UPDATES

വായന/സംസ്കാരം

ചെവികൊടുക്കാത്ത ശബ്ദങ്ങളുടെ പറച്ചിലുകള്‍: അജിത്കുമാര്‍ എ.എസിന്റെ ‘കേള്‍ക്കാത്ത ശബ്ദങ്ങള്‍: പാട്ട്, ശരീരം, ജാതി’യെ വായിക്കുമ്പോള്‍

കേരളത്തിന്റെ കീഴാള ആധുനികതയുടെ ചരിത്രം കൂടിയാകുന്നുണ്ട് ഈ പുസ്തകം

ഷൈമ പി

ഷൈമ പി

വരേണ്യമായ ദൃശ്യ സംസ്‌കാരം നിര്‍ണയിക്കുന്ന കാഴ്ച/വായന ശീലങ്ങളും, അവയെ ആസ്പദമാക്കിയുള്ള കേരള പഠനങ്ങളും, കേള്‍ക്കാത്ത ശബ്ദം/കേള്‍വി സംസ്‌കാരത്തെക്കുറിച്ചും ഉള്ള പുസ്തകമാണ് അജിത്കുമാര്‍ എ.എസിന്റെ “കേള്‍ക്കാത്ത ശബ്ദങ്ങള്‍: പാട്ട്, ശരീരം, ജാതി”.

ദൃശ്യ സംസ്‌കാരത്തിന്റെ അപ്രമാദിത്തത്തെ പ്രശ്‌നവത്ക്കരിക്കുന്നതോടൊപ്പം അതിന്റെ പാരമ്പര്യം-ആധുനികത, സവര്‍ണത – അവര്‍ണത തുടങ്ങിയ ദ്വന്ദങ്ങളില്‍ ശബ്ദം നഷ്ടപ്പെടുന്ന കീഴാളാധുനികാനുഭവങ്ങളെ കേള്‍ക്കുന്ന ഒരു സോണിക് സംസ്‌കാരത്തെ ചരിത്രവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തില്‍. പാട്ട്, സിനിമ, സംഗീതത്തെ ജനപ്രിയമാക്കിയ സിനിമാപാട്ടുകള്‍, സംഗീത സംവിധായകര്‍, പാട്ടുകാര്‍, സാങ്കേതിക വികാസം, ജാതി തുടങ്ങിയ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടാണ് അജിത്കുമാര്‍ എ എസ് കേരളത്തിന്റെ ശബ്ദ/കേള്‍വി സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നത്. കേരളത്തിന്റെ കീഴാള ആധുനിക ചരിത്രം കൂടിയാകുന്നുണ്ട് ഈ പഠനം.

Chinua Achebe-യുടെ ‘An image of Africa: Racism in Conrad’s Heart of Darkness’ എന്ന 1977ല്‍ ഇറങ്ങിയ ലേഖനം, ജോസഫ് കോണ്‍റാഡിന്റെ Heart of Darkness എന്ന ചെറുനോവല്‍ ആഫ്രിക്കന്‍ സമൂഹത്തെ വംശീയമായി ചിത്രീകരണത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും നല്ല ആറ് ചെറുനോവലുകളില്‍ ഒന്നായി മാറുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. കോംഗോ നദിയുടെ ഇരുവശവുമുള്ള കറുത്ത വര്‍ഗക്കാരെ നോവലില്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്- “a burst of yells, a whirl of black limbs, men with clapping hands and ‘feet stamping'”. അവരുടെ ‘അപരിഷ്‌കൃതത്വ’വും ‘കാടത്ത’വും വിശദമാക്കുവാന്‍ കോണ്‍റാഡ് ഉപയോഗിക്കുന്ന വിശേഷണങ്ങളാണവ. ഭാഷ ഉപയോഗിക്കാന്‍ അറിയാത്തവര്‍, കൈയും കാലും വായും ഉപയോഗിച്ച് അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ നിര്‍മ്മിതികള്‍ അപരിഷ്‌കൃതത്വം നിര്‍ണയിക്കുന്നതില്‍ പ്രധാനമായി കരുതപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യകാല മലയാളം നോവലുകളിലൊന്നായ സരസ്വതിവിജയത്തില്‍ (പോത്തേരി കുഞ്ഞമ്പു, (1892)) പാടുന്ന കീഴാളന്റെ ശബ്ദമാണ് അയാളെ കൊല്ലാനുള്ള നമ്പൂതിരിയുടെ ന്യായീകരണം. ശബ്ദിക്കുക, സംസാരിക്കുക, കേള്‍ക്കുക എന്നിവയ്‌ക്കൊക്കെ കീഴാളര്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. അധികാരികള്‍ മനസ്സിലാക്കാന്‍ മെനക്കെടാത്ത ശബ്ദങ്ങള്‍ അപശബ്ദങ്ങളോ, കാടത്തത്തെ സൂചിപ്പിക്കുന്നതോ, അവരെ കൊല്ലാനോ ഒക്കെയുള്ള കാരണങ്ങളായി മാറുന്നുണ്ട്. ദൃശ്യ/എഴുത്ത് രീതികളിലേക്കുള്ള വിജ്ഞാനരൂപീകരണം, ശബ്ദത്തെ വൈകാരികത, സ്ഥിരതയില്ലായ്മ, പ്രവചനാതീതമായത് തുടങ്ങിയവയെ സൂചിപ്പിക്കുന്ന ഒന്നാക്കി മാറ്റി എന്ന് സോണിക് കളര്‍ ലൈന്‍ എന്ന കണ്‍സപ്റ്റിനെ വിശദീകരിച്ചുകൊണ്ട് ജന്നിഫര്‍ സ്‌റ്റോവര്‍ പറയുന്നുണ്ട്. അടിമകളുടെ ദൈന്യതകളെ, പോരായ്മകളെ, കഴിവുകേടുകളെ ആഖ്യാനങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഒരു വഴി അവരുടെ നോൺ -വെര്‍ബല്‍ ശബ്ദങ്ങളിലൂടെയായിരുന്നു എന്ന് സ്‌റ്റോവര്‍ ചൂണ്ടിക്കാണിക്കുന്നു (ദ സോണിക് കളര്‍ലൈന്‍: റേസ് ആന്‍ഡ് ദ കള്‍ച്ചറല്‍ പൊളിറ്റിക്‌സ് ഓഫ് ലിസണിങ് (2016)).

ശബ്ദത്തെ ഇല്ലായ്മ ചെയ്യുക, അപശബ്ദമായി വ്യാഖ്യാനിക്കുക, സ്‌ത്രൈണത, കറുപ്പ്, വൈകാരികത എന്നിവയുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുക- ഇവയൊക്കെ കൊളോണിയലിസത്തിന്റെ (പ്രാദേശികവും പാശ്ചാത്യവും) ഒരു ബൃഹത് പദ്ധതിയായിരുന്നു/ആണ്. ശബ്ദ പഠനം അതുകൊണ്ട് തന്നെ പ്രാധാന്യമര്‍ഹിക്കുന്നു. കാഴ്ചാ സംസ്‌കാരവും, അതിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനങ്ങളും കീഴാളതയെ മനസ്സിലാക്കാന്‍ അപര്യാപ്തമാണെന്ന് അവ ചൂണ്ടിക്കാണിക്കുന്നു. സൗണ്ട് സ്റ്റഡീസുമായി ബന്ധപ്പെട്ട് വന്ന പല പഠനങ്ങളും കീഴാളാധുനികാനുഭവങ്ങളുടെ രേഖപ്പെടുത്തലുകളാണ്. ശബ്ദങ്ങളുടെ ഇടം എന്നത് വര്‍ണം, ലിംഗ നിര്‍മ്മിതികളെക്കുറിച്ചുള്ള കൊളോണിയലിസം അല്ലാത്തതുമായ ആശയങ്ങളെ വിമര്‍ശനാത്മകമായി വിഭാവനം ചെയ്യുന്ന, അന്വേഷിക്കുന്ന, ഇടപെടുന്ന, കണ്ടെത്തുന്ന ഒന്നാണെന്ന് എഡ്വിന്‍. സി ഹില്‍ തന്റെ ‘ബ്ലാക്ക് സൗണ്ട്‌സ്‌കേപ്‌സ് വൈറ്റ് സ്റ്റേജസി’ല്‍ പറയുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ കലാകാരനായ ജോര്‍ജ് വാഷിങ്ടണ്‍ ജോണ്‍സണ്‍ തന്റെ പാട്ടുകളിലൂടെ വെള്ളക്കാരും അംഗീകരിക്കുന്ന ഒരു ഇടം സ്വായത്തമാക്കുന്നതെങ്ങനെ തുടങ്ങിയ വാഗ്നറിന്റെ (ഡിസ്റ്റര്‍ബിങ് ദ പീസ്) പഠനങ്ങളും, ദ്വന്ദങ്ങള്‍ക്ക് പുറത്തുകടക്കുന്ന അനുഭവങ്ങളെയാണ് വിവരിക്കുന്നത്. അജിത്കുമാറിന്റെ പുസ്തകവും പ്രസക്തമാവുന്നത് ഇങ്ങനെയാണ്.

കേരളത്തിന്റെ ശബ്ദ/കേള്‍വി സംസ്‌കാരത്തെ, പാട്ട്/സംഗീത വ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തി രേഖപ്പെടുത്തുന്ന ലേഖനങ്ങള്‍, കേരളത്തിന്റെ ശബ്ദസംസ്‌കാരം എന്നത് പാശ്ചാത്യസംഗീതാനുഭവങ്ങള്‍, സാങ്കേതിക വികാസം, നാടന്‍പാട്ട് സംസ്‌കാരം ചേര്‍ന്നുണ്ടാക്കിയ ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ശുദ്ധസംഗീതം എന്ന സങ്കല്‍പ്പത്തെ പ്രശ്‌നവത്ക്കരിക്കുന്നതിലുമുപരി, കേരളം, മലയാളി തുടങ്ങിയ നിര്‍മ്മിതികള്‍ കേരളം എന്ന സംസ്ഥാനത്തില്‍ ഒതുങ്ങുന്നതല്ലെന്നും, ജാസ്, റെഗ്ഗെ, റാപ്പ് തുടങ്ങിയ പാശ്ചാത്യ സംഗീത/സംസ്‌കാരങ്ങളും, കാസറ്റ്, സൗണ്ട് ബോക്‌സ്, സൗണ്ടിങ്, മൈക്രോഫോണ്‍ തുടങ്ങിയ ഉപകരണങ്ങളും കബോഡിങ്, ഓര്‍ക്കസ്‌ട്രേഷന്‍, റെക്കോര്‍ഡിങ് എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ വന്നിട്ടുള്ള സാങ്കേതിക വികാസങ്ങളും ഉണ്ടാക്കിയെടുത്തതാണെന്നും ഈ ലേഖനങ്ങള്‍ വിശദീകരിക്കുന്നു. ദേശാതിര്‍ത്തികള്‍ കടക്കുന്ന ഇത്തരം കേള്‍വികളിലൂടെയാണ് മലയാളം പാട്ട്/സംഗീത മേഖലയെയും അതിലൂടെ ആധുനികതയേയും മനസ്സിലാക്കാന്‍ അജിത്കുമാര്‍ ശ്രമിക്കുന്നത്. 1982ല്‍ തിരുവനന്തപുരത്ത് കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ മ്യൂസിക് ബാന്‍ഡ് ആയ ട്രിപ് തുടങ്ങിയ പ്രാദേശിക സംഗീതാനുഭവങ്ങളും, അന്തര്‍ദേശീയ മ്യൂസിക്കല്‍ ബാന്‍ഡുകളുടെ ആസ്വാദനാനുഭവങ്ങളും, സാങ്കേതിക കണ്ടുപിടുത്തങ്ങളും കൂടിക്കലര്‍ന്ന ശബ്ദ/കേള്‍വികള്‍ ആധുനിക കേരളം എന്ന ഭൂ/സാംസ്‌കാരിക ഇടത്തെ അടയാളപ്പെടുത്താന്‍ പ്രധാനമാണെന്ന് ഈ ലേഖനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളം എന്ന ദേശാതിര്‍ത്തിക്കപ്പുറമുള്ള സ്വാധീനങ്ങള്‍ ശ്രദ്ധിക്കാത്ത പാട്ടുപഠനങ്ങള്‍ സവര്‍ണ, ശുദ്ധ സംഗീതവാദത്തില്‍ കുരുങ്ങിക്കിടക്കുന്നവയാണെന്ന് കാണാം. പാട്ടിന്റെ നിര്‍മ്മാണത്തെക്കുറിച്ചും, പാടുന്നവരുടെ അനുഭവങ്ങളെക്കുറിച്ചും (രവിമേനോന്‍), ശുദ്ധസംഗീതത്തിന് സമൂഹത്തിലുള്ള ജാതി/മത അശുദ്ധികള്‍ മാറ്റാനുള്ള കഴിവിനെക്കുറിച്ചും ഇലക്ട്രോണിക് ഓര്‍ക്കസ്‌ട്രേഷന്റെ വരവ് ഈണത്തെ പശ്ചാത്തല കോലാഹലത്തില്‍ മുക്കിക്കൊല്ലുന്നതിനെക്കുറിച്ചും (കെ.എം നരേന്ദ്രന്‍-‘പാടു നാട്ടുമൈന’, 21)
“ഗാനത്തിന്റെ ആലേഖനത്തില്‍ വന്ന സാങ്കേതിക മാറ്റങ്ങളിലൂടെ അചഞ്ചലമായും അനസ്യൂതമായും മുന്നേറുന്ന ഗന്ധര്‍വ നാദത്തിന്റെ പ്രഭാവത്തെ”ക്കുറിച്ചും(ശ്രീകുമാരന്‍ തമ്പി, 9), യേശുദാസിന്റെ “ആധുനിക പൗരബോധത്തിന്റെ ആധാരശ്രുതികളിലൊന്നായ മതനിരപേക്ഷതയുടെ ആഴമേറിയ സാന്നിധ്യമായി സ്വന്തം ഗായകവ്യക്തിത്വത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് കൈവന്ന പ്രാതിനിധ്യാവകാശത്തെ”ക്കുറിച്ചും (സുനില്‍.പി ഇളയിടം, 37) വിശദീകരിക്കുന്ന പഠനങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വ്യക്തിപ്രഭയില്‍ ഊന്നിക്കൊണ്ടുള്ള, ശുദ്ധസംഗീതവാദ പഠനങ്ങള്‍ ജാതി/മത സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാറില്ല. ഇങ്ങനെയുള്ള സംഗീത പഠനങ്ങളില്‍ നിന്ന് മുന്നോട്ട് പോകുന്നുണ്ട് ‘കേള്‍ക്കാത്ത ശബ്ദങ്ങള്‍’. ശുദ്ധസംഗീതവും അതിനെക്കുറിച്ചുള്ള പഠനങ്ങളും കേള്‍പ്പിക്കാന്‍ മെനക്കെടാത്ത, കേള്‍ക്കാന്‍ അനുവദിക്കാത്ത ശബ്ദങ്ങളേയും, പാട്ട് ചരിത്രങ്ങളേയും ഈ പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. ശാസ്ത്രീയ സംഗീതത്തെ എങ്ങനെയാണ് സര്‍വകലാശാല പാഠ്യപദ്ധതികള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍, റേഡിയോ, സെമിനാറുകള്‍, മ്യൂസിക് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങള്‍ ആധുനികതയുടെ അടയാളമാക്കാന്‍ സഹായിച്ചതെന്നും, ഉര്‍ദുവിനോടും പാശ്ചാത്യസംഗീതത്തോടുമുള്ള വിരോധം എങ്ങനെയാണ് ബി.വി കേസ്കറെ ആകാശവാണിയിലെ സിനിമാഗാനങ്ങളുടെ നിരോധനത്തിലെത്തിച്ചതെന്നും, പകരമായി ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യത്തില്‍ നിന്നും വിഭാവനം ചെയ്യുന്ന ലളിതഗാനം 50-കളില്‍ റേഡിയോ എങ്ങനെയാണ് സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയതെന്നും അജിത്കുമാര്‍ വിശദീകരിക്കുന്നുണ്ട്. അതുപോലെ കലോത്സവങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട തെക്കന്‍ ചെണ്ടയും, ക്ഷേത്രങ്ങളില്‍ കൊട്ടാന്‍ അനുവാദമില്ലാത്ത ശിങ്കാരി മേളവും (ശുദ്ധ) സംഗീതത്തിന്റെ സവര്‍ണതയെയാണ് കാണിക്കുന്നതെന്ന് അജിത്കുമാര്‍ പറയുന്നു.

‘യേശുദാസ് കേരളത്തെ പാടുമ്പോള്‍’ എന്ന ലേഖനം, യേശുദാസിനെ കേവലമായ മതേതര ഗാനഗന്ധര്‍വനായി കാണുന്നതിലെ പരിമിതികള്‍ സൂചിപ്പിക്കുന്നു. “യേശുദാസിന്റെ ആലാപന സ്വരം കേവലമായ ഒരു ശാരീരിക പ്രത്യേകതയോ ജൈവശാസ്ത്രപരമായ നിര്‍മിതിയോ അല്ല, മറിച്ച് സാമൂഹികവും ചരിത്രപരവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഒരു നിര്‍മ്മിതിയാണ്”(29). ശാസ്ത്രീയ സംഗീതമാണ് സംഗീതത്തിന്റെ അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരിടമാണ് ഹിന്ദു ഇമേജ് നിലനിര്‍ത്താന്‍ പാടുപെടുന്ന, യേശുദാസ് എന്ന കീഴാള ക്രൈസ്തവ സമുദായാംഗത്തെ ഉണ്ടാക്കുന്നത്. യേശുദാസിന്റെ സ്വരം അദ്ദേഹം അഭിസംബോധന ചെയ്യുന്ന മതേതര ഇടത്തിന്റെ ജാതിപരവും, മതപരവും, ലിംഗപരവുമായുള്ള സംഘര്‍ഷങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണെന്ന് ഈ ലേഖനം അടയാളപ്പെടുത്തുന്നു.

അതേസമയം ദലിതനായ കലാഭവന്‍ മണി തന്റേതായ ഇടം, മതേതര കേരളത്തില്‍ കണ്ടെത്തുന്നത് തന്റെ ദലിത് സാമുദായികത, ഭൂതകാലം, ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നാളുകള്‍, ചാലക്കുടി എന്ന ദേശവും ദേശക്കാരുമായുള്ള ബന്ധം എന്നിങ്ങനെയുള്ള വ്യക്തിപരതകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്. ഈയൊരു ഓര്‍മ്മയെ പുനരുത്പ്പാദിപ്പിക്കുന്ന വിധത്തിലുള്ള അതിവൈകാരികവും മെലഡിക് രീതി ഉപയോഗിക്കുന്ന, നിഷകളങ്കത പ്രകടിപ്പിക്കുന്ന, ദലിത് ഐഡന്റിറ്റി ഉറപ്പിക്കുന്ന നാടന്‍ പാട്ട് ശൈലിയിലുള്ള പാട്ടുകളാണ് മണികഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ പാടാന്‍ കിട്ടുന്നത്. “പ്രത്യക്ഷമായ ഒരു കലഹത്തിന്റെ രീതി സ്വീകരിക്കാതെ തന്റെ മുകളില്‍ സ്ഥാപിക്കാന്‍ ശ്രമിച്ച കീഴാളത്തത്തെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ്”(52) മണി ആധുനികതയുടെ ഭാഗമായി ചേരുന്നത്. ഈ ഉള്‍ച്ചേരലുകള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ മണിയുടെ പാട്ടുകളില്‍- പാട്ടുകളായി കേള്‍ക്കാം. നേരെ മറിച്ച് പാശ്ചാത്യപോപ്പുലര്‍ സംഗീതം പല വിധത്തില്‍ ഉപയോഗിക്കുന്ന ജാസി ഗിഫ്റ്റിനെ ദലിത് എന്ന വരേണ്യ നിര്‍മ്മിതിക്കുള്ളില്‍ ഒതുക്കാന്‍ പറ്റാത്തതുകൊണ്ട് തന്നെ അംഗീകരിക്കാനും മലയാളിക്കു ബുദ്ധിമുട്ടാണ്. അപരം/ര്‍ എന്ന പേരില്‍ ഒതുക്കിയ പലതിനേയും പലരേയും അംഗീകരിക്കാന്‍, ആധുനികമല്ല എന്ന് പറയാന്‍ പറ്റാത്ത, പാശ്ചാത്യ സംഗീതത്തിന്റെ സഹായത്തോടെ അവതരിപ്പിച്ച ജാസി ഗിഫ്റ്റ് ദലിത് നിര്‍മ്മിതികളെ കവച്ചുവയ്ക്കുന്ന സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ മണിയെപ്പോലെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതും. ലജ്ജാവതി എന്ന പാട്ടുണ്ടാക്കിയ അസ്വസ്ഥതകള്‍ ഇതുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നുണ്ട് ‘ജാതിയെ കേള്‍ക്കുമ്പോള്‍’ എന്ന ലേഖനത്തില്‍ അജിത് കുമാർ . പ്രസീത ചാലക്കുടിയുടെ പാട്ടുകളും പ്രസക്തമാവുന്നത് ഇങ്ങനെയൊരു പുറത്തുകടക്കലിലൂടെയാണ്. പാശ്ചാത്യ പോപ്പുലര്‍ സംഗീത പരിപാടികളിലും ഗാനമേള സദസ്സുകളിലും കേള്‍വിക്കാരുമായുള്ള ഇടപെടലിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് പ്രസീതയുടെ പാട്ടുകള്‍. സ്റ്റേജില്‍ നിന്നുമിറങ്ങി ആസ്വാദകരുമായി ഇടപെടുന്നതും മൈക്കിലൂടെ മറ്റുള്ളവരെ പാടിപ്പിക്കുന്നതും നാടന്‍ പാട്ടിനോടുള്ള ലിബറല്‍ സമീപനങ്ങളോടുള്ള വിമര്‍ശനവും, നാടന്‍ പാട്ടിനെ സാങ്കേതിക/സാമൂഹിക വികാസങ്ങള്‍ക്കനുസൃതമായി മാറ്റുന്ന ഒന്നുമാണ്. ഉത്തമ ശബ്ദം എന്ന പാട്രിയാര്‍ക്കല്‍ ജാതീയ ചട്ടക്കൂടില്‍ പ്രസീതയും അവരുടെ പാട്ടും ശബ്ദവും ശരീരവും പെട്ടുപോവാത്തത് ഈയൊരു സമകാലീന ബോധ്യം കൊണ്ടുതന്നെ എന്ന് അടിവരയിടുന്നു ‘അങ്ങനെ പാടൂ….’ എന്ന ലേഖനം.

മണി, ജാസി ഗിഫ്റ്റ്, യേശുദാസ്, പ്രസീത എന്നിവരുടെ വ്യത്യസ്ത ശബ്ദങ്ങളും നിലപാടുകളും ഉണ്ടാകുന്നത്/വരുന്നത് കീഴാളതയില്‍ നിന്നും ആധുനിക പോപ്പുലര്‍ ഇടത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ടാണെങ്കില്‍, തമിഴ് ബ്രാഹ്മണസ്ത്രീയായ ഉഷ ഉതുപ്പ്, താഴ്ന്നത് എന്ന് വിശ്വസിക്കുന്ന ഇടങ്ങളായ നിശാക്ലബ്ബുകളിലും മറ്റും പാശ്ചാത്യ സംഗീതവും സിനിമാപാട്ടുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഗീതത്തിലൂടെ തന്റെ ബ്രാഹ്മണ ശുദ്ധിയെ പലതരത്തില്‍ ‘മലിനമാക്കുക’ വഴിയാണ് പോപ്പുലര്‍ ആകുന്നത്.

ഇങ്ങനെ പാരമ്പര്യം-ആധുനികം, കീഴാളം-സവര്‍ണം തുടങ്ങിയ ദ്വന്ദങ്ങളിലൂന്നിയ ചര്‍ച്ചകളില്‍ ചിതറിപ്പോവുന്ന കേള്‍ക്കാത്ത ശബ്ദങ്ങളുടെ, ദൃശ്യസംസ്‌കാരത്തിന്റെ വരേണ്യ നോട്ടങ്ങള്‍ കേള്‍ക്കാത്ത, ചെവികൊടുക്കാത്ത ശബ്ദങ്ങളുടെ പറച്ചിലുകളാണ് കേള്‍ക്കാത്ത ശബ്ദങ്ങള്‍ എന്ന പുസ്തകം. അത്തരം പറച്ചിലുകളിലൂടെ കേരളത്തിന്റെ കീഴാളാധുനികാനുഭവങ്ങളുടെ സോണിക് ചരിത്രം രേഖപ്പെടുത്തുകയാണ് അജിത്കുമാര്‍ എ എസ് ഈ പുസ്തകത്തിലൂടെ.

Works Cited

Achebe, Chinua. “An Image of Africa: Racism in Conrad’s Heart of Darkness.” Rpt. Heart of Darkness, An Authoritative Text, Background and Sources Criticism. Ed. Robert Kinbrough. London: W.W Norton and Co, 1988. 251-261.

Ilayidam, Sunil P. Anubhoothikalude Charithrajeevitham. TVM: Deshabhimani Book House, 2014.

Menon, Ravi. Enghane Naam Marakkum. Calicut: Olive Publications, 2008.

Narendran K.M. “Padu Naattumaine…” Malayala Chalachithra Ganam: Kaamana, Shareeram, Desham. Kottayam: SPCS, 2012. 17-23.

Stoever, Jennifer Lynn. The Sonic Colour Line: Race and the Cultural Politics of Listening. NY: NYU Press, 2016.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇശൈ ജ്ഞാനിയുടെ പാട്ട് ഇളയരാജയുടേതാണോ?

ഷൈമ പി

ഷൈമ പി

പയ്യന്നൂര്‍ സ്വദേശിയായ ഷൈമ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‍ മലയാള ജനപ്രിയ ചലച്ചിത്രങ്ങളിലെ thiyya masculinities and interventions എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. അധ്യാപികയാണ്. അഴിമുഖത്തില്‍ smokescreen എന്ന സിനിമ കോളം കൈകാര്യം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍