UPDATES

വായന/സംസ്കാരം

‘നീതിസൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഇരുട്ട് ഓടിമറയും’; സഭയെ വിറപ്പിച്ച സിസ്റ്റര്‍ ലൂസിയുടെ കവിത

സമരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കാളിയായതും കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായതുമൊക്കയാണ് സിസ്റ്റര്‍ ലൂസിയ്‌ക്കെതിരേയുള്ള കുറ്റങ്ങള്‍.

സിറോ മലബാര്‍ മാനന്തവാടി രൂപതയുടെ കീഴിലുള്ള സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരിടേണ്ടി വന്ന പ്രതികാര നടപടിയില്‍ സഭക്ക് അടിതെറ്റിയതാണ് ഇന്നലെ നമ്മള്‍ കണ്ടത്. വിശ്വാസി സമൂഹം ഒറ്റക്കെട്ടായി സഭയ്‌ക്കെതിരെ തിരിയുകയും പാരിഷ് യോഗത്തിലേക്ക് ഇരച്ചുകയറുകയും ചെയ്തു. തുടര്‍ന്ന് സി. ലൂസിക്കെതിരായ നടപടി പിന്‍വലിച്ചതായി കാരക്കാമല സെന്‍റ് മേരീസ് ചര്‍ച്ചിലെ വികാരി സ്റ്റീഫന്‍ കോട്ടക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തില്‍, ഇരയായ കന്യാസ്ത്രീക്ക് തന്റെ പരസ്യ പിന്തുണ പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയതിനായിരുന്നു സി. ലൂസിയ്‌ക്കെതിരെ സഭയുടെ നടപടിയുണ്ടായത്. സമരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കാളിയായതും കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായതുമൊക്കയാണ് സിസ്റ്റര്‍ ലൂസിയ്‌ക്കെതിരേയുള്ള കുറ്റങ്ങള്‍. കഴിഞ്ഞ ദിവസം വിശ്വാസികളുടെ പ്രതിഷേധം മൂലം സിസ്റ്റര്‍ക്കെതിരെയുള്ള എല്ലാ നടപടികളും സഭക്ക് പിന്‍വലിക്കേണ്ടി വന്നു.

“തിരിച്ചെടുത്തതിനേക്കാൾ അഭിമാനം സഭാവിശ്വാസികൾ എന്‍റെ കൂടെയുണ്ട് എന്നറിയുമ്പോഴാണ്. നീതിക്കു വേണ്ടി പോരാടാന്‍ അവരെനിക്ക് ഊർജം നൽകുന്നു.” സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

ഈ പശ്ചാത്തലത്തില്‍ സി. ലൂസിയുടെ കവിതാസമാഹാരത്തില്‍ നിന്നുള്ള മിഴിനീര്‍ എന്ന കവിത സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. ‘നീതിസൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഇരുട്ട് ഓടിമറയും’ എന്ന വരിയെ ഊന്നിയാണ് കവിത പ്രചരിക്കുന്നത്. ‘സ്‌നേഹമഴയില്‍’ എന്ന ഐറിന്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ‘മിഴിനീര്‍’ എന്ന കവിത വായിക്കാം..

മിഴിനീര്‍

‘കൂരിരുള്‍ നിറഞ്ഞ രാത്രി
മഞ്ഞിന്‍ കനത്ത കട്ടകള്‍ പെയ്തിറങ്ങവേ
പുല്‍നാമ്പുകളില്‍ മഞ്ഞിന്‍ കണങ്ങള്‍.

പ്രഭാതസൂര്യന്‍ പ്രകാശക്കതിരുകള്‍ വിതറി
ഉദിച്ചുയരുമ്പോള്‍
പുല്‍നാമ്പുകളില്‍ തങ്ങിനില്‍ക്കും
മഞ്ഞിന്‍ കണങ്ങള്‍
മിന്നിത്തെളിയും
പൂപ്പുഞ്ചിരി പൊഴിക്കും.

ജീവിതയാത്രയില്‍
ആത്മാവില്‍ ഇരുട്ടുവീഴുമ്പോള്‍
ദുഃഖങ്ങള്‍ മഞ്ഞിന്‍ കണങ്ങളായി പെയ്തിറങ്ങും
മിഴികളില്‍ നീര്‍ച്ചാലുകളും.

നീതിസൂര്യന്‍ ഉദിച്ചുയരുമ്പോള്‍
ഇരുട്ട് ഓടിമറയും.

സ്‌നേഹക്കതിരുകള്‍
മിഴികളെ തലോടുമ്പോള്‍
കണ്‍കോണുകളില്‍ തിങ്ങിനില്‍ക്കും
മിഴിനീര്‍മുത്തുകള്‍ പ്രശോഭിക്കും
പൂപ്പുഞ്ചിരി പൊഴിക്കും.’

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

സഭ സാത്താന്റെ കൂടെയെന്ന് വീണ്ടും തെളിയിച്ചു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍