UPDATES

വായന/സംസ്കാരം

വന്യം: ഭ്രമാത്മകതയുടെ ആഖ്യാനം

വളരെ എളുപ്പം വായിച്ചുപോകാനോ ഒറ്റയടിക്ക് കഥയുടെ മാന്ത്രികതയിലേക്ക് ഇറങ്ങിച്ചെല്ലാനോ കഴിയും വിധമല്ല ‘വന്യ’ത്തിലെ കഥകളുടെ നിർമ്മിതിയെന്ന് സുരേന്ദ്രന്‍ പൂന്തോട്ടത്തില്‍

പുസ്തകം: വന്യം (കഥാസമാഹാരം)
വിവേക് ചന്ദ്രന്‍
പ്രസാധകര്‍: ഡിസി ബുക്സ്
വില: 110 രൂപ

യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിവേക് ചന്ദ്രൻ. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘വന്യം’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കഥകൾ വിലയിരുത്തിയ പ്രശസ്ത നിരൂപകനും മികച്ച വായനക്കാരനുമായ എൻ ശശിധരന്റെ വാക്കുകളിൽ ”അപഗ്രഥനങ്ങളെയും അർത്ഥോത്പ്പാദനങ്ങളെയും പ്രതിരോധിക്കുന്ന മൗലികവും സ്വതന്ത്രവുമായ ഒരുണ്മ അവയ്ക്കുണ്ട്’‘ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

‘പ്രഭാതത്തിന്റെ മണം’, ‘വന്യം’, ‘ഭൂമി’, ‘സമരൻ ഗണപതി’, ‘ഏകനാഥൻ’, ‘മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച്’ എന്നിങ്ങനെ ആറു കഥകളാണിതിലുള്ളത്. ‘വന്യം’ എന്ന വാക്കിൽ ഇരുളും അജ്ഞതയും ദുരൂഹതയുമൊക്കെ ഒളിഞ്ഞിരിക്കുന്നു. ആക്രമണോത്സുകത നിറഞ്ഞ ക്രൂരജന്തുക്കളുടെ താവളമാണവിടം. അതേ സമയം ആദിമമനുഷ്യരുടെ ജീവിതത്തിന് ഉപോദ്ബലകമായ പലതിന്റെയും കേന്ദ്രവും. മനുഷ്യ മനസ്സും വനത്തെപ്പോലെ ദുരൂഹതകളും ദുർഗ്രഹതയും വഹിക്കുന്നതാണ്. അതുകൊണ്ടാണല്ലോ മനുഷ്യ ചേതനയിൽ ഉറങ്ങിക്കിടക്കുന്ന വന്യത പലപ്പോഴും അതിന്റെ എല്ലാ ക്രൂരതകളോടെയും സഹജീവികളെ ആക്രമിക്കുന്നതും കീഴ്പ്പെടുത്തുന്നതും.

ജാഗ്രത്തും സ്വപ്നവും ഇടകലർന്നതും ഫാന്റസിയുടെ മായക്കാഴ്ചകൾ വിന്യസിച്ചുള്ളതുമായ ആവിഷ്കാരം കഥകൾക്ക് വശ്യതയേകുന്നു. പെയ്തൊഴിഞ്ഞിട്ടും മരച്ചില്ലകൾ പൊഴിക്കുന്ന തുള്ളികൾ പോലെ വായന തീർന്നാലും വിടാതെ പിന്തുടരുന്നതാണ് ഇതിലെ സന്ദിഗ്ദാവസ്ഥകൾ സൃഷ്ടിക്കുന്ന അങ്കലാപ്പുകൾ. വിവേക് ചന്ദ്രന്റേതായി എണ്ണത്തിൽ കുറഞ്ഞ കഥകളേ ഇതുവരെ പ്രസിദ്ധീകരിച്ചുള്ളൂ എങ്കിലും പ്രമേയത്തിലും അവതരണത്തിലും പുലർത്തുന്ന ജാഗ്രതയും വേറിട്ട പശ്ചാത്തലത്തിന്റെ തിരഞ്ഞെടുപ്പും കഥകളുടെ പുതുമയ്ക്കു ബലമേകുന്നു. തീർത്തും വ്യത്യസ്തമാണ് അവ ഓരോന്നും എന്നതും ശ്രദ്ധേയം. തന്നെത്തന്നെ അനുകരിക്കാനുള്ള വെമ്പലിനെ മറികടന്നുകൊണ്ട് അതീവ ശുഷ്കാന്തി പുലർത്തിയാണ് ഓരോ കഥയുടെയും ബീജാവാപം. അതുളവാക്കുന്ന പുതുമ ആവോളം ആസ്വദിക്കാൻ അനുവാചകന് അവസരമൊരുക്കും.

വളരെ എളുപ്പം വായിച്ചുപോകാനോ ഒറ്റയടിക്ക് കഥയുടെ മാന്ത്രികതയിലേക്ക് ഇറങ്ങിച്ചെല്ലാനോ കഴിയും വിധമല്ല അവയുടെ നിർമ്മിതി. വായനക്കാരുടെ ധിഷണ രാസകത്വം ആവുന്ന വിധം രൂപപ്പെടുത്തിയതായതിനാൽ സൂക്ഷ്മത ആവശ്യപ്പെടും വിധമാണ് രചനകൾ. ഒരുക്കൂട്ടുന്ന കാൻവാസിൽ പതിയുന്ന ചിത്രങ്ങളിലെ കാഴ്ചയ്ക്കപ്പുറം ആഴത്തിൽ വേരോട്ടമുള്ള ഉൾക്കാഴ്ചകൾ വഹിക്കുന്നത് കൊണ്ടുകൂടിയാകാം പ്രതീകങ്ങൾക്ക് വല്ലാത്ത മുഴക്കമാണ്. ഇതിലെ കരച്ചിലുകൾ കരഞ്ഞുതീരുന്നതുകൊണ്ട് ഒടുങ്ങുന്നവയല്ല. ‘വന്യ’ത്തിലെ സ്റ്റെഫി അനുഭവിക്കുന്ന കടച്ചിൽ, ചെന്നായ തട്ടിയെടുത്ത മകനെക്കുറിച്ചുള്ള ആധിയിൽ കനത്തതാണ്. ‘മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച്’ എന്ന കഥയിലെ രാധിക വഹിക്കുന്ന നേരിപ്പോടിന്റെ പൊള്ളൽ ആദ്യം ഖനിയിലെ തൊഴിലാളിയായ അച്ഛനും തുടർന്ന് അമ്മയും ഏറ്റു വാങ്ങുന്ന ദുരിതവും അകാല മരണവും കാരണം ഉണ്ടായ ആധിയിൽ കുരുത്തതാണ് .

‘ചേംബറിന്റെ ചുവരിൽ തല ചേർത്തുവെച്ചാൽ ഇപ്പോഴെനിക്ക് മരിച്ചുതുടങ്ങുനന മനുഷ്യരുടെ കരച്ചിൽ കേൾക്കാമെ’ന്നു രാധിക സമീറിനോട് പറയുന്നുണ്ട് . ‘എണ്ണിയാലൊടുങ്ങാത്ത ദുർമരണങ്ങളുടെ ചോരയിൽ നിന്നും ഉയിരെടുത്ത തുമ്പികൾ അവളുടെ തലയ്ക്കകത്തു നിരന്തരം പാറി’ എന്നതിൽ നിന്നും അവൾ ഇത്തരം മായാദൃശ്യങ്ങളാൽ നിരന്തരം വേട്ടയാടപ്പെടുന്നു എന്നും വരുന്നു. ‘ഞാനിവിടെ വന്നിട്ടിത്രയും ദിവസങ്ങളായിട്ടും അസാധാരണങ്ങളായ ദൃഷ്ടാന്തങ്ങൾ ഒന്നും തന്നെ അനുഭവിക്കാൻ കഴിയാത്തതിൽ എനിക്ക് നിരാശ തോന്നി’ എന്നത് ‘സമരൻ ഗണപതി’ എന്ന കഥയിലെ വരിയാണ്. ഇതിനു നേർവിപരീതമാണ് ഈ കഥാസമാഹാരത്തിലെ കഥകൾ ഓരോന്നും.

സാധാരണ കാണാത്തവ കാണാനും കഥയിലേക്ക് ആവാഹിക്കാനുമുള്ള അവഗാഹം നേടിയതിന്റെ പ്രത്യക്ഷ മാതൃകകൾ ആണ് ഇതിലെ കഥകൾ. പ്രതിജന ഭിന്നമാണ് മനുഷ്യ മനസ്സെന്നത് അവിതർക്കിതമാണല്ലോ. അതിലെ ചുഴികളും മലരികളും തീർക്കുന്ന വ്യഥകൾ നമ്മിലുണർത്തുന്നത് അനന്തമായ വിഷാദമാകും. അതൊന്നും മനഃപൂർവ്വമല്ല. സമരൻ ഗണപതിയിൽ ‘അവരുടെ അരക്കെട്ടിൽ നിന്ന് ചുവന്ന ചിത്രശലഭങ്ങൾ പറന്നു പോകുന്നു. ഈ പൊടിപ്പ് അലസിപ്പോകുന്നു. അതിന്റെ സൂചനയാവാം’ എന്ന് പറയുന്നിടത്ത് നാം ഇത് അനുഭവിക്കുന്നു. അതു പോലെ തന്നെ ‘നാല് മാസത്തോളം വളർച്ചയുള്ള ചോരയും മെഴുക്കും പറ്റിപ്പിടിച്ച തീനിറത്തിലുള്ള തിത്തിരിമോളുടെ കുഞ്ഞു ദേഹം ചാക്ക് തുണി വിരിച്ച് എനിക്കരികിൽ കിടത്തിയിരുന്നു’ എന്ന ‘വന്യ’ത്തിലെ വരികളും.

അശാന്തിയിൽ മുളപൊട്ടുന്ന വരികളിലും പ്രസന്നതയുടെ മിന്നലാട്ടമുണ്ട്. ഏകനാഥൻ എന്ന കഥയിൽ സംഘർഷഭരിതമായ പല അവസ്ഥകളിലൂടെയും കടന്നു പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മാനുഷികതയുടെ വേരോട്ടം ശക്തമായുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. ഉള്ളറിഞ്ഞു സ്നേഹിക്കാനും ഉയിർ കൊടുത്ത് ഉറ്റവരെ സംരക്ഷിക്കാനും കഥാപാത്രങ്ങൾ മടിക്കുന്നില്ല.

അകവനത്തിലെ മരക്കൊമ്പിൽ തൂങ്ങിയാടിയ അബ്ബു, സ്വപിതാവിനെ കണ്ടെത്താനുള്ള ഒടുവിലത്തെ മാർഗ്ഗമെന്ന നിലയിൽ അനേഷിച്ചിട്ടും തിടം വെച്ച പ്ലാശ് മരങ്ങളുടെ പ്രായം കണക്കാക്കാനാവാതെ വിഷമിച്ച ജോക്കുട്ടൻ, പള്ളിപ്പടിയുടെ കൂർത്ത അരികിൽ തലയിടിച്ച് തറയിൽ പടർന്ന ചോരയോടെ കിടന്ന അന്യനാട്ടുകാരൻ ഒക്കെ അനുവാചകനിൽ അനുതാപം ഉണർത്തും.

മനുഷ്യരുടെയും പ്രകൃതിയുടെയും കെട്ടുപാടുകൾ മസൃണമായ സ്നേഹത്തിന്റെ ഗാഥയാണെന്നത് നേരിട്ടും വരികൾക്കിടയിലൂടെയും വായിക്കാം. ‘വന്യം ‘ പ്രതീകമായെടുത്താൽ മനുഷ്യരിലെ മൃഗീയത എന്നാവാം വിവക്ഷ. മനുഷ്യരുട അമിതഭോഗതൃഷ്ണ ആത്യന്തികമായി കുടുംബത്തെ ദുരന്തങ്ങളിലെത്തിക്കുന്നു എന്ന ബോധ്യത്തെ സാധൂകരിക്കുന്ന കഥയാണിത്. കോടമഞ്ഞിറങ്ങി വരുന്ന സന്ധ്യയിൽ പള്ളിമേടയിലെ കുമ്പസാരക്കൂട്ടിലെത്തുന്ന ആദത്തിൽ തുടങ്ങുന്ന കഥയിൽ, മലയടിവാരത്തിലെ ജോലിക്കെത്തുന്നതും, ഭാര്യ സ്റ്റെഫി, മകൻ ക്രിസ്റ്റി, പിറക്കാനിരുന്ന തിത്തിരി മോൾ എന്നിവരുടെ കൂടെയുള്ള പൊറുതിയും ദൃശ്യത്തിലെന്നപോലെ തെളിയുന്നുണ്ട്.

ഒരു ഛായാഗ്രാഹകന്റെ പാടവത്തോടെ പരിസരങ്ങളെ നിരീക്ഷിക്കുന്നതിലും കഥയുടെ അന്തരീക്ഷവുമായി ഇണക്കുന്നതിലും ഈ യുവകഥാകൃത്ത് അതീവ നിഷ്കർഷത പുലർത്തുണ്ട്. മെഴുകുതിരി നാളത്തിൽ നിന്നും പൊങ്ങിവരുന്ന അനേകം മാലാഖമാരുടെ വിവരണവും കഥയാസ്വദിക്കുന്നതിനായായാണ് അവരുടെ വരവ് എന്ന പരാമർശവും കഥയിലെ അസുലഭ സന്ദർഭം തന്നെ. കഥാന്ത്യത്തിൽ അവരുടെ അതേ മട്ടിലുള്ള തിരിച്ചു പോക്കും അതിമനോഹരമായി ‘പാടപോലുള്ളൊരു മയക്കത്തിനു ശേഷം പുലർന്നു തുടങ്ങുമ്പോൾ മലയിറങ്ങി വരുന്ന കഞ്ചാവു മണമുള്ള കാറ്റ് ശ്വസിച്ചു കൊണ്ട് കിടക്കുന്നതിനെ’ കുറിച്ചുള്ള വിവരണമുണ്ട്. ‘ചെന്നായപ്പൂടയുടെ ചെള്ള് മണം പതിയെ മുറിയിൽ പരക്കുന്നതും മുറിയുടെ മേൽക്കൂരയ്ക്കു മുകളിൽ പതുപതുത്ത കാലടികളമരുന്നതും’ ഭീതിജനകം തന്നെ. ‘ഭർത്താവ് തന്റെ നാട്ടുവഴക്കം പിൻപറ്റി, ഭ്രൂണത്തെ സംസ്കരിക്കാൻ, തങ്ങൾ നിരന്തരം പെരുമാറുന്ന കിടപ്പുമുറിയുടെ തറ പൊട്ടിച്ചു. ബഹളം കേട്ട് അവിടെ ഒരാൾക്കൂട്ടം രൂപപ്പെടുമ്പോഴേക്കും മറവുചെയ്ത നിലം നികത്തിയതിനു മുകളിൽ അവസാനം തേച്ച സിമന്റുചാന്തിൽ ചോര കിനിഞ്ഞിരുന്നു’ എന്ന് ‘സമരൻ ഗണപതി’യിലും, രാത്രിയിൽ ‘ഇച്ചായൻ മുറിക്കകത്തെ രൂപക്കൂട് പൊളിച്ച് ആ പൊടിപ്പിനെ അതിനകത്തു നിറച്ച് സിമന്റു തേക്കുകയാണ്. എന്നാൽ ചാന്തുണങ്ങിയിട്ടും ആ ചുവര് മിടിച്ചു കൊണ്ടിരുന്നു’ എന്ന് ‘വന്യ’ത്തിലും ഉണ്ട്. അരികുജീവിതങ്ങളുടെ ജീവിതം എത്രകണ്ട് ദുരിതമയമാണെന്നതിനു ദൃഷ്ടാന്തമായി. ‘പ്രഭാതത്തിന്റെ മണം’ എന്ന കഥയിൽ നഗരമെന്നത് നാവുകളാൽ കൂട്ടയോജിപ്പിക്കപ്പെടാത്ത അനേകം ഒഴുകുന്ന തലച്ചോറുകൾ ആയതുകൊണ്ട് ആരും കാഴ്ചകളിലെ മായം അറിഞ്ഞില്ല എന്നും ‘ജയിൽ എന്നത് നാവുകളാൽ നിരന്തരം കൂട്ടി യോജിപ്പിക്കപ്പെട്ട ഒരു പറ്റം നിശ്ചലമായ തലച്ചോറുകൾ ആയതുകൊണ്ട് അവിടത്തെ സാധാരണ തടവുകാർക്കിടയിൽ മാന്ത്രികനെതിരെ കടുത്ത എതിർപ്പുകൾ ഉണ്ടായി വന്നു’ എന്നും കാണാം. പക്ഷെ അതെല്ലാം ദുർബ്ബലപ്പെടുത്താൻ തക്കവണ്ണം അജയ്യനാണ് അയാൾ.

ജനാധിപത്യത്തിൽ അധിസ്ഥിതമായ നമ്മുടെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം പോലും വിലക്കുകയോ തങ്ങൾക്ക് അനഭിമതർ ആയവരെ അനാവശ്യമായോ ദുരുദ്ദേശ്യത്താലോ ജയിലറയ്ക്കുള്ളിൽ തളയ്ക്കുന്ന ഭരണാധികാരികളും ചെയ്യുന്നത് ഇത് തന്നെ. കഥയ്ക്ക് പിന്നാമ്പുറം ഒളിഞ്ഞിരിക്കുന്ന സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ അർത്ഥതലങ്ങൾ കണ്ടെത്തുന്നതിൽ വിജയിക്കുന്നവർക്ക് കൂടുതൽ തലങ്ങളിലേക്ക് ദീർഘിപ്പിക്കാനാവും (extend) ചെയ്യാനാവും വിധമാണ് രചന . ‘ഭൂമി’ ഒരു പ്രതീകമായിട്ടെടുത്താൽ പീഡനം ഏല്‍ക്കുന്നത് ആഗോളീകരണാനന്തര ജീവിതത്തിലെ നൃശംസതകൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട അധഃസ്ഥിതരും കീഴാളരും അരികുവത്ക്കരിക്കപ്പെട്ട ജനതതിയുമാണെന്നു കാണാം. തനിക്ക് രക്ഷകരും തുണയും ആകേണ്ടവർ തന്നെയാണ് ജീവിതം ദുരിതമയം ആക്കുന്നത് എന്നത് നോവിന്റെ ആക്കം കൂട്ടുന്നു.

ഈ കഥാസമാഹാരത്തിൽ പീഡകളാലും ദുരന്തങ്ങളാലും മരണങ്ങളാലും അസ്തപ്രജ്ഞരാവുന്ന നിരവധി പേരുണ്ട്. സൈബർ കാലത്തെ നവമാധ്യമങ്ങൾ വഴി വെളിപ്പെടുന്ന സാമൂഹികയാഥാർഥ്യങ്ങൾ പലപ്പോഴും കഥകളേക്കാൾ ഞെട്ടിപ്പിക്കുന്നതായതു കൊണ്ട് ഇതെല്ലാം സമകാല ലോകത്തെ അടയാളപ്പെടുത്തുന്ന രചനകളാണ്. മലയാള കഥകളിൽ അത്ര പരിചിതമല്ലാത്ത കഥാപരിസരം തെരഞ്ഞെടുക്കുന്നതിലും വിവേക് ചന്ദ്രൻ ശ്രദ്ധ പുലർത്തുന്നു. അതിൽ പുതുമയുണ്ട്. ക്രാഫ്റ്റിലെ മികവും രചനകൾക്ക് മിഴിവ് നൽകുന്നു.

സുരേന്ദ്രന്‍ പൂന്തോട്ടത്തില്‍

സുരേന്ദ്രന്‍ പൂന്തോട്ടത്തില്‍

സമകാലീന സാഹിത്യ ലോകത്തെ ഗൗരവത്തോടെ നിരീക്ഷിക്കുന്ന സുരേന്ദ്രൻ പൂന്തോട്ടത്തിൽ ബാങ്കിൽ നിന്നുള്ള ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷം കഥകളെ സജീവമായി വായിക്കുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍