UPDATES

ഇന്ത്യ കണ്ട ഏറ്റവും വലിയ വനിതാ മുന്നേറ്റം: പിണറായി വിജയൻ

കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതകൾ അണിനിരന്നത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ വിസ്മയിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്തു. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയത്. വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറി.

നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതില്‍. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്ക്കൊപ്പമാണെന്നതിന്‍റെ മഹാവിളംബരമായി വനിതാ മതില്‍ മാറി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്‍റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കേരളത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ പ്രതീകാത്മക മതില്‍ സംഘടിപ്പിച്ചു. കേരള ഹൗസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതീകാത്മക മതിലില്‍ വനിതകള്‍ക്കൊപ്പം പുരുഷന്‍മാരും പങ്കെടുത്തു. സിപി ഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എംപി, സി. എന്‍. ജയദേവന്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.


കേരളത്തിലെ സ്ത്രീകൾക്കൊപ്പം ബഹുജനങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണു വനിതാമതിലിലെ ജനപങ്കാളിത്തമെന്ന് നടി റിമ കല്ലിങ്കൽ. വരും തലമുറയ്ക്കു വഴികാട്ടുന്നതാണ് ഈ മുന്നേറ്റമെന്നും റിമ പറഞ്ഞു. വനിതാ മതിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുര്‍ ജില്ലയിലെ വനിതാ മതിലിൽ ഇ.കെ.നായനാരുടെ ഭാര്യ കെ.പി.ശാരദ കല്യാശ്ശേരിയിലും നാടകനടി രജിത മധു തളിപ്പറമ്പ് ഏഴാംമൈലിലും ജില്ലാ അതിർത്തിയായ മാഹി പൂഴിത്തലയിൽ നടി നിഹാരിക എസ് മോഹനും പങ്കാളികളായി.


വനിത മതിലിനു ഐക്യദാർഢ്യവുമായി താരങ്ങളും സാംസ്‌കാരിക പ്രമുഖരുടെ നീണ്ട നിര. കോഴിക്കോട് ജില്ലയില്‍ കെ അജിത, പി വത്സല, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, കെ പി സുധീര, വി പി സുഹറ, ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ അണിനിരന്നു. ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ, ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ കണ്ണൂരില്‍ കണ്ണിയായി. മലപ്പുറത്ത് നിലമ്പൂര്‍ ആയിഷ, പി കെ സൈനബ തുടങ്ങിയവര്‍ മതിലില്‍ അണിനിരന്നു.

പുഷ്പവതി, ലളിത ലെനിന്‍, ട്രാന്‍സ്‌ വിമന്‍ വിജയരാജമല്ലിക എന്നിവര്‍ തൃശൂരില്‍ മതിലിന്റെ ഭാഗമായി. സംവിധായിക ശ്രുതി നമ്പൂതിരിക്കൊപ്പം 80 വയസുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമായി.

എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയില്‍ ഡോ. എം ലീലാവതി, കെപിഎസി ലളിത, സിതാര കൃഷ്ണകുമാര്‍, രമ്യാ നമ്പീശന്‍, നീനാകുറുപ്പ്, സീനത്ത്, മീര വേലായുധന്‍, തനൂജ ഭട്ടതിരി, പ്രൊഫ. മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ്‌വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍, കെ തുളസി എന്നിവരും അണിനിരന്നു.

ആലപ്പുഴ ജില്ലയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധു, സി എസ് സുജാത, എം എല്‍ എ മാരായ യു പ്രതിഭ, വീണ ജോര്‍ജ്, വിപ്ലവ ഗായിക പി കെ മേദിനി, സാഹിത്യകാരി എസ് ശാരദക്കുട്ടി, കെ പി എം എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, വെള്ളാപ്പള്ളി നടേശന്റെ മകള്‍ വന്ദന, ഡോ പ്രിയ ദേവദത്ത്, മലയരയ സമാജം നേതാവ് പി കെ സജീവിന്റെ ഭാര്യയും ഇടുക്കി ഡിഎംഒയുമായ ഡോ. എന്‍ പ്രിയ, മാന്നാര്‍ ഡി ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി സുജാത തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ അണി ചേര്‍ന്നു.

തിരുവനന്തപുരത്ത് ആനിരാജ, ബീനാപോള്‍, മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ, വിധു വിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്‌സിങ് ചാമ്പ്യന്‍ കെ സി ലേഖ, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ അണിനിരന്നു.

എറണാകുളം ജില്ലയിൽ പലയിടത്തും മൂന്നു വരികളായി വനിതകൾ അണിനിരന്നതായി റിപ്പോർട്ടുകൾ. സംഘാടകർ പ്രതീക്ഷിച്ചതിലും മൂന്നിരട്ടിയിലധികം സ്ത്രീകൾ.


ആർ‌ ബാലകൃഷ്ണപിള്ള സംസാരിക്കുന്നു:

“ശബരിമലയിൽ അക്രമമുണ്ടാക്കുന്നവർ ഇതുപോലൊന്ന് നടത്തി കാണിച്ചു തരാമോ? ഇതിന്റെ പകുതിയാളിനെ കാണിച്ചു തരാമോ? കോൺഗ്രസ്സുകാർ ഏതാണ്ടൊരു കുന്തം നടത്തുന്നുണ്ട്. എന്തുവാ അതിന്റെ പേര്? ഒരുകാലത്ത് ഇതുപോലുള്ള മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ചത് കോൺഗ്രസ്സായിരുന്നു. ഇപ്പോൾ അവരുടെ സ്ഥിതിയെന്താണ്? സുപ്രീംകോടതി വിധി വന്നപ്പോൾ ആദ്യം പിന്തുണച്ചത് ആർഎസ്എസ്സും കോൺഗ്രസ്സുമായിരുന്നു. ഇപ്പോൾ അവരുടെ നിലപാടെന്താണ്? ആചാരങ്ങൾ ലംഘിക്കണമെന്നല്ല ഞാൻ പറയുന്നത്.”


കാസറഗോഡ് ചേറ്റുകുണ്ടിൽ സംഘർഷം. ബിജെപി-ആർ‌എസ്എസ് പ്രവർത്തകർ റോഡ് കൈയേറി വനിതാമതിൽ തടയാൻ ശ്രമിച്ചു.


കേരളത്തെ ഭ്രാന്താലമാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി മേഴ്സക്കുട്ടിയമ്മ.


“നിങ്ങളിന്ന് സൃഷ്ടിച്ചത് ചരിത്രമാണ്. നിങ്ങലെ അഭിവാദ്യം ചെയ്യുന്നു. പ്രാവർത്തികമായതോടെ കേരളം രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയാവുകണ്” -സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.


ചരിത്രം കുറിച്ച് സംസ്ഥാനത്ത് വനിതാ മതില്‍ ഉയർന്നതിന് പിറകെ തിരുവനന്തപുരത്തെ വേദിയിൽ പൊതുസമ്മേളനം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വനിതാ മതിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കന്നു. ഭരണ പരിഷ്കാര കമ്മീഷൻ അംഗം വി എസ് അച്ചുതാനന്തനും വേദിയിൽ.


വനിതാമതിൽ പ്രതിജ്ഞ

പുതുവര്‍ഷ ദിനത്തില്‍ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.

ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു. 

മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.

മുന്നോട്ടുള്ള വളര്‍ച്ചയ്ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്‍റെ പുതിയ മുഖങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളില്‍ കുരുങ്ങിയവര്‍ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.

പരസ്പര അംഗീകാരത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും ലോകത്താണ് സ്ത്രീയുടെയും പുരുഷന്‍റെയും ജീവിതം സര്‍ഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹ്യ വിമോചനത്തിന്‍റെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്നേഹിക്കുന്നവര്‍ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്‍റെ നിലപാടിനെ നമ്മള്‍ ആദരവോടെ കാണുന്നു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ….


കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ ഉയർന്നു കഴിഞ്ഞതായി കെ കെ ശൈലജ. നവോത്ഥാന പ്രതിജ്ഞ ചൊല്ലി വനിതാ മതിൽ.


കൊച്ചിയിൽ ഡോക്ടർ എം ലീലാവതി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്ന പരിപാടിയാണ് വനിതാ മതിലെന്ന് സി കെ ജാനു.


വനിതാമതിൽ ഉയരാൻ നിമഷങ്ങൾ മാത്രം ബാക്കിനിൽ‌ക്കെ പരിപാടിയിൽ വൻ ജനപങ്കാളിത്തം. സംസ്ഥാനത്ത് പലയിടത്തും ഇരട്ടമതിൽ തീർക്കാൻ തരത്തിലാണ് സ്ത്രീകൾ വനിതാ മതിലിന്റെ ഭാഗമായിട്ടുള്ളത്. അവസാന കണ്ണിയാവുന്ന തിരുവനന്തപുരം നഗരത്തിൽ ആയിരങ്ങൾ ഒഴുകിയെത്തുന്നു.



ഏറ്റവും കൂടുതൽ ദുരം മതിൽ തീർക്കുന്നത് ആലപ്പുഴയിൽ. 107 കിലോമീറ്റർ ദുരമാണ് ആരൂർ മുതൽ ഓച്ചിറവരെയാണ് ആലപ്പുഴയിൽ വനിതാമതിൽ രൂപം കൊള്ളുന്നത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന്റെ കുടുംബവും ആലപ്പുഴയിൽ മതിലിൽ പങ്കെടുക്കും.


വനിതാ മതിലിൽ പങ്കെടുക്കാൻ നടി കെ.പി.എ.സി. ലളിത എത്തി.


വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹാരാർപ്പണം നടത്തി.


അമ്പലത്തിൽ മാത്രമല്ല, എല്ലായിടത്തും സ്ത്രീക്ക് തുല്യത വേണമെന്നാണു സിപിഎമ്മിന്റെ നിലപാടെന്ന് മന്ത്രി ടിഎം തോമസ് ഐസക്.


വനിതാമതിലില്‍ മുസ്‌ലിം സ്ത്രീകള്‍ പങ്കെടുക്കരുതെന്നു പറയാന്‍ സമസ്തയ്ക്ക് എന്ത് അര്‍ഹതയുണ്ടെന്നു മന്ത്രി കെടി. ജലീല്‍. ലീഗിന്റെ സ്പോണ്‍സേര്‍ഡ് പ്രസ്ഥാനമായി സമസ്ത മാറിയിരിക്കുന്നു. ഇവരുടെ ഭീഷണിക്ക് മുസ്‌ലിം സ്ത്രീകള്‍ പുല്ലുവില കല്‍പിക്കില്ല.


നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ ഇടതുപക്ഷം സംഘടിപ്പിക്കുന്ന വനിതാ മതിൽ അൽപസമയത്തിനകം കേരളമൊട്ടാകെ ഉയരും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതകൾ അണിനിരക്കുന്നത്. പരിപാടിയുടെ അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയരുക.

123121

ആരോഗ്യമന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമാവുന്ന മതിലിന് ശേഷം വെള്ളയമ്പലത്ത് നടക്കുന്ന സമാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വെള്ളയമ്പലത്ത് യോഗത്തില്‍ പ്രസംഗിക്കും.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ മതിലിന് കരുത്താവും. ആദിവാസി നേതാവ് സി കെ ജാനു പാലക്കാട് കുളപ്പുള്ളിയിലും കെ ‍‌അജിതയും പി വത്സല എന്നിവർ കോഴിക്കോട്ടും അണി നിരക്കും. സിപി െഎ നേതാവ് ആനി രാജയും തിരുവനന്തപുരത്ത് വനിതാ മതിലിന്റെ ഭാഗമാവും.  കായിക താരം മേഴ്സിക്കുട്ടൻ, സാഹിത്യകാരൻ പ്രോഫ. എംകെ സാനു എന്നിവർ തിരുവനന്തപുരത്തും സാമൂഹിക പ്രവര്‍ത്തക അരുണാ റോയ് എറണാകുളത്തും പിന്തുണയറിച്ച് പങ്കെടുക്കും. ഇവർക്ക് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതൃത്വത്തിൽ നിശ്ചിതസ്ഥലത്ത് വനിതകളെ എത്തിക്കുന്നത് ഉൾപ്പെടെ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല, വി എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതി സിപിെഎ ദേശീയ നേതാവ് ആനിരാജ തുടങ്ങിയവരും മതിലില്‍ അണിചേരാനെത്തും.

അതേസമയം, ലോക റെക്കോർഡിന്റെ ഭാഗമാവാൻ സാധ്യതയുള്ളതിനാൽ ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറവും വിവരങ്ങള്‍ ശേഖരിക്കും. മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. തിരക്കേറിയ കവലകളിൽ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ എന്നും നിർദേശമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍