UPDATES

ശബരിമല LIVE: ശബരിമലയിലും പരിസരത്തും നാളെ നിരോധനാജ്ഞ; 30 കിലോമീറ്റര്‍ പരിധിയില്‍ പ്രതിഷേധങ്ങള്‍ക്കും വിലക്ക്, തീര്‍ത്ഥാടകരെ തടയില്ല

മാധ്യമങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഡിജിപി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരായി പ്രതിഷേധങ്ങള്‍ അക്രമാസക്തമായ സാഹചര്യത്തില്‍ ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ പ്രദേശങ്ങളിലാണ് നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശബരിമലക്ക് 30 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധ പ്രകടനങ്ങളും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷ പോലീസ് ഏര്‍പ്പെടുത്തുമെന്ന് ഡിജിപി അറിയിച്ചു.

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ശബരിമലയിലും പരിസരപ്രദേശങ്ങളിലും സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസിന് നേരെയും സമരക്കാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിലയ്ക്കലും സമരക്കാരുടെ നിയന്ത്രണത്തിലായ അവസ്ഥയായിരുന്നു. നിലയ്ക്കല്‍ ഗോപുരത്തിന് സമീപം രണ്ട് ഭാഗത്തുനിന്നും പോലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് തിരിച്ചും കല്ലെറിഞ്ഞു. മൂന്ന് പോലീസുകാര്‍ക്കും അഞ്ച് സമരക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇതിനിടെ ശബരിമലയിലെ പ്രശ്‌നങ്ങളില്‍ കൈകഴുകി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. അക്രമം കാട്ടിയത് അയ്യപ്പഭക്തന്മാരാണെന്നും ബിജെപിക്കും ആര്‍എസ്എസിനും ഇതില്‍ പങ്കില്ലെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്.

തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറക്കാനിരിക്കെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല വലിയ പ്രതിഷേധവേദിയായി മാറുന്നു. സ്ത്രീകളെ ഒരു കാരണവശാലും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കില്ലെന്ന നിലപാടോടെ വിശ്വാസികളുടെയും ബിജെപി, കോണ്‍ഗ്രസ്, ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ ആള്‍ക്കൂട്ടം കടുത്ത പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്. കൂടുതല്‍ പൊലീസിനെ സന്നിധാനത്തും പമ്പയിലും വിന്യസിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. തന്ത്രി കുടുംബാംഗങ്ങളെ അടക്കം പ്രതിഷേധത്തിന് എത്തിയ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ഇവരെ പമ്പ പൊലീസ് സ്റ്റേഷിനേക്ക് മാറ്റുകയാണെന്നാണ് വിവരം.

കോണ്‍ഗ്രസുകാരോട് ഒരു ചോദ്യം: അടുത്ത തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണോ ബി ജെ പിക്ക് നേരിട്ട് വോട്ടു ചെയ്യണോ?

സ്ത്രീ പ്രവേശനത്തിനെതിരേ നാമജപ പ്രതിഷേധം മാത്രമായിരിക്കും നടത്തുകയെന്നായിരുന്നു കോടതി വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ ആദ്യം പറഞ്ഞിരുന്നത്. ഗാന്ധിമാര്‍ഗത്തിലുള്ള സമരമായിരിക്കും തങ്ങള്‍ നടത്തുകയെന്നാണ് രാഹുല്‍ ഈശ്വറിനെ പോലുള്ളവരും അറിയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ ബലമായി തന്നെ തടയുന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നത്. ഇതോടെയാണ് പൊലീസിന്റെ ശക്തമായ ഇടപെടലും ഉണ്ടായിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന സ്ത്രീ ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് സര്‍ക്കാരും ആവര്‍ത്തിച്ചു പറയുന്നുണ്ട്.

ശബരിമലയിലേക്ക് കമാന്റോകളെ വിന്യസിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്ര. രണ്ട് എസ് പിമാരും നാല് ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിക്കുക. കൂടുതല്‍ പോലീസിനെ ഇവിടേക്ക് അയക്കുമെന്നും ഡിജിപി വ്യക്തമാക്കി.

നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായിരിക്കുകയാണ്. പോലീസ് വാഹനത്തിന് നേരെ കല്ലേറ്. വനിതാ പോലീസുകാരെയും ബസില്‍ നിന്നും ഇറക്കിവിട്ടു. മാധ്യമങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറ അടിത്തകര്‍ത്തു. ആജ് തക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരിക്ക്. റിപ്പബ്ലിക് ടി വി റിപ്പേര്‍ട്ടര്‍ പൂജ പ്രസന്ന എത്തിയ കാറാണ് തകര്‍ത്തത്. ന്യൂസ് 18, റിപ്പോര്‍ട്ടര്‍ ചാനലുകളുടെ പ്രതിനിധികള്‍ വന്ന വാഹനവും തകര്‍ത്തു. കെഎസ്ആര്‍ടിസി ബസിനും പോലീസ് വാനിനും നേരെയും കല്ലേറുണ്ടായി. പോലീസിന്റെ എണ്ണം കുറവായതിനാല്‍ കാര്യമായി ഇടപെടാനാകാത്ത അവസ്ഥയാണ്. രാവിലെ സമരപ്പന്തല്‍ പൊളിച്ച് സമരക്കാരെ പോലീസ് വിരട്ടിയോടിച്ചെങ്കിലും ഇവര്‍ വന്‍തോതില്‍ സംഘടിച്ച് തിരികെയെത്തി ഈ പന്തല്‍ പുനസ്ഥാപിച്ചു. റോഡിന് ഒരു വശത്ത് പോലീസുകാരും മറുവശത്ത് സമരക്കാരും നിലയുറപ്പിച്ചിരിക്കുകയാണ്.

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

തുലാമാസ പൂജ അവസാനിക്കും വരെ സമരം തുടരുമെന്ന് ബിജെപി. ഇതിനിടയില്‍ പമ്പയില്‍ വീണ്ടും പ്രതിഷേധം തുടങ്ങി. തന്ത്രികുടുംബാംഗങ്ങളെയടക്കം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. മാധ്യമസംഘത്തിന് നേരെ ആക്രമണം. തുടര്‍ന്ന് പമ്പയില്‍ നിന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. നിലയ്ക്കലില്‍ വച്ച് റിപ്പബ്ലിക് ടിവിയുടെ വാഹനം തല്ലിത്തകര്‍ത്തു. റിപ്പബ്ലിക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ സഞ്ചരിച്ച കാര്‍ ആണ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തത്. മറ്റൊരു വനിതാ മാധ്യമപ്രവര്‍ത്തകയെ നിലയ്ക്കലില്‍ വച്ച് ബസില്‍ നിന്നും ഇറക്കിവിട്ടു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെയാണ് ബസില്‍ നിന്നിറക്കിവിട്ടത്. സിഎന്‍എന്‍ വാര്‍ത്താ സംഘത്തിന് നേരെയും പ്രതിഷേധക്കാരുടെ കയ്യാങ്കളി. എന്‍ഡിടിവി വാര്‍ത്താ സംഘത്തിന് നേരെയും ആക്രമണമുണ്ടായി.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്നും താക്കോല്‍ പന്തളം രാജാവിന് കൈമാറുമെന്നുമാണ് ഇപ്പോള്‍ തന്ത്രി പറയുന്നത്. വിശ്വാസികളെ തടയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇതിനിടെ ശബരിമല കയറാനെത്തിയ ലിബിയെന്ന യുവതിയെ തടഞ്ഞ അമ്പത് പേര്‍ക്കെതിരെ കേസെടുത്തു. പ്രതിഷേധക്കാര്‍ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലിബിയെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവര്‍ ഇപ്പോഴും പറയുന്നത്. അറസ്റ്റ് ചെയ്യുന്ന പ്രതിഷേധക്കാരും പത്തനംതിട്ട സ്റ്റേഷനില്‍.

നേരത്തെ സേവ് ശബരിമല പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ചവിട്ടി തുടങ്ങിയ ആന്ധ്ര ഈസ്റ്റ് ഗോദാവരി സ്വദേശിനിയായ മാധവി ദര്‍ശനം നടത്താനാകാതെ മടങ്ങിയിരുന്നു. ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതോടെയാണ് ഇവരും കുടുംബവും മടങ്ങിയത്.

ലിബിക്ക് ശബരിമലയില്‍ കയറാനായില്ലെങ്കില്‍ പരാജയപ്പെടുന്നത് ഒരു മതനിരപേക്ഷ ജനതയാണ്‌

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍