയന്റെ അമ്മ മൂക്ക് പിഴിയാൻ തുടങ്ങി. എങ്ങനേപ്പിത്? ഞാൻ എല്ലാം പറഞ്ഞു. എല്ലാവരും എന്നെ നോക്കുകയാണ്. എന്തോ കുറ്റം ഏറ്റുപറയുന്നപോലെയാണ് ഞാൻ സംസാരിക്കുന്നത് എന്നെനിയ്ക്കു തോന്നി. ഇവരെ ഇങ്ങനെ കിടത്താൻ പറ്റില്ലല്ലോ – സുരേട്ടൻ പറഞ്ഞു. ഇത്ര ദൂരം എടുത്തുങ്കൂണ്ട് പോകാൻ പറ്റ്വോ? വിജയന്റെ അമ്മ ചോദിച്ചു. സുരേട്ടൻ പറഞ്ഞു – ഞാനേ ബാബു ഒക്കെ അവിടെണ്ടോന്ന് നോക്കട്ടെ. ഏതായാലും എടുത്തുകൊണ്ടു തന്നെ പോകേണ്ടി വരും. ശശിയേട്ടന്റെ രണ്ടു വീടപ്പുറത്തു ഇടവഴിയിറങ്ങിയായിരുന്നു അവരുടെ വീട്. ഏതായാലും അൽപ്പസമയം കൊണ്ട് ആളുകൾ പലരുമെത്തി. അവരെല്ലാം കൂടി ഊഴമിട്ടു താങ്ങിപ്പിടിച്ചു അവരെ വീട്ടിലെത്തിച്ചു. വീടും പൂട്ടി ഞാനും ഒപ്പം പോയി. മുറ്റത്തു കൂടിയ ബാക്കിയുള്ളവരും വന്നു. അവരുടെ വീടിന്റെ ഒരു ഭാഗം നിലംപൊത്തിയിരുന്നു.കുറച്ചു ഭാഗം ഓടും ബാക്കി ഓലയും മേഞ്ഞ പഴയ ഒരു മൺവീടായിരുന്നു അത്. അവരുടെ ഓരോ കാര്യങ്ങൾ ഓരോരുത്തരായി ഓർക്കാൻ തുടങ്ങി. അതിന്റെയിടയ്ക്ക് പള്ളിയിലേയ്ക്കും അടുത്ത വീടുകളിലേയ്ക്കും ആളുകൾ പോയിത്തുടങ്ങി. പലരും വന്നു. അടക്കിപ്പിടിച്ച സംസാരം തുടർന്നു. അപ്പോൾ വലിയ തങ്ങൾ വന്നു. പിന്നെ കാര്യങ്ങൾ തിരക്കിട്ടു നടന്നു. മയ്യത്തു കഴുകാൻ ആള് വന്നു. ബാക്കിയുള്ള കാര്യങ്ങളും വേഗം കൂടി. അവരുടെ വീട്ടിലെ നല്ല തുണികളോ പാത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അതൊക്കെ ഓരോ വശത്തു നിന്നും വന്നു. മയ്യത്തുകട്ടിലൊരുങ്ങി. ഞാൻ വെറുതെ എല്ലാം നോക്കി നിന്നു.

അവർ മക്കളുടെയും പേരമക്കളുടെയും മരണം കണ്ടു. ലഹരിയിൽ സമാധാനം കണ്ടെത്തി. അവസാനമായപ്പോഴേയ്ക്കും സമനില തെറ്റിയ പോലെയായിരുന്നു. അതു പക്ഷേ അതവർക്കു സ്വസ്ഥത കൊടുത്തുകാണും. മണ്ണ് തിന്നുമായിരുന്നതേ അവർ. പട്ടിണി കൊണ്ടായിരിയ്ക്കും എന്ന് ഞാനോർത്തു. അപ്പോൾ അവർ ചോദിച്ചു വാങ്ങി വെള്ളം കുടിച്ചത് എന്റെ മനസ്സിലേക്കു വന്നു. അവരുടെ കഴുത്തിലൂടെ അതിറങ്ങിപ്പോകുന്നതിന്റെ ആ അനക്കം. എന്റെ കണ്ണ് നിറഞ്ഞു വന്നു. അതാരെങ്കിലും ശ്രദ്ധിയ്ക്കുന്നോ എന്നറിയാൻ ഞാൻ ചുറ്റും നോക്കി.

അങ്ങനെ ആ സ്ത്രീയും മരിച്ചു. ശരിയ്ക്കും ദിനംപ്രതി മാറിക്കൊണ്ടിരിയ്ക്കുന്ന പൊറ്റാളിലെ ഒരു കാലത്തിന്റെ അവസാനം. എന്നിട്ടും പൊറ്റാളിലെ അനവധി മരണങ്ങളിൽ ഒന്ന് മാത്രം. മയ്യത്തിന്റെ അടുത്തിരിയ്ക്കാൻ, അതെടുക്കാൻ, ഒപ്പം നിലവിളിയ്ക്കാൻ ഉടയവർ ആരുമില്ലാതെ ഒരു മരണം. അവിടെ വന്നവരെല്ലാം പക്ഷെ, വലിയ പള്ളിയിലേയ്ക്കും എത്തി. അവിടെ ശിഹാബിന്റെ ഖബറിന്റെ അടുത്തായി അവരെയും അടക്കി. ആളുകൾ പള്ളിയുടെ അടുത്തും പുറത്തുമായി നോക്കി നിന്നു. ഞാൻ എത്രയോ ശേഷമാണ് ആ ഭാഗമൊക്കെ കാണുന്നത്. പുതിയ വീടുകൾ വന്നിട്ടുണ്ട്. പാടം പല ഭാഗവും നികത്തി പറമ്പുകളായിക്കഴിഞ്ഞു. പടിഞ്ഞാറുനിന്നും അടിയ്ക്കുന്ന കാറ്റിന്റെ ശക്തിയ്ക്കു മാത്രം ഒരു കുറവുമില്ല. പള്ളിയെ ഒന്ന് വട്ടം വളഞ്ഞു വന്നാൽ പൊറ്റാൾപ്പാടം കാണാം. പണ്ട് ഞാൻ കുണ്ടെല്ലാം ഇറങ്ങിച്ചെന്ന അതേ സ്ഥലം. ഇത് മറുഭാഗമാണ്. അപ്പോൾ ആരോ വിശേഷം തിരക്കാൻ അടുത്തു വന്നു. വേറെയാരോ കൗസാത്തയുടെ മരണത്തെപ്പറ്റി ചോദിച്ചു. ഞാൻ ചെറിയ ചെറിയ മറുപടികൾ കൊടുത്തു പിൻവലിഞ്ഞു. പിന്നെ അവിടന്ന് ഇറങ്ങി വീട്ടിലേയ്ക്കു പോന്നു. ഇരുവശത്തെ വീടുകളിൽ നിന്ന് പലരും അടക്കിന്റെ കാര്യങ്ങൾ ചോദിച്ചു. ഞാൻ യാന്ത്രികമായി മറുപടി പറഞ്ഞു.

വീട്ടിലെത്തിയപ്പോൾ എന്നെ മൂത്രം മണക്കുന്ന പോലെ തോന്നി. ഞാൻ വെള്ളം കോരി വിശദമായൊന്നു കുളിച്ചു, തുണികളും കഴുകിപ്പിഴിഞ്ഞു അയയിൽ വിരിച്ചു. കെഎസ്ഇബിയിൽ പോകണം എന്ന് വച്ചതാണ്, അത് നടന്നില്ല. ബൈക്കുമായി വരാമെന്നു പറഞ്ഞ ബൈജു വന്നതുമില്ല. ഒരു തരത്തിലാലോചിച്ചാൽ കറന്റിന്റെ അത്യാവശ്യങ്ങളൊന്നുമില്ല ഇവിടെ. എന്നാലും എല്ലാം ശരിയാക്കണം, ആദ്യമേ വിചാരിച്ചതാണ്. ഒന്നും വച്ചു വൈകിയ്ക്കണ്ട. പമ്പ് സെറ്റൊക്കെ ഇപ്പോഴേ ഉപയോഗിയ്ക്കാൻ പറ്റാത്ത കണ്ടീഷനായി, ഉപ്പ പണ്ട് പറമ്പ് നനയ്ക്കാൻ എന്തോ ലോണെടുത്തു വാങ്ങിയതാണ്. മെക്കാനിക്കുകളെ ആരെയെങ്കിലും കൊണ്ട് വന്നു നോക്കിക്കണം. വൈകുന്നേരം ബൈജുവിന്റെ അവിടേയ്ക്കൊന്നിറങ്ങണം, ഞാൻ ഉറപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍