UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

The BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

നമ്മുടെ അനിവാര്യമായ ഭാവിയിലേക്കൊരു ദുരന്തസൂചികയോ? The Corpse Exhibition വായിക്കുമ്പോള്‍

നമുക്ക് അവഗണിക്കാൻ കഴിയാത്ത അത്ര സാമ്യമുണ്ട് നമ്മുടെ രാജ്യം പോയിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്ഥിതിയും ഇത്തരത്തിലെ ഓരോ അറബ് രാജ്യങ്ങളുടെ അവസ്ഥയും തമ്മിൽ

ഇറാഖി എഴുത്തുകാരനായ Hassan Blasim -ന്റെ ‘The Corpse Exhibition’ വായിക്കുമ്പോൾ നമ്മുടെ തന്നെ ഒരുപക്ഷേ അനിവാര്യമായ ഭാവിയിലേക്കുള്ള ചൂണ്ടുപലക കണ്ട പോലെയാണ് തോന്നുന്നത്. ലോകത്തെ മഹത്തായ സംസ്കാരങ്ങളിലൊന്നാണ് ഇമ്മട്ടിൽ തകർന്നടിഞ്ഞിരിക്കുന്നത്. ആദ്യം ഇറാനുമായുള്ള യുദ്ധം, പിന്നെ കുവൈറ്റ് യുദ്ധം, അതിന് പിറകെ അമേരിക്കൻ യുദ്ധക്കൊതിയുടെ അതിക്രമം. എല്ലാം അനുഭവിച്ചു ഛിന്നഭിന്നമായിപ്പോയ ഒരു രാജ്യത്തിൻറെ കഥകൾ വിചിത്ര ഭാവനയുടെയും അതിശയോക്തിയുടെയും മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് കഥാകാരൻ. അതിലെ അക്രമവും ക്രൂരതയും മരണത്തിന്റെ നിത്യസാന്നിധ്യവും വായനക്കാരനെ അലോസരപ്പെടുത്തും.

ശവങ്ങളെ വച്ചുള്ള ഇൻസ്റ്റലേഷൻസ് ചെയ്യുന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ കൊടുക്കുന്ന ഒരാളാണ് ‘The Corpse Exhibition’ എന്ന കഥയിലുള്ളത്. ഒരു അമ്മയുടെയും മുലകുടിക്കുന്ന കുഞ്ഞിന്റെയും ശരീരങ്ങൾ ഒരു തിരക്കേറിയ തെരുവിൽ ഇൻസ്റ്റാൾ ചെയ്‍ത ഒരുത്തനെയാണ് അയാൾ മാതൃകയായി ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായ നിബന്ധനകളുണ്ട് ജോലിക്ക്, അതവഗണിച്ച ഒരുത്തനെ എങ്ങനെ കൊന്നുവെന്നൊക്കെ വിവരിക്കുന്നുണ്ട് അയാളുടെ പരിശീലകൻ – “Ooh, my dear, ooh, my friend, there is something stranger than death—to look at the world, which is looking at you, but without any gesture or understanding or even purpose, as though you and the world are united in blindness, like silence and loneliness. And there is something a little stranger than death: a man and a woman playing in bed, and then you come, just you, you who always miswrite the story of your life.” – മരുന്നുകൊടുത്തു മരവിപ്പിച്ചശേഷം അയാൾ ഇരയോട് പറയുകയാണ്. ഇന്നാട്ടിൽ ജോലിചെയ്യാൻ പറ്റാതായാൽ അടുത്ത രാജ്യത്തേക്ക് നീങ്ങാമല്ലോ എന്നും അയാൾ പറയുന്നു. ഇങ്ങനെ ആദ്യകഥ തൊട്ടേ നമ്മുടെ സങ്കല്പങ്ങളെ അസ്ഥാനത്താക്കുകയാണ് കഥാകാരൻ.

ഗോത്രങ്ങൾ തമ്മിലുള്ള പകയും അക്രമവും കൊടികുത്തി വാഴുന്ന ഒരു നഗരത്തിലെ ലോക്കൽ ഹീറോയും എന്നാൽ ക്രൂരതയ്ക്കു പേരുകേട്ടവനുമായ സഹോദരനൊപ്പം ഒരു ‘ഓപ്പറേഷ’ന് വേണ്ടി പോകുന്ന പതിനാറുകാരനാണ് അടുത്ത കഥയായ ‘The Killers and the Compass’-ലുള്ളത്. “Many times I imagined the neighborhood as if it were some offspring of my mother’s. It smelled that way and was just as miserable. I don’t recall ever seeing my mother as a human being. She would always be weeping and wailing in the corner of the kitchen like a dog tied up to be tormented” എന്ന് തെരുവുകൾ കടന്നു പോകുന്ന വഴിക്ക് അവനോർക്കുകയാണ്. ചേട്ടന്റെ ഒരു സുഹൃത്തിനൊപ്പം ഒരു വണ്ടിയിൽ കയറുകയാണ് അവൻ. അതിലിരുന്ന്, ആത്മഹത്യ ചെയ്ത അവന്റെ പ്രായമുള്ള ഒരു പാകിസ്ഥാനി ബാലന്റെ കഥ പറയുകയാണ് അയാൾ. ഈ പയ്യന്റെ കയ്യിൽ സദാ ഒരു കോംപസ് ഉണ്ട്. അതാകട്ടെ അഫ്‌ഗാനിസ്ഥാനിൽ റഷ്യക്കെതിരെ ജിഹാദിന് നേതൃത്വം കൊടുത്തിരുന്ന ഷെയ്ഖ് അസാം, അൽ ക്വയ്‌ദയുടെ കാർ ബോംബ് ആക്രമണത്തിൽ മരിച്ചിടത്തു വച്ച് അവന്റെ അച്ഛന്റെ കയ്യിൽ വന്നു പെട്ടതും. അതിന് ഒരു പോറൽ പോലുമേറ്റിരുന്നില്ല. അതിന് ദിവ്യത്വമുണ്ട് എന്ന് അവർ കരുതുന്നു. അച്ഛൻ അത് മകന് കൊടുക്കുന്നു. മകൻ യൂറോപ്പിലേക്ക് കടക്കാനായി ഇറാനിലെത്തുമ്പോൾ അവനെ കുറച്ച് അഫ്ഘാൻകാർ ബലാത്സംഗം ചെയ്യുന്നു. അതിനു പിറകെയാണ് അവൻ ആത്മഹത്യ ചെയ്യുന്നത്.

സാംസ്‌കാരിക മന്ത്രിയെ കൊല്ലാൻ തയ്യാറെടുക്കുന്ന രണ്ടുപേരുടെ കഥയാണ് ‘The Green Zone Rabbit’-ൽ. അവർ രണ്ടു പേരും രഹസ്യമായി ഒരിടത്തു താമസിക്കുകയാണ്. ഹജ്ജാർ എന്ന, കഥ പറയുന്ന ആൾ ഒരു പുസ്തകപ്രേമിയാണ്. അയാൾ ഒരു മുയലിനെ വളർത്തുകയാണ്. അയാളുടെ തരള സ്വഭാവത്തിനെ അല്ലെങ്കിൽത്തന്നെ കൂട്ടാളി കളിയാക്കുന്നുണ്ട് – നായകന്റെ രണ്ടു സഹോദരരെ മറ്റൊരു ഗോത്രക്കാരായ ഭീകരർ കൊന്നുകളയുന്നു, അതിന്റെ വിഷമത്തിൽ വീട് വിട്ടിറങ്ങിയതാണ് അയാൾ. അപ്പോൾ അയാളുടെ അമ്മാവൻ ഒപ്പം ചേരാൻ ക്ഷണിക്കുകയാണ്, കൂട്ടത്തിൽ പ്രതികാരവും ചെയ്യാം. കൂട്ടാളിയാകട്ടെ ഫേസ്ബുക്കിൽ ഫേക്ക് ഐഡിയൊക്കെ വച്ച് ബുദ്ധിജീവികളോടും എഴുത്തുകാരോടുമൊക്കെ ചർച്ചകൾ നടത്തുന്നുണ്ട്. അപ്പോഴാണ് മുയലിന്റെ കൂട്ടിൽ നിന്ന് ഒരു മുട്ട കിട്ടുന്നത്. പിന്നെയവർ അതിന്റെ ഉള്ളുകള്ളി അന്വേഷിക്കുകയാണ്. സമാഹാരത്തിലെ കഥകളിൽ ചിലത് ക്ലെവർ ആണ്. അത്തരത്തിലൊന്നാണ് ഇത്. എന്നാൽ ഒരു കഥയിലും യുദ്ധാനന്തര ഇറാക്കി ജീവിതത്തിന്റെ ദുരിതങ്ങളുടെ ചിത്രങ്ങൾ ഇല്ലാതെയില്ല.

മറ്റൊരു വിചിത്ര കഥയാണ് ‘An Army Newspaper’ – ഒരു ന്യൂസ്‌പേപ്പറിലെ എഡിറ്റർക്ക് അതിർത്തിയിലെ ഒരു സൈനികന്റെ നോട്ട്ബുക്കുകൾ തപാലിൽ കിട്ടുകയാണ്. അത് വായിച്ച അയാൾ അന്തം വിടുന്നു. അത്രമാത്രം ഉജ്ജ്വലമായ എഴുത്തയാൾ മുന്നേ കണ്ടിട്ടേയില്ല. അന്വേഷണത്തിൽ ആ സൈനികൻ മരിച്ചതായി മനസിലാക്കുന്ന അയാൾ അതിലൊരു കഥ സ്വന്തം പേരിൽ അച്ചടിച്ചു പ്രശസ്തനാകുന്നു. അയാൾ സ്വദേശത്തും വിദേശത്തും സഞ്ചരിച്ച് അവാർഡുകൾ വാരിക്കൂട്ടുന്നു. അപ്പോഴേക്കും അയാളെത്തേടി കഥകൾ വീണ്ടുമെത്തി. എന്നാൽ അയാളുടെ അന്വേഷണത്തിൽ സൈനികൻ മരിച്ചു എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്. അയാൾ വീണ്ടും ഒരു കഥ കൂടി പ്രസിദ്ധീകരിക്കുന്നു; പക്ഷേ അയാൾക്ക്‌ വീണ്ടും വീണ്ടും നോട്ട്ബുക്കുകൾ വന്നുകൊണ്ടേയിരുന്നു. അവസാനം എല്ലാം വെക്കാൻ അയാൾക്ക്‌ ഒരു ഗോഡൗൺ തന്നെ വാങ്ങേണ്ടി വന്നു. എന്നിട്ടും കഥകൾ വന്നുകൊണ്ടിരുന്നു.

‘Crosswords’ എന്നത് സമാഹാരത്തിലെ മികച്ച കഥയാണ്. ഒരു ക്രോസ്സ്‌വേർഡ് ചാമ്പ്യനായ മർവാൻ എന്ന സുഹൃത്തിനോടൊത്തുള്ള ചെറുപ്പകാല ജീവിതവും അയാളുടെ അവസാനവും ഒക്കെ ഓർത്തെടുക്കുകയാണ് കഥാനായകൻ. ചെറുപ്പത്തിൽ യുദ്ധത്തിൽ മരിക്കുന്നവരുടെ വീട്ടിലേക്ക് ശവം കൊണ്ടുവരുന്ന വണ്ടികൾക്ക് പിറകേയോടുമായിരുന്നു രണ്ടു പേരും (“Life and death was a game of running, climbing, and jumping, of watching, of secret dirty words, of sleep and nightmares”). വീട്ടിൽ ചെന്ന് പറയുമ്പോൾ അമ്മ ഉടനെ മുഖമൊക്കെ കഴുകി തയ്യാറായി ഗ്രാമത്തിലെ സ്ത്രീകളോടൊപ്പം മരണം നടന്ന വീട്ടിലേക്കു കരയാനായി പോകും. ഒരു പ്രാവശ്യം അവർ പിന്നാലെയോടിയ വണ്ടിയിലെത്തിയത് മാർവാന്റെ അച്ഛന്റെ ശരീരം തന്നെയായിരുന്നു. പിൽക്കാലത്ത് മർവാൻ ജോലിചെയ്യുന്ന പത്രത്തിന്റെ ഓഫീസിനുമുന്നിൽ രണ്ടു കാർ ബോംബുകൾ പൊട്ടുന്നു. ശരീരം തീപിടിച്ച ഒരു പോലീസുകാരൻ പത്രമോഫീസിനുള്ളിൽ വച്ച് മരിക്കുന്നു; അയാളുടെ ആത്മാവ് തന്റെയുള്ളിൽ ജീവിക്കുന്നെന്നു പറയുകയാണ് മർവാൻ. അയാളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും – കുടിക്കുന്നതും ഭക്ഷിക്കുന്നതും സെക്‌സും എല്ലാം – ആ പോലീസുകാരന്റെ ഇഷ്ടത്തിനാവുകയാണ്.

ആർമിയിലെ റഡാർ യൂണിറ്റിൽ ജോലി ചെയ്യാൻ ആഗ്രഹിച്ച ഡാനിയേൽ എന്ന ക്രിസ്ത്യൻ യുവാവിന്റെ കഥയാണ് ‘The Iraqi Christ’. അയാൾക്ക്‌ ആക്രമണങ്ങളെ മുൻകൂട്ടി അറിയാനുള്ള എന്തോ വിദ്യയുണ്ടായിരുന്നു. അങ്ങനെ അയാളും സുഹൃത്തുക്കളും പല അപകടങ്ങളിൽ നിന്ന് രക്ഷപ്പട്ടുകൊണ്ടിരുന്നു (“In Daniel’s company the war played out like the plot of a cartoon. In the blink of an eye, reality lost cohesion.”). അയാളോട് സഹോദരിമാർ കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ പല തവണ പറയുന്നുണ്ട്, എന്നാൽ അമ്മയോടൊപ്പം അയാൾ ഇറാഖിൽ തന്നെ തങ്ങുന്നു. കഥ പറയുന്ന ആൾ അമേരിക്കയുമായി സംയുക്ത പട്രോളിംഗ് നടത്തുന്പോൾ ഒരു തെറ്റിദ്ധാരണയ്ക്കു പുറത്ത് അവരാൽ തന്നെ കൊല്ലപ്പെടുകയാണ്. മരിച്ചു ചെന്ന് അവിടെ വച്ച് അയാൾ ക്രൈസ്റ്റ് ഒരു സൂയിസൈഡ് ബോംബറെ കണ്ട കഥ അയാളിൽനിന്നു തന്നെ കേൾക്കുകയാണ്. കഥ പറച്ചിലിലെ ട്രിക് വിജയിക്കുന്ന ഒരു കഥയാണിത്.

‘The Composer’ -ലെ സംഗീതജ്ഞൻ ദേശഭക്തി ഗാനങ്ങളിലൂടെ പ്രശസ്തി നേടിയയാളാണ്. പ്രസിഡന്റിന്റെ വരെ ഇഷ്ടക്കാരനാണ് അയാൾ. അയാൾക്കൊരു കുഴപ്പമേയുള്ളൂ – അയാൾ അവിശ്വാസിയാണ് എന്ന് മാത്രമല്ല സദാ ദൈവത്തെയും പ്രവാചകരെയും ചീത്ത വിളിച്ചുകൊണ്ടിരിക്കും. ഇതുകേൾക്കുന്ന ഗ്രാമീണർ അയാളെ വെറുക്കുന്നു. ഇറാനുമായുള്ള യുദ്ധം കഴിഞ്ഞതോടെ അയാളുടെ ശല്യം രൂക്ഷമായി. സർക്കാരിനും അയാൾ അനഭിമതനായി. എന്നാൽ അതൊന്നും കൂസാതെ അയാൾ എല്ലാ ഓഫീസുകളിലും അയാളുടെ ദൈവനിന്ദാ ഗാനങ്ങളുടെ ആൽബത്തിന് ഫണ്ട് ചോദിച്ച് കയറിയിറങ്ങുന്നു. അപ്പോഴാണ് കുർദ്ദ് ഭീകരർ ഗ്രാമം കയ്യടക്കുന്നത്. ഇതറിയാതെ സംഗീതജ്ഞൻ പാർട്ടി ഓഫീസിലെ ലൗഡ് സ്പീക്കറുകൾ വഴി തന്റെ വിവാദ ഗാനങ്ങൾ നാട്ടുകാരെ കേൾപ്പിക്കുകയാണ്.

‘The Song of the Goats’-ലെ നായകന്റെ അനിയനെ അയാൾ ചെറുപ്പത്തിൽ കളിച്ചുകൊണ്ടിരിക്കുന്പോൾ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ അബദ്ധത്തിൽ വീഴ്‌ത്തുകയാണ്. അനിയന്റെ മരണത്തോടെ അയാൾ അമ്മയുടെ ശത്രുതയ്ക്ക് പാത്രമാകുന്നു. ഇക്കഥ റേഡിയോയിലെ കഥ പറച്ചിൽ മത്സരത്തിന് വന്ന ഒരാൾ പറയുന്നതായാണ് കാണിക്കുന്നത്. അമ്മ മകന് ഭക്ഷണത്തിൽ മലം കലർത്തിക്കൊടുക്കുന്നു. അമ്മാവൻ അവനെ അവിടെ നിന്ന് രക്ഷപ്പെടുത്തി വീട്ടിൽ നിര്‍ത്തി പഠിപ്പിക്കുന്നു. അമ്മയ്ക്ക് മൂന്നാമതൊരു മകൻ വേണമായിരുന്നു, എന്നാൽ ഭർത്താവ് ആർമിയിൽ നിന്ന് വരുന്നത് ഒരു ടാങ്കപകടത്തിൽ വൃഷണങ്ങൾ നഷ്ടപ്പെട്ടാണ്. പിൽക്കാലത്ത് മകൻ അച്ഛനെ അച്ചാറുകളും മറ്റും വിൽക്കാൻ സഹായിക്കുന്നു. രാത്രിയിലെ ജോലിക്കിടയിൽ അവൻ ആരുമറിയാതെ മദ്യപിക്കും. “The alcohol would flow in my blood, and I would crawl like a baby toward the septic tank, press my ear against the concrete cover, and listen. I could hear him laughing. I would shut my eyes and imagine the feel of his bare shoulder. His skin was hot from all the playing and exertion. I no longer remembered his face. My mother had the only photograph of him, and she wouldn’t let anyone else go near it. She hid it in the wardrobe. She put the picture in a small wooden box decorated with a peacock.” കൂട്ടത്തിലെ ഏറ്റവും നല്ല കഥയാണ് ഇത്.

‘The Nightmares of Carlos Fuentes’ എന്ന കഥയിൽ മുൻസിപ്പാലിറ്റി തൂപ്പുകാരനായ ഒരാൾ ഒരു ടാങ്കർ പൊട്ടിത്തെറിച്ചതിനുശേഷം ഒരു ശവത്തിന്റെ വിരലിലെ മോതിരം കരസ്ഥമാക്കുകയാണ് (“Bored and disgusted as on every miserable day, Salim and his colleagues were sweeping a street market after an oil tanker had exploded nearby, incinerating chickens, fruit and vegetables, and some people.”). പിന്നെ നെതർലൻഡ്‌സിലേക്കു കടക്കുന്ന അയാൾ Carlos Fuentes എന്ന പേര് സുഹൃത്തിന്റെ നിർദ്ദേശപ്രകാരം സ്വീകരിക്കുകയും തന്റെ ഓരോ രീതികളും മാറ്റി താൻ ഇറാഖിയല്ല എന്ന് നടിക്കുകയുമാണ്, അതിൽ വിജയിക്കുകയും ഒരു ഡച്ച് സ്ത്രീയെ വിവാഹം കഴിക്കുന്നുമുണ്ട് അയാൾ. എന്നാൽ സ്വപ്നങ്ങളിലൂടെ അയാളുടെ ഭൂതകാലം അയാളെ തേടിവരുന്നു. അതിനെ പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു.

ഇതുപോലുള്ള പതിനാലു കഥകളാണ് സമാഹാരത്തിലുള്ളത്. എല്ലാം നല്ല കഥകളാണെന്നു പറയുന്നില്ല. ചിലതിന്റെ പരിഭാഷയും ശരാശരിയാണ്. എന്നാൽ ഓരോന്നിലും ഭയപ്പെടുത്തുന്ന, അസുഖകരമായ ചിത്രങ്ങളാണ് കാണാൻ കഴിയുക – ഇറാഖ് എന്ന രാജ്യത്തിന്റെ അവശേഷിച്ച ഒരു ചെറിയ ഇറച്ചിക്കഷണത്തിൽ അള്ളിപ്പിടിച്ചിരിക്കുകയും അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാധാരണക്കാർ ഒരു വശത്ത് – മറുവശത്ത് അസംഖ്യം ഗോത്രങ്ങളുടെയും സംഘങ്ങളുടെയും പേരിൽ കലഹിക്കുകയും തമ്മിൽ കൊന്നൊടുക്കുകയും ചെയ്യുന്ന ആളുകൾ, അവരുടെയിടയിൽ പല ഉദ്ദേശത്തിൽ അവിടെ കൂടിയിരിക്കുന്ന വിദേശശക്തികൾ.

അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ നാഥനില്ലാത്ത ഒരു രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന്റെ ബാക്കിപത്രമാണ് ഈ ദുരിതം. ദൂരെയുള്ള ഒരു രാജ്യം എന്ന രീതിയിൽ നമുക്ക് അവഗണിക്കാൻ കഴിയാത്ത അത്ര സാമ്യമുണ്ട് നമ്മുടെ രാജ്യം പോയിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്ഥിതിയും ഇത്തരത്തിലെ ഓരോ അറബ് രാജ്യങ്ങളുടെ അവസ്ഥയും തമ്മിൽ. ഒരു പക്ഷെ നമ്മൾ ഇത്ര മാത്രം തകർന്നുപോകില്ലായിരിക്കും, എന്നാൽ ആ രാജ്യത്തെ അസ്ഥിരപ്പെടുത്തിയത് കേവല ഗോത്ര-മതശക്തികൾ മാത്രമല്ല, ക്യാപിറ്റലിസ്റ് ശക്തികളും ഏകാധിപതികളും കോർപറേറ്റുകളും ചേർന്നുള്ള ഒരു വലിയ കൂട്ടമാണ്. ആ ഒരു സ്ഥിതിതന്നെയാണ് നമ്മുടെ നാട്ടിലും നട്ടുവളർത്തപ്പെട്ടുക്കൊണ്ടിരിക്കുന്ന ഈ അശാന്തി ലക്‌ഷ്യം വെക്കുന്നത്. ചുറ്റും നോക്കുമ്പോൾ ഇപ്പോഴേ തോന്നുന്ന അരക്ഷിതാവസ്ഥ ഒരിക്കലും ഇതുപോലത്തെ ഒരു ദുരന്തത്തിൽ എത്തിപ്പെടാതിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം എന്നുമാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍