UPDATES

Live blog: ആശ്വാസത്തിന്റെ വഴി തെളിയുന്നു; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാര്‍, സഹായ വാഗ്ദാനവുമായി യുഎന്‍

പ്രളയ ദുരന്തത്തില്‍ പെട്ട് സംസ്ഥാനത്ത് ഇന്നലെ മാത്രം 33 പേര്‍ മരണപ്പെട്ടു

മല്‍സ്യത്തൊഴിലാളികളുടെ സേവനം മാതൃകാപരം. അവരുടെ സേവനത്തിന് നന്ദി. സേവനത്തിന് ശേഷം മടങ്ങുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരികെ പോവാനുള്ള സഹായം ഭരണകൂടങ്ങള്‍ ലഭ്യമാക്കും. ഇന്ധനത്തിന് പുറമേ ഒരു ദിവസത്തിന് 3000 രൂപയും നല്‍കും. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരണം നല്‍കും.


ഓണപ്പരീക്ഷമാറ്റിവച്ചു. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പുതിയത് സൗജന്യമായി നല്‍കും. 36 ലക്ഷം പുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞു.


പരമാവധി ജീവന്‍ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചു. സംസ്ഥാനത്ത് 5,645 ദുരിതാശ്വാസ ക്യാമ്പുകളില്‍ 7,24,649 പേര്‍. ക്യാംപുകളില്‍ വനിതാ പോലീസുകാരെ വിന്യസിക്കും. ഒരു പഞ്ചായത്തില്‍ 6 ഹെല്‍ത്ത് ഓഫീസര്‍മാരെ നിയമിക്കും.


രക്ഷാ പ്രവര്‍ത്തനം അവസാന ഘട്ടത്തില്‍: മുഖ്യമന്ത്രി

പ്രളയ ബാധിതമായ സംസ്ഥാനത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ഗണന നല്‍കിയിരുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ നിന്നും നിന്നും ഇനി ദുരിതാശ്വാസത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.


കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സംഘടന. പ്രളയ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറാണെന്നാണ് യുഎന്‍ അറിയിപ്പ്. സര്‍ക്കാര്‍ അനുവദിച്ചാല്‍ ഇതിനായി യുഎന്‍ സംഘം ഉടന്‍ കേരളത്തിലെത്തും. ഇക്കാര്യം അറിയിച്ച് ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.


കുട്ടനാട്ടിലെ ദുരന്തബാധിതരെ താമസിപ്പിച്ച ഇടങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ എത്തിക്കാന്‍ സാധിക്കാത്തായതോടെ ക്യാംപുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. ഇതോടെ ക്യാമ്പുകളില്‍ കഴിയുന്നവരെ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. വലിയ ടോറസ് ലോറികള്‍ മാത്രമാണ് ഏക യാത്രമാര്‍ഗം. ക്യാമ്പുകളിലെ ശൗചാലയങ്ങളുടെ അഭാവവും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്.


കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും പുനഃസ്ഥാപിച്ചതായി കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍.


റോഡുകളിലെ വെള്ളക്കെട്ട് ഒഴിവായതോടെ ദേശീയ – സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെഎസ്ആര്‍ടിസി പുനസ്ഥാപിച്ചു.


കുട്ടനാട്ടില്‍ 97% പേരെ ഒഴിപ്പിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍


ചെങ്ങന്നൂർ വഴിയുള്ള എംസി റോഡിൽ കെഎസ്ആർടിസി ഗതാഗതം പുനരാരംഭിച്ചു.മറ്റു ഡിപ്പോകളുടെ കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം ബസുകൾ കടന്നു പോകുന്നു.


തിരുവന്‍വണ്ടൂരില്‍ അയ്യപ്പ കോളേജില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.


തിരുവനന്തപുരത്തു പുതിയ കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട് .
ആവശ്യ വസ്തുക്കൾ പട്ടം സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ഓഫീസിലും മ്യൂസിയത്തിനു സമീപത്തെ പഞ്ചായത്തു ഡയറക്ടറേറ്റ് ഓഫീസിലും എത്തിക്കാം .
കോർപറേഷന്റെ കളക്ഷൻ പോയിന്റുകൾ ഇന്നലെ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ തുടരുന്നു .

പുതിയതായി സാധനങ്ങൾ എത്തിക്കുന്നവർ താഴെ പറയുന്ന സാധനങ്ങൾ കൂടി എത്തിക്കാൻ ശ്രമിക്കുക
ബാൻഡേജ്
ബാൻഡ് എയ്ഡ്
കോട്ടൺ തുണി
ബ്ലീച്ചിങ് പൗഡർ
ജീവൻ രക്ഷാ മരുന്നുകൾ

പല കളക്ഷൻ സെന്ററുകളിലും പാക്ക് ചെയ്യാൻ ബോക്സ് കുറവാണ് .
ഇന്നലെ ഒരു കടയിൽ നിന്ന് ബോക്സ് വാങ്ങാൻ ചെന്നപ്പോൾ അടുക്കി വച്ചിരുന്നതിൽ നിന്ന് ഒന്നോ രണ്ടോ കൊടുത്തു വിട്ടെന്ന് ഒരു സുഹൃത്ത് ..ഒരു സുഹൃത്തിനു ബോക്സ് ഒന്നിന് പത്തു രൂപ കൊടുത്തു വാങ്ങേണ്ടി വന്നു .

ബോക്സ് വാങ്ങുന്നവർ ചാലയ്ക്കുള്ളിൽ പോയാൽ അവർ സഹായിക്കും .അടിയന്തിരമായി പലയിടത്തും ബോക്സ് വേണം .ഒപ്പം പാക്കിങ് ടേപ്പ് ,മാർക്കർ എന്നിവയും എത്തിക്കാൻ ശ്രമിക്കുക .

സ്ത്രീകൾക്കുള്ള അടിവസ്ത്രങ്ങൾ പലരും എത്തിക്കുന്നുണ്ട് .ഒപ്പം പുരുഷന്മാർക്കുള്ളത് കൂടി വാങ്ങുക.


പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. ജില്ലയിലെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.


ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഉള്ളവരും മറ്റും അസുഖങ്ങൾ വരാതിരിക്കാൻ , പ്രതിരോധത്തിനായി ചില മരുന്നുകൾ കഴിക്കണം എന്നു പറയുന്ന പല പോസ്റ്റുകളും കണ്ടു. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സ്ഥലങ്ങളിലും ആളുകളിലും മാത്രം ഇത്തരത്തിൽ അവർ ആവശ്യപ്പെടുന്ന ഡോസിൽ വേണം മരുന്ന് കഴിക്കാൻ. അനാവശ്യ മരുന്നുകൾ കഴിച്ചു , ബുദ്ധിമുട്ടിൽ ആവരുത്.


ഇന്ന് രാവിലെ മുതല്‍ ഇന്ത്യന്‍ നേവി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഈ മേഖലകളിലാണ്.


മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സജിത്ത് സുകുമാരന്‍ എഴുതുന്നു;

മത്സ്യത്തൊഴിലാളികളുടെയിടയില്‍
പണി ചെയ്യുന്നത് എന്നും അഭിമാനമായിരുന്നു; ചിലപ്പോഴെങ്കിലും
അല്പം അഹങ്കാരവും.

പ്രവര്‍ത്തനമേഖല നാഗപട്ടണവും, ഗുജറാത്തിലെ കച്ഛുമായിരുന്നതുകൊണ്ട്
കേരളത്തിലെ മത്സ്യത്തൊഴിലാളികളോടൊപ്പം
കാര്യമായി ജോലിചെയ്യാന്‍ അവസരം കിട്ടിയിട്ടില്ല.

പ്രളയം ശക്തമായിത്തുടങ്ങിയപ്പോള്‍
ആന്റോയുടെ നേതൃത്വത്തില്‍ ബോട്ടുമായി ഒരു സംഘം പ്രളയമേഖലയിലേക്ക് പോകുന്നുവെന്ന് പീറ്റര്‍ പറഞ്ഞപ്പോള്‍ അറിയാമായിരുന്നു, അവര്‍ അത്ഭുതം പ്രവര്‍ത്തിക്കുമെന്ന്.

മറ്റു തീരപ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍
പ്രളയപ്രദേശത്തേക്ക് അതിവേഗമെത്തി.

അവരുടെയെല്ലാം നിസ്വാര്‍ഥപ്രവര്‍ത്തനം കാണുമ്പോള്‍ മനസ്സിലാവുന്നു,
ഇൗ മനുഷ്യര്‍ ഏതു തീരത്തും ഒരുപോലെയാണ്.

അതിസാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ത്ത്, ഒരു നന്ദിവാക്കുപോലും പ്രതീക്ഷിക്കാതെ, കടലറിവുകളുടെ ആഴമുള്ള കണ്ണുകളില്‍ നിസ്സാരഭാവവുമായി ആ മനുഷ്യര്‍ കടന്നു പോകും.

ജാവേദ് പര്‍വേസ് എഴുതിയ പോലെ, കരുവാളിച്ച മുഖവുമായി, അവരെ കാത്തിരിക്കുന്ന കടലങ്കങ്ങളിലേക്ക്
അവര്‍ തിരിച്ചു പോകും.

പ്രിയമുള്ളവരേ, നിങ്ങളോടൊപ്പം കുറേ വര്‍ഷങ്ങള്‍ ചെലവഴിക്കാന്‍ കഴിഞ്ഞതിലൂടെ
ഈ നിസ്സാര ജന്മം എത്ര സാര്‍ഥകമായെന്ന്
തിരിച്ചറിയുകയാണിപ്പോള്‍..


കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹൌസ് ബോട്ട് വിട്ടുകൊടുക്കാന്‍ വിമുഖത കാണിച്ച 4 ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്തു. 35 ബോട്ടുകള്‍ പിടിച്ചെടുത്തു.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ജഗ്ജീവന്‍ ഫേസ്ബുക്കില്‍ എഴുതുന്നു; “ലോകത്തിനു തന്നെ മാതൃകയായി മാറുകയാണ് നമ്മുടെ ചെറുപ്പക്കാര്‍. ഇതില്‍ ആണ്‍-പെണ്‍ വ്യത്യാസം ഇല്ല എന്നതും വളരെ ശ്രദ്ദേയം. പലരും ഒറ്റയ്ക്ക് വന്ന് കൂട്ടത്തിന്‍റെ ഭാഗമായി മാറിയവര്‍. രാത്രി മുഴുവന്‍ ഇടവേളകള്‍ ഇല്ലാതെ ഇവര്‍ കഠിനമായി അദ്ധ്വാനിക്കുന്നു.” ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

നടത്തിപ്പിന് ആവശ്യമായ തുക കയ്യില്‍ ഇല്ലാതെ ആണ് SMV സ്കൂളിലെ കളക്ഷന്‍ കേന്ദ്രം തുടങ്ങുന്നത്. എന്നാല്‍ നാല്പത് വര്‍ഷത്തെ പൊതുപ്രവര്‍ത്തന അനുഭവപാഠങ്ങള്‍ മാറ്റി മറിക്കുന്ന സംഭവ വികാസങ്ങളാണ് പിന്നെ നടന്നത്, നടന്നു കൊണ്ടിരിക്കുന്നത്. രാപ്പകല്‍ ഭേദമില്ലാതെ, വിശ്വസിക്കാന്‍ ആകാത്ത ആവേശത്തോടും ശക്തിയോടും ഒത്തൊരുമയോടും പ്രവര്‍ത്തിക്കുന്ന volunteer മാര്‍. സുഖലോലുപരും സാമൂഹിക പ്രതിബന്ധത കുറഞ്ഞവരും എന്ന് നമ്മളില്‍ പലരും പലപ്പോഴും കുറ്റപ്പെടുത്തുന്ന കേരളത്തിന്‍റെ യുവത്വം! പരാതികള്‍ ഇല്ല, തര്‍ക്കങ്ങള്‍ ഇല്ല, തെറ്റ് പറ്റുന്നവരോട് ദേഷ്യപ്പെടല്‍ ഇല്ല. അവരുടെ ആശയങ്ങളും, വീക്ഷണവും, സാങ്കേതിക പരിജ്ഞാനവും സമാനതകള്‍ ഇല്ലാത്തത്. ലോകത്തിനു തന്നെ മാതൃകയായി മാറുകയാണ് നമ്മുടെ ചെറുപ്പക്കാര്‍. ഇതില്‍ ആണ്‍-പെണ്‍ വ്യത്യാസം ഇല്ല എന്നതും വളരെ ശ്രദ്ദേയം. പലരും ഒറ്റയ്ക്ക് വന്ന് കൂട്ടത്തിന്‍റെ ഭാഗമായി മാറിയവര്‍. രാത്രി മുഴുവന്‍ ഇടവേളകള്‍ ഇല്ലാതെ ഇവര്‍ കഠിനമായി അദ്ധ്വാനിക്കുന്നു. എങ്ങനെ ചെയ്യും എന്ന ചോദ്യങ്ങള്‍ ഇല്ല, എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം അവര്‍ക്ക് അറിഞ്ഞാല്‍ മതി. സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം ഇല്ല എന്ന ഘട്ടം വന്നപ്പോള്‍ നിറയ്ക്കാന്‍ അവര്‍ വരി നില്‍ക്കുന്നു. പാക്കിംഗ് മെറ്റീരിയല്‍ തീരുമ്പോള്‍ എവിടെയൊക്കെയോ പോയി വണ്ടി നിറയെ വാങ്ങി വരുന്നു. ഇവര്‍ എപ്പോഴാണ് ഭക്ഷണം കഴിക്കുന്നത് എന്നോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് എന്നോ പോലും അറിയില്ല. പറയാന്‍ വാക്കുകള്‍ ഇല്ല. അഭിമാനം മാത്രം. കേരളം സമാനതകള്‍ ഇല്ലാത്ത ദുരന്തത്തില്‍ കൂടി ആണ് കടന്നു പോകുന്നത്. സംസ്ഥാനം പുനര്‍നിര്‍മ്മിക്കേണ്ട വിധം തകര്‍ന്നു പോയിരിക്കുന്നു. ഇനി വരുന്ന തലമുറകള്‍ക്ക് മാതൃക ആവേണ്ട ചുമതല ഇപ്പോള്‍ നമുക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ദുരന്തബാധിതര്‍ അല്ലാത്ത കേരളത്തിലെ സ്ഥിരവരുമാനക്കാര്‍ അവരുടെ മാസശമ്പളത്തിന്‍റെ ഒരു ഭാഗം അടുത്ത ഓണം വരെ എങ്കിലും അതിനായി വിനിയോഗിക്കണം. എന്‍റെ ശമ്പളത്തിന്‍റെ 10% അടുത്ത ഓഗസ്റ്റ്‌ വരെ ഇതിനായി സര്‍ക്കാരിലേക്ക് നല്‍കും. കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസ് സംഘടനകള്‍ ഇത്തരത്തില്‍ തീരുമാനം എടുത്ത് സര്‍ക്കാരിനെ അറിയിച്ചുകൊണ്ട്‌ മറ്റുള്ളവര്‍ക്ക് മാതൃകയാവണം.


പ്രളയബാധിത മേഖലകളിലേക്ക് ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളുമായി ഇന്‍ഡ്യന്‍ നേവി തയ്യാര്‍.


എല്ലാ ജില്ലകളിലെയും റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സി പി എമ്മിന്റെ എല്ലാ ഓഫീസുകളും വിട്ടുകൊടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍


പാണ്ടനാട് രക്ഷാപ്രവര്‍ത്തകര്‍ പോയ ബോട്ട് കാണാതായി. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പോയ ബോട്ടാണ് കാണാതായത്. 6 രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടിലുണ്ട്.


ആലുവ UC കോളേജ് ക്യാമ്പിൽ ചിക്കൻ പൊക്‌സ് പൊട്ടി പിറപ്പെട്ടിട്ടില്ല. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക.


ആലപ്പുഴയില്‍ പ്രതിസന്ധി. കുട്ടനാട് വെള്ളം കയറുന്നു. ഭൂരിപക്ഷം ആളുകളെയും ഒഴിപ്പിച്ചു. ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടവരെ രക്ഷപ്പെടാത്താനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നു. വൈക്കം, കുമരകം മേഖലയില്‍ വെള്ളം കയറുന്നു.


ആശ്വാസത്തിന്റെ വഴി തുറക്കുന്നു. രക്ഷാ പ്രവര്‍ത്തനം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാകും എന്നു പ്രതീക്ഷിക്കുന്നു. ആലുവയില്‍ വെള്ളം ഇറങ്ങി. ദേശീയ പാതയിലെ റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലെ ജലനിരപ്പ് താഴുന്നു.

ചെങ്ങന്നൂര്‍ മേഖലയില്‍ 5000 പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ സുരക്ഷിതരാണ് എന്നു റവന്യൂ വകുപ്പ്. പാണ്ടനാട്, ഇടനാട്, വെണ്മണി തുടങ്ങിയ മേഖലകളിലാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം ചെങ്ങന്നൂരില്‍ വെള്ളം താഴ്ന്നതോടെ മീന്‍ പിടുത്ത ബോട്ടുകള്‍ക്ക് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

അതേസമയം നെല്ലിയാമ്പതിയില്‍ ഭക്ഷണവും വൈദ്യ സഹായവുമില്ലാതെ 2000 പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക് ഹെലികോപ്റ്റര്‍ മുഖേന ഭക്ഷണവും മറ്റും വിതരണം ചെയ്യും.

സംസ്ഥാനത്ത് മഴ കുറഞ്ഞു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രം കനത്ത ജാഗ്രതാ നിര്‍ദേശം.

പ്രളയ ദുരന്തത്തില്‍ പെട്ട് സംസ്ഥാനത്ത് ഇന്നലെ മാത്രം 33 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ മരിച്ചത് 166 പേര്‍.


മുഖ്യമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മേളനം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍