UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

സ്ത്രീകൾ സംസാരിക്കുന്നു

ഫിറാന്തേ, സാലി റൂണി എന്നിവരെ വായിക്കുമ്പോള്‍

അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത സ്ത്രീ എഴുത്തുകാരി ഫിറാന്തേ (Elena Ferrante) ആയിരിക്കുമെന്ന് തോന്നുന്നു. അവരുടെ Days of Abandonment എന്ന ആദ്യകാല പുസ്തകം മലയാളത്തിലും പരിഭാഷ ചെയ്തു വന്നിട്ടുണ്ട്, ഇവിടെയും അവർക്ക് ധാരാളം വായനക്കാരുണ്ട്. ഫിറാന്തേയുടെ എഴുത്ത് പൊതുവെ uneven ആയാണ് എനിക്കു തോന്നിയിട്ടുള്ളത്. Days-ൽ അത് ശരാശരിക്കും താഴെ പോകുന്ന അവസരങ്ങളുണ്ട്. പലപ്പോഴും ആൺതുണ കാംക്ഷിയ്ക്കുന്ന ഒരു സ്ത്രീ എന്നതിൽ കവിഞ്ഞ് അതിലെ കഥാപാത്രം ഉയരുന്നില്ല (“We consummate life and lose it because in some long-ago time someone, in the desire to unload his cock inside us, was nice, chose us among women. We take for some sort of kindness addressed to us alone the banal desire for sex. We love his desire to fuck, we are so dazzled by it we think it’s the desire to fuck only us, us alone. Oh yes, he who is so special and who has recognized us as special. We give it a name, that desire of the cock, we personalize it, we call it my love”). ഒരു ഫെമിനിസ്ററ് ലേബൽ അവർക്കു ചേരില്ല, മറിച്ച്, അപ്രതീക്ഷിതമായി ഒറ്റയ്ക്ക് കുടുംബം നടത്തേണ്ടി വരുന്ന സ്ത്രീയുടെ ചാഞ്ചാടുന്ന മനസ്സാണ് നോവലിസ്റ്റ് ചീത്രീകരിക്കാൻ ശ്രമിക്കുന്നത് എന്ന് നമുക്ക് കാണാം (“For a long fraction of a second the sound of sugar raining first on the marble kitchen countertop, then on the wine-stained floor exploded in my ears. It gave me such a sense of weariness that I left everything in a mess and went to sleep, forgetting about the children, about everything, although it was eleven o’clock in the morning”). വളർത്തു നായയ്ക്കും, കുഞ്ഞുങ്ങൾക്കും വരുന്ന അസുഖങ്ങൾ, താഴെ നിലയിൽ താമസിക്കുന്ന ആളുമായുള്ള അസുഖകരമായ വേഴ്ച (അതിലേക്ക് നയിക്കുന്ന അരക്ഷിതത്വബോധം) – എല്ലാം എഴുത്തുകാരിയായ നായികയുടെ (ആത്മകഥാംശമാകാം) മാനസികനിലയെ തകിടം മറിക്കുകയാണ്. ഇവിടെയാണ് അവരുടെ ആഖ്യാനത്തിലെ ഉയർച്ച താഴ്ച്ചകൾ നമുക്ക് കാണാനാകുക. എന്നാൽ അതിനിടയിലും എഴുത്തുകാരിയുടെ നിരീക്ഷണങ്ങളും വിവരണങ്ങളും തീക്ഷ്ണതയേറിയതാണ്. വായനയിൽ പെട്ടെന്ന് ചെത്തിമിനുക്കിയ മട്ടിലുള്ള വാചകങ്ങൾ നമ്മൾ കാണും (“I heard the wave of wind colliding with the trees in the park, or the mute darkness of the night, barely illuminated by the street lamps, whose luminous crowns were obscured by the foliage. In those long hours I was the sentinel of grief, keeping watch along with a crowd of dead words”). അതാണ് ആ നോവലിന്റെ പോപ്പുലാരിറ്റിയുടെ ഒരു കാരണം. രണ്ടു തരം ഉള്ളടക്കത്തിനും വായനക്കാരുണ്ടാകാം എന്നതുമാകാം കാര്യം.

Elena Ferrante

ഇങ്ങനെയാണെങ്കിലും, കഥാപാത്രത്തിന്റെ വളർച്ച വട്ടമെത്തുന്നുമുണ്ട് – “That night, when Mario left, I read again the pages in which Anna Karenina goes toward her death, leafed through the ones about women destroyed. I read and felt that I was safe, I was no longer like those women, they no longer seemed a whirlpool sucking me in. I realized that I had even buried somewhere the abandoned wife of my Neapolitan childhood, my heart no longer beat in her chest, the veins had broken.” എന്നു മാത്രമല്ല, തന്നയുപേക്ഷിക്കുന്ന ഭർത്താവിനെ “ഭൂതകാലത്തിന്റെ ഭാഗമേയല്ലാത്ത, ചുമരിലെ അറിയാതെ പതിഞ്ഞ ഒരു കറയുടെ പാടുപോലെയോ, വിരലടയാളം പോലെയോ” തള്ളാനും അവർക്കാവുന്നുണ്ട്. നോവലിൽ പുരുഷ കഥാപാത്രങ്ങൾ ദുർബ്ബലരായ, വ്യകതിത്വമില്ലാത്ത വാർപ്പുകളാണ്.

Sally Rooney ഒരു യഥാർത്ഥ കൺടംപററി എഴുത്തുകാരിയാണ് (27 വയസ്സ്) – ഡബ്ലിൻകാരിയായ അവരുടെ “Conversations with Friends” എന്ന ആദ്യ പുസ്തകത്തിലെ നായികയുടെ ലോകം യൂറോപ്യൻ നഗരങ്ങളിൽ ഇപ്പോൾ ജീവിക്കുന്ന ചെറുപ്പക്കാരുടേതാണ് – അവർ ക്യാപിറ്റലിസത്തിനെതിരെ, സാമ്പത്തിക അസമത്വത്തിനെതിരെ ഒക്കെ സംസാരിക്കുന്നു, മതം അവരെ ബാധിക്കുന്നില്ല, ഐഡിയലിസം, ആക്ടിവിസം ഇതൊക്കെയാണ് അവരെ നയിക്കുന്നത്. തന്റെ സങ്കീർണ്ണമായ ആർത്തവകാല ബുദ്ധിമുട്ടുകളെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്ത് നിസാരവൽക്കരിക്കുകയാണ് നായികയായ Frances. എന്തിന്, തനിക്ക് കിട്ടുന്ന ശമ്പളം പോലും ഒരു പരിധിക്കു മേലെ പോകരുത് എന്നാണവൾ വിചാരിക്കുന്നത്. സ്വവർഗ്ഗാനുരാഗിയായ Frances, മുൻ പങ്കാളിയായ Bobbi-യോട് പിരിഞ്ഞ ശേഷവും അവരോടൊപ്പം കവിസദസ്സുകളിൽ പങ്കെടുത്തുവരികയാണ്. അവർ നല്ല സുഹൃത്തുക്കളാണ്. ഒരിടത്തു വച്ച് കലാകാരന്മാരുടെ പ്രൊഫൈലുകൾ ചെയ്തു പ്രശസ്തയായ Melissa-യെ അവർ പരിചയപ്പെടുന്നു. മെലിസ അവരെ വീട്ടിലേക്കു ക്ഷണിക്കുന്നു. അൽപ്പം അന്തർമുഖിയായ ഫ്രാൻസസിന് ‌മെലിസ്സയുമായി അത്രയെളുപ്പം അടുക്കാനാകുന്നില്ല. ബോബിയാകട്ടെ അവരുമായി അടുപ്പത്തിനപ്പുറമുള്ള ഒരു ബന്ധത്തിനാണോ ശ്രമിക്കുന്നത് എന്ന് ഫ്രാൻസസിന് സംശയവുമുണ്ട്. അവൾ മെലിസ്സയുടെ തിയറ്റർ ആർട്ടിസ്റ്റായ ഭർത്താവുമായി(Nick) ചങ്ങാത്തത്തിലാകുന്നു. അവിടന്നങ്ങോട്ട് കഥ ഇവരുടെ സംഭാഷണങ്ങളിലൂടെയും അവരുടെയെല്ലാം ബന്ധങ്ങളുടെ കയറ്റയിറക്കങ്ങളിലൂടെയും പോകുകയാണ്. നിക്കിന് മധ്യവയസ്സിനടുത്തു പ്രായമുണ്ട്. ഇരുപത്തൊന്നു വയസ്സാണ് ഫ്രാൻസസിന്. ഈയൊരു വ്യത്യാസം എന്നാൽ അവരുടെ ബന്ധത്തിൽ കാണുന്നില്ല – മിക്കപ്പോഴും നായികയ്ക്ക് തന്നെയാണ് മേൽക്കൈ. അവളുടെ ഐഡിയലിസത്തിന്റെയും പിടിവാശികളുടെയും യാഥാര്‍ത്ഥ്യബോധമില്ലാത്ത ചിന്തകളുടെയും മുന്നിൽ നിക്ക് ഒരു വിഡ്ഢിയെപ്പോലെ പെരുമാറുന്നത് കാണാം. നോവലിലെ പുരുഷ കഥാപാത്രങ്ങൾ മുഴുവൻ weaker sex എന്നപോലെ അനുഭവപ്പെടുന്നതാണ് ഒരു കാര്യം (Nick ഡിപ്രെഷന് ചികിത്സ തേടിയിരുന്നതായി ഒരിടത്തു വെളിപ്പെടുത്തുന്നുണ്ട്) – ഫിറന്തേയുടെ നോവലിലും ഈയൊരു കാര്യം കാണാം – കാർഡ് ബോർഡ് പരുവത്തിലാണ് അതിലെ ആണുങ്ങളും. ഗേ ആയ ഫ്രാൻസസ് (നിക്കുമായി) ഒരു ഹെറ്ററോ ബന്ധത്തിലേക്ക് കടക്കുന്നതും, പിന്നെ ഗർഭിണിയായോ എന്ന ചിന്തയിൽ ടെസ്റ്റുകൾക്ക് വിധേയയാകുന്നതും അവരുടെ ആദ്യം മുതലേയുള്ള ശാരീരിക വൈഷമ്യങ്ങളാൽ വലയുന്നതും, അപ്പോഴും കുഞ്ഞുങ്ങളാകാമെന്നു ചിന്തിക്കുന്നതും എല്ലാം നമ്മൾ വായിക്കും (നിക്കിന് ഏറെയിഷ്ടമുള്ള മരുമകളെ കാണുമ്പോൾ അവളിൽ മാതൃവാത്സല്യം മുളപൊട്ടുന്നു). നിക്കുമായുള്ള ബന്ധത്തോട് ബോബിയുടെ പ്രതികരണം, പിന്നെ മെലിസ്സയുടെത്, നായികയുടെ അമ്മയുടേത് എല്ലാം നമ്മൾ കാണുന്നു. ഈ കഥാപാത്രങ്ങൾ തമ്മിൽ പലസമയത്തുള്ള ദീർഘസംഭാഷണങ്ങളും ഫോൺ കോളുകളും ഇമെയിലുകളും ചാറ്റുകളും എല്ലാം കഥയിലുണ്ട്. നായികയുടെ അച്ഛനുമായുള്ള വിചിത്ര ബന്ധവും ഇടക്കിടയ്ക്ക് വന്നുപോകുന്നു – ഐറിഷ് സാഹിത്യത്തിലെ ‘മദ്യപാനിയായ അച്ഛൻ’, ഇവിടെ ദുർബ്ബലനായ, കുടുംബത്തിൽനിന്ന് പുറത്തായ ഒരാളാണ്. അമ്മയാകട്ടെ മകളുടെ ഗേ ബന്ധം തകർന്നത് കഷ്ടമായിപ്പോയി എന്ന് വിചാരിക്കുന്ന ഒരു ആധുനിക സ്ത്രീയും. ക്ളീഷേകളിൽ നിന്ന് പുറത്തു വരാൻ സദാ ശ്രമിക്കുകയാണ് എഴുത്തുകാരി.

Sally Rooney

നോവലിന്റെ പേരിലെപ്പോലെ സംഭാഷങ്ങൾക്ക് നോവലിൽ വലിയ സ്ഥാനമുണ്ട്. “I think I only appear smart by staying quiet as often as possible” എന്ന് ഫ്രാൻസസ് ഒരിടത്തു പറയുന്നുണ്ട്. ബോബി പറയുന്നത്, “I don’t think ‘unemotional’ is a quality someone can have. That’s like claiming not to have thoughts” എന്നാണ്. രണ്ടുപേരും സംഭാഷണങ്ങളിൽ ഇതേപോലെയുള്ള ലോജിക് ഉപയോഗിക്കുന്നവരാണ്, എന്നാൽ അതേ പോലെ തങ്ങളുടെ വൈകാരിക ജീവിതമുഹൂർത്തങ്ങളെ ലോജിക് വച്ച് അളക്കാൻ അവർക്കു കഴിയുന്നുമില്ല. “My ego had always been an issue. I knew that intellectual attainment was morally neutral at best, but when bad things happened to me I made myself feel better by thinking about how smart I was.” എന്ന് പറയുന്ന നായിക സ്ഥിരമായി, മാനസിക സമ്മർദ്ദമേറുമ്പോൾ സ്വയം മുറിവേൽപ്പിച്ച് വേദന ആസ്വദിക്കുന്ന ആളാണ്. “Things and people moved around me, taking positions in obscure hierarchies, participating in systems I didn’t know about and never would. A complex network of objects and concepts. You live through certain things before you understand them. You can’t always take the analytical position.” – ഇങ്ങനെയൊരു വാചകം നോവലിന്റെ അവസാനത്തിലുണ്ട്. ഇവിടെയാണ് ആദ്യമായി എഴുത്തുകാരി തന്റെ റിപ്പോർട്ടിങ് ശൈലി വിട്ട് (സാധാരണ എല്ലാം മറ്റുള്ളവർ പറഞ്ഞു എന്ന രീതിയിലാണ്) സാഹിത്യ ഭാഷ ഉപയോഗിക്കുന്നത്. അഥവാ, നോവലിലെ ഭാഷ തീരെ വിഷ്വൽ അല്ല.

എല്ലാം ഫ്രാൻസസിന്റെ കണ്ണിലൂടെയാണ് നമ്മൾ കാണുന്നത്. മറ്റു കഥാപാത്രങ്ങളുടെ ചെയ്തികളുടെ വിവരണങ്ങളും, മറ്റുള്ളവരുമായുള്ള സംഭാഷണങ്ങളുടെ, നായിക നമ്മെ കാണിക്കുന്ന ഭാഗങ്ങളും എല്ലാമാണ് കഥാപാത്രങ്ങൾക്ക് ത്രിമാന സ്വഭാവം നൽകുന്നത് – എന്നാൽ ഇത് അതേസമയം ആഖ്യാനത്തിലെ ന്യൂനതയായും തോന്നും. നിക്ക് ആയാലും ബോബി ആയാലും മെലിസ്സ ആയാലും വായനക്കാരന് അടുപ്പം തോന്നുക പ്രയാസമാണ് (എന്നാൽ എല്ലാവരെയും ഒരുമിച്ചെടുക്കുമ്പോൾ കൗതുകമുണ്ട് താനും). പുസ്തകത്തിന്റെ അവസാനമടുക്കുമ്പോൾ നായികയുടെ മനസികവ്യാപാരങ്ങളിൽ ഒരു തരം കപടതയുള്ളതായും നമുക്ക് തോന്നും. കഥ തന്നെ ഈ ഭാഗങ്ങളിൽ കുറച്ചു uneven ആണ് – ഒരു എഴുത്തുകാരിയെന്ന നിലയിൽ സാലി ഇതിനെ മറികടക്കുന്നത് തന്റെ ഭാഷയുടെ അസാധാരണമായ ഒഴുക്കുമൂലമാണ്. ഫിറാന്തേയുമായി താരതമ്യത്തിൽ കാണാവുന്ന വ്യത്യാസവും ഈ ഒഴുക്കും സ്ഥിരതയുമാണ്. ഫിറാന്തേയുടെ പ്രഹരശേഷി എന്നാൽ സാലിയുടെ എഴുത്തിൽ ഇല്ല താനും. കഴിവ് കുറഞ്ഞ ഒരു എഴുത്തുകാരിയുടെ/കാരന്റെ കയ്യിൽ വ്യാജമെന്ന് തോന്നിച്ചേക്കാവുന്ന ഒരു ആഖ്യാനത്തെ അവർ തന്റെ ഊർജ്ജമുള്ള ഭാഷകൊണ്ട് രക്ഷപ്പെടുത്തുന്നതാണ് നമുക്ക് അനുഭവപ്പെടുക. നിരൂപകരും സാലിയെ ഭാവിയുടെ എഴുത്തുകാരിയായി കാണുന്നതിന്റെ സംഗതി ഇതാണ്.

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍