UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

തന്നിലേക്കുള്ള നോട്ടങ്ങള്‍; നോസ്‌ഗാർഡിന്റെ Autumn വായിക്കുമ്പോള്‍

നോർവീജിയൻ സാഹിത്യത്തിൽ കൺഫെഷണൽ ആഖ്യാനങ്ങൾ ഒരു കുറ്റകൃത്യം പോലെയാണ് കരുതപ്പെട്ടിരുന്നത്

നോർവീജിയൻ സാഹിത്യത്തിൽ കൺഫെഷണൽ (ഫസ്റ്റ് പേഴ്‌സണിലുള്ള കുറ്റബോധമോ പാപബോധമോ അന്തർധാരയായുള്ള) ആഖ്യാനങ്ങൾ ഒരു കുറ്റകൃത്യം പോലെയാണ് കരുതപ്പെട്ടിരുന്നത് എന്ന് നോസ്‌ഗാർഡി (Karl Ove Knausgard)ന്റെ സമകാലികനായ Tomas Espadel ഒരഭിമുഖത്തിൽ പറയുന്നുണ്ട്. സ്റ്റിഗ് ലാർസൺ (സ്വീഡിഷ് കവി, Dragon Tattoo സീരീസ് എഴുതിയ ആളല്ല) എന്ന എഴുത്തുകാരനിൽ തുടങ്ങിയാണ് പൊളിറ്റിക്കൽ സാഹിത്യത്തിൻറെ ശക്തമായ പാരമ്പര്യമുള്ള നോർവീജിയയിൽ ഇത്തരം എഴുത്തുകൾ വീണ്ടും വരുന്നത്. എന്നാൽ ഫിക്ഷനിൽ നോസ്ഗാർഡ് My Struggle എന്ന സീരീസ് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചപ്പോൾ നിരൂപകർക്ക് പോലും അതിനെ എങ്ങനെ സ്വീകരിക്കണം എന്ന ആശയക്കുഴപ്പമുണ്ടായത്രേ. അതിനു പിറകെയാണ് Espadel-ന്റെ നോവലുകൾ വന്നത്. ഇവർ രണ്ടു പേരും ചേർന്ന് ഒരു പുതിയ ഓട്ടോ ഫിക്ഷൻ തരംഗം തന്നെയുണ്ടാക്കി – അത് നോർഡിക് സാഹിത്യത്തിന് തന്നെ പുതിയ ആവേശം പകർന്നു. എന്നാലും നോസ്ഗാർഡ് ഒഴികെയുള്ള എഴുത്തുകാർ നോർഡിക്കിന് പുറത്ത് അറിയപ്പെട്ടു വരുന്നതേയുള്ളൂ.

നോസ്ഗാർഡ് പല കാരണങ്ങൾ കൊണ്ടാണ് പ്രശസ്തിയാർജ്ജിച്ചത് – തുടർച്ചയായി വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തു രീതിയാണ് അയാളുടേത്. ലളിതമായ വാചകഘടന, സാഹിത്യം, സംഗീതം, ചിത്ര രചന തുടങ്ങിയ മേഖലകളിലെ നിരീക്ഷണങ്ങൾ, ലളിതമായ ഫിലോസഫി, ചുറ്റുമുള്ള എല്ലാറ്റിനെയും (നഗരം, ഗ്രാമം, കടൽത്തീരങ്ങൾ, വനങ്ങൾ, കെട്ടിടങ്ങൾ, തെരുവുകൾ, ആളുകൾ, റോഡുകൾ, നോർഡിക്കിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങി എല്ലാം) പറ്റിയുള്ള വളരെ സൂക്ഷ്മമായ നിരീക്ഷണവും വിവരണവും, പിന്നെ സ്വകാര്യതയുടെ വിവരണം (മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുവാനുള്ള മനുഷ്യരുടെ സ്വാഭാവികമായ ജിജ്ഞാസയെ പോഷിപ്പിക്കുന്നത്), ഒരു പുരുഷൻ എന്ന നിലയിലെ അയാളുടെ സംശയങ്ങളും (premature ejaculation) വ്യക്തിഗത പ്രശ്നങ്ങളും (മദ്യപാനാസക്തി, ഏകാന്തത, കുട്ടികളെ നോക്കേണ്ടി വരുമ്പോൾ എഴുത്തു മുടങ്ങുന്നതിലെ നീരസം), മറ്റുള്ളവരുടെ എഴുത്തിനെപ്പറ്റിയുള്ള അസൂയയും തന്റേതിനോടുള്ള പുച്ഛവും, അപ്പോഴും വസ്തുനിഷ്ടമാകാനുള്ള ശ്രമം, അച്ഛനോടുള്ള ഏകപക്ഷീയ സ്നേഹവും ഭയവും – അച്ഛനോട് എതിർത്ത് നിൽക്കാനുള്ള ഭയം, എന്നാൽ അച്ഛൻ ചേട്ടനെ ദ്രോഹിക്കുന്നതിനോടുള്ള എതിർപ്പ്, ഇങ്ങനെ അളവറ്റ സ്ഥിതിവിശേഷങ്ങളിലൂടെ അയാളുടെ കഥ കടന്നു പോകുന്നു. കഥകൾ വിദഗ്ദമായി ഓരോരോ ഭാഗങ്ങൾക്കായി വിഭജിച്ചിരിക്കുന്നത്, അവ തമ്മിൽ ബന്ധിച്ചിരിക്കുന്നത് (അഞ്ചാമത്തെ പുസ്തകം ആദ്യത്തേതുമായി കണ്ണി ചേരുന്നത്), ഈയൊരു വ്യാപ്തിയിലും ഓരോ കഥാപാത്രത്തിന്റെയും ചിത്രീകരണത്തിലെ സ്ഥിരതയും മിഴിവും, ഇങ്ങനെ അനവധി കാര്യങ്ങൾ വായനയിൽ കണ്ടെടുക്കാനാകും. നോസ്ഗാർഡ്, ഋതുക്കൾ അടിസ്ഥാനമാക്കിയുള്ള പുതിയ ഒരു സീരീസ് ആരംഭിക്കുകയാണ് ‘Autumn’ (Winter, Spring, Summer പിറകെ വരും) എന്ന പുസ്തകത്തിലൂടെ.

My Struggle – നു ശേഷം അയാളുടെതായി പുറത്തുവന്നത് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധപ്പെടുത്തിയ അമേരിക്കൻ യാത്രാ വിവരണവും, ഫുട്ബോളിനെ സംബന്ധിച്ച കുറിപ്പുകളുമാണ്. തിരികെ തന്റെ ഏറ്റവും സ്വാഭാവികമായ ഴോണറിലേക്ക് മടങ്ങുന്ന എഴുത്തുകാരനാണ് Autumn-ല്‍ അയാള്‍. അവനവനെപ്പറ്റി എഴുതുമ്പോൾ, തന്നിലേക്ക് പുറമേ നിന്നുകൊണ്ട് നോക്കുന്നപോലെ തോന്നുകയും, അതുവരെയില്ലാത്ത വസ്തുനിഷ്ഠമായ കാഴ്ചയായി അതനുഭവപ്പെടുകയും ചെയ്യുന്നു എന്ന് My Struggle -ൽ നോസ്ഗാർഡ് നിരീക്ഷിക്കുന്നുണ്ട്. അപ്പോൾ ഈ മടക്കം സ്വാഭാവികമായ ഒന്നായിത്തീരുന്നു. ജനിക്കാനിരിക്കുന്ന മകൾക്കുള്ള കുറിപ്പുകൾ എന്ന രീതിയിലാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്. നിത്യജീവിതത്തിൽ നമ്മൾ കാണുകയും ഉപയോഗിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള ഒന്നോ രണ്ടോ പേജുള്ള ലേഖനങ്ങളാണ് ഈ കൊച്ചു പുസ്തകത്തിലുള്ളത് – മകൾക്ക് അവൾ നേരിടാൻ പോകുന്ന ലോകത്തെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് അച്ഛൻ. എഴുത്തുകാരന്റെ അനന്യമായ നിരീക്ഷണ പാടവം ഇവിടെ കാണാനാകും, ആദ്യ കുറിപ്പുകൾ നിരാശപ്പെടുത്തുമെങ്കിലും. സാവധാനം എഴുത്ത് വായനക്കാരന് പരിചിതമായ ആ ശൈലിയിലേക്കും തീർത്തും നിസ്സാരമായ വസ്തുക്കളെപ്പോലും എഴുതി പൊലിപ്പിക്കാൻ കഴിയുന്ന അനായാസതയിലേക്കും വഴിമാറുന്നു.

Frogs എന്ന കുറിപ്പിൽ തവളകളെ കണ്ടതിനെക്കുറിച്ചാണ്, അവയുടെ കണ്ണുകളാണ് എഴുത്തുകാരനെ ആകർഷിക്കുന്നത് – “here was something repulsive about it, and I thought it must be the eyes, which contained everything we associate with evil. They were cold and empty, they didn’t open onto a soul, as for example the eyes of a cat do. Those eyes did not see people, but something else; precisely what we will never know.”.

Frames എന്ന കുറിപ്പിൽ ഫ്രയിമുകൾ ഇല്ലാതെ ലോകത്തെ വിഭാവനം ചെയ്യാൻ കഴിയില്ല എന്നത് സ്ഥാപിക്കുകയാണ് – “Common to all these is the longing for authenticity, for the real, which is simply the place where one’s notions about reality and reality itself are one and the same thing. Or in other words, a life, an existence, a world unframed.”

ചോരയെപ്പറ്റി പറയുന്ന കുറിപ്പിൽ പാശ്ചാത്യ സംസ്കാരത്തിൽ ചോര എന്നത് മരണവുമായല്ല മറിച്ച് ജീവിതത്തോടും സ്നേഹത്തോടുമാണെന്നും, കറുപ്പാണ് മരണത്തെക്കുറിക്കുന്ന നിറമെന്നും നോസ്‌ഗാർഡ് നിരീക്ഷിക്കുന്നു (My Struggle ആരംഭിക്കുന്നത് ഹൃദയത്തെക്കുറിച്ചുള്ള ദീർഘമായ വിവരണത്തോടു കൂടിയാണ് എന്നതോർക്കുക).

തേനീച്ച വളർത്തുന്നതിനെപ്പറ്റിയുള്ള കുറിപ്പിൽ തേനീച്ചകളുമായി ഇടപഴകാൻ മനുഷ്യൻ പഠിക്കുന്നതിനെപ്പറ്റി വിവരിക്കുന്നു – തേനീച്ചകളുടെ സവിശേഷമായ സെൻസിബിലിറ്റി മനസിലാക്കുന്ന, അവയുടെ യാഥാർത്ഥ്യത്തോടൊപ്പമെത്തുന്ന വളർത്തുകാരന്റെ ചലനങ്ങളെ ഒരു നർത്തകനോടാണ് താരതമ്യം ചെയ്യപ്പെടുന്നത്. ‘September’ എന്ന ആദ്യ ഭാഗത്തെ ചലനമുണ്ടാകാത്ത കുറച്ചു കുറിപ്പുകൾക്കു ശേഷം വരുന്നവയാണ് ഇവ. Apples, Wasps, Plastic Bags, Sun, Teeth, Petrol – തുടങ്ങിയ പലതിനെ മകൾക്കുവേണ്ടി വിശദീകരിക്കുന്നുണ്ട് ഈ ഭാഗത്തിൽ. ചിലതിൽ കേവലമായ കാര്യങ്ങളിലെ അസാധാരണത്വം അവതരിപ്പിക്കുമ്പോൾ മറ്റുള്ളവയിൽ മൈക്രോസ്കോപ്പിലൂടെ നോക്കുന്നതുപോലെ വിശദശാംശങ്ങൾ കണ്ടെടുക്കാൻ കഴിയുന്ന നൊസ്‌ഗാർഡിന്റെ കഴിവാണ് അയാളുടെ എഴുത്തിന്റെ ഏറ്റവും വലിയ ശക്തി.

ഇത്തരത്തിലൊരു സീരീസ് വരുന്നു എന്നറിഞ്ഞപ്പോൾ എഴുത്തുകാരൻ ഉറപ്പായും ചെയ്യുന്നതെന്തെന്ന് ഒരൂഹമുണ്ടായിരുന്നു എന്നതാണ് വാസ്തവം – അത് അയാളെ നിരന്തരമായി വായിക്കുന്നതിൽ നിന്ന് വന്ന ധാരണയായിരുന്നു. ഒരിടത്തു മിന്നലും മറ്റൊരിടത്തു വെള്ളവലിക്കാനുള്ള ചുണ്ണാമ്പും ആയിരക്കണക്കിന് വർഷങ്ങളായി ഇവിടെയുള്ളതായിരുന്നല്ലോ എന്ന് എഴുത്തുകാരൻ പറയുമ്പോൾ നമുക്കത് പുതുമയായി അറിയപ്പെടുന്നത് ഇത്തരത്തിലൊരു കാര്യമാണ്.

Adders -ൽ പണ്ട് അച്ഛൻ പാമ്പിനെക്കൊന്ന കഥയാണ്. പഴയ സീരിസിലെ പ്രധാന തീമുകളിലൊന്ന് ആവർത്തിക്കുന്നത് ഇവിടെക്കാണാം (“More than forty years have passed since that happened. I still wish he hadn’t done it, and I still don’t understand why he did, but he seemed to hate it more than any other thing. I had never seen him like that before, and never saw him like that again”).

ചരിത്രത്തിലെ ആദ്യ ഫോട്ടോഗ്രാഫിനെക്കുറിച്ചുള്ള Daguerrotype, സമാഹാരത്തിലെ ഏറ്റവും കൗതുകരമായ ഒന്നാണ്. September എന്ന ആദ്യഭാഗം അവസാനിക്കുന്നത് കൊയ്‌ത്തുകഴിഞ്ഞ പാടങ്ങൾ നോക്കിക്കാണുന്ന എഴുത്തുകാരനിലാണ്, അയാൾ ഗർഭത്തിലിരിക്കുന്ന മകളോട് പറയുകയാണ് – “Something has been filled, now it is emptying: the air of warmth, the trees of fruit and leaves, the fields of grain. And all the while you are growing silently in the darkness.”

October എന്ന രണ്ടാം ഭാഗത്താണ് പുസ്തകത്തിലെ മെച്ചപ്പെട്ട കുറിപ്പുകൾ പലതുമുള്ളത്. Fever, Rubber Boots (റബർ ബൂട്ടിനുള്ളിലെ കാൽ separate entity എന്ന നിലയിൽ പരമാധികാരം അനുഭവിക്കുന്നു – “To be invulnerable, to be protected, to be a separate entity in the world” എന്നതിലാണ് സന്തോഷമെന്നും), Jellyfish (“600 മില്യൺ വർഷങ്ങളായി ഭൂമിയിലുള്ള ഒറ്റക്കോശത്തിൽ നിന്ന് പരിണമിച്ച ജീവി”), War (“War is both the simple shape of the arrowhead and the complicated life that it annihilates”), Labia (സ്ത്രീകളുടെ labia -യെപ്പറ്റിയുള്ള കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു – “Shame relates to reality as it ought to be, not reality as it is. Desire for its part transcends material reality and transforms it into its own images, which, while desire persists, appear immensely pleasurable, but which resume their more neutral forms as soon as desire wanes”), Fingers (പണ്ട് ചെയ്തിരുന്നതുപോലെ രണ്ടു വിരലുകളുപയോഗിച്ച് ‘ഫിംഗർമാനു’ണ്ടാക്കി കളിക്കുമ്പോൾ കൗമാരത്തിലേക്ക് കടക്കാനൊരുങ്ങുന്ന മകൾ അസ്വസ്ഥയാകുന്നതിനെക്കുറിച്ച് ഈ കുറിപ്പിലുണ്ട്. അവൾ സ്വന്തന്ത്ര വ്യക്തിയാകുമ്പോൾ ഫിംഗർ മാൻ എന്നു ശൈശവകൗതുകവും അച്ഛനും, മുതിർന്ന പുരുഷനും അയാളുടെ ഒരു ശരീര ഭാഗവും എന്ന നിലയിൽ മാറുന്നു – “since one of the many possible truths about reality is that it is essentially non-attached and turned away like a blind eye, the (fingerman )game opens an abyss”, ഈ abyss കുട്ടികൾക്ക് കാണാൻ കഴിയുന്നില്ല, അതുകൊണ്ടാണ് അവർക്കീ കളി കളിക്കാൻ കഴിയുന്നത്), Autumn Leaves (എന്തുകൊണ്ടാണ് പല അനുഭവങ്ങളും നമ്മൾ ഓർത്തിരിക്കാത്തത്? – “That is the price of proximity: you don’t see it”) എന്നിങ്ങനെ കുറിപ്പുകൾ പുരോഗമിക്കുന്നു.

Stubble Fields-ൽ Olav Hauge-ന്റെ കവിതകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുണ്ട് (“Reading Hauge’s early poems, I imagine that they were a reined-in form of ecstasy, a way of grounding it, whereas his final poems, which in his diary he somewhat scornfully referred to as cold forging, have no contact at all with that dimension.”).

മറ്റൊരിടത്ത് വാൻഗോഗിനെക്കുറിച്ച് – “Van Gogh tried to commit himself to the world but couldn’t do it, he tried to commit himself to painting but couldn’t do it, therefore he rose above them both and committed himself to death; only then did the world and painting become possible for him.” – എന്ന അസാധാരണമായ ഒരു ചിന്തയുണ്ട്.

മൂന്നാം ഭാഗത്തിൽ (November) ഒരിടത്ത് താൻ പല തവണ വായിച്ചിട്ടുള്ള Madame Bovary-യെപ്പറ്റിയും എഴുതുന്നു. ലോകത്തെ ഏറ്റവും മികച്ച നോവലായാണ് നോസ്ഗാർഡ് ഇതിനെ കാണുന്നത് – “it has a sharpness, a crystal-clear feeling of physical space and materiality which no novel either before or after it has even come close to matching”.

പുസ്തകങ്ങൾ, സംഗീതം, പെയിന്റിങ്‌സ് എന്നിവയെപ്പറ്റി എഴുതുമ്പോൾ ഈ എഴുത്തുകാരൻ എത്ര കൃത്യമായാണ് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് എന്നത് നമുക്ക് കാണാം. My Struggle-ൽ സംഗീത ആൽബങ്ങളെപ്പറ്റിയും, ഡോസ്റ്റോയ്‌വ്സ്കിയെക്കുറിച്ചും, മൊനെയുടെ ചിത്രത്തെക്കുറിച്ചും, തന്റെ സുഹൃത്തുക്കളുടെ പുസ്തകങ്ങളെക്കുറിച്ചുമൊക്കെ പറയുമ്പോഴും ഈ വസ്തുനിഷ്ഠത പ്രകടമാണ്. ഇവിടെ ചെറുകുറിപ്പുകളിലേക്കു വരുമ്പോൾ, ഒന്നോ രണ്ടോ പേജുകളിൽ ഒരാശയം അവതരിപ്പിക്കേണ്ടി വരുമ്പോഴും എഴുത്തുകാരൻ വിജയിക്കുന്നത് ഈയൊരു കൃത്യത കൊണ്ടാണ് – സ്ഥൂലതയും കാടുകയറലും ഇല്ലതന്നെ.

രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ നോസ്‌ഗാർഡ് ഗർഭത്തിലിരിക്കുന്ന മകളോട് ഇങ്ങനെ പറയുന്നു – “When I think of my father, who is dead and whom you will therefore never get to meet, it is striking how little I know about his life before he married and started a family, and how incurious I was about it when I was growing up.” – ഈ കുറിപ്പുകളുടെ സീരിസിന് ആദ്യ പ്രേരണ ഞാൻ മേലെ സൂചിപ്പിച്ചതുപോലെ തന്നിലേക്ക് നോക്കുമ്പോൾ അനുഭവപ്പെടുന്ന വസ്തുനിഷ്ഠതയാണ്, അടുത്തത് ഇപ്പറഞ്ഞതാണ് – ബോധത്തിലോ, അബോധത്തിലോ എഴുത്തുകാരൻ ഒരു കുറ്റസമ്മതം പോലെ നമ്മളോടത് പറയുകയാണ്. തന്നെപ്പറ്റി, തന്റെ ചിന്താലോകത്തെപ്പറ്റി മകളെ അറിയിക്കാനായാണ് അയാൾ ഈ കുറിപ്പുകളെഴുതുന്നത്. ആ തോന്നലാകട്ടെ അച്ഛനെപ്പറ്റി ആലോചിക്കുമ്പോഴുള്ള ശൂന്യതയിൽ നിന്ന് വരുന്നതും. അത്തരമൊന്നാവർത്തിക്കാൻ അയാൾക്ക്‌ വയ്യ. ഇത് വായനക്കാരന് എത്രത്തോളം അനുഭവേദ്യമാണ് എന്നതാണ് ശരിക്കുള്ള ചോദ്യം, അഥവാ, ഇത്തരമൊരു പുസ്തകം ഒരു വായനക്കാരൻ എന്തിനു വാങ്ങണം എന്നത്.

നോസ്ഗാർഡിന്റെ എല്ലാ പുസ്തകങ്ങളിലും ചെറിയ അനുഭവങ്ങളുടെ, വസ്തുക്കളുടെ വിവരണങ്ങളാണ്. ഒരെഴുത്തുകാരൻ എഴുതി തന്റെ ചിന്തയെ തേച്ചുമിനുക്കിയെടുക്കുന്ന പോലെയുള്ള ഒരു രീതിയാണ് അയാൾ അവലംബിക്കുന്നത്. അത് കുറെ ബിന്ദുക്കൾ യോജിപ്പിക്കുന്നപോലെയാണ്. ഇത്തരത്തിലുള്ള ഓരോ ബിന്ദുക്കളും ഒരു പുതിയ ലോകത്തെ തുറന്നു കാട്ടുന്നു. “A world that relates to other things and phenomena” എന്നാണ് My Struggle-ൽ നോസ്ഗാർഡ് ഇതിനെ വിശദീകരിക്കുന്നത്. ആ അനുഭവത്തിൽ താത്പര്യമുള്ളവർക്കുള്ള എഴുത്തുകാരനാണ് നോസ്ഗാർഡ്. ആധുനിക ലോകത്ത് ചിത്രങ്ങളുടെയും (ഇമേജസ്) ആഖ്യാനങ്ങളുടെയും നിലയ്ക്കാത്ത പ്രവാഹത്തിൽ അവയോടുള്ള ബന്ധവും യാന്ത്രികമായിപ്പോവുന്നു – സാഹിത്യം ഇത്തരമൊരവസ്ഥയിൽ “സ്പർശനം കൊണ്ട് മാത്രം സാധ്യമായ തരത്തിലുള്ള അടുപ്പം (intimacy)” ഉണ്ടാക്കാനുതകും എന്നാണയാൾ പ്രതീക്ഷിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍