UPDATES

ട്രെന്‍ഡിങ്ങ്

മുഴുവന്‍ വാഹനസര്‍വീസുകളും എത്രയും വേഗം പുനരാരംഭിക്കണം; സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി

പെരിയ കല്ലോട്ടെ കൃപേഷ് (19), ജോഷിയെന്ന ശരത്ത് ലാല്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് എഴരയോടെയായിരുന്നും സംഭവം.

മുഴുവന്‍ വാഹനസര്‍വീസുകളും എത്രയും വേഗം പുനരാരംഭിക്കണമെന്നും സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി


ഹര്‍ത്താലില്‍ പലയിടങ്ങളിലും കല്ലേറും വഴിതടയലും. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുകയും വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.

തിരുവനന്തപുരം കല്ലറയില്‍ കട അടപ്പിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്.

കൊല്ലം ചിന്നക്കടയില്‍ ബസുകളില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു.

കൊച്ചിയില്‍ വ്യാപാരികളുമായി തര്‍ക്കമുണ്ടായി.

ഇടുക്കി രാജാക്കാടില്‍ കടകള്‍ അടപ്പിക്കുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായി.

തൃശ്ശൂര്‍ ഗുരുവായൂരില്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ക്കും അയല്‍സംസ്ഥാന ബസുകള്‍ക്കും നേരെ അക്രമം.

മലപ്പുറത്ത് വാഹങ്ങള്‍ തടഞ്ഞു.

കോഴിക്കോട് വ്യാപാരി സംഘടനകളുമായി സംഘര്‍ഷമുണ്ടായി.

 


അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടായാല്‍ മാത്രമെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഊരിയ വാള്‍ ഉറയിലിടൂവെന്നാണ് എന്റെ വിശ്വാസം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തിയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ്് പാര്‍ട്ടിക്ക് കനത്ത തിരിച്ചിടി ഉണ്ടായാല്‍ മാത്രമെ കേരളം രക്ഷപ്പെടൂ, കേരളത്തില്‍ സമാധാനം പുനസ്ഥാപിക്കൂ.. രാഷട്രീയ കൊലപാതകം അവസാനിക്കൂ. മാധ്യമപ്രവര്‍ത്തകരോട് എ കെ ആന്റണി പറഞ്ഞു

കൊലപാതകത്തിന് ന്യായീകരണമില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കുറ്റക്കാരെ സംരക്ഷിക്കില്ല. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.


ഹര്‍ത്താലിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെ, ‘യൂത്ത് കോണ്‍ഗ്രസാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്; അത് അവരോട് തന്നെ ചോദിക്കണം’ എന്നാണ്.

 


തുറന്ന കടകള്‍ക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയില്‍ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ശ്രീധരനെ സമരാനുകൂലികള്‍ കടക്ക് അകത്തിട്ടു പൂട്ടി. പോലീസെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

 


യൂത്ത് കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കേരളത്തിലെ മുഴുവൻ വ്യാപാര വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് എല്ലാ അംഗങ്ങളെയും അറിയിച്ചതായും സംസ്ഥാന പ്രസിഡന്റ് ടി.നസ്സിറുദ്ദീൻ പ്രതികരിച്ചു.


കാസര്‍ക്കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊലാതകം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ച അദ്ദേഹം മരിച്ചവരുടെ കൂടുംബാംഗങ്ങുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ട്വീറ്റിൽ കുറിച്ചു കൊലപാതകം ഒരിക്കലും നീതികരിക്കാനാവില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.


പാലക്കാട് കെഎസ്ആർടിസിക്ക് നേരെ കല്ലേറ്

യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലാ അതിർത്തിയായ വാളയാറിൽ കെഎസ്ആർടിസി, തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾക്കു നേരെ കല്ലേറ്. ചില്ലു തകർന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലും ജില്ലാ ആസ്ഥാനത്തും സ്ഥാപനങ്ങളും കടകളും അടപ്പിക്കുന്നു. കോയമ്പത്തൂർ കെഎസ്ആർടിസി ബസ് സർവീസിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.


രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകം. സിപിഎമ്മിന്റെ പ്രാദേശിക നേതാവിനെ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയായിരുന്നു കൊലപാതകം.

 


ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. കൊല്ലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. തിരുവനന്തപുരം നഗരം ഒഴിച്ച് ജില്ലയിലെ പല ഭാഗത്തും വാഹനങ്ങള്‍ തടഞ്ഞു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവന്തപുരത്തെ കടകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

കൊച്ചിയിലും ആലുവയിലും കട അടപ്പിക്കലും വാഹനങ്ങള്‍ തടയുന്നുണ്ട. കണ്ണൂരിലും ദേശീയപാത ഉപരോധിച്ചു.


യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലിനെ തുടര്‍ന്നു വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയും എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി സര്‍വകലാശാല അധികൃതര്‍ പിന്നീട് അറിയിക്കും.


ചവറയില്‍ ദേശീയപാത ഉപരോധിച്ചു; പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.

 


കോഴിക്കോട്, ബസിന് നേരെ കല്ലേറ്. കൊച്ചിയില്‍ യാത്രകാരെ ഇറക്കിവിട്ടു. സംസ്ഥാനത്ത് പല ഭാഗത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു.

 


കാസര്‍ക്കോട് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് ഹര്‍ത്താലിനൊപ്പം കെഎസ്‌യു വിദ്യാഭ്യാസ ബന്ധും പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാത്രിയില്‍ അപ്രതീക്ഷിതമായ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ സംസ്ഥാനത്തിലെ ചില ഭാഗങ്ങളില്‍ ബസില്‍ നിന്ന് യാത്രകാരെ ഇറക്കിവിടുകയും, തിരുവനന്തപുരത്ത് ബസിന് നേരെ കല്ലേറ് ഉണ്ടാവുകയും ചെയ്തു.  കന്യാകുളങ്ങരയില്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. ഇന്നു തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും.

ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പെരിയ കല്ലോട്ടെ കൃപേഷ് (19), ജോഷിയെന്ന ശരത്ത് ലാല്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് എഴരയോടെയായിരുന്നും സംഭവം. മൂന്നംഗ സംഘം കൃപേഷിനെയും സുഹൃത്ത് ജോഷിയെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ജോഷിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് മംഗലപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്.

ഭരണത്തിന്റെ മറവില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല പറഞ്ഞു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഎം പ്രതിനിധികള്‍ പ്രതികരിച്ചത്. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് നേതൃത്വം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍