UPDATES

പ്രളയം 2019

മഴക്കെടുതി: സംസ്ഥാനത്ത് ഇന്ന് മരിച്ചത് 26 പേർ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 32 ആയി

ഇന്ന് മരിച്ചത് 26 പേർ

മിന്നല്‍പ്രളയത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 പേർ മരിച്ചു. വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുവയസ്സുകാരന്‍ അടക്കം 6 പേര്‍ മരിച്ചു. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടി 4 പേര്‍ മരിച്ചു. മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീടുതകര്‍ന്ന് 4 പേര്‍ മരിച്ചു. കുറ്റ്യാടിയില്‍ ഒഴുക്കില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പുത്തലം പെട്രോള്‍പമ്പില്‍ വെള്ളംകയറി ജീവനക്കാരന്‍ മരിച്ചു. കോഴിക്കോട് വേങ്ങേരിയിലും ഇരിട്ടി വള്ളിത്തോടും ഇടുക്കി ചിന്നാറിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂർ പുതുക്കാട് നെടുമ്പാടിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു . തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത്.

0471-251 7500, 0471-232 2056 പൊതുജനങ്ങൾക്ക് ബന്ധപ്പെടാം

മഴക്കെടുതി രൂക്ഷമായ സംസ്ഥാനത്തെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0471-251 7500, 0471-232 2056 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


സൈന്യം താമരശ്ശേരിയിൽ

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 32 അംഗ സൈന്യം താമരശ്ശേരിയിൽ എത്തി. റോഡുകൾ ഒലിച്ചുപോയ ചിപ്പിലിത്തോട് മരുതിലാവ്‌ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തും. സബ് കലക്ടർ വിഘ്‌നേശ്വരി, തഹസിൽദാർ സി മുഹമ്മദ് റഫീക്ക് തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്.


അടിയന്തിര ധനസഹായം അനുവദിച്ചു

കനത്ത മഴ വടക്കൻ കേരളത്തിൽ ദുരന്തം വിതച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാര്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നുമാണ് ഫണ്ട് അനുവദിച്ചത്. 22.5 കോടി രൂപയാണ് പത്ത് ജില്ലകള്‍ക്കായി അനുവദിച്ചതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.

വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയും നല്‍കും.



പത്തനംതിട്ടയിൽ സൈന്യം രക്ഷാ പ്രവര്‍ത്തനത്തിന്

പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി NDRF നെയും സൈന്യത്തെയും നിയോഗിച്ചു. NDRF റാന്നിയിലും സൈന്യത്തെ തിരുവല്ലയിലും കോഴഞ്ചേരിയിലും വിന്യസിക്കും.


കെഎസ്ഇബി  എഞ്ചിനീയര്‍ മുങ്ങിമരിച്ചു

കെഎസ്ഇബി  അസി. എഞ്ചിനീയര്‍ മുങ്ങിമരിച്ചു. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്താണ് അപകടം. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന് അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്.


താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം തടഞ്ഞു

താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി കോഴിക്കോട് കളക്ടറുടെ അറിയിപ്പ്.

കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണമെന്ന് ജില്ലാകളക്ടർ അറിയിപ്പിൽ വ്യക്തമാക്കുന്നു. കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂർ, വേളം, കുറ്റിയാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര,ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണം. അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


ഒഴിപ്പിക്കൽ തുടരുന്നു

ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം നൽകി. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിൻറെയും കൈവഴികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്. പൊതു ജനങ്ങൾ സഹകരിക്കണം. മാവൂർ, പെരുവയൽ, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിലെ ചാലിയാറിൻറെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.


ജാഗ്രതാ നിർദ്ദേശം

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും . നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം.


ട്രെയിൻ ഗതാഗതം നിർത്തി

ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം സുരക്ഷിതമല്ലെന്ന് കണ്ട് നിർത്തിവച്ചതിന് പിന്നാലെ കോഴിക്കോട് ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. കുറ്റിപ്പുറം ഭാഗത്ത് റയിൽപാളത്തിൽ വെള്ളം കയറി. കരക്കാട് മണ്ണിടിഞ്ഞു. കോഴിക്കോട് കല്ലായി റയിൽവേ പാലം അപകടാവസ്ഥയിലാണ്. ഭാരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതൽ തൃത്താല വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി.

നേരത്തെ ആലപ്പുഴ വഴിയുള്ള ദീർഘദൂരട്രെയിനുകൾ കോട്ടയം വഴി സര്‍വീസ് നടത്തും. ആലപ്പുഴ വഴി പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നടപടി. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം ഇന്ന് രാവിലെ തടസ്സപ്പെട്ടു.

ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ,ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയാണ് സർവീസ്. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല.


കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന

മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന ഉടന്‍ എത്തും. പാലക്കാടുനിന്നുള്ള സംഘമാണ് നിലമ്പൂരിലേക്ക് തിരിച്ചത്. ഈ പ്രദേശത്തേക്കുള്ള പാലവും റോഡുകളും തകര്‍ന്നിരിക്കുകയാണ്. മണ്ണിനടിയിലായ വീടുകളിലെ ആളുകളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാലക്കാട്:  വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

ശക്തമായ മഴ നിലനിൽക്കുന്നതുകൊണ്ടും അപകട സാധ്യത ഉള്ളതിനാലും പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു.  വെള്ളിയാങ്കല്ല് പാർക്ക്, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം  എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്.



ഗുണ്ടൽപ്പേട്ടിൽ ബസുകൾ കുടുങ്ങിക്കിടക്കുന്നു

ഗുണ്ടൽപേട്ടിൽ 13 കെഎസ് അർടിസിസി ബസുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 200 ഓളം യാത്രക്കാക്കാരുമായാണ് ബസുകൾ കുടുങ്ങിയതായാണ് വിവരം.


കൊച്ചി നാവികസേനാ വിമാനത്താവളം തുറക്കും

സംസ്ഥാന സർക്കാരിന്റെ അഭ്യർഥന നാവികസേന അംഗീകരിച്ചതോടെ യാത്രാവിമാനങ്ങൾക്കായി കൊച്ചി നാവികസേനാ വിമാനത്താവളം തുറക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടർന്നാണു നാവികസേനാ വിമാനത്താവളം യാത്രാ ആവശ്യങ്ങൾക്കായി തുറക്കാൻ തീരുമാനിച്ചത്.

രക്ഷാ പ്രവർത്തനങ്ങൾക്കായ നാവികസേന രംഗത്തിറങ്ങാൻ സുസജ്ജമെന്നും അധികൃതർ അറയിച്ചു. ഉദ്യോഗസ്ഥരോടു തയാറായി നിൽക്കാൻ നിർദേശം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാലുടൻ രംഗത്തിറങ്ങുമെന്ന് നാവികസേന


ജാഗ്രത പുലർത്തണം

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. പമ്പാ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.

ബാണാസുരസാഗര്‍ അണക്കെട്ട് ഉടന്‍ തുറന്നേക്കുമെന്ന് റിപ്പോർട്ട്. മഴ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നു കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. അണക്കെട്ടിന് താഴെ ഭാഗത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ഡാമിന്‍റെ ഷട്ടര്‍ തുറക്കുമെന്നാണ് കെഎസ്ഇബി അറിയിപ്പ്. കബനി നിറഞ്ഞ് കവിഞ്ഞതോടെ നേരത്തെ ബീച്ചനഹള്ളി അണക്കെട്ടിന്‍റെ 4 ഷട്ടറുകള്‍ തുറന്നിരുന്നു. കബനിയുടെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്.

KSEB അറിയിപ്പ് 

KSEB യുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെ വെള്ളമേയുള്ളൂ. (ഇടുക്കിയിൽ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്) ഈ ഡാമുകൾ എല്ലാം തുറന്നു വിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെ ട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.


കണ്ണൂർ ശ്രീകണ്ഠപുരത്ത് വെള്ളപ്പൊക്കം

കണ്ണൂർ ശ്രീകണ്ഠപുരത്ത് വെള്ളപ്പൊക്കം, 100 കുടുംബങ്ങൾ ഒറ്റപ്പെട്ടു. 300ലേറെ കടകളിൽ വെള്ളം കയറി.

പഴശ്ശി ഡാമിൽ ജലനിരപ്പ് ഉയർന്നു

പഴശ്ശി ഡാമിൽ അപകടകരമായ വിധത്തിൽ ജലനിരപ്പുയരുന്നു. ജില്ലയിൽ ഇതുവരെ 38 ക്യാംപുകളിലായി 3103 പേർ. കണ്ണൂര്‍ പറശ്ശിനിക്കടവ് ക്ഷേത്രം രണ്ടാംദിവസവും വെള്ളത്തിൽ.

വയനാട് ബാവലി തോണിക്കടവിൽ 4 പേർ ഒഴുക്കിൽപ്പെട്ടു; മരത്തിൽക്കയറി നിൽക്കുന്നു;രക്ഷാപ്രവർത്തനം

നിലമ്പൂരിൽ നിന്നുള്ള ദൃശ്യങ്ങൾ

ട്രെയിൻ ഗതാഗതം നിർത്തി

ട്രാക്കിൽ മരം വീണതിനെത്തുടർന്ന് എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശപാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.  സ്ഥിതിഗതികൾ പരിശോധിച്ചശേഷം നാളെ രാവിലത്തോടെ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് റെയിൽ വേ അറിയിച്ചു.  ദീർഘദൂരട്രെയിനുകൾ കോട്ടയം വഴി സര്‍വീസ് നടത്തും. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നടപടി.

പല്ലശ്ശനയിൽ ഉരുൾപൊട്ടൽ

പാലക്കാട് സ്ഥിതി രൂക്ഷം, മണ്ണാർക്കാട് അട്ടപ്പാടി മേഖലകൾ ഒറ്റപ്പെട്ടനിലയിൽ.   വാളയാർ ഡാം തുറക്കുന്നു. മലമ്പുഴ ഡാമിൽ ജല നിരപ്പ് ഉയരുന്നു.

കുറ്റിപ്പുള്ളി കുമലയിൽ ഉരുൾപ്പൊട്ടൽ ആളപായമില്ല

 

നെഹ്റുട്രോഫി വള്ളംകളി മാറ്റി വച്ചു

ശനിയാഴ്ച(നാളെ) ആലപ്പുഴയിൽ നടത്താനിരുന്ന നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചതായി മുഖ്യമന്ത്രി

കനത്ത മഴയെ തുടർന്ന് സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിൽ നടത്താനിരുന്ന വിരുന്ന് സത്ക്കാരം മാറ്റിവെച്ചതായി ഗവർണർ ജസ്റ്റിസ് പി. സദാശിവം


 


315 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 22165 പേർ ക്യാംപുകളിൽ കഴിയുന്നു. വയനാടാണ് ഏറ്റവുമധികം പേർ ക്യാംപുകളിൽ. ഇവിടെ 9951 പേർ ക്യാംപുകളിൽ

തിരുവനന്തപുരം-656
ആലപ്പുഴ-12
കോട്ടയം 114
ഇടുക്കി 799
എറണാകുളം 1575
തൃശൂർ 536
കോഴിക്കോട് 1553
കണ്ണൂർ 1483
കാസർകോട് 18

അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷിൽ ടീം പ്രവർത്തനം ആരംഭിച്ചു…..
ജില്ലാതല കൺട്രോൾ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ചുവടെ നൽകുന്നു….

തിരുവനന്തപുരം – 0471-2450773,2480 335,9496007026.

കൊല്ലം- O474-2792850, 9496007027.

പത്തനംതിട്ട – 0468-2223134,828144 2344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം – 0481-2566823, 9446379027.

ഇടുക്കി – 0486-9222 326, 892 1031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂർ – 0487-244 1132,9496007030.

പാലക്കാട് – 9074326 046, 9496007050.

മലപ്പുറം – 0494-2666428, 949600703 1.

കോഴിക്കോട്- 0495-2383780,2414074, 9496007032.

വയനാട്-0493-6255214, 9496387833.

കണ്ണൂർ – 0497-2732487, 9496007033.

കാസറഗോഡ് – 0467-2202537, 9496007034.

അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

ജലവിഭവ വകുപ്പിന് കീഴിലുള്ള 20 ഡാമുകളിലെയും ജലനിരപ്പ് 

 

9 ജില്ലകളിൽ റെഡ് അലർട്ട്

‌സംസ്ഥാനത്ത് അടുത്തെ നാലു ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ റെഡ് അലെര്‍ട്ട്. സ്ഥിഗതികൾ രൂക്ഷമായേക്കും.

എറണാകുളം ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്. കണ്ണുർ, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

രക്ഷാപ്രവർത്തനത്തിന് കരസേന

കരസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ രക്ഷാ പ്രവത്തനത്തിന് എത്തുന്നു. പാങ്ങോട് സൈനിര ക്യാംപിൽ നിന്നും മൂന്ന് യൂണിറ്റുകൾ കൂടി ദുരന്ത മേഖലയിലേക്ക്. അടിയന്തിര സാഹചര്യം നേരിടാൻ രണ്ട് യൂണിറ്റ് സജ്ജമായിരിക്കുന്നു.

വെള്ളക്കെട്ടുണ്ടോ? വിവരങ്ങൾ അറിയാൻ ഫ്ലഡ് മാപ്പ്

വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ രാത്രിയും പകലും  സഹായിച്ച് ഫ്ലഡ് മാപ്പ്. ഫ്ലഡ് മാപ്പില്‍ ചുവപ്പ് നിറത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് വെള്ളക്കെട്ടുള്ള പ്രദേശങ്ങളാണ്.

 

ചാലക്കുടിയില്‍ വെള്ളപ്പൊക്കസാധ്യത

ജാഗ്രതാനിര്‍ദേശം നൽകി. മൂന്നര മണിക്കൂറിനുള്ളില്‍ വെള്ളമുയരും. പറമ്പിക്കുളം ആളിയാര്‍ കനാലില്‍ തടസ്സം നേരിട്ടു.


വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ദുരന്തം. നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. ദുരന്തപ്രതികരണസേനയും സൈന്യവും സ്ഥലത്ത്.  4 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ ഒരു  മൂന്നര വയസ്സുകാരിയും ഒരു സ്ത്രീയും 2 പുരുഷൻമാരുമാണുള്ളത്. ഒരു പുരുഷൻ തമിഴ്നാട് സ്വദേശിയാണ്.

ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നു.


മലപ്പുറം എടവെണ്ണയില്‍ കുണ്ടുതോടിൽ വീട് തകർന്ന് നാലു പേർ മരിച്ചു.


സംസ്ഥാനത്താകെ 13,000 പേരെ 177 ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ഇതിൽ 8860 പേർ വയനാട് ജില്ലയിലാണ്. 38 വീടുകൾ പൂർണമായും 1009 വീടുകൾ ഭാഗികമായും തകർന്നു.

ഇടുക്കി, വയനാട് ജില്ലകളിൽ 3 പേർ വീതവും കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരാൾ വീതവുമാണു മരിച്ചത്.


മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.


ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു 

ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം. പട്ടാമ്പി പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം.


സൈനിക സഹായം ലഭ്യമാക്കും; ദുരന്തം നേരിടാന്‍ നേരത്തെ ഒരുങ്ങി: റവന്യൂ മന്ത്രി

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.


നെടുമ്പാശ്ശേരി ചെങ്കൽ തോടിൽ വെള്ളം കയറുന്നു

എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറകുവശത്തുള്ള ചെങ്കൽ തോടിൽ വെള്ളം കയറുന്നു. വിമാനത്താവളം ഞായറാഴ്ച വൈകീട്ട് വരെ അടച്ചു. വിമാനങ്ങൽ ബംഗളൂരുവിലേക്കും തിരിച്ച് വിടുന്നു .

കക്കയം ഡാം തുറക്കുന്നു

കോഴിക്കോട് വേങ്ങേരി കണ്ണാടിക്കലിൽ വെള്ളം കയറുന്നു. കണ്ണാടിക്കലിൽ ഒരാൾ വെള്ളത്തിൽ വീണ് മരിച്ചു.

കക്കയം ഡാമിൽ നിലവിൽ 45 സെന്റീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്കു നിർദേശം നൽ‌കി. ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ, മങ്ങരോത്ത്, വേളം, മണിയൂർ പഞ്ചായത്തുകൾക്കും വടകര, പയ്യോളി നഗരസഭകൾക്കുമാണു നിർദേശം നൽകിയത്.

നിലമ്പൂരിലും ഉരുൾപൊട്ടൽ, കവളപ്പാറയില്‍ 60ഓളം വീടുകള്‍ മണ്ണിനടിയില്‍

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി. 30 ഓളം വീടുകള്‍ മണ്ണിനടിയില്‍. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. ഏതാണ്ട് 60ലേറെ വീടുകളുള്ള പ്രദേശമാണ്. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പ്രയാസപ്പെടുന്നു.

സംസ്ഥാത്താകമാനം കനത്ത മഴ തുടരുന്നു

സംസ്ഥാത്താകമാനം തുടരുന്ന കനത്ത മഴയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം 11 ആയി. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് കെടുതി ഏറ്റവും തീവ്രമായത്.

വയനാട് പുത്തുമലയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ കൂടുതല്‍ പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം  പുനരാരംഭിച്ചു

വയനാട് മേപ്പാടിയിൽ മണ്ണിനടയിൽപ്പെട്ട നാലുപേരുടെ മൃതദേഹം കണ്ടെത്തി. ഇവിടെ നാൽപ്പതോളം പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരും എടവണ്ണയിൽ വീട് തകർന്ന് നാലുപേരും മരിച്ചു. ഇരിട്ടിയിൽ ഒരാൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍