UPDATES

വായന/സംസ്കാരം

എം.സുകുമാരന്റെ കഥകൾക്കു വേണ്ടി കാത്തിരുന്ന യൌവ്വനകാലം; രണ്ട് കഥാകൃത്തുക്കളുടെ ഓര്‍മ്മകള്‍

‘നീണ്ടകാലത്തെ നിശ്ശബ്ദതക്കെന്ന പോലെ മരണത്തിനും ആ കഥകളെ തോൽപ്പിക്കാനാവില്ല’

എന്‍ പ്രഭാകരന്‍

ഒരു മരണവാർത്ത ഒരുപാട് ഓർമ്മകളും വികാരങ്ങളുമായി കൂടിക്കുഴയുന്നു. ഞാനും എന്റെ തലമുറയിലെ മറ്റു പലരും കഥയെഴുത്തിനെ ഗൗരവമായി സമീപിച്ചു തുടങ്ങിയ കാലത്ത് ഞങ്ങളെ ഏറ്റവുമധികം ഉത്തേജിപ്പിച്ച എഴുത്തുകാരൻ എം.സുകുമാരനായിരുന്നു. വായനക്കാരിൽ വളരെയേറെ പേരുടെ അനുഭവവും ഇതു തന്നെയായിരുന്നിരിക്കും.

സുകുമാരനു മുമ്പും മലയാളത്തിൽ മികച്ച കഥകൾ പലതും ഉണ്ടായിട്ടുണ്ട്. സംശയമില്ല. പക്ഷേ, ഈ എഴുത്തുകാരന്റെ കഥകൾ തന്ന അനുഭവം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. തൂക്കുമരങ്ങൾ ഞങ്ങൾക്ക്, പർവതങ്ങളെ നീക്കം ചെയ്ത വിഡ്ഡിയായ വൃദ്ധൻ, ചരിത്രഗാഥ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ തുടങ്ങിയ പല കഥകളും എഴുത്തിന് എത്തിച്ചേരാവുന്ന ഏറ്റവും ഉയരം കൂടിയ ഇടങ്ങളിൽ നിന്നാണ് വന്നിരിക്കുന്നതെന്ന് ഞങ്ങൾക്ക് തോന്നി. അവയുടെ വേറിട്ടുള്ള നിവർന്നു നില്‍പ്പ് തികച്ചും ആവേശകരമായിരുന്നു.

തീവ്ര ഇടതുപക്ഷത്തിന്റെ ആശയലോകത്തു നിന്നും അനുഭവപരിസരങ്ങളിൽ നിന്നുമാണ് സുകുമാരൻ തന്റെ കഥാവസ്തുക്കൾ കണ്ടെത്തിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വ്യവസ്ഥാപിത ഇടതുപക്ഷം ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ താൽപര്യങ്ങളുടെ വിപരീതധ്രുവത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു ശേഷക്രിയ എന്ന നോവൽ അങ്ങനെ ഉണ്ടായതാണ്. കുഞ്ഞയ്യപ്പൻമാർ തികച്ചും നിർദ്ദയമായി നീതിരഹിതമായി അരികുകളിലേക്ക് തള്ളിമാറ്റപ്പെടുകയാണെന്ന് ആരുടെയും ഉള്ളിൽ തട്ടും വിധം അദ്ദേഹം വിളിച്ചു പറഞ്ഞു.
പ്രതികരണങ്ങൾ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. സുകുമാരൻ നിശ്ശബ്ദനായി. താൻ സ്വരൂപിച്ച രാഷ്ട്രീയബോധവും ജീവിതധാരണകളും അന്യമായിത്തീർന്ന ഒരു ജനതയോടാണ് തനിക്ക് സംസാരിക്കാനുള്ളതെന്ന ബോധ്യമായിരുന്നു ആ പിൻമാറ്റത്തിന്റെ കാരണം.

1975 -76 കാലത്ത് തിരുവനന്തപുരത്തെ പി.എം.ജി ജങ്ഷനിലെ സോഷ്യൽ സയന്റിസ്റ്റ് മാസികയുടെ ഓഫീസിൽ വെച്ച് മൂന്നോ നാലോ തവണ ഞാൻ സുകുമാരനെ കണ്ടിരുന്നു. സ്‌നേഹപൂർണമായ ഒരു ചിരിക്കും ഒന്നോ രണ്ടോ വാക്കിനുമപ്പുറം അദ്ദേഹം കടന്നില്ല. തടസ്സങ്ങളേതുമില്ലാതെ സംസാരിക്കാവുന്ന സൗഹൃദത്തിലേക്ക് കടക്കാനുള്ള ധൈര്യം എനിക്കൊട്ട് ഉണ്ടായതുമില്ല. ഏറ്റവുമൊടുവിൽ സുകുമാരനെ കണ്ടത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ്. ഇപ്പോൾ ശാന്തം മാസികയിൽ ജോലി ചെയ്യുന്ന കെ.പി.രമേഷാണ് കൂടെ ഉണ്ടായിരുന്നത്. പലതും പറഞ്ഞ കൂട്ടത്തിൽ തന്റെ സാഹിത്യസങ്കൽപങ്ങളും രാഷ്ട്രീയ ധാരണകളും പങ്കുവെക്കാൻ പറ്റുന്ന ഒരു വായനാസമൂഹം ഇപ്പോൾ കേരളത്തിലില്ലെന്നു കൂടി അദ്ദേഹം പറഞ്ഞു.
സുകുമാരന്റെ മരണം ഒരു ചരിത്രഘട്ടം അവസാനിച്ചുവെന്ന് ഉള്ളുലയ്ക്കും വിധം ഓർമിപ്പിക്കുന്നു.

എം സുകുമാരന്‍ മരിക്കുന്നില്ല

അശോകന്‍ ചരുവില്‍

ഇത് ഞാൻ എന്റെ മൊബൈലിൽ പകർത്തിയ ചിത്രമാണ്.

എം.സുകുമാരനെ ഒരിക്കൽ മാത്രമേ നേരിൽ കണ്ടിട്ടുള്ളു. അത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്. കോട്ടക്കകത്തെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നപ്പോൾ വാതിൽ തുറന്ന് അദ്ദേഹം പറഞ്ഞു.

“ആര് അശോകനോ? വരൂ വരൂ”

ആറു വർഷം ഞാൻ തിരുവനന്തപുരത്തുണ്ടായിരുന്നു. ഓരോ ദിവസവും ആലോചിക്കും: സുകുമാരനെ പോയിക്കണ്ടാലോ? ഞാൻ കേട്ടത് അദ്ദേഹം ആരെയും കാണാതെ ഏകാകിയായി ഇരിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ്. ശല്യപ്പെടുത്തേണ്ട എന്നു വിചാരിച്ച് ഞാൻ പോയില്ല. കഴിഞ്ഞ വർഷത്തെ ഫെബ്രുവരിയോടെ എന്റെ തിരുവനന്തപുരം വാസം അവസാനിക്കുകയായിരുന്നു. ഇനി കണ്ടേ തീരൂ എന്നു തീരുമാനിച്ചു. കെ.എസ്.രവികുമാറിനെ തുണ കൂട്ടിയാണ് അന്നു പോയത്.

ഞാൻ കരുതിയതു പോലെയല്ല. സുകുമാരൻ വളരെ ഉല്ലാസവാനായിരുന്നു. ഞങ്ങൾ ദീർഘസമയം സംസാരിച്ചു. ഇൻഹെയിലർ ഉപയോഗിക്കുന്നതു കൊണ്ട് ആസ്തമയുടെ പിടിയിൽ നിന്ന് മോചനം കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. പുറത്ത് യാത്രയില്ല എന്നു മാത്രം. സജീവമായ വായനയുണ്ട്.

മലയാളത്തിൽ എഴുതപ്പെടുന്ന ഓരോ കഥയും അദ്ദേഹം വായിക്കുന്നുണ്ട്. എന്റെ ചില കഥകളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചപ്പോൾ ഞാൻ ആവേശഭരിതനായി. എം.സുകുമാരന്റെ കഥകൾക്കു വേണ്ടി കാത്തിരുന്ന എന്റെ യൗവ്വനകാലത്തെ ഞാൻ അപ്പോൾ ഓർമ്മിച്ചു. ജീവിതത്തിന്റെ മുഖ്യ അവലംബമായിരുന്നു അന്ന് ആ കഥകൾ. ഒരോ കഥയും ഞങ്ങളുടെ തലമുറക്ക് സാഹിത്യത്തിലേക്കും രാഷ്ട്രീയത്തിലേക്കും കയറാനുള്ള പടികളായിരുന്നു. ചരിത്രത്തെയും വർത്തമാനത്തെയും കുറുക്കിയെടുത്ത് മിത്താക്കൂന്ന രാസവിദ്യ. തൃപ്രയാർ പുഴയുടെ തീരത്തിരുന്ന് ആ കഥകകളെക്കുറിച്ച് തമ്മിൽ സംസാരിച്ചതിന് കണക്കില്ല. ഇന്നും ആ പുഴകാണുമ്പോൾ “അയൽരാജാവും” “സംഘഗാന”വും ഓർമ്മ വരും.

എം.സുകുമാരന്റെ കഥകളാണ് രാഷ്ട്രീയക്കാരനാവാൻ ശ്രമിച്ച എന്നെ കഥയെഴുത്തുകാരനാക്കിയത്. അതു കൊണ്ട് ഞാൻ ഇന്ന് രണ്ടിനും ഇടയിൽ ഗതി കിട്ടാതെ അലയുന്നു.

അന്നത്തെ കൂടിക്കാഴ്ചയിൽ ഒരു അനിയനോടെന്നവണ്ണം സ്നേഹവും വാത്സല്യവും പകർന്ന സുകുമാരൻ ചിരിച്ചു കൊണ്ട് എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നീണ്ടകാലത്തെ നിശ്ശബ്ദതക്കെന്ന പോലെ മരണത്തിനും ആ കഥകളെ തോൽപ്പിക്കാനാവില്ല.

ആ നിറഞ്ഞ ചിരിയേയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍