UPDATES

വായന/സംസ്കാരം

‘ബുക്ക് ചലഞ്ച്’ ഏറ്റെടുത്ത് എംടിയും; പ്രളയത്തില്‍ പെട്ട കുട്ടികള്‍ക്കായി 15 ദിവസം കൊണ്ട് എത്തിയത് ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍

ശേഖരിക്കുന്ന പുസ്തകങ്ങള്‍ ഓരോ കുട്ടികള്‍ക്കും നേരിട്ട് സംഭാവന നല്‍കാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ധനമന്ത്രി തോമസ് ഐസക് അതിന് വെറെ ഒരു മാനം നല്‍കുകയായിരുന്നു

ഒറ്റക്ക് പലപ്പോഴും ചെയ്യാന്‍ സാധിക്കാത്തത് ഒരു കൂട്ടത്തിന് സാധിച്ചേക്കും. അത് നമ്മള്‍ ഈ പ്രളയകാലത്ത് കണ്ടതാണ്, അനുഭവിച്ചതാണ്. അതുപോലെ ചിലരുടെ ചില ആശയങ്ങള്‍ക്ക് നമ്മള്‍ ഒരുമിച്ച് പിന്തുണ നല്‍കിയപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നതും കണ്ടതാണ്. മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐടി പ്രൊഫഷണല്‍സ് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും സൈബറിടത്തില്‍ കോര്‍ഡിനേറ്റ് ചെയ്തതും, പ്രളയ മേഖലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനും, എന്തിന് നവകേരളത്തിനായ് എല്ലാ തൊഴില്‍ മേഖലയില്‍ നിന്നുള്ളവരുടെ സാമ്പത്തികസഹായം എത്തിക്കാനുമുള്ള ലളിതമെങ്കിലും ശക്തമായ ആശയങ്ങള്‍.. ഇത്തരത്തില്‍ പ്രളയാനന്തര കേരളത്തിലേക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ അസിസ്റ്റന്റ് എഡിറ്ററായ റൂബിന്‍ ഡിക്രൂസും ഒരു ആശയം അവതരിപ്പിച്ചു. ആ ചെറിയ വലിയ ചിന്ത കേരളവും കടന്നു ഇപ്പോള്‍ രാജ്യം മുഴുവനും ഏറ്റെടുക്കുകയാണ്.

പ്രളയത്തില്‍ ഉലഞ്ഞ കേരളത്തില്‍ തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ചിന്തയില്‍ നിന്ന് റൂബിന്‍ ഒരു ആശയം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പ്രളയ ബാധിത കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ഒരു പുസ്തക ശേഖരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുക. ഇതിനായി സ്വന്തം നിലയില്‍ പുസ്തക ശേഖരണം തുടങ്ങിയ റൂബിന്‍ തന്റെ സുഹൃത്തുക്കളുടെ സഹായവും സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. പിന്നീട് കണ്ടത് ‘ബുക്ക് ചലഞ്ച്’ എന്ന പുസ്തക ശേഖരണ ക്യാമ്പയിന്‍ പടര്‍ന്ന് പിടിക്കുന്ന കാഴ്ചയായിരുന്നു. ഓഗസ്റ്റ് 23-ന് സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ ക്യാംപയിനിലൂടെ എത്തിയത് ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ്. കേരള ഗവണ്‍മെന്‍റ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ വിവിധ കേന്ദ്രങ്ങളിലാണ് പുസ്തകങ്ങള്‍ ശേഖരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ വായിക്കാനുള്ള പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു പോയ കുട്ടികള്‍ക്ക് മലയാള സാഹിത്യ ലോകത്തെ പ്രമുഖരായ എംടി വാസുദേവന്‍ നായരും പി വത്സലയും തങ്ങളുടെ പുസ്തകങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. റൂബിന്‍ ഇതിനെക്കുറിച്ച് പറയുന്നത്- ‘കേരളത്തില്‍ ഇന്ന് ലഭിക്കാവുന്ന ഏറ്റവും സാര്‍ത്ഥകമായ പിന്തുണ. എംടി മലയാളത്തിന്റെ മഹാ എഴുത്തുകാരന്‍ എന്നത് ഞാന്‍ മാറ്റി വയ്ക്കുന്നു. പുസ്തകം വായിച്ചിട്ടുള്ള ആളാണ് എംടി. പുസ്തകം എന്താണെന്ന് അറിയുന്ന ആളാണ് എംടി. നാട്ടുവായനശാലകളിലെ കുട്ടിക്കാലത്തിന്റെ ഉല്പന്നമാണ് എംടി. ആ കുട്ടിക്കാലത്ത് ആ വായനശാലകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ എംടി ഇല്ല.’ എന്നാണ്. അധ്യാപകരായ വത്സല ടീച്ചറും (പി വത്സല) ഭര്‍ത്താവ് അപ്പുണ്ണി മാഷും അധ്യാപകദിനത്തിലാണ് തങ്ങളുടെ ബുക്കുകള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചത്.

കേരളത്തിന് പുറത്ത് നിന്ന് പ്രധാനമായും പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. ട്രാവിന്‍കൂര്‍ ഹൗസിലെ മലയാളം മിഷന്റെ ലൈബ്രറിയിലാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങളുടെ ശേഖരണം നടക്കുന്നത്. വ്യക്തികളും പിന്നെ അവിടുത്തെ പ്രമുഖ പബ്ലിഷേഴ്‌സും ‘ബുക്ക് ചലഞ്ച്’ ഏറ്റെടുത്ത് എത്തിയിട്ടുണ്ട്. മറ്റൊന്ന് തമിഴ്‌നാട്ടില്‍ നിന്നാണ്. പക്ഷെ അവിടെ പുസ്തകങ്ങള്‍ കളക്റ്റ് ചെയ്യാനുള്ള കാര്യങ്ങളുടെ ആലോചന നടക്കുന്നതേയുള്ളൂ. പല പബ്ലിക്കേഷന്‍സും ഇതിനായി മുമ്പോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രവാസികളുടെ പിന്തുണകളും വരുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക് ഈ വൈറലായ ബുക്ക് ചലഞ്ചിന് ഒരു നിര്‍ദ്ദേശം കൂടി പങ്കുവെച്ചു. ഈ ക്യാമ്പയിനെത്തുന്ന പുസ്തകങ്ങള്‍ ക്ലാസ് റൂം ലൈബ്രറികളിലേക്ക് എത്തിക്കുക എന്നതായിരുന്നു തോമസ് ഐസക് മുന്നോട്ട് വെച്ചത്. കാരണം പ്രളയത്തില്‍ പല സ്‌ക്കൂളുകളുടെയും ലൈബ്രറികള്‍ നശിച്ചു. കൂട്ടത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ക്ലാസ് റൂം ലൈബ്രറികളും നശിച്ചു.

തോമസ് ഐസക് വെച്ച നിര്‍ദ്ദേശം ഇതായിരുന്നു-‘പ്രളയ പ്രദേശത്തെ കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കായി പുസ്തകം സമ്മാനിക്കുന്നതിനേക്കാള്‍ ഉചിതം സ്‌കൂളുകളില്‍ ക്ലാസ് ലൈബ്രറികള്‍ സൃഷ്ടിക്കാന്‍ ഇവയെ ഉപയോഗിക്കണം എന്നതാണ്. കാരണം കൂടുതല്‍ സ്ഥായിയായ നേട്ടം സമ്മാനിക്കുക ക്ലാസ് ലൈബ്രറികള്‍ ആയിരിക്കും. ഇപ്പോള്‍ പല സ്‌കൂളുകളിലും ക്ലാസ് ലൈബ്രറികള്‍ ഉണ്ട്. ക്ലാസിലെ ഒരു കുട്ടി തന്നെ ലൈബ്രേറിയന്‍ ആയി പ്രവര്‍ത്തിക്കുന്നു. ഏതൊരു കുട്ടിക്കും പുസ്തകം എടുക്കാം വായിച്ച ശേഷം തിരിച്ചു നല്‍കാം. ഇനി വായിക്കാന്‍ എടുത്തില്ലെങ്കിലും ക്ലാസ് മുറിയിലെ ഷെല്‍ഫില്‍ ഇരിക്കുന്ന പുസ്തകങ്ങള്‍ ഒന്ന് എടുത്തു മറിച്ച് നോക്കാനെങ്കിലും ഭൂരിപക്ഷവും തയ്യാറാവും. ഇങ്ങനെ ഒരു ലഘു ഗ്രന്ഥ ശേഖരം കുട്ടികള്‍ക്കായി ഒരുക്കിയാല്‍ മാത്രം പോര, അവ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള അഭ്യാസങ്ങള്‍ക്കും രൂപം നല്‍കാം. കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങള്‍ സംബന്ധിച്ച് സൂക്ഷിക്കേണ്ടുന്ന ഡയറി, വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച ആസ്വാദന കുറിപ്പുകള്‍ പുസ്തകങ്ങള്‍ സംബന്ധിച്ച ചര്‍ച്ച തുടങ്ങി ഒട്ടേറെ അഭ്യാസങ്ങള്‍ക്ക് രൂപം നല്‍കാം. ചുരുക്കത്തില്‍ ക്ലാസ് മുറി ലൈബ്രറി വെറുമൊരു ഗ്രന്ഥ ശേഖരം ആവരുത്, വായന ശീലത്തെ മാത്രമല്ല, ആസ്വാദക-സംവാദക കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഉപാധി കൂടിയാണ്. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നവരില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരെ ഇത്തരത്തിലുള്ള പരീക്ഷണങ്ങളുടെ മെന്റര്‍മാരായി പങ്കാളികളാക്കാനും കഴിയണം.’

ബുക്ക് ചലഞ്ചിനെ കുറിച്ച് റൂബിന്‍ അഴിമുഖത്തോട്; ‘ശേഖരിക്കുന്ന പുസ്തകങ്ങള്‍ ഓരോ കുട്ടികള്‍ക്കും നേരിട്ട് സംഭാവന നല്‍കാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ധനമന്ത്രി തോമസ് ഐസക് അതിന് വെറെ ഒരു മാനം നല്‍കുകയായിരുന്നു. ഈ ക്യാമ്പയിനൊപ്പം ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകം എത്തിക്കുക എന്ന ആശയമാണ് തോമസ് ഐസക് മുന്നോട്ട് വെച്ചത്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന സമയത്ത് ക്ലാസ് മുറി വായനശാല എന്ന ആശയം അവതരിപ്പിച്ചിരുന്നു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ അത് നടപ്പില്‍ വരുത്താന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ തോമസ് ഐസക് തുക മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഓരോ കുട്ടികള്‍ക്കും പുസ്തകം നല്‍കുന്നതിനേക്കാള്‍ നല്ലത് ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകം എത്തിക്കാം എന്ന് കരുതിയത്.

എല്ലാ സമൂഹത്തിലും ചെറിയ ശതമാനമാണെങ്കിലും വായന ഗൗരവമായിട്ട് എടുക്കുന്ന കുട്ടികളുണ്ട്. ആ കുട്ടികള്‍ക്ക് വായന മുമ്പോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ടായാല്‍ പിന്നെ അവര്‍ അതിന് മടിക്കും. അതുകൊണ്ട് വായന ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പുസ്തകം എത്തിച്ച് നല്‍കാനായി ഒരു ശ്രമം നടത്തി നോക്കിയത്. പുസ്തക ശേഖരണം എന്നാശയം പങ്കുവയ്ക്കുമ്പോള്‍ അയ്യായിരം പുസ്തകങ്ങളൊക്കെ മാത്രമെ പ്രതീക്ഷിച്ചിരുന്നുള്ളൂ. കേരളത്തിലെ പ്രളയബാധിത മേഖലയില്‍ ആറുലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് അറിഞ്ഞത്. അതില്‍ ഒരു ലക്ഷത്തോളം പേരായിരിക്കും പുസ്തകവായന ഒക്കെയുള്ളവര്‍ എന്നാണ് എന്റെ ഒരു നിഗമനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിച്ചതിലും പുസ്തകങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ കണക്കാക്കിയിട്ടുള്ള ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് ഓരോ ബുക്ക് വീതം വെച്ച് കൊടുക്കാനുള്ളതായി. പക്ഷെ നേരിട്ട് കൊടുക്കുന്നതിലും നല്ലത് ക്ലാസ് റൂം ലൈബ്രറികളിലൂടെ പുസ്തകങ്ങള്‍ കുട്ടികളില്‍ എത്തിക്കുകയാണ് നല്ലതെന്ന് കരുതുന്നു.

സുഹൃത്തുകള്‍ക്ക് അയച്ച പുസ്തക ശേഖരണ അഭ്യര്‍ത്ഥന കേരളത്തിലെ മുഴുവന്‍ പുസ്തക വായനക്കാരിലേക്ക് എത്തിയതാണ് ഈ ക്യാമ്പയിന്റെ വളര്‍ച്ചയ്ക്ക് കാരണം. അവര്‍ക്ക് അത് മനസ്സസിലായി. പുസ്തക വായനക്കാരനായ ഒരു കുട്ടിക്ക്, കുറെ നാളത്തേക്കെങ്കിലും അതിന് കഴിയാത്ത ഒരു അവസ്ഥയുടെ ഗൌരവം അവര്‍ മനസ്സിലാക്കി. അവരില്‍ നിന്ന് ഇത് പലയിടത്തേക്കും എത്തി. അതാണ് ഈ ക്യാമ്പയിന്‍ ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രത്തോളം ആളുകളിലേക്ക് എത്തുന്നതിലേക്ക് ഇടയാക്കിയത്.’

മലയാളികളുള്‍പ്പടെ പല എഴുത്തുകാരും പ്രസിദ്ധീകരണശാലകളും തങ്ങളുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ പുസ്തകങ്ങള്‍ സംഭാവന ചെയ്തു. പല മേഖലകളിലെ പ്രമുഖരും ബുക്ക് ചലഞ്ചിന് പിന്തുണ നല്‍കി. കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ ശേഖരണത്തിന് ഇത്രക്ക് പിന്തുണ ലഭിക്കാന്‍ ഇടയാക്കിത് കേരളത്തിലെ പുസ്തകപ്രേമികള്‍ ഇത് ഏറ്റെടുത്തതുകൊണ്ടാണ്. ആബാലവൃദ്ധം ജനങ്ങള്‍ പങ്കുചേര്‍ന്നപ്പോഴാണ് കേരളത്തിലേക്ക് പുസ്തകങ്ങളുടെ പ്രവാഹത്തിന് ശക്തി കൂടിയത്. ഇത് ഒരു പുസ്തക ശേഖരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ബുക്ക് ചലഞ്ച് എന്ന ആശയം അവസാനത്തേതല്ല, കേരളത്തെ ഒരുമിച്ച് നിന്ന് പുനര്‍നിര്‍മ്മിക്കാന്‍ ഒരായിരം ആശയങ്ങള്‍ വേണം.. അത് ഏറ്റെടുക്കാന്‍ ഒരായിരം കൈകള്‍ വേണം..

ബുക്ക് ചലഞ്ചില്‍ സംഭാവന ചെയ്ത പുസ്തകങ്ങള്‍

പുസ്തകങ്ങൾ ശേഖരിക്കുന്ന ബുക്ക് മാർക്ക് ശാഖകളുടെ വിലാസം താഴെ കൊടുക്കുന്നു. തപാലിലയക്കുന്നവർ ബുക്ക് മാർക്കിൻറെ തിരുവനന്തപുരം ഓഫീസിലേക്കയക്കണം.

KERALA STATE BOOK MARK (Govt. of Kerala , Cultural Affairs Department )
Central Archives Building, Punnapuram, Fort P.O., Thiruvananthapuram – 695 023 E-mail: [email protected], Ph No: 0471 – 2473921, 2467536

മറ്റു ജില്ലകളിൽ താഴെപ്പറയുന്ന ഷോപ്പുകളിൽ ഏല്പിക്കാം.
BRANCH ADDRESS & PHONE NUMBERS
1. V.J.T Hall Compound, Trivandrum.- 695034 0471-2453822

കൊല്ലത്ത് 7559948829 (രാഹുൽ) എന്ന നമ്പറിൽ വിളിച്ച് മൊബൈൽ ബുക്ക് ഷോപ്പിൽ നല്കാം.

2. Municipal Bus Stand, Thiruvalla.- 689101 0469-2633338
3. ONK Junction, ONK Building, Kayamkulam- 690502 0479-2443007
4. Cullan Road, Vazhicheri, Alapuzha- 688001 0477-2245105
5. Thirunakkara, Kottayam.- 686001 0481-2565774
6. Archanapadi, Pvt. Bus Stand Thodupuzha- 68558 0486-2220571
7. Near Pvt.Bus Stand, Kattappana-685508 9446418284
8. Revenue Tower, Room No.B-11, Near Boat Jetty, Ernakulam- 682011 0484-2374913
9. Sakthan Arcade, Near NBS, Thrissur.- 680001 0487-2422204
10. പാലക്കാട് പുസ്തകങ്ങൾ നല്കാനുള്ളവർ പ്രശാന്ത് 8547333606, ബിന്ദു- 9496519049 എന്നിവരെ വിളിച്ച് മൊബൈൽ ബുക്ക് ഷോപ്പിൽ നല്കാം.
11. Metro Square, Pandikkadu Road, Manjery.- 676121 8606076050

12. Noor Complex, Mavoor Road, Kozhikkodu.- 673004 0495-2720514 കോഴിക്കോടെ ഈ ഷോപ്പിൽ വെള്ളം കയറിയ പ്രശ്നം പരിഹരിച്ച് ഷോപ്പ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

13. Municipal Bus Stand, S. Batheri. – 673592 0493-6220159
14. Municipal Bus Stand, Kannur. – 670001 0497-2700490

കാസർകോട് പുസ്തകം നല്കാനുള്ളവർ 9497422620 എന്ന നമ്പരിൽ വിളിച്ച് എത്തിക്കണം.

*ചിത്രങ്ങള്‍- റൂബിന്‍ ഡിക്രൂസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍