UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ന്യൂസ് അപ്ഡേറ്റ്സ്

വായ്പ കുടിശ്ശിക പിരിക്കാന്‍ ബാങ്കുകളുടെ ക്രിമിനല്‍ വഴികള്‍

രാവിലെ തന്നെ ചിലർ വീട്ടിലേക്ക് കയറി വന്നു. കാഴ്ചയിൽ മാന്യന്മാരെന്നു തോന്നുന്ന ചിലർ വീട്ടിലേക്ക് കയറി വന്നു ചോദിക്കുന്നു: ബാങ്കിലേക്ക് അടയ്‌ക്കേണ്ട ലോൺ തുകയിൽ വലിയ കുടിശ്ശികയാണല്ലോ?

വഴിപോക്കൻ പണ്ടാരക്കരം തിരക്കുന്നതെന്തിനെന്ന് ഗൃഹനാഥൻ അന്തിച്ചു നിൽക്കുമ്പോൾ അടുത്ത ചോദ്യം: നിങ്ങൾ കുടിശ്ശിക തുക എന്നടയ്ക്കും?

നിങ്ങൾ ആരാണെന്ന് തിരികെ ചോദിക്കുന്നതോടെ സീൻ മാറും. സീരിയൽ സ്റ്റൈലിൽ (പണ്ടൊക്കെ സിനിമയിലായിരുന്നു ഈ സ്റ്റൈൽ) ഭീഷണിയും തെറിവിളിയുമൊക്കെയായി വന്നവർ മാന്യതയുടെ കുപ്പായം ഊരിവെക്കും: …. മകനേ, ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശികത്തുക അടച്ചു തീർത്തില്ലെങ്കിൽ ഞങ്ങളാരാണെന്ന് നീ അറിയും. വന്നവർ കാര്യം കഴിഞ്ഞു മടങ്ങിപ്പോകും.

ഇതു ന്യൂജെൻ സിനിമയിലെ രംഗമൊന്നുമല്ല, നമ്മുടെ സാക്ഷര കേരളത്തിൽ എവിടെയും നടക്കുന്ന, നടന്നേക്കാവുന്ന ഒരു രംഗമായിരുന്നു ഇത്. മുമ്പൊക്കെ ജനുവരി മാസം അവസാനം മുതൽ ബാങ്ക് മാനേജർ ഫോണിലും ഒന്നു രണ്ട് വക്കീൽ നോട്ടീസെന്നു തോന്നിക്കുന്ന കത്തുകളിലുമൊക്കെയായി ഇടപാടുകാരെ കൈകാര്യം ചെയ്തിരുന്നതാണ് പൊടുന്നനെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസികളെന്ന ഓമനപ്പേരിലുള്ള ചില ക്വട്ടേഷൻ സംഘങ്ങൾ ഏറ്റെടുത്തത്. ന്യൂജനറേഷൻ ബാങ്കുകൾ ഇപ്പോഴും ഇത്തരത്തിൽ ഭീഷണി സമ്മർദ്ദ തന്ത്രങ്ങൾ പയറ്റുന്നുണ്ടെങ്കിലും അടുത്തകാലം വരെയും പൊതുമേഖലാ ബാങ്കുകൾ ഇത്രയും അധ:പതിച്ചിരുന്നില്ല. മാർച്ച് അവസാനം തികച്ചും വ്യത്യസ്തമായ ഒരു കേസിൽ കേരള ഹൈക്കോടതി വിധി പറയുന്നതുവരെ പൊതുമേഖലാ ബാങ്കുകളെ ആരും അവിശ്വസിച്ചിരുന്നുമില്ല.

മുൻ അസി. പൊലീസ് കമ്മിഷണർ കെ.വി. ബാലന്റെ ഉടമസ്ഥതയിൽ കോഴിക്കോട്ടു പ്രവർത്തിക്കുന്ന സ്മാർട്ട് സെക്യൂരിറ്റീസ് ആൻഡ് സെക്യൂരിറ്റി ഗാർഡ് സർവീസ് ഏജൻസിയുടെ ഹർജിയാണ് വാർത്തയ്ക്ക് ആധാരമായത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുമായി ഈ ഏജൻസി ഒരു കരാർ ഉണ്ടാക്കി. വായ്പാ കുടിശ്ശിക തിരിച്ചു പിടിച്ചു നൽകാം. പകരം തുകയുടെ അഞ്ചു ശതമാനം കമ്മിഷനായി നൽകണം. ഇതനുസരിച്ച് 16.41 ലക്ഷം രൂപയുടെ വായ്പാ കുടിശ്ശിക ഈ ഏജൻസി ബാങ്കിന് തിരികെ കിട്ടാൻ സഹായിച്ചു. എന്നാൽ കമ്മിഷൻ തുക നൽകാൻ ബാങ്ക് തയ്യാറായില്ല. വായ്പയെടുത്ത വ്യക്തി സ്വമേധയാ കുടിശ്ശിക തുക തിരിച്ചടച്ചതാണെന്നു കാണിച്ചാണ് ബാങ്ക് കമ്മിഷൻ നിരസിച്ചത്. ഇതിനെതിരെ സെക്യൂരിറ്റി ഏജൻസി നൽകിയ ഹർജിയാണ് ഹൈക്കോടതിയിൽ വടി തിരിഞ്ഞു കുന്തമായത്. മികച്ചതും സ്വതന്ത്രവുമായ ഒരു നീതിന്യായ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് ബാങ്കുകളുടെ കുടിശ്ശികപ്പണം പിരിക്കാൻ ഗുണ്ടകളെ ഏൽപിക്കുന്നത് നിയമവിരുദ്ധമാണെന്നതിൽ തർക്കമില്ലെന്ന നിലപാടാണ് ഈ ഹർജിയിൽ ജസ്റ്റിസ് പി. ബി. സുരേഷ് കുമാർ സ്വീകരിച്ചത്.

ബാങ്ക് ജീവനക്കാർക്കു തന്നെ ഒരു ടെലിഫോൺ കോളിലൂടെ ഇടപാടുകാരെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വരുത്തിയ വീഴ്ച ബോധ്യപ്പെടുത്താമെന്നിരിക്കെ, അഞ്ചു ശതമാനം കമ്മിഷൻ നൽകി ആ പണി ഒരു സ്വകാര്യ ഏജൻസിക്കു നൽകുമ്പോൾ ഭീഷണിയിലൂടെ പണം തിരികെ വാങ്ങാനാണ് ശ്രമിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും വായ്പ തിരിച്ചു പിടിക്കാൻ ഇത്തരത്തിൽ ഗുണ്ടകളെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഉത്തരവിന്റെ പകർപ്പ് റിസർവ് ബാങ്ക് ഗവർണർക്ക് എത്തിച്ചു കൊടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. 

ഹൈക്കോടതി മാത്രമല്ല, മുമ്പ് സുപ്രീം കോടതിയും ഇത്തരം വായ്പാ തിരിച്ചു പിടിക്കലിനെയും റവന്യു റിക്കവറിയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. 2002 ൽ ഒരു ട്രക്ക് വാങ്ങാൻ എട്ടു ലക്ഷം രൂപ വായ്പ നൽകിയതു തിരിച്ചു പിടിക്കാൻ ഓം പ്രകാശ് കൗർ എന്ന ഇടപാടുകാരനെ ഭീഷണിപ്പെടുത്തിയ ഐ സി ഐ സി ഐ ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ ബാങ്ക് നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ആർ. ലക്ഷ്മണൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ബാങ്കിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. നിങ്ങൾക്ക് നിയമപരമായ നടപടിയിലൂടെ വായ്പ തിരിച്ചു പിടിക്കാം. പക്ഷേ ഇതിനായി ഗുണ്ടാസംഘങ്ങളെ നിയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നിന്ന് പലരും വായ്പ എടുക്കാതിരിക്കുന്നത് ഒരു തത്ത്വദീക്ഷയുമില്ലാത്ത ഇത്തരം ഭീഷണികൾ നേരിടാനുള്ള ശേഷി ഇല്ലാത്തതിനാലാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ കൂടി ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയാൽ സാധാരണക്കാരന്റെ സ്ഥിതി എന്താകും? വായ്പയെടുക്കുന്നവന് പൊതുജീവിതത്തിൽ പുലർത്തുന്ന ഒരു അന്തസുണ്ട്. സമൂഹം അവനോടും അതേ അന്തസ് തിരികെ കാട്ടണമെന്ന പ്രതീക്ഷിക്കുന്നിടത്താണ് ക്വട്ടേഷൻ സംഘങ്ങൾ വായ്പാ കുടിശ്ശിക പിരിക്കാൻ വീടുകളിലേക്ക് കയറി ചെല്ലുന്നത്. ഇതു തകർത്തു കളയുന്നത് പൊതു സമൂഹത്തിൽ തനിക്കുണ്ടെന്ന് ഇടപാടുകാരൻ കരുതുന്ന അന്തസു തന്നെയാണ്.

ഇതൊരു മനശാസ്ത്രപരമായ പ്രശ്‌നം കൂടിയാണ്. സ്വകാര്യ പണമിടപാടുകാരിൽ നിന്ന് പണം കടമെടുക്കാതെ പൊതുമേഖലാ ബാങ്കുകളെ ഇടപാടുകാരൻ സമീപിക്കുന്നത് മതിയായ സാവകാശവും അന്തസുള്ള ഇടപാടും പ്രതീക്ഷിച്ചു തന്നെയാണ്. എന്നാൽ ഇത്തരം നടപടികൾ പൊതുമേഖലാ ബാങ്കുകളും തുടങ്ങുന്നതോടെ ഇടപാടുകാരനും കുടുംബവും പൊതു സമൂഹത്തിനു മുന്നിൽ അപമാനിക്കപ്പെട്ടുവെന്ന തോന്നലിലേക്കും അതുവഴി ആത്മഹത്യകളിലേക്കും വഴുതി വീഴാൻ സാധ്യത ഏറെയാണ്.

അതേസമയം ബാങ്കുകൾ പുലർത്തുന്ന ക്വട്ടേഷൻ മനോഭാവം രാജ്യത്തു നിലനിൽക്കുന്ന നിയമ സംഹിതകൾക്ക് എതിരാണെന്നതും കൂട്ടി വായിക്കണം. നിങ്ങൾക്ക് ഒരാളെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പണം ഈടാക്കാൻ എങ്ങനെയാണ് അധികാരമുണ്ടാവുക? വായ്പ നൽകിയ തുക തിരികെ ലഭിക്കുന്നതിൽ വീഴ്ച വന്നാൽ ഉദ്യോഗസ്ഥ തലത്തിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ഇത്തരം ക്വട്ടേഷൻ സംഘങ്ങളിലേക്ക് ബാങ്ക് ഉദ്യോഗസ്ഥർ അഭയം തേടുന്നതെന്നൊരു മറുവാദം ഉണ്ട്. കൃത്യമായ മാനദണ്ഡവും ഈടും വാങ്ങി നൽകുന്ന വായ്പകളിലെ തിരിച്ചടവു വീഴ്ചയിൽ എന്തിനാണ് ഇത്തരമൊരു ഭയമെന്നത് മറ്റൊരു ചോദ്യം.

അടുത്തിടെ എറണാകുളം ജില്ലയിലെ ഒരു സർവീസ് സഹകരണ ബാങ്ക് കാണിച്ച നെറികേടു കൂടി ഇതിനോടു ചേർത്തു വായിക്കണം. എടവനക്കാട് സ്വദേശി ലോനൻ കുട്ടി ആന്റണി മകളുടെ കല്യാണാവശ്യത്തിനായി തന്റെ പേരിലുള്ള ഭൂമി ഈടു നൽകി ഒന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പ കുടിശ്ശിക തിരിച്ചടച്ചു തീർത്തിട്ടും ബാങ്ക് ഭൂമിയുടെ ആധാരം തിരികെ നൽകിയില്ല. ഇക്കാലയളവിൽ ബാങ്കിൽ നിന്ന് ലോനൻകുട്ടി ആന്റണിയുടെ ഭാര്യ മുപ്പതിനായിരം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും ആ തുക കൂടി തിരിച്ചടച്ചു കഴിഞ്ഞാലേ ഭൂമിയുടെ ആധാരം നൽകാനാവൂ എന്ന നിലപാടാണ് ബാങ്ക് അധികൃതർ സ്വീകരിച്ചത്. ഇതിലും ഹൈക്കോടതി ഇടപെടേണ്ടി വന്നു. വായ്പാ കുടിശ്ശിക തീർത്താൽ ഈടു നൽകിയ ഭൂമിയുടെ ആധാരം തിരികെ നൽകണമെന്നും മതിയായ ഈടില്ലാതെയാണ് വായ്പക്കാരന്റെ ഭാര്യയ്ക്ക് ലോൺ നൽകിയതെങ്കിൽ ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍