UPDATES

വായന/സംസ്കാരം

ഫാറൂഖിന്റെ രാജാ ഗെയ്റ്റിൽ ചുംബിക്കാനെത്തുന്നവരെ തല്ലിയോടിക്കുമ്പോൾ തമസോമാ ജ്യോതിർഗമയ ചൊല്ലണോ അതോ തക്ബീർ ചൊല്ലണോ?

ഫാറൂഖ് കോളേജിലെ വത്തക്കയും അദ്ധ്യാപകരുടെ വര്‍ഗ്ഗ സ്നേഹവും

ഈ അധ്യാപകരുടെ കാര്യം ബഹുരസമാണ്. ഏതാണ്ട് പോലീസുകാരുടെ വർഗ്ഗസ്നേഹത്തോടു കിടപിടിക്കുന്നതാണ് അധ്യാപകരുടെയും വർഗ്ഗസ്നേഹം. തങ്ങളിലൊന്നിനു ഏറു കൊണ്ടാൽ ഇരു കൂട്ടരുടെയും വർഗ്ഗബോധം സടകുടഞ്ഞെഴുന്നേൽക്കും. പോലീസുകാരുടെ കയ്യിൽ ഇപ്പോഴും ലാത്തിയും കണ്ണീർ വാതകവും ഉള്ളതു കൊണ്ട് അതു പ്രയോഗിക്കും. അധ്യാപകരുടെ ചൂരൽ ബാലാവകാശ കമ്മീഷൻ വാങ്ങി ഒടിച്ചുകളഞ്ഞതുകൊണ്ടു അധ്യാപകർ തങ്ങളുടെ എതിരാളികളെ കായികമായി നേരിടാറില്ല എന്ന വ്യത്യാസം മാത്രം. ‘അധ്യാപക വർഗ്ഗ സ്നേഹത്തിന്റെ സമീപകാലത്തെ രണ്ടു ഉദാഹരണങ്ങൾ നോക്കാം. കെ എച് എസ് ടി എ എന്ന അധ്യാപക സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ എ കെ അബ്ദുൽ ഹക്കീമിന്റെ സാഹിത്യ വായനകളിൽ ഈ വർഗ്ഗ ബോധം എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നതാണ് ആദ്യത്തെ ഉദാഹരണം. ഫാറൂഖ് കോളേജിലെ സംഭവവികാസങ്ങളോട് പ്രതികരിച്ചു കൊണ്ട് ഡൽഹി സർവകലാശാലയിലെ അധ്യാപകനായ പി കെ യാസ്സർ അറഫാത്ത് മാധ്യമത്തിൽ എഴുതിയ ജ്യോതിർഗമയ തീരത്തെ വത്തക്കകൾ എന്ന ലേഖനമാണ് രണ്ടാമത്തെ ഉദാഹരണം.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനും മടവൂർ ഇല്ലാത്ത മടവൂർ വിഭാഗം സലഫി’കളുടെ അഭ്യുദയകാംക്ഷിയും കോഴിക്കോട്ടെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരുടെ രോമാഞ്ചവും ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സ്ഥിരം കൺവീനറും സർവ്വോപരി പ്ലസ്‌ടു അധ്യാപകരുടെ നേതാവും ആണ് അബ്ദുൽ ഹകീം. പക്ഷേ എഴുത്തിലെ ആവിഷ്കാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലേ അദ്ദേഹത്തിനു പിടിവാശിയുള്ളൂ എന്നത് വേറെക്കാര്യം. സുന്നികൾ അധ്വാനിച്ചുണ്ടാക്കിയ പള്ളി സലഫികൾ കായികമായി കയ്യടക്കി നാട്ടിലേക്ക് വെളിച്ചം കൊണ്ടുവരുന്നതിനൊന്നും മൂപ്പർ എതിരല്ല. എന്നു മാത്രമല്ല, കോഴിക്കോട് ബാലുശ്ശേരി വട്ടോളിയിലെ ആ പള്ളി കയ്യേറ്റത്തിന്റെ ഓർമ്മ പുതുക്കാൻ പുസ്തകമിറക്കി, അതിനുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചു കളയുകയും ചെയ്യും കക്ഷി. പതിറ്റാണ്ടുകളോളമായി സുന്നികൾ ആരാധനാക്രമങ്ങൾ നടത്തിപ്പോന്ന പ്രസ്തുത പള്ളി സലഫികൾ കായിക ബലത്തിലൂടെ കയ്യടക്കി പുതുക്കിപ്പണിതത്തിന്റെ ആഘോഷ വേളയിൽ പുറത്തിറക്കിയ സുവനീറിന്റെ എഡിറ്റർ ആയിരുന്നു അബ്ദുൽ ഹകീം. അപ്പോൾ എഴുത്തിലെ ആവിഷ്കാര സ്വാതന്ത്ര്യമൊന്നും ആർക്കിടെക്ച്ചറിനും വിശ്വാസത്തിനും ബാധകമല്ല എന്നു മനസ്സിലായല്ലോ.

ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ സെക്സ്, ഗര്‍ഭധാരണം; ഫാറൂഖ് കോളേജില്‍ തുടരുന്ന ലൈംഗികാധിക്ഷേപങ്ങള്‍

വലിയ സാഹിത്യ സ്നേഹിയും സാഹിത്യ സംഘാടകനും കൂടിയാണ് കക്ഷി. അതുകൊണ്ടുതന്നെ മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ ഭാഗം എന്നു പലരും ആക്ഷേപം ഉന്നയിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ “ബിരിയാണി” എന്ന കഥയുടെയും വാങ്ക് വിളിക്കാനുള്ള റസിയ എന്ന മുസ്‌ലിം പെൺകുട്ടിയുടെ ആഗ്രഹം പറയുന്ന ആർ ഉണ്ണിയുടെ “വാങ്ക്” എന്ന കഥയയുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഈ മാഷ് പടതന്നെ പൊരുതി. ഉണ്ണിയുടെ കഥ സമകാലിക മലയാളത്തിൽ അച്ചടിച്ചു വന്ന ദിവസം തന്നെ ജാമിദ ടീച്ചർ മലപ്പുറത്ത് ‘ജുമുഅ’ക്ക് നേതൃത്വം നൽകിയത് എഴുത്തുകാരന്റെ ദീർഘ വീക്ഷണത്തിനുള്ള തെളിവാണെന്നൊക്കെ ഈ മാഷ് വെച്ചു കാച്ചി. പക്ഷെ, എൻ. പ്രഭാകരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘കളിയെഴുത്ത്’ എന്ന കഥ എഴുതിയപ്പോൾ മാഷുടെയും കളി മാറി. വർഗ്ഗസ്നേഹം ഉണർന്നു. ആവിഷ്കാര സ്വാതന്ത്ര്യമൊക്കെ ആവിയായിപ്പോയി.

അധ്യാപകര്‍ ഇത്തരം ചില ‘കളി’കള്‍ കളിക്കുന്നത് നല്ലതാണ്; എന്നാലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചില്‍ മാറുമല്ലോ

‘ക്രീഡാങ്കണം’ എന്ന സാങ്കല്‍പ്പിക രാജ്യത്ത് വിദ്യാഭ്യാസ പരിപോഷണത്തിനായി നടത്തുന്ന മൂന്ന് കളികളെക്കുറിച്ചുള്ള കഥക്കു കേരളത്തിലെ അധ്യാപക പരിശീലന പരിപാടിയായ ക്ലസ്റ്റര്‍ പരിശീലനത്തില്‍ നടക്കുന്ന ചില യഥാർഥ കളിയുമായി സാമ്യമുണ്ടെന്നു പറഞ്ഞു അധ്യാപകർ രംഗത്തെത്തി. പ്രഭാകരനെതിരെ ഭീഷണികളുണ്ടായി. അധ്യാപക പരിശീലനത്തിന്റെ ഭാഗം എന്ന നിലയിൽ ക്‌ളസ്റ്റര്‍ ക്ലാസുകളില്‍ നടക്കുന്ന കളികളിൽ പലതിന്റെയും ഉദ്ദേശ്യശുദ്ധി അത്ര നല്ലതല്ല എന്ന പരാതി പരിശീലന പരിപാടിയിൽ പങ്കെടുത്ത പല അധ്യാപികമാര്‍ക്കും ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തു. പക്ഷെ, ക്ലസ്റ്റർ മീറ്റിങ്ങിനിടെ അധ്യാപകർ നടത്തുന്ന ലൈംഗിക ചേഷ്ടകളെ കുറിച്ചുള്ള വിവരണങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടില്ലെന്നായിരുന്നു നമ്മുടെ മാഷിന്റെ ഫത്‌വ. മാഷ് പ്രകമ്പനം കൊണ്ട് ചോദിച്ചു: “ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്നു കരുതി ഇങ്ങനെയൊക്കെ കഥയില്ലായ്മ എഴുതാമോ? അധ്യാപകർ, ക്ലസ്റ്റർ പരിശീലനത്തിനിടെ നടത്തുന്ന ലൈംഗിക ലാളനകളുടെ വർണ്ണനകൾ ഫിക്ഷനിലാണെങ്കിൽ പോലും അരോചകവും അധ്യാപക സമൂഹത്തെ വലിയ രീതിയിൽ അപഹസിക്കുന്നതുമല്ലേ?”. എങ്ങനെയുണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിണാമം? അധ്യാപകരുടെ ഈ വർഗ്ഗ സ്നേഹത്തിനു മുന്നിൽ എന്തോന്ന് ആവിഷ്കാര സ്വാതന്ത്ര്യം?

അല്‍പ്പം സദാചാരഭ്രംശം ആരോപിക്കപ്പെടുമ്പോൾ പ്രബുദ്ധരായ അധ്യാപകർക്ക് ഇത്രയും ദേഷ്യം വരുമോ?

ഫാറൂഖ് കോളേജിൽ ഈയിടെ നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പി കെ യാസർ അറഫാത്ത് മാധ്യമത്തിൽ എഴുതിയ ലേഖനം വായിക്കാൻ നല്ല രസമാണ്. ആ രസം കിട്ടണമെങ്കിൽ പക്ഷെ ഇതേ മാഷ് ചുംബന സമര കാലത്ത് എഴുതിയ ലേഖനങ്ങൾ കൂടി ഒരുമിച്ചു വായിക്കണം എന്നു മാത്രം. ഫാറൂഖ് കോളേജിൽ അധ്യാപകരും മറ്റും ചേർന്ന് ഹോളി ആഘോഷിച്ച വിദ്യാർഥികളെ തല്ലിച്ചതക്കുന്നതിന്റെ വീഡിയോ എല്ലായിടത്തും പ്രചരിച്ചതാണല്ലോ. അതിന്റെ അടിസ്ഥാനത്തിൽ അധ്യാപകർ ഉൾപ്പടെയുള്ളവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പക്ഷേ ജോലി ഡല്‍ഹിയിലാണെന്നു കരുതി ഫാറൂഖിലെ മാഷന്മാരുടെ വേദന മറ്റൊരു മാഷ്ക്ക് കാണാതിരിക്കാനാകില്ലല്ലോ. അധ്യാപകരും മറ്റു സ്റ്റാഫും ചേർന്ന് തല്ലിയതിനെ ഇദ്ദേഹം നൈസായി നോൺ ടീച്ചിങ് സ്റ്റാഫിന്റെ മേൽ മാത്രം അങ്ങ് ചാർത്തിക്കൊടുത്തു. നോൺ- ടീച്ചിങ് സ്റ്റാഫ് എന്നൊക്കെ പറയുന്നത് ഈ അധ്യാപകരുടെ ഓഫീസും ലാബുമൊക്കെ അടിച്ചുതളിക്കാനും ഇവർ ബെല്ലടിക്കുമ്പോൾ കട്ടൻ ചായ വാങ്ങി കൊടുക്കാനും ഉള്ളവരാണെന്നാണാല്ലോ വെപ്പ്. അവർ ഇനിയിപ്പോ കുറച്ചു കാലം ഗോതമ്പുണ്ട തിന്നാലും ഈ സമൂഹത്തിനു ഒന്നും സംഭവിക്കാനില്ലല്ലോ. അതല്ലല്ലോ സാംസ്കാരിക പ്രവർത്തകരും ചിന്തകരുമായ അധ്യാപകരുടെ കാര്യം. തങ്ങൾ ജയിലിൽ പോകേണ്ടി വന്നാൽ സമൂഹം സ്തംഭിച്ചു പോകില്ലേ. അപ്പോൾ പിന്നെ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയൊക്കെ സ്ഥിതി എന്താകും?

അധ്യാപകര്‍ ഇത്തരം ചില ‘കളി’കള്‍ കളിക്കുന്നത് നല്ലതാണ്; എന്നാലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചില്‍ മാറുമല്ലോ

ഈ ലേഖനത്തിൽ കാര്യമായ തമാശ വേറെയാണ്. കാമുകീകാമുകന്മാരെ അടിച്ചോടിക്കുന്ന ഹിന്ദുത്വ സംഘടനകൾ, പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് കോളേജിലേക്ക് വിദ്യാർഥികളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മാർച്ച് നടത്തുേമ്പാൾ നമ്മളൊക്കെ അവരെ തമസോമ ജ്യോതിർഗമയ എന്നു പറഞ്ഞു സ്വീകരിക്കണം എന്നാണു ഈ മാഷുടെ ആഹ്വാനം. ചുംബന സമരത്തെ മുസ്‌ലിംകൾ എന്തിനു പേടിക്കണം എന്നൊക്കെ വീര വാദം മുഴക്കിയ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഫാറൂഖ് കോളേജിലെ രാജാ ഗെയ്റ്റിനടുത്ത് എത്തുമ്പോൾ അബുസ്സബാഹ് മൗലവിയും കൂട്ടുകാരും തിരഞ്ഞെടുത്ത മൂല്യങ്ങളെ കുറിച്ചാണ് ആശങ്കാകുലനാകുന്നത്. പരീക്ഷക്രമക്കേട്, സ്വാശ്രയ കോളജുകളിലെ പണക്കൊഴുപ്പിന്‍റെ വണ്ടി, നിയമ ലംഘനം, ‘ഹോളി ആേഘാഷം’ എന്ന ആഖ്യാനം എന്നൊക്കെ പറഞ്ഞാണ് ഈ മാഷ് വിദ്യാർഥികൾക്കെതിരെയുള്ള മർദ്ദനത്തെ ന്യായീകരിക്കുന്നത്. ഇങ്ങനെ ആഭാസന്മാരായ വിദ്യാർഥികൾക്ക് രണ്ടെണ്ണം കൊള്ളണ്ടേ എന്ന മട്ടിൽ. ചുംബന സമരക്കാരെ തല്ലിയോടിച്ച സദാചാര വാദികൾക്കെതിരെ ലേഖനമെഴുതിയ ഈ മാഷ്, ഫാറൂഖ് കോളേജിന്റെ ഗെയ്റ്റിനു മുന്നിലിരുന്നു അബുസ്സബാഹ് മൗലവിയുടെയും കൂട്ടുകാരുടെയും മൂല്യങ്ങളെ കുറിച്ചു പറയുമ്പോൾ കുട്ടികൾ തക്ബീർ ചൊല്ലി സ്വീകരിക്കണം എന്നാകുമോ ആഗ്രഹിച്ചിട്ടുണ്ടാകുക?

‘മുലകള്‍ വത്തക്ക പോലെ’: ചൂഴ്‌ന്നെടുക്കുന്ന വത്തക്ക അല്ല സാറേ ഇവര്‍ അല്‍ബത്തക്ക

‘കിസ് ഓഫ് ലവി’നെ ഉയര്‍ന്ന ജാതി, വര്‍ഗ പ്രതിഭാസമായി വിശേഷിപ്പിക്കുന്ന സൈദ്ധാന്തിക വായനകളും മുദ്രകുത്തലുകളും സ്വീകരിക്കാന്‍ അധികമാരും ഉണ്ടാവില്ല’ എന്നൊക്കെ ചുംബന സമര കാലത്ത് എഴുതിയതും ഇതേ ആളാണ്. ചുംബന സമരത്തെ മനസ്സിലാക്കാൻ, അതിൽ പങ്കെടുത്തവരുടെ സ്വഭാവം മനസ്സിലാക്കാൻ വർഗ്ഗ വിശകലന രീതികൾ ഒന്നും മതിയാകില്ലെന്നാണല്ലോ അപ്പറഞ്ഞതിന്റെ നേരെ ചൊവ്വേയുള്ള അർത്ഥം. പക്ഷെ ഫാറൂഖ് കോളേജിലെത്തിയപ്പോൾ കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ ക്ലാസ് അനാലിസിസ് കൂടിയേ തീരൂ എന്നായി മാഷുടെ നിലപാട്. “പണത്തിന്‍റെ ഹുങ്കിൽ തങ്ങൾക്ക് എന്തിനെയും വെല്ലുവിളിക്കാൻ പറ്റും എന്നു കരുതുന്ന ഒരു അരാഷ്ട്രീയ വിദ്യാർഥി സമൂഹത്തിന്‍റെ” വരവിന്‍റെ അടയാളമാണ് ഫാറൂഖ് കോളേജിൽ നടക്കുന്നത് എന്നായി പുതിയ നിലപാട്. ശരിയാണ്, ചുംബന സമരത്തിനു ശേഷം കല്ലായിപ്പുഴയിലൂടെ എത്ര വെള്ളമൊഴുകി. അല്ലെങ്കിലും നിലപാടുകൾ എന്നാൽ ഇരുമ്പുലക്കയൊന്നും അല്ലല്ലോ. മറൈൻ ഡ്രൈവിലെ ലെനിൻമാർക്ക് ഫാറൂഖിൽ പൂജാരിയായിക്കൂടാ എന്നൊന്നും ഇല്ലല്ലോ.

അറുത്തുമാറ്റപ്പെട്ട ആ മരച്ചില്ലകള്‍ പറയും ഫറൂഖ് കോളേജിന്റെ സത്യം

എന്റെ സംശയം ഇതാണ്. ഇനിയിപ്പോൾ ഫാറൂഖ് കോളേജിൽ ഒരു ചുംബന സമരം നടക്കുന്നു എന്നു കരുതുക. അബുസ്സബാഹ് മൗലവിയുടെ പിന്മുറക്കാർ അവരെ അടിച്ചോടിക്കുകയും ചെയ്തു എന്നു സങ്കൽപ്പിക്കുക. അപ്പോൾ ഇമ്മാതിരി പ്രൊഫസർമാർ എഴുതുന്ന ലേഖനത്തിന്റെ തലക്കെട്ട് എന്തായിരിക്കും? ആ ലേഖനം വർഗ്ഗ വിശകലനമായിരിക്കുമോ അതോ ധർമ്മ വിശകലനമായിയിരിക്കുമോ? രാജാ ഗെയ്റ്റിൽ ചുംബിക്കാനെത്തുന്ന കാമുകീ കാമുകന്മാരെ തല്ലിയോടിക്കുമ്പോൾ തമസോമാ ജ്യോതിർഗമയ ചൊല്ലണോ അതോ തക്ബീർ ചൊല്ലണോ? അതെന്തായാലും അധ്യാപക ഐക്യം നീണാൾ വാഴട്ടെ. തൊഴിൽ മേഖലയിലെ എല്ലാ പ്രതിബന്ധങ്ങളെയും ചവിട്ടിമാറ്റാനുള്ള കരുത്ത് ഈ അധ്യാപകർക്ക് എപ്പോഴും എപ്പോഴും ഉണ്ടാവുമാറാകട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രതിഷേധം ശരി, പക്ഷേ മാറു തുറക്കല്ലേ, അടയ്ക്കാന്‍ പാടാവും; നമ്മുടെ സാംസ്കാരിക നേതൃരൂപമാണെന്ന് ഓര്‍ക്കണം.

പി കെ എം അബ്ദുള്‍ റഹ്മാന്‍

പി കെ എം അബ്ദുള്‍ റഹ്മാന്‍

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍