UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ്; നവരാഷ്ട്രീയ ചലനങ്ങള്‍ മുളപൊട്ടിയ വയനാട് എങ്ങോട്ട്?

Avatar

എം കെ രാംദാസ്


തെരഞ്ഞെടുപ്പ് രംഗത്തെ വയനാടന്‍ കാഴ്ചകള്‍ക്കും ചില വ്യത്യസ്തതയൊക്കെയുണ്ടായിരുന്നു. പ്രാദേശിക സ്വയംഭരണ സ്ഥാപന മേധാവികളെ കണ്ടെത്താനുള്ള അവസരങ്ങളില്‍ പ്രത്യേകിച്ചും. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നവചലനങ്ങള്‍ മുളപൊട്ടിയിരുന്ന ഇടം കൂടിയായിരുന്നു വയനാട്. ഇത് ഒരു മേന്മയാണെങ്കില്‍ ഈ ബഹുമതി നേടിത്തന്നത് തദ്ദേശീയരായ ആദിവാസികളാണ്. ജില്ലയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ ഇവര്‍ ന്യൂനപക്ഷമാണ്. 1930ലെ ജനസംഖ്യാവിവരമനുസരിച്ച് വയനാട്ടിലെ ജനസംഖ്യയില്‍ 70%ത്തില്‍ അധികവും ആദിമനിവാസികളായിരുന്നു. 70 വര്‍ഷത്തിനിപ്പുറം വന്നവാസികളുടെ എണ്ണം 70 ശതമാനത്തില്‍ അധികം ആയെന്നത് വിരോധാഭാസം. 

നക്‌സലൈറ്റ് പ്രത്യയശാസ്ത്ര പരീക്ഷണത്തിനു വേദിയായ സംസ്ഥാനത്തെ പ്രധാന ഇടങ്ങളില്‍ ഒന്ന് വയനാടായിരുന്നു. എ വര്‍ഗ്ഗീസ് നേതൃത്വം നല്‍കിയ രാഷ്ട്രീയ പോരാട്ടം കേരള ചരിത്രത്തില്‍ ഇടം നേടി. ആദിവാസികളുടെ സ്വാതന്ത്ര്യം തന്നെയായിരുന്നു ഇവരുടെ പ്രധാന മുദ്രാവാക്യം. കുടിയേറ്റം സൃഷ്ടിച്ച പ്രതിസന്ധിയില്‍ മണ്ണും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ആദിവാസികള്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ഭരണകൂടത്തെ വെല്ലുവിളിച്ച് മുത്തങ്ങ വനഭൂമിയില്‍ അധികാരം സ്ഥാപിച്ച് സമരത്തിനിറങ്ങിയത് 2003 ലാണ്. 

സി കെ ജാനുവും എം ഗീതാനന്ദനും നേതൃത്വം നല്‍കിയ ആദിവാസി ഗോത്ര മഹാസഭ 2003നുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം രംഗത്തിറങ്ങിയിരുന്നു. ചിലയിടങ്ങളില്‍ ഗോത്രമഹാസഭ പ്രതിനിധികള്‍ നേരിട്ട് മത്സരത്തിനിറങ്ങി. മറ്റ് ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കി സാന്നിദ്ധ്യം സജീവമാക്കി. ഒടുവില്‍ നില്‍പ്പുസമരവും ഒത്തുതീര്‍പ്പും. ആദിവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍ അങ്ങനെതന്നെ അവശേഷിക്കുന്നു. ഇക്കാര്യത്തില്‍ ഭരണകൂടം നിശബ്ദത തുടരുകയാണ്. സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തവണ ഗോത്ര മഹാസഭ വയനാട്ടില്‍ ഒരിടത്തുപോലും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടില്ല. 

എറണാകുളത്തും ഇടുക്കിയിലും ഓരോ സീറ്റിലും കണ്ണൂരിലെ ആറളത്ത് മൂന്ന് സീറ്റിലും മാത്രമേ ഗോത്ര മഹാസഭയുടെ പ്രതിനിധികള്‍ മത്സരിക്കുന്നുള്ളൂ. ‘വയനാട്ടില്‍ ഉള്‍പ്പെടെ എന്ത് നിലപാട് എടുക്കണമെന്ന് ആലോചിക്കുന്നതേയുള്ളൂ. നേതൃയോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ആദിവാസി ഗോത്രസഭ അപ്രസക്തമായതല്ല ഇതിന് കാരണം നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. ഒന്നോ രണ്ടോ ഇടങ്ങളിലെ അധികാരം മാത്രമല്ല പരിഹാരം. പഞ്ചായത്തുകളില്‍ അധികാരം ആവശ്യമുള്ളവര്‍ അതെടുക്കട്ടെ. ജീവിക്കാനുള്ള വായുവും വെള്ളവും മണ്ണും ഞങ്ങള്‍ക്കുവേണം. ആദിവാസികള്‍ അതിനുള്ള പോരാട്ടം തുടരും’. സി കെ ജാനുവിന്റെ പ്രതികരണം ഇങ്ങനെ. 

ഹരിത വിപ്ലവത്തിന്റെ ആഗമനം വയനാടന്‍ മണ്ണ് അറിഞ്ഞതാണ്. പിന്നീട് കാണുന്നത് നിരാശരായ കര്‍ഷകരുടെ നിരന്തര ആത്മഹത്യകളാണ്. ഏതാണ്ട് ആയിരത്തോളം കര്‍ഷകര്‍ ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച് കടന്നു പോയി. രാഷ്ട്രീയ കക്ഷികളുടെ വാലായി നിന്ന കര്‍ഷക സംഘടനകളെ  കര്‍ഷകര്‍ ഉപേക്ഷിച്ചു. എ സി വര്‍ക്കി സ്വതന്ത്ര കര്‍ഷക നേതാവായി ഉയര്‍ന്നു. ‘ഫാര്‍മേഴ്‌സ് റിലീഫ് ഫോറം’ എന്ന കര്‍ഷക കൂട്ടം തെരഞ്ഞെടുപ്പ് ഫലങ്ങളെ പുനര്‍നിര്‍ണ്ണയിച്ചു. പള്ളി നേരിട്ട് നേതൃത്വം നല്‍കി ‘ഇന്‍ഫാം’ എന്ന കര്‍ഷക സംഘടന രൂപീകരിച്ചു. ഇവര്‍ക്കും തെരഞ്ഞെടുപ്പുകളില്‍ ചെറുതല്ലാത്ത റോളുകള്‍ ഉണ്ടായിരുന്നു. പ്രാദേശിക സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനിറങ്ങിയ എഫ് ആര്‍ എഫ് ചില പഞ്ചായത്തുകളില്‍ ജയിച്ചുകയറി. കാര്‍ഷിക പ്രതിസന്ധി അവസാനിച്ചിട്ടില്ല. വില ഇടിവും വിള നാശവും തുടരുന്നു. സ്വതന്ത്ര നിലപാടെടുത്തിരുന്ന കര്‍ഷക സംഘടനകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി. 

മുന്നണികള്‍ പതിവിന്‍പടി അവകാശവാദം ഉന്നയിക്കുന്നു. ഉള്ളത് 23 പഞ്ചയാത്തുകളും 3 മുനിസിപ്പാലിറ്റികളും. മാനന്തവാടിക്കും സുല്‍ത്താന്‍ ബത്തേരിക്കും ഈയിടെയാണ് മുനിസിപ്പാലിറ്റിയായി സ്ഥാനക്കയറ്റം കിട്ടിയത്. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ജില്ലാ പഞ്ചായത്തും നിലവില്‍ നിയന്ത്രിക്കുന്നത് ഐക്യ ജനാധിപത്യ മുന്നണിയാണ്. തിരുനെല്ലി, വൈത്തിരി, മീനങ്ങാടി ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് ഇടത് ആഭിമുഖ്യം പുലര്‍ത്തിയത്. 

സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവികസിതം. ഇടുക്കിയോടൊപ്പം തീവണ്ടി കയറാത്ത ജില്ലയായി വയനാടും ഉണ്ട്. മാധവ് ഗാഡ്ഗില്‍ ശുപാര്‍ശകളും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും യഥേഷ്ടം ഉപയോഗിച്ച് രാഷ്ട്രീയ കക്ഷികള്‍ മടുത്തതാണ്. ഇക്കാര്യത്തില്‍ ബിജെപിയും പിന്നിലായില്ല. കടുവ സങ്കേത പ്രഖ്യാപനമായിരുന്നു മറ്റൊരു പ്രശ്നം. പ്രതിഷേധം ഹര്‍ത്താലും കലാപവുമായി മാറി. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെല്ലാം കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് വറുത്ത് തിന്നു. കാര്യമായ നേട്ടം ഒന്നും ആര്‍ക്കും ഉണ്ടായില്ലെന്നുമാത്രം. 

സിപിഐ (എം) ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്റെ അവകാശവാദത്തിനും പുതുമയില്ല. മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലെ മികവിന്റെ ഗുണം ഇടതിനെന്ന് ശശീന്ദ്രന്‍. ജാതിയേയും വര്‍ഗ്ഗീയതേയും ചെറുക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം ജനപിന്തുണയുടെ ഗ്രാഫ് ഉയര്‍ത്തിയതായും ശശീന്ദ്രന്‍ പറയുന്നു. 

ബിജെപിയുടെ കണ്ണ് എസ് എന്‍ ഡി പിയില്‍ തന്നെ. മികവുണ്ടാക്കുമെന്ന ബി ജെ പിയുടെ ആത്മവിശ്വാസത്തെ വീമ്പ് ഇളക്കലായി തള്ളിക്കളയാന്‍ ഇരുമുന്നണികളും ഇപ്പോള്‍ തയാറല്ല. പുല്‍പ്പള്ളി, പൂതാടി, മീനങ്ങാടി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ എസ് എന്‍ ഡി പി ചങ്ങാത്തം ബി ജെ പിയെ രക്ഷിക്കുമെന്ന ചിന്തയാണ് സംഘം സ്‌നേഹികള്‍ക്കുള്ളത്. 

ഇനി യു ഡി എഫ് കഥ. ആകെ ആവര്‍ത്തവന വിരസം. സീറ്റ് മോഹികള്‍ യഥേഷ്ടം. വിമതരായി എതിര്‍പാളയത്തില്‍ എത്തിവരുമുണ്ട്. അതിനിടെ കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റ് വിവാദം വന്നു. ജില്ല പഞ്ചായത്ത് ഡിവിഷനായ മുള്ളന്‍കൊല്ലി പേമെന്റ് സീറ്റായി നല്‍കുന്നുവെന്ന് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസിനെതിരെ പാളയത്തില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ആയതും നേരത്തെ കാലത്ത് ഇക്കാര്യ പരസ്യമായതും പേമെന്റ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയില്ല. മുളളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് നേതാവ് വിമതനായി രംഗത്തെത്തി ഇടത് മുന്നണി പിന്തുണയോടെ മത്സരിക്കുന്നു. 

‘അരുവിക്കരയ്ക്കുശേഷം കേരളത്തില്‍ ആകെ സംഭവിക്കുന്നതുതന്നെയാണ് വയനാട്ടിലും. ജാതിരാഷ്ട്രീയം ഇവിടെയും തെരഞ്ഞെടുപ്പ് വിജയം നിര്‍ണ്ണയിക്കുന്നു. പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നില്ല. വികസന അജണ്ട മാറ്റിവെച്ച് ജാതിയും മതവും പറഞ്ഞ് വോട്ട് തേടുന്നതാണ് വയനാട്ടില്‍ കാണുന്നത്. പള്ളിയും ഇക്കാര്യത്തില്‍ അവരുടേതായ പങ്ക് വഹിക്കുന്നു.’ പുല്‍പ്പള്ളിയിലെ സാധാരണക്കാരനായ ബാബു കുമാറിന്റെ നിരീക്ഷണമാണിത്.

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍