UPDATES

വായന/സംസ്കാരം

വി എസ് നെയ്പാള്‍; ആത്മകഥയ്ക്ക് ഒരു ആമുഖം

ധാർഷ്ട്യവും പുരുഷാധിപത്യവും ഉപരിപ്ലവമായ കാഴ്ചപ്പാടുകളും മറ്റ് രാഷ്ട്രീയ ശരികേടുകളും ഉണ്ടെങ്കിലും, എഴുതുന്ന കലയ്ക്ക് ഒരു പുതിയ ജീവനും ശ്രേഷ്ഠമായ കഴിവും കൊടുത്തയാളാണ് നെയ്പാൾ

ഓക്സ്ഫോർഡിലെ തന്റെ “അപ്രധാനമായ ഡിഗ്രി” പഠനത്തിന് ശേഷം 1950കളിൽ എപ്പോഴോ ബിബിസിയിൽ കരാറടിസ്ഥാനത്തിൽ കരീബിയന്‍ വോയിസസ് എന്ന പരിപാടിയിൽ അവതരിപ്പിക്കാനും എഡിറ്റ് ചെയ്യാനും ഉള്ള ഉദ്യോഗത്തിൽ വി എസ് നെയ്പാൾ പ്രവേശിച്ചു.

ലാംഗ്ഹാം ഹൌസ് പ്രക്ഷേപണ നിലയത്തിലെ കരാർ ജീവനക്കാരുടെ മുറിയിൽ ഇരിക്കുമ്പോൾ, പോര്‍ട്ട് ഓഫ് സ്പെയിന്‍ എന്ന നഗരത്തിലെ ഒരു അയൽവാസിയുടെ ഓർമ്മകൾ ഉണരുകയും അതിനെക്കുറിച്ച് അദ്ദേഹം ഒരു കഥ എഴുതാൻ ആരംഭിക്കുകയും ചെയ്തു: “ദിവസവും പ്രഭാതത്തിൽ ഉണർന്ന് തന്റെ വീടിന് പിറകുവശത്തെ വരാന്തപ്പടിയിൽ ഇരുന്ന് ഹാറ്റ് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, ‘ബൊഗാര്‍ട്ട്, അവിടെ എന്താണ് നടക്കുന്നത്?’”

നെയ്പാള്‍ അവിടെ തന്നെ ഇരുന്നു, പഴകിയ ഒരു തെരുവിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥ സ്വയം തന്റെ ടൈപ്പ്റൈറ്ററിൽ ഉരുത്തിരിഞ്ഞു വരുന്നതോടൊപ്പം, അത് മുഴുമിക്കുന്നതിനു മുമ്പ് അവിടം വിടാൻ ധൈര്യപ്പെടാതെ. തൊട്ടടുത്ത ദിവസം അദ്ദേഹം മറ്റൊരു കഥ എഴുതി, അതിനടുത്ത ദിവസം മറ്റൊന്ന്, അങ്ങനെ ആറ് ആഴ്ചകൾക്കുള്ളിൽ ഒരു കൂട്ടം നിറപ്പകിട്ടാർന്ന കഥകൾ അദ്ദേഹത്തിന്റെ കൈപ്പിടിയിൽ ആയി. താൻ എങ്ങനെയാണ് ഒരു എഴുത്തുകാരൻ ആയതെന്ന് നെയ്പാള്‍ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

“ബിബിസിയുടെ ഒരു പുരാതന ടൈപ്പ്റൈറ്ററിൽ, മിനുസമുള്ള സ്ക്രിപ്റ്റ് പേപ്പറിൽ” തന്റെ പോർട്ട് ഓഫ് സ്പെയിനിലെ ബാല്യകാലത്തിന്റെ ഓർമ്മകളെ ആവാഹിച്ചെടുത്തുകൊണ്ട്, അദ്ദേഹം ഏകദേശം 30 കൊല്ലത്തിന് ശേഷം “Prologue to an Autobiography” എന്ന ലേഖനത്തിൽ കുറിച്ചിട്ടുണ്ട്.

1954നും 1956നും ഇടയിൽ അദ്ദേഹം ബിബിസിയുടെ കരീബിയന്‍ സെര്‍വീസില്‍ സാഹിത്യത്തെ കുറിച്ചുള്ള ഒരു പരിപാടി എഡിറ്റ് ചെയ്തിട്ടുണ്ട്. തരംഗങ്ങൾക്ക് അദ്ദേഹത്തിന്റെ ശബ്ദം ഏറ്റവും ചേർന്നതായിരുന്നു – പുകയിലയാൽ പാകപ്പെട്ടതും സമ്പുഷ്ടമായതും. അദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് ഉച്ചാരണം സ്ഫുടമായതും നേരിയ കരീബീയൻ ഛായ ഉള്ളതും ആയിരുന്നു. ചില വാചകങ്ങൾക്ക് ഊന്നൽ കൊടുക്കാൻ അവയെ ആവർത്തിക്കുകയും ചെയ്യുമായിരുന്നു. “ഞാൻ ഒരു നിമിഷത്തിൽ 130 വാക്കുകൾ സംസാരിക്കും,” എന്ന് 2005 ൽ അദ്ദേഹം New York Times നോട് പറയുകയുണ്ടായി. “റേഡിയോയിൽ ജോലി ഉണ്ടായിരുന്ന കാലത്ത് നിന്നും എനിക്കിതു വ്യക്തമായി അറിയാം”.

രൂക്ഷവും തീവ്രവുമായ ആ നാക്ക് നിലനിന്നു, എങ്കിലും അദ്ദേഹത്തിൻ്റെ നോവലുകളും അല്ലാത്തതുമായ എഴുത്തുകളാണ് ലോകത്തെ പിടിച്ചിരുത്തിയത്.

അദ്ദേഹത്തിന്റെ മുത്തച്ഛൻ ഇന്ത്യയിൽ നിന്നും 1880കളിൽ കരിമ്പിൻ തോട്ടങ്ങളിലെ കൂലിപ്പണിക്കായി അഭയം തേടിയ, Trinidad ലെ Chaguanas എന്ന സ്ഥലത്ത് Aug 17, 1932ൽ ആണ് നെയ്പാള്‍ ജനിച്ചത്. സീപെര്‍സാദ്, നെയ്പാളിന്‍റെ പിതാവ്, ദി ട്രിനിഡാഡ് ഗര്‍ഡിയന്‍ എന്ന പത്രത്തിലെ റിപ്പോർട്ടറും വളർന്നു വരുന്ന ഒരു ഫിക്ഷൻ എഴുത്തുകാരനും ആയിരുന്നു, അദ്ദേഹത്തിനു ഭാഗ്യവശാൽ സ്‌കൂളിൽ പോകാനും വിദ്യാഭ്യാസം നേടാനും കഴിഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എട്ടു സെന്റ് എന്ന ദിവസക്കൂലിയിൽ കരിമ്പിൻ തോട്ടത്തിൽ പണിക്കാരൻ ആയിരുന്നു, അദ്ദേഹത്തിന്റെ സഹോദരി നിരക്ഷരയും. നെയ്പാളിന്‍റെ അമ്മ Droapatie Capildeo ഒരു വലിയ ധനിക കുടുംബത്തിൽ നിന്നായിരുന്നു. അദ്ദേഹത്തിന് ആറ് വയസ്സുള്ളപ്പോൾ പോർട്ട് ഓഫ് സ്പെയിനിലെ ഒരു വലിയ വീട്ടിലേയ്ക്ക് അമ്മ വീട്ടുകാരോടൊപ്പം ചേർന്ന് താമസിക്കുവാൻ തുടങ്ങി.

ഏഴു കുട്ടികളിൽ രണ്ടാമനായ നെയ്പാള്‍ തന്റെ മൂത്ത സഹോദരി കമലയുമായി വളരെ അടുപ്പത്തിൽ ആയിരുന്നു. നെയ്പാളിന്‍റെ ഒരേയൊരു ഇളയസഹോദരൻ, നോവൽ എഴുത്തുകാരൻ ആയിരുന്ന, ശിവ 1985ൽ നിര്യാതനായി.

ട്രിനിഡാഡിലെ ഇംഗ്ലീഷ് സ്‌കൂളുകളിൽ പഠിച്ച നെയ്പാള്‍, തൻ്റെ എഴുത്തുകാരൻ ആകാനുള്ള ആഗ്രഹത്തെ Booker T. Washington ന്റെ “Up From Slavery” യും മറ്റു പുസ്തകങ്ങളും വായിച്ചു കേൾപ്പിച്ചു കൊടുത്തിരുന്ന അച്ഛനോടുള്ള കടപ്പാടായി വിവരിക്കുന്നു.

തന്റെ പിതാവിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ്, ഉജ്ജ്വലമായ ആഴത്തിൽ ആത്മകഥാംശവുമുള്ള അദ്ദേഹത്തിൻ്റെ നാലാമത്തെ നോവൽ, “A House for Mr. Biswas” (1961)”. അധികാരികളും ധനികരും ആയ ഭാര്യവീട്ടുകാരുടെ മേലുള്ള ആശ്രിതത്വത്തിൽ നിന്നും സ്വതന്ത്രനായി, ലോകത്ത് സ്വയമൊരു പേരുണ്ടാക്കാൻ പ്രയത്നിക്കുന്ന മധ്യവയസ്ക്കനായ ഒരു പത്രപ്രവർത്തകന്റെ ട്രിനിഡാഡ് പശ്ചാത്തലമാക്കി എഴുതിയ കഥയാണ് ഇത്.

മുപ്പതു വയസ്സു പോലും ആകുന്നതിനു മുമ്പ് എഴുതിയ ഈ പുസ്തകം, തന്റെ തലമുറയിലെ എഴുത്തുകാരുടെ ഇടയിൽ ഒരു സുപ്രധാന സ്ഥാനം നെയ്പാളിനു നേടിക്കൊടുത്തു. നോബൽ ജേതാവായ സൗത്ത് ആഫ്രിക്കൻ നോവലിസ്റ്റ് നദീന്‍ ഗോര്‍ഡിമര്‍ ഇതിനെ ഗംഭീരം എന്നാണു 1971 ൽ The Times ൽ വിശേഷിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച സാഹിത്യസൃഷ്ടികളിൽ ഒന്നായി ഇത് ചേർത്തിട്ടുണ്ട് .

“ഒരു എഴുത്തുകാരൻ ആയി ഭദ്രമാകുന്നതിനു മുൻപ് നീണ്ട, ഇടമുറിയാത്ത വിഷാദത്തിന്റെ കാലമായിരുന്നു” അദ്ദേഹം The New Yorker ൽ 1994 ൽ പറഞ്ഞു.

ഇംഗ്ലണ്ടിലെ 1950കളിലെ കാലം ഭീതിയും വ്യാകുലതയും നിറഞ്ഞതായിരുന്നു. ആയിരത്തി തൊള്ളായിരത്തി അമ്പത്തിരണ്ടിൽ, ഓക്സ്ഫോർഡിലെ യൂണിവേഴ്സിറ്റി കോളേജിൽ ആയിരിക്കുമ്പോൾ ഒരുതവണ മാനസികമായി തകർന്നു പോവുകപോലും ഉണ്ടായി.

“എല്ലാം ഉപേക്ഷിച്ചു വിട്ടുപോവുകയാണ് എഴുത്തുകാരൻ ആവുക എന്ന കുലീനതയിൽ എത്താൻ വേണ്ടത് എന്ന് ഞാൻ കരുതി”, അദ്ദേഹം എഴുതി. “പക്ഷേ യഥാർത്ഥത്തിൽ, തിരികെ പോവുകയായിരുന്നു വേണ്ടത്. അത് ആത്മജ്ഞാനത്തിന്റെ ആരംഭമായിരുന്നു”.

അദ്ദേഹത്തിൻ്റെ ആദ്യത്തെ നോവൽ, “The Mystic Masseur” (1957), ട്രിനിഡാഡിലെ ഗണേഷ് രാംസുമയിർ എന്ന പരാജിതനായ ഒരു സ്‌കൂൾ അദ്ധ്യാപകൻ പിന്നീട് ഒരു ഉഴിച്ചിൽക്കാരനും, ഒരു ഗുരുവും, ഒരു രാഷ്ട്രീയക്കാരനും ആകുന്ന കഥ, ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സാഹിത്യ ജീവിതത്തിലെ എല്ലാക്കാലവും പ്രതിഭാധനനായ നെയ്പാൾ ഓരോ പുസ്തകം വെച്ച് ഒന്നോ രണ്ടോ വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ചിരുന്നു.

ട്രിനിഡാഡിലെയും ടൊബാഗോയിലേയും സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് അവരുടെ ചിലവിൽ 1960 ൽ നെയ്പാള്‍ അഞ്ചു മാസക്കാലം വെസ്റ്റ് ഇൻഡീസ് മുഴുവൻ സഞ്ചരിക്കുകയും രണ്ടു വർഷങ്ങൾക്ക് ശേഷം അതേക്കുറിച്ച് എഴുതുകയും ചെയ്തു. The Middle Passage എന്ന കൃതി സ്വാതന്ത്ര്യത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഒരു രാജ്യത്തിന്റെ സ്തുതിഗീതം ആയിരുന്നില്ല. വാട്ടർലൂവിൽ നിന്നുമുള്ള ബോട്ടിലെ മടക്കയാത്ര വിവരിക്കുന്ന ആദ്യവാചകത്തിൽ നെയ്പാൾ എഴുത്തിന്റെ ഗതി വ്യക്തമാക്കി, “കുടിയേറ്റക്കാരുടെ തരത്തിലുള്ള അത്തരം ഒരു ആൾക്കൂട്ടം,” കാരണം ” ഒന്നാം ക്ലാസിൽ സഞ്ചരിക്കുന്നതിൽ സന്തോഷമുണ്ടാക്കി” എന്നായിരുന്നു അത്. എല്ലാ ദിവസവും “ഒരേ കാര്യം കാണുന്നത്- തൊഴിലില്ലായ്മ, വൃത്തികേട്, ജനപ്പെരുപ്പം, വംശം” അയാൾക്ക് മടുപ്പുണ്ടാക്കി.

“ചരിത്രം നേട്ടങ്ങളും സൃഷ്ടിയും ചേർന്നാണ് നിർമ്മിക്കപ്പെടുന്നത്”, അദ്ദേഹം എഴുതി, “വെസ്റ്റ് ഇൻഡീസിൽ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല”.

രൂക്ഷവും അചഞ്ചലവുമായിരുന്നു അദ്ദേഹത്തിന്റെ വിശകലനം, പക്ഷെ ഇന്ത്യയും മറ്റു ഏഷ്യൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോളനികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്ത് ഗംഭീരമായിരുന്നു. നാല് ദശകത്തോളം നെയ്പാള്‍ കോളനിവത്കരണത്തിൻ്റെ പാരമ്പര്യം പിന്തുടർന്ന് എഴുതി, സാങ്കൽപ്പിക കൃതികളിൽ നിന്നും നിന്നും യാഥാർഥ്യത്തെ കുറിച്ചുള്ള എഴുത്തിലേക്കുള്ള ആ യാത്രയിൽ ഒട്ടനവധി പുരസ്കാരങ്ങളും സമ്പാദിച്ചു.

“വീക്ഷണ വിവരണവും നീതിയുക്തമായ പരിശോധനയും ഏകോപിപ്പിച്ച എഴുത്തുകൾ, അടിച്ചമർത്തപ്പെട്ട ചരിത്രങ്ങളെ കാണാൻ നമ്മെ നിർബന്ധിക്കുന്ന തരത്തിൽ ആണ്” എന്ന് സ്വീഡിഷ് അക്കാദമി 2001 ൽ അദ്ദേഹത്തിന് നോബൽ സമ്മാനം കൊടുത്തുകൊണ്ട് പ്രകീർത്തിച്ചു.

1964 ലെ An Area of Darkness, 1980 ലെ A Congo Diary, 1981 ലെ Among the Believers തുടങ്ങിയ യാത്രാവിവരണ പരമ്പരകളിൽ ഇന്ത്യ, ആഫ്രിക്ക, ഇസ്‌ലാം എന്നിവയെക്കുറിച്ചെല്ലാം വിഷാദാത്മകമായ ഒരു ചിത്രം അദ്ദേഹം നൽകി.

എഡ്‌വേർഡ് സെയ്ദിനെ പോലുള്ള വിമർശകർക്ക് നെയ്പാൾ “പടിഞ്ഞാറൻ കുറ്റവിചാരണയുടെ സാക്ഷിയായി”രുന്നു. “നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും വെള്ളക്കാരല്ലാത്തവർ ആണ് കാരണം” എന്ന നിലപാട്. നെയ്പാളിന്റെ അഭിപ്രായങ്ങൾ “അജ്ഞതയും നിരക്ഷരതയും ചർവിത ചർവണങ്ങളുമാണെന്ന്” സെയ്ദ് പറഞ്ഞു. “ഇസ്‌ലാമിക, ലാറ്റിന്‍ അമേരിക്ക, ഇന്ത്യ, കരീബിയന്‍ ലോകങ്ങളെക്കുറിച്ചുള്ള നെയ്പാളിന്റെ വിവരണങ്ങൾ നിലവാരമില്ലാത്തതും വിലകുറഞ്ഞതുമായ കൊളോണിയൽ ഐതിഹ്യങ്ങളെ താങ്ങുന്നതും, ഈ മേഖലകളെക്കുറിച്ചുള്ള വലിയ അളവിലുള്ള വിമർശനാത്മക പഠനങ്ങളെ പൂർണമായും അവഗണിക്കുന്നതുമാണ്.”

ധാർഷ്ട്യവും പുരുഷാധിപത്യവും ഉപരിപ്ലവമായ കാഴ്ചപ്പാടുകളും മറ്റ് രാഷ്ട്രീയ ശരികേടുകളും ഉണ്ടെങ്കിലും, എഴുതുന്ന കലയ്ക്ക് ഒരു പുതിയ ജീവനും ശ്രേഷ്ഠമായ കഴിവും കൊടുത്തയാളാണ് നെയ്പാൾ. എഴുത്തുകാരാകാൻ ആഗ്രഹിക്കുന്ന പലർക്കും നെയ്പാളിനെപ്പോലെ പോലെ തങ്ങളുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ച് എഴുതാൻ കഴിയുക എന്നതാണ് സ്വപ്നം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍