UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിവ് ഇന്‍ ബന്ധം: പുരുഷന്റെ ചതികള്‍ക്ക് കോടതി കൊടുത്ത മുട്ടന്‍ പണി

ഏതോ ബുദ്ധിയുള്ള പുരുഷന്റെ ചതിപ്രയോഗമാണ് Live-in relation എന്ന ആശയം. അത് പുരുഷനും സ്ത്രീയ്ക്കും തുല്യസ്വാതന്ത്ര്യവും അവകാശവും ഉറപ്പുവരുത്തുന്നു എന്നും ആ ബന്ധത്തിന്റെ അടിസ്ഥാനം നിയമക്കുരുക്കോ സാമൂഹിക കെട്ടുപാടോ അല്ല; പരസ്പര വിശ്വാസവും ബഹുമാനവുമാണെന്നൊക്കെ ബുദ്ധിയുള്ള ആ പുരുഷന്‍ പറഞ്ഞു.

 

ബുദ്ധി കുറഞ്ഞ സ്ത്രീ (അല്ലെങ്കില്‍ പുരുഷന്റെ വക്രബുദ്ധി തിരിച്ചറിയാനുള്ള ബുദ്ധിയില്ലാത്ത ചില സ്ത്രീകള്‍) ആ വാക്കുകളെ മോചനത്തിന്‌റെ സംഗീതമായി കണ്ടു. അങ്ങനെയാകണം Live-in  ബന്ധം വിവാഹമെന്ന ആജീവനാന്ത ചതിക്കുഴിയുടെ ഓരത്തായി മോക്ഷത്തിന്റെ കവാടമായി കാണപ്പെട്ടത്.

 

വിവാഹം – നിയമപരമായ വിവാഹം – ധാരാളം ബുദ്ധിമുട്ടുകള്‍ പുരുഷനു നല്‍കുന്നുണ്ട്. അതില്‍ പ്രധാനം വിവാഹമോചനം എന്ന അറപ്പുളവാക്കുന്ന പീഡനവും തനിയ്ക്കു വേണ്ടാതായ ഭാര്യയ്ക്കും കുട്ടിയ്ക്കും ആജീവനാന്ത ചിലവിനുകൊടുക്കണം എന്ന ‘തലതിരിഞ്ഞ’ നിയമവുമാണ്. രണ്ടുകൊല്ലത്തെ ദാമ്പത്യവും ഒരു കുട്ടിയും – അതു രണ്ടും ഉപേക്ഷിച്ചശേഷവും – ജീവിതാവസാനം വരെയുള്ള ബാദ്ധ്യതയായിത്തീരുന്നത്, വാസ്തവത്തില്‍, ഒരു കാട്ടുനീതിയാണ്. എന്തു ചെയ്യാം? നാട്ടിലെ നിയമങ്ങളൊക്കെ സ്ത്രീയ്ക്കനുകൂലമാണ്. 

 

ഇത്തരം ചിന്തകളില്‍ നിന്നാണ് പുരുഷന്‍ live-in relation എന്ന ന്യൂജനറേഷന്‍ സാധനം തട്ടിക്കൂട്ടിയത്. live-in  ല്‍ ആകുമ്പോള്‍ ബാധ്യത ഒന്നും ഇല്ല. ഏതു നിമിഷവും പൊടിയും തട്ടിപ്പോകാം. ആരും ചോദിയ്ക്കാനും പറയാനും ഇല്ല. ആരെയും ഒന്നും ബോധ്യപ്പെടുത്താനും ഇല്ല. ഒന്നു മതിയാകുമ്പോള്‍ മറ്റൊന്ന്. 

 

ഒരു ബാദ്ധ്യതയും ഇല്ലെങ്കിലും വിവാഹത്തിന്റെ എല്ലാ മര്‍മ്മപ്രധാന കാര്യങ്ങളും live-in relation-ല്‍ ഉണ്ടുതാനും. മര്‍മ്മപ്രധാനമെന്നു പറഞ്ഞാല്‍ ഇഷ്ടമുള്ളപ്പോഴൊക്കെ ലൈംഗിക ബന്ധം പുലര്‍ത്താനുള്ള അവകാശം എന്നാണര്‍ത്ഥം. ബാക്കിയുള്ളതൊക്കെ, വിവാഹത്തില്‍ പോലും, ഒരു പൊടിപ്പും തൊങ്ങലുമാണ്. ഭാര്യയോ ഭര്‍ത്താവോ ലൈംഗികബന്ധത്തിനു തയ്യാറാകാതെ അകന്നു മാറിനിന്നുകഴിഞ്ഞാല്‍, അങ്ങനെ മാറിനില്‍ക്കുന്ന വ്യക്തിയെ കോടതിയുടെ സഹായത്തോടെ വിളിച്ചുവരുത്തുവാനും ഒപ്പം ജീവിയ്ക്കാനും ലൈംഗികബന്ധം നടത്തുവാനുമുള്ള നിയമപരമായ അവകാശമാണ് Reastitution of Conjugal Rights.  കോടതി നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ ശിക്ഷയില്ല. പക്ഷെ, അത് വിവാഹമോചനത്തിന്  ഏറ്റവും സുഗമമായ വഴിയൊരുക്കും.

 

ഇതൊക്കെയാണെങ്കിലും എന്തിനാണ് വിവാഹം കഴിയ്ക്കുന്നത് എന്നു ചോദിച്ചാല്‍ ഒരാള്‍ പോലും പറയില്ല, അത് സാമൂഹിക അംഗീകാരമുള്ള, യഥേഷ്ടമുള്ള, ലൈംഗികബന്ധത്തിനാണെന്ന്. സംസ്‌കാരചിത്തര്‍ അങ്ങനെയേ പറയാവൂ.

 

സംസ്‌കാര ചിത്തര്‍ നടത്തുന്ന സംസ്‌കാര നിര്‍ഭരമായ വിവാഹം എന്താണെന്നു നോക്കാം. മൊബൈലും ഇ-മെയിലും വരുന്നതിനു മുമ്പ് വരന്‍ വന്നു പെണ്ണുകാണും. പെണ്ണുകാണുകയെന്നാല്‍ അവളുടെ ശരീരം അവള്‍ വസ്ത്രം ധരിച്ചുകൊണ്ട് കണ്ട് ഒരു വിലയിരുത്തല്‍ നടത്തുക എന്നാണര്‍ത്ഥം. ഒറ്റനോട്ടത്തില്‍ തന്നെ അതെത്ര തുളച്ചുകയറുന്നതാണെന്ന് ഒരിക്കലെങ്കിലും അത്തരമൊരു പ്രദര്‍ശനത്തിനു നിന്നുകൊടുത്തിട്ടുള്ള സ്ത്രീയ്ക്ക് ബോധ്യമാകും.

 

പുരുഷനു ബോധ്യമായാല്‍ അടുത്ത ചടങ്ങുകള്‍ തുടങ്ങുകയായി. അത് പെണ്ണിന്റേയും ആണിന്റേയും വീട്ടുകാര്‍ തമ്മില്‍ നടത്തുന്ന വിലപേശലാണ്. കാളക്കച്ചവടമാണ്. കച്ചവടമാണ് പ്രധാനം. അതുകൊണ്ടുതന്നെ അതു കബൂലായില്ലെങ്കില്‍, പയ്യനു പെണ്ണിന്റെ ശരീരം ഇഷ്ടമായാല്‍ പോലും, കല്യാണം വേണ്ട എന്ന് മാതാപിതാക്കള്‍ തീരുമാനിയ്ക്കും. ഒരു കടയിലെ സാധനം ഇഷ്ടമായില്ലെങ്കില്‍ അടുത്ത കടയില്‍ കയറുന്ന ലാഘവത്തോടെ പുരുഷന്‍ അടുത്ത പെണ്ണുകാണലിന് തയ്യാറാകുന്നു.

 

വിദേശത്ത് ജോലിചെയ്യുന്ന മകന് ഒരു മാസത്തെ അവധിക്കാലത്തിനുള്ളില്‍ത്തന്നെ കല്യാണം തരപ്പെടുത്താന്‍ മകനെ പെണ്ണുകാണല്‍ ഘോഷയാത്രയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന എത്രയോ മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടില്‍.

 

എല്ലാ കാര്യങ്ങളും ഒത്തുവന്നാല്‍ പിന്നെ കല്യാണം. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ന്യൂജനറേഷന്‍ സിനിമയില്‍ പറയുന്നതുപോലെയാണെങ്കില്‍ ”ആദ്യം മാംഗല്യം; പിന്നെ ജീവിതം… ഡും… ഡുണൊക്കെ… ഡും….” ഈ ജീവിതമെന്നൊക്കെ പറഞ്ഞാല്‍ സെക്‌സ് എന്നാണര്‍ത്ഥമാക്കുന്നത്. അതങ്ങനെ അങ്ങു പറയുന്നില്ല എന്നേയുള്ളു. സംസ്‌കാരചിത്തര്‍ അങ്ങനെയാണ്. ന്യൂജെന്‍ ആണെങ്കിലും പഴംതലമുറയാണെങ്കിലും.

 

അപരിചിതര്‍ തമ്മില്‍ ലൈംഗികബന്ധം പാടില്ല എന്ന് എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാടുനീളെ പരസ്യബോര്‍ഡുകള്‍ കാണാമെങ്കിലും, യഥാര്‍ത്ഥത്തില്‍ അപരിചിതര്‍ തമ്മിലുള്ള ലൈംഗികബന്ധം നടക്കുന്നത് വിവാഹിതര്‍ തമ്മിലുള്ള ആദ്യരാത്രിയിലാണ്. അതാണ് സംസ്‌കാരസമ്പന്നരും കവികളും വാഴ്ത്തുന്ന മധുവിധുരാത്രി. ചില ദമ്പതികള്‍ അതിനുശേഷം പരിചയപ്പെടാനും പരസ്പരം മനസ്സിലാക്കാനും ശ്രമിയ്ക്കുന്നു. ചിലര്‍ അത്തരം പ്രവര്‍ത്തികള്‍ക്ക് ഒരിക്കലും മുതിരുന്നതേയില്ല. ചിലര്‍ ആ രാത്രിയിലാണ് തങ്ങളുടെ ലൈംഗികപങ്കാളിയ്ക്ക്  ലൈംഗികശേഷിയില്ല എന്നു പോലും മനസ്സിലാക്കുന്നത്. പയ്യന്റെയും പെണ്ണിന്റെയും മാതാപിതാക്കള്‍ ആഘോഷപൂര്‍വ്വം നടത്തുന്ന ഒരു കൂട്ടിക്കൊടുക്കല്‍ (പിമ്പിംഗ്) ആണ്, ഒരര്‍ത്ഥത്തില്‍ വിവാഹം.

 

ഏതായാലും, അതിനൊക്കെ മുമ്പുതന്നെ കല്യാണത്തിന്റെ പേരില്‍ കച്ചവടം നടത്തിയവരും സദ്യയുണ്ടവരുമൊക്കെ പോയിരിക്കും. പിന്നെയുള്ളത് വിവാഹം കഴിച്ച പെണ്ണും പുരുഷനുമാണ്. ചിലര്‍ അത് വലിച്ചെറിയും. ചിലര്‍ അതിനു പുറത്തുപോകും. ചിലര്‍ അതു കൊണ്ടുനടക്കും.  പിന്നെ അവര്‍ക്കു മക്കളാകും. അവര്‍ മാതാപിതാക്കളാകും. മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അവരുടെ മാതാപിതാക്കള്‍ നടത്തിയ അതേ പിമ്പിംഗ് നടത്തുന്നു. സമൂഹം സദ്യ ഉണ്ടു മടങ്ങുന്നു. അപരിചിതര്‍ തമ്മിലുള്ള ലൈംഗികബന്ധം വീണ്ടും തുടരുന്നു. അപരിചിതര്‍, അപരിചിതരായോ, പരിചയക്കാരായോ, ലൈംഗികബന്ധം പുലര്‍ത്തി, കുട്ടികളെ ഉണ്ടാക്കി, വീണ്ടും നാറാണത്തു ഭ്രാന്തന്റെ അതേ കല്ലുരുട്ടി കയറ്റുന്ന പുണ്യപുരാണ പവിത്രകര്‍മ്മം തുടരുന്നു.

 

പത്മവ്യൂഹത്തില്‍ നിന്നു പുറത്തു കടക്കുക എളുപ്പമല്ല. പ്രത്യേകിച്ചും, മാരകമായ മുറിവുകളില്ലാതെ. അങ്ങനെയാണ് വിവാഹമോചനരംഗങ്ങള്‍ പരസ്പരം ചെളിവാരിയെറിയാനും ഇല്ലാക്കഥകള്‍ പോലും സത്യമാണെന്ന് കോടതിയെ ബോധിപ്പിയ്ക്കാനുമുള്ള അശ്ലീലകഥകളായി മാറുന്നത്.

 

Live-in  ഇതിനൊക്കെയുള്ള മറുപടിയാണെന്നാണ് പലരും കരുതിയത്. അവിടെ പിമ്പിംഗ് നടത്താന്‍ മാതാപിതാക്കള്‍ വേണ്ട. ഒക്കെ നേരിട്ടാവാം. വിവാഹം വേണ്ട. സദ്യയും കൊടുക്കേണ്ട. രണ്ടാള്‍ക്കും പരസ്പരം മനസ്സിലാക്കാം. ബഹുമാനിക്കാം. രണ്ടാള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം. പരസ്പരം  മനസ്സിലാക്കി, ബഹുമാനിച്ച്, സ്‌നേഹിച്ച്, കാമിച്ച് ജീവിക്കുമ്പോഴും ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും സ്വതന്ത്രമാകണമെന്നു തോന്നിയാല്‍ പങ്കാളിയോട് സലാം പറഞ്ഞ് പറന്നുയരാം. മറ്റൊരിടത്ത് പറന്നിറങ്ങാം. ചിറകുകളില്‍ വേറെ ഭാരമൊന്നുമില്ല. മനസ്സിലെ ഭാരം പറയുന്നയരുന്നതുവരെ മതി. പിന്നെ, പറന്നിറങ്ങാനുള്ള ചിന്തയില്‍ മനസ്സിനെ  വ്യാപരിപ്പിയ്ക്കണം. പുതിയ മേച്ചില്‍പ്പുറം പഴയതിനേക്കാള്‍ നല്ലതാവണമല്ലോ. അതാണല്ലോ cost-benefit analysis പറയുന്നത്.

 

എത്ര സുന്ദരമായ സങ്കല്‍പം. ഒരുവന്‍ മറ്റൊരുവന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലമെന്നും നിങ്ങള്‍ നിങ്ങളെപ്പോലെ നിങ്ങളുടെ അയല്‍ക്കാരനേയും സനേഹിക്കുക എന്നുമൊക്കെയുള്ള സങ്കീര്‍ത്തനങ്ങള്‍ പോലെ അത്യധികം ദീപ്തവും സുന്ദരവുമായ live-in relation.  മധുരമനോഹര മനോജ്ഞ ചൈനപോലെ!

 

പക്ഷെ, ഒരാളും മറ്റൊരാളുടെ ശബ്ദം സംഗീതം പോലെ ആസ്വദിച്ചില്ല. ഒരാളെ കൊല്ലാന്‍ ഒരു വെട്ടുതന്നെ ധാരാളം എന്നിരിയ്‌ക്കെ, 51 വെട്ടുകള്‍ വെട്ടി. ഒരാളും തന്റെ അയല്‍ക്കാരനെ സ്‌നേഹിച്ചില്ല. അയല്‍പക്കത്തെ മാവിന്റെ പഴുത്ത ഇല തന്റെ പറമ്പില്‍ വീണതിനെച്ചൊല്ലിയും അയല്‍പക്കത്തെ കെട്ടിടം തന്റെ വീട്ടിലേക്കുള്ള വെളിച്ചം കുറയ്ക്കുന്നു എന്നൊക്കെ പറഞ്ഞ് അയല്‍വാസികള്‍ പരസ്പരം കലഹിച്ചു. കലഹം തലമുറകളിലേയ്ക്കു പകര്‍ന്നുകൊടുത്തു. സ്വാതന്ത്ര്യം  നരകത്തിലേക്കുള്ള വഴിയാണെന്നും പരസ്പര വിശ്വാസം പരസ്പരം വഞ്ചിക്കാനുള്ള മന്ത്രമാണെന്നും പരസ്പരബഹുമാനം പരസ്പരം നിന്ദിക്കാനുള്ള ലൈസന്‍സാണെന്നും live-in ദമ്പതികള്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ തള്ളിക്കളഞ്ഞ പഴയ രീതിയിലുള്ള വിവാഹത്തില്‍ ഉള്ള സുരക്ഷിതത്വം പോലും live-in relation ല്‍ ഇല്ല എന്നത് സ്വാതന്ത്ര്യം കൊതിച്ചെത്തിയ സ്ത്രീകള്‍  തിരിച്ചറിഞ്ഞത് അപ്പോഴാണ്. എരിചട്ടിയില്‍ നിന്ന് തങ്ങള്‍ ചാടിയെത്തിയത് വറതീയിലാണെന്ന് അപ്പോള്‍ മാത്രമാണ് സ്ത്രീകള്‍ തിരിച്ചറിഞ്ഞത്.

 

അത് എപ്പോഴും അങ്ങനെയാണ്. അത് അധികാരമുള്ളവനും അധികാരം നിഷേധിക്കപ്പെട്ടവനും തമ്മില്‍ അധികാരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ പരിസമാപ്തിയാണ്. ലോകത്ത് ഒരു ബന്ധത്തിലും തുല്യതയില്ല. തുല്യനീതിയും ഇല്ല. തുല്യത എന്നത് നമ്മള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ആശയമാണ്. കാരണം അങ്ങനെ ഒന്ന് നമ്മള്‍ കണ്ടിട്ടില്ല. അനുഭവിച്ചിട്ടില്ല. കേട്ടറിഞ്ഞിട്ടില്ല. പിന്നെയുള്ളത് ചൂഷണമാണ്. ഒരാള്‍ മറ്റൊരാളെ.

 

ദീര്‍ഘനാളായി അധികാരം കൈയ്യാളിപ്പോരുന്ന പുരുഷന്‍ നിയമത്തിന്റെ സഹായത്തോടെ ഒപ്പമെത്താന്‍ ശ്രമിച്ച സ്ത്രീയെ സ്വാതന്ത്ര്യത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും പേരില്‍  തകര്‍ത്തെറിയാന്‍ പാകത്തില്‍ നെയ്‌തെടുത്തതായിരുന്നു live-in relation. കാരണം, അസമത്വമുള്ള രണ്ടുപേര്‍ക്കിടയില്‍ ഒരിയ്ക്കലും സ്വാതന്ത്ര്യവും തുല്യതയും ഉണ്ടാകില്ല. live-in-ലെ സ്ത്രീ പഴയ കുടുംബത്തിലെ സ്ത്രീയേക്കാള്‍ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലില്‍ നിന്ന് രക്ഷനേടാന്‍ അവള്‍ വീണ്ടും ആശ്രയിച്ചത് അവള്‍ തട്ടിത്തെറിപ്പിച്ച നിയമത്തെത്തന്നെയായിരുന്നു. അങ്ങനെയാണ് live-in realation-ലെ ഇരകളായ സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. അതിനെ തുടര്‍ന്നാണ് നിയമനിര്‍മ്മാണ സഭ പാസ്സാക്കിയ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ നിയമാനുസൃതമല്ലാതെ നടന്ന live-in relation- ലെ സ്ത്രീയ്ക്ക് നിയമപരിരക്ഷ കിട്ടിയത്.

 

നിലവില്‍ live-in relation-നെ അംഗീകരിച്ചുകൊണ്ടുള്ള വ്യക്തമായ നിയമങ്ങള്‍ ഇന്ത്യയില്‍ ഇല്ല. 1955 ലെ ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ച് live-in ന് നിയമസാധുതയില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, 1954 അനുസരിച്ചും അങ്ങനെയൊരു ബന്ധത്തിന് നിയമസാധുതയില്ല. പക്ഷെ, പരാതിയുമായി കോടതിയെ സമീപിച്ച സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ബാധ്യത കോടതിക്കുണ്ട്. പ്രത്യേകിച്ചും സുപ്രീം കോടതിക്ക്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മ്മാണത്തിനുള്ള അവകാശം തന്നെ സുപ്രീം കോടതിക്കുണ്ട്.

 

Live-in relationship-ല്‍ ജീവിയ്ക്കുന്ന സ്ത്രീക്ക് നിയമപരമായി വിവാഹിതയായ ഒരു സ്ത്രീയുടെ എല്ലാ അവകാശങ്ങളും ഉണ്ട് എന്ന് സുപ്രീംകോടതി 2010-ല്‍ വിധിച്ചു. ഗാര്‍ഹിക പീഢന നിരോധന നിയമത്തിന്റെ 2 (എഫ്) വകുപ്പനുസരിച്ച് ഒരു പുരുഷനോടൊപ്പം വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് 2013-ല്‍ സുപ്രീംകോടതി വ്യക്തമാക്കി. നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ live-in relationship-നെ വ്യാഖ്യാനിയ്ക്കാന്‍ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചെറിയ, താല്‍ക്കാലിക ബന്ധങ്ങളെ വിവാഹത്തിന്റെ പുറത്തുതന്നെ വെപ്പാട്ടി ബന്ധമായി നിലനിര്‍ത്തിയ സുപ്രീംകോടതി, സാമാന്യം ദീര്‍ഘമായ ഒരു കാലയളവില്‍ ഒരുമിച്ചു ജീവിയ്ക്കുകയും അങ്ങനെ ജീവിയ്ക്കുകയാണെന്ന് സമൂഹത്തിനു ബോധ്യമാകും വിധം ജീവിയ്ക്കുകയും പങ്കാളികള്‍ ചുമതലയും ഉത്തരവാദിത്വവും പങ്കിടുകയും ആ ബന്ധത്തില്‍ കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ അത് live-in relationship  ആണെന്നും അത് വിവാഹബന്ധത്തിനു തുല്യമായി പരിഗണിയ്ക്കപ്പെടേണ്ടതാണെന്നും 2014- ല്‍ വിധിച്ചു.

 

ഈ വിധി ന്യായങ്ങളിലൂടെ കോടതി, പുരുഷന്‍ സ്ത്രീയ്ക്കായി ഒരുക്കിയ ചതിക്കുഴിയില്‍ അവനെത്തന്നെ കൊണ്ടുമൂടുകയായിരുന്നു. അതില്‍ അവസാനത്തെ കോരുമണ്ണാണ് 2015 ഏപ്രില്‍ 13ലെ വിധിന്യായത്തിലൂടെ സുപ്രീംകോടതി ഇട്ടിരിക്കുന്നത്. ജസ്റ്റിസ് എം.വൈ.ഇക്ബാലിന്റെയും അമിതാവ് റോയിയുടെയും ബഞ്ച് live-in relationshipലെ സ്ത്രീക്ക് ഭാര്യയുടെ എല്ലാ അവകാശങ്ങളും  ഉണ്ടെന്നും അയാളുടെ മരണത്തെ തുടര്‍ന്ന് അയാളുടെ സ്വത്തിന്മേല്‍ അവകാശമുണ്ടെന്നും വിധിച്ചു. അതോടെ എല്ലാം പൂര്‍ത്തിയായി.

 

സ്വാതന്ത്ര്യത്തിന്റെ മിഠായി കാണിച്ച് സ്ത്രീയെ വശത്താക്കാനും ഉപയോഗം കഴിയുമ്പോള്‍ അതേ സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് സ്ത്രീയെ ഉപേക്ഷിക്കാനും ഉതകും വിധം ന്യൂജനറേഷന്‍ പുരുഷന്‍ വികസിപ്പിച്ചെടുത്ത live-in relationship  ന്റെ ശവമടക്ക് കഴിഞ്ഞു.

 

live-in relationship അവസാനിപ്പിയ്ക്കാന്‍ വിവാഹമോചന പ്രക്രിയ വേണം എന്നുകൂടി കോടതി വിധിച്ചുകൂടായ്കയില്ല. അതിനിനി എത്രനാള്‍? അതിനിടയ്ക്ക് പുരുഷന്‍ പുതിയ ഒരു ആശയവുമായി വരും. അന്നും, പുരുഷനെ മനസ്സിലാക്കാത്ത – അധികാരം മനസ്സിലാക്കാത്ത – സ്ത്രീ പുരുഷന്റെ വലയില്‍ വീഴും. പിന്നെ, ആ കുരുക്കില്‍ നിന്ന് കുതറി രക്ഷപ്പെടാനുള്ള പെടാപ്പാടുകള്‍. വീണ്ടും വീണ്ടും വലകള്‍. ചതിക്കുഴികള്‍. നാറാണത്ത് ഭ്രാന്തന്റെ കഥകള്‍ നമുക്കൊപ്പം നീളുന്നു. നമ്മുടെ കഥകളായി മാറുന്നു. നമ്മളായി മാറുന്നു. പക്ഷെ, നമ്മളത് ഒരിക്കലും അറിയുന്നില്ല. അതാണ്  സംസ്‌കാരത്തിന്റെ ആത്മാവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍