UPDATES

വായന/സംസ്കാരം

ഷേക്സ്പിയർ സ്ത്രീയായിരുന്നുവോ?

തന്റെ പേരിൽ അറിയപ്പെടുന്ന കൃതികളെല്ലാം രചിച്ചത് വില്യം ഷേക്സ്പിയർ തന്നെയായിരുന്നോ എന്ന ചോദ്യത്തിന് ഏതാണ്ടദ്ദേഹത്തിന്റെ എഴുത്തിനോളം തന്നെ പഴക്കമുണ്ട്.

2018ലെ ഒരു വസന്തകാല രാത്രിയിൽ ഞാൻ മാർഹാട്ടനിലെ പാതയോരത്ത് സുഹൃത്തുക്കളോടൊപ്പം നിന്ന് ഷേക്സ്പിയറിനെ ഉറക്കെ വായിക്കുകയായിരുന്നു. മാക്ബത്തിന്റെ ഒരു അഡാപ്റ്റേഷൻ കാണാനായി കാത്തു നിൽക്കുകയായിരുന്നു ഞങ്ങൾ. ഇടയിൽ, നേരം പോകാനായി നാടകത്തിലെ ഏറ്റവും മികച്ച വരികൾ വായിക്കാമെന്ന് തീരുമാനിച്ചു. എന്റെ ഐഫോണില്‍ ലേഡി മാക്ബത്തിന്റെ ആത്മഭാഷണം എടുത്തു വെച്ച് വായിച്ചു. “അതീന്ദ്രിയ ശക്തികളുടെ ആത്മാക്കളേ വരൂ, എന്നിലെ സ്ത്രൈണതയെ എടുത്തുകളയൂ..” ഇതു വായിക്കവെ ആ വരികളുടെ മാന്ത്രികതയിൽ ഞാൻ പിന്നെയും ആവേശഭരിതയായി. ആ വാക്കുകൾ ആദ്യമായി കേട്ട സന്ദർഭത്തെ ഞാനോർത്തു. പത്താംതരത്തിലെ ഇംഗ്ലീഷ് ക്ലാസ്സിൽ വെച്ചായിരുന്നു അത്. കുടിലവും ഭയങ്കരവുമായ രീതിയിൽ തന്റെ അപകർഷാവസ്ഥയോട് കലാപം കൂട്ടുന്ന ആ സ്ത്രീ എന്റെ വിഹ്വലമായ കൗമാരത്തെ ശരിക്കും സംഭ്രമിപ്പിച്ചു. “എന്റെ രക്തത്തിന് സാന്ദ്രതയേറ്റൂ, മന്സ്താപത്തിലേക്കുള്ള വഴികളടയ്ക്കൂ.” #MeToo പ്രസ്ഥാനത്തിന് ആറ് മാസങ്ങൾക്കു ശേഷം, അവളുടെ ഉന്മാദവും ഇച്ഛാഭംഗവും എന്നിൽ പുതിയ അനുരണനങ്ങൾ തീർത്തു.

കോളജിലും ഗ്രജ്വേറ്റ് സ്കൂളിലും പഠിച്ച നാടകങ്ങളിലേക്ക് വീണ്ടുമെത്തിയപ്പോൾ ഷേക്സ്പിയർ കാനോനയിലെ ലേഡി മാക്ബത്തിനാലും അവളുടെ സഹോദരിമാരാലും ഞാൻ മോഹവലയത്തിലകപ്പെട്ടുപോയി. മച്ച് അഡോ എബൗട്ട് നതിങ് എന്ന ഷെയ്ക്സ്പിയർ കോമഡിയിലെ ബിയാട്രീസ്. തന്റെ ലിംഗപദവിയുടെ പരിമിതികളോട് രോഷം കൊള്ളുകയാണവൾ. (ഓ ദൈവമേ, ഞാനൊരാണായിരുന്നെങ്കിൽ! ചന്തയിൽ വെച്ച് ഞാനവന്റെ നെഞ്ച് കീറിത്തിന്നുമായിരുന്നു”). ആസ് യു ലൈക്ക് ഇറ്റ് എന്ന നാടകത്തിലെ റോസാലിന്‍ഡ് ആണത്തത്തിന്റെ ആക്രാമകമായ ആത്മവിശ്വാസത്തെ സ്വീകരിക്കുന്നു, അതേ പരിമിതികളിൽ നിന്നും രക്ഷ നേടാൻ. (“നാമെല്ലാം പുറമെ വാൾ വീശുന്ന യോദ്ധാവാകും, / ആണുങ്ങളെന്നു ചമയുന്ന ഭീരുക്കൾ ചെയ്യുന്നതു പോലെത്തന്നെ / അവരുമായുള്ള സാമ്യം കൊണ്ട് അവരെ നേരിടാം”).

മെഷർ ഫോർ മെഷറില്‍ ആന്‍ജലോയ്ക്കെതിരായ വാക്കുകൾ. അയാളൊരു ബലാൽസംഗകനായിട്ടു കൂടി, ആരും വിശ്വസിക്കില്ലെന്ന് ഇസബെല്ല ഭയപ്പെടുന്നു. (“ആരോടാണ് ഞാൻ പരാതിപ്പെടേണ്ടത്? ആരാണെന്നെ വിശ്വസിക്കുക?”). ദി ടേമിങ് ഓഫ് ദി ഷ്ര്യൂ-വിൽ കേറ്റ് തന്നെ നിശ്ശബ്ദയാക്കാനുള്ള ഭർത്താവിന്റെ ശ്രമത്തെ ധിക്കരിക്കുന്നു. (“എന്റെ ഹൃദയത്തിലെ ക്രോധം എന്റെ നാവ് പറയും, / ഇല്ലെങ്കില്‍ അതെന്റെ ഹൃദയത്തില്‍ വിങ്ങി പൊട്ടിത്തെറിക്കും”). ഒഥല്ലോയിൽ ഇയാഗോ തന്നെ കൊലപ്പെടുത്തുന്നതിനു മുമ്പുള്ള തന്റെ അവസാന സംഭാഷണങ്ങളിൽ എമിലിയ സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നതായി കാണാം. (“ഭർത്താക്കന്മാരറിയണം / അവരുടെ ഭാര്യമാര്‍ക്കും അവരെപ്പോലെത്തന്നെ വികാരങ്ങളുണ്ടെന്ന്”).

ഇതിനെല്ലാമൊപ്പം, നിരവധി സ്ത്രീ സൗഹൃദങ്ങളും എന്റെ ഓർമയിലേക്ക് വന്നു. ബിയാട്രീസിന്റെയും ഹീറോയുടെയും പരസ്പര വിധേയത്വം; തന്റെ യജമാനത്തി ഡെസ്ഡിമോണയോട് എമിലിയയ്ക്കുള്ള ആരാധന; ദി വിന്റർഴ്സ് ടേലിൽ പൗലിനയ്ക്ക് ഹെർമിയോണിനോടുള്ള ധീരമായ വിശ്വസ്തത; അങ്ങനെ ധാരാളം കിടക്കുന്നു. ഈ തീവ്രമായ സ്ത്രീസൗഹൃദങ്ങളെല്ലാം തന്നെ പുതുതായി സൃഷ്ടിക്കപ്പെട്ടവയായിരുന്നു എന്നു കാണാം. ഈ നാടകങ്ങൾ ആധാരമാക്കിയ സാഹിത്യസൃഷ്ടികളിലൊന്നും തന്നെ അവയെ തിരഞ്ഞാൽ കിട്ടില്ല. ചരിത്രവസ്തുതളോട് ചേരേണ്ടി വരുന്ന സന്ദർഭത്തിൽ പോലും അവയെ സ്ത്രീകളുടെ കാഴ്ചയിലൂടെ നോക്കിക്കാണാൻ നാടകങ്ങളിൽ ശ്രമമുണ്ടായി. നായകന്മാരെ അമ്മയുടെയോ ഭാര്യയുടെയോ കാമുകിയുടെയോ കണ്ണിലൂടെ നോക്കാൻ ശ്രമിച്ചു. “എന്തുകൊണ്ടാണ് ഷേക്സ്പിയറിന് സ്ത്രീകളുടെ നില അറിയാൻ സാധിച്ചത്? എന്തുകൊണ്ടാണ് ഷേക്സ്പിയർ താനൊരു സ്ത്രീ തന്നെയെന്ന് തോന്നുംവിധം എഴുതിയത്? അക്കാലത്തെ ഒരു നാടകകാരനും അത് സാധിച്ചിരുന്നില്ലല്ലോ?” -നാടകങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച്, ഷെക്സ്പിയര്‍ ആൻഡ് കമ്പനിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയായ ടിന പാക്കർ എഴുതിയ പുസ്തകത്തിൽ ചോദിച്ചിരുന്നത് എന്റെ മനസ്സിലുടക്കി നിൽപ്പുണ്ട്.

തന്റെ പേരിൽ അറിയപ്പെടുന്ന കൃതികളെല്ലാം രചിച്ചത് വില്യം ഷേക്സ്പിയർ തന്നെയായിരുന്നോ എന്ന ചോദ്യത്തിന് ഏതാണ്ടദ്ദേഹത്തിന്റെ എഴുത്തിനോളം തന്നെ പഴക്കമുണ്ട്. 1564ൽ ജനിച്ച് 1616ലാണ് ഷേക്സ്പിയർ മരിച്ചത്. ഫ്രാൻസിസ് ബേകൺ, ക്രിസ്റ്റഫർ മാര്‍ലോവ്, എഡ്വാർഡ് ഡി വേര്‍ തുടങ്ങിയവരാണ് ഷേക്സ്പിയർ മൂലം നഷ്ടം സംഭവിച്ചവരായി പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖർ. ഷേക്സ്പിയറിനു മുകളിലുള്ള ഈ വിശ്വാസമില്ലായ്മയെ അദ്ദേഹത്തിന്റെ ജീവിത പശ്ചാത്തലത്തിന്റെ പ്രത്യേകതകൾ കൊണ്ടു കൂടിയാണെന്ന് വാദിക്കുന്നവരുണ്ട്. ഒരു തുകൽപ്പണിക്കാരന്റെ മകന് ഇത്രടം വരെയെത്താനാകുമോയെന്ന ആഢ്യ ആലോചന. എനിക്ക് തൊന്നുന്നത്, രണ്ടുവശങ്ങളിൽ നിന്ന് വാദങ്ങളുന്നയിക്കുന്നവർ മറ്റൊരു വാദത്തെക്കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട് എന്നാണ്. അസാധാരണമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ച ഷേക്സ്പിയര്‍ ഒരു സ്ത്രീയായിരുന്നിരിക്കാമെന്ന് ആരെങ്കിലും എന്നെങ്കിലും വാദിച്ചിട്ടുണ്ടോ? ആൺ എഴുത്തുകാരെ പരിഗണിക്കുമ്പോൾ ഓരോരുത്തരും എന്തുകൊണ്ട് മറ്റൊരാളുടെ പേരിലെഴുതി എന്ന ചോദ്യത്തിന് സിദ്ധാന്തം ചമയ്ക്കേണ്ടതായി വരും. എന്നാൽ, എലിസബത്തൻ കാലത്തെ ഇംഗ്ലണ്ടിൽ നാടകമെഴുതിയയാൾ എന്തുകൊണ്ട് വ്യാജമായ പേരുപയോഗിച്ചു എന്നതിനെ വിശദീകരിക്കാൻ ഒരേയൊരു ലളിതമായ കാരണം മാത്രം മതിയാകും. അവർ ഒരു സ്ത്രീയാണ് എന്നത്.

Read More: The Atlantic

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍