UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് ബീഫല്ല ‘സാമ്പാറാ’ണ് ഈ തെരഞ്ഞെടുപ്പ്

Avatar

എം കെ രാംദാസ്

ബീഫ് മലപ്പുറത്തിന്റെ രാഷ്ട്രീയ ഉള്ളറകളില്‍ പ്രതിഫലിക്കുന്നുണ്ട്. മുസ്ലീ ലീഗ് ബീഫിന്റെ രുചി തേടുന്നത് ഏറെ ശ്രദ്ധയോടെ എന്നു മാത്രം. മലപ്പുറത്തെ ഹരിത പതാക പുതപ്പിച്ച മുസ്ലീംലീഗ് ബീഫില്‍ അമിതാവേശമൊന്നും പ്രകടിപ്പിക്കുന്നില്ല. സ്വന്തം തട്ടകത്തിലെ മേല്‍കൈ കഠിനാദ്ധ്വാനം ഇല്ലാതെ നിലനിര്‍ത്താന്‍ ആകുമെന്ന ആത്മവിശ്വാസമാണ് അണികളെ മറ്റ് മുദ്രാവാക്യങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ ലീഗിനെ പ്രാപ്തമാക്കിയത്. 

കോണ്‍ഗ്രസ്സുമായി മലപ്പുറത്ത് ലീഗ് അത്ര നല്ല ബന്ധത്തിലല്ല. ലീഗിന്റെ വല്യേട്ടന്‍ ഭാവം ആര്യാടനെയും മകന്‍ ഷൗക്കത്തിനെയും മാത്രമല്ല കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളേയും അസ്വസ്ഥരാക്കുന്നു. 24 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ലീഗും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ മത്സരിക്കുന്നു. പരപ്പനങ്ങാടിയും കൊണ്ടോട്ടിയുമാണ് ലീഗ് – കോണ്‍ഗ്രസ് പോരാട്ടത്തിന് വേദിയായ നഗരസഭകള്‍. കൊണ്ടോട്ടിയിലെ അംഗത്തിന് കൗതുക മുഖമുണ്ട്. രണ്ട് മുന്നണികളും സ്വതന്ത്ര വേഷത്തിലാണ് ഇവിടെ ഗോദായില്‍ പ്രത്യക്ഷപ്പെടുന്നത്. ലീഗ് വികസന മുന്നണിയുടെ ഭാഗമായും ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനകീയ മുന്നണിയായും മത്സരരംഗത്തിറങ്ങുന്നു. അല്‍പ്പസ്വല്‍പ്പം വേരോട്ടമുള്ള വെല്‍ഫയര്‍ പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ് എന്നിവരെല്ലാം ചേര്‍ന്നതാണ് കൊണ്ടോട്ടിയിലെ ജനകീയ മുന്നണി. ഇതൊരു സാമ്പാര്‍ മുന്നണിയെന്നാണ് മുസ്ലീംലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഈ കൂട്ടത്തെ വിശേഷിപ്പിച്ചത്. 

മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളില്‍ 90 ശതമാനവും നിയന്ത്രിക്കുന്നത് ഐക്യ ജനാധിപത്യ മുന്നണിയാണ്. 74 ഗ്രാമപഞ്ചായത്തുകള്‍. ഇതില്‍ 60ഉം ലീഗിന് സ്വന്തം. ജില്ലയിലെ മുഴുവന്‍ നഗരസഭകളും യു ഡി എഫ് പക്ഷത്താണ്. യുഡിഎഫ് സംവിധാനം പൂര്‍ണ ഭദ്രമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറ്റൊരു പ്രതികരണം. 

സി പി ഐ(എം)ലെ അസ്വാരസ്യം നിലമ്പൂരില്‍ തുടങ്ങുന്നു. ഇവിടത്തെ 8 ബ്രാഞ്ച് കമ്മറ്റികള്‍ പാര്‍ട്ടിയോട് സലാം പറഞ്ഞതായാണ് മലപ്പുറത്തെ പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയ വിവരം. മാറാക്കര പഞ്ചായത്തില്‍ ലോക്കല്‍ കമ്മറ്റിയെ അപ്പാടെ നിശബ്ദരാക്കിയത് കോണ്‍ഗ്രസ് ബന്ധം ആരോപിച്ചാണ്. 

മുസ്ലീംലീഗിന്റെ തന്‍പോരിമയ്‌ക്കെതിരെ പ്രാദേശിക വികാരമുയര്‍ത്തി മത്സരിക്കാനിറങ്ങിയ മണ്ഡലം കമ്മറ്റികളെ പിരിച്ച് വിട്ടാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം യു ഡി എഫിലെ ഐക്യം പേരിനെങ്കിലും നിലനിര്‍ത്തുന്നത്. മാറാക്കര, കൊണ്ടോട്ടി, ചെറുമുണ്ടം മണ്ഡലം കമ്മറ്റികള്‍ ലീഗിനോട് ഇടഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശിക്ഷ നടപടികള്‍ക്ക് വിധേയരായി. 

കേരളത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ബി ജെ പി, എസ് എന്‍ ഡി പി ബാന്ധവം ഇവിടെയും ഉണ്ട്. പൊന്നാനിയില്‍ ഈ ബന്ധം സുദൃഢമാണ്. സംഘടനാ പരമായി എസ് എന്‍ ഡി പിയ്ക്ക് വലിയ ശക്തിയൊന്നുമില്ലാത്ത മലപ്പുറത്ത് ബി ജെ പി കൈവരിക്കുന്ന നേട്ടം പാര്‍ട്ടിയുടെ മികവായി വിലയിരുത്തപ്പെടും. 

തീവ്രമുസ്ലീംപാര്‍ട്ടിയായി പരിഗണിക്കപ്പെടുന്ന എസ് ഡി പി ഐ ജില്ലാ പഞ്ചായത്തിലെ 14 ഡിവിഷനുകളില്‍ മത്സരിക്കുന്നു. മലവെള്ളംപോലെ പ്രചാരണ രംഗത്തേയ്ക്ക് ഇറങ്ങിയ എസ് ഡി പി ഐ ഉള്‍വലിഞ്ഞതായാണ് ഇപ്പോഴത്തെ വിവരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പാര്‍ട്ടി പ്രഖ്യാപനം വന്നെങ്കിലും തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് കണ്ടറിയണം. കരിപ്പൂര്‍ വിമാനത്താവള വികസനം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും പ്രാദേശിക വികസന വിഷയങ്ങള്‍ അവഗണിക്കപ്പെടുകയാണ്. 

ചുരുക്കത്തില്‍, മലപ്പുറം തെരഞ്ഞെടുപ്പിനെ ഇങ്ങനെ വിലയിരുത്താം; 

കോണ്‍ഗ്രസ് പിന്നിലായ മലപ്പുറത്ത് ലീഗിനുതന്നെ മേല്‍കൈ. 
സി പി ഐ (എം)ന് നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയ്ക്ക് വകയില്ല.
സംഘടന ദുര്‍ബലമായതുകൊണ്ട് എസ് എന്‍ ഡി പി പിന്തുണ ബി ജെ പിയ്ക്ക് കാര്യമായ ഗുണം ചെയ്യില്ല. 

എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയുടെ നിലപാടുകള്‍ മുന്നണി ബാലാബലത്തില്‍ വലിയ മാറ്റം സൃഷ്ടിക്കില്ല. തെരഞ്ഞെടുപ്പ് രംഗത്ത് മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്ക് പുതുമയൊന്നുമില്ല. ദേശീയ – സംസ്ഥാന രാഷ്ട്രീയമാണ് പെട്ടിക്കടകളില്‍പോലും പ്രധാന ചര്‍ച്ച വിഷയം.

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍