UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്തൂര്‍ മുതല്‍ കാരായി വരെ

Avatar

കെ എ ആന്റണി

കണ്ണൂരിലെ ആന്തൂരില്‍ എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ നടന്നു. തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കും മുമ്പുതന്നെ പുതുതായി രൂപീകരിക്കപ്പെട്ട ആന്തൂര്‍ നഗരസഭയില്‍ ആകെയുള്ള 28 വാര്‍ഡുകളില്‍ പതിനാലിടത്തിലും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ പതിമൂന്നുപേരും സി.പി.എമ്മുകാര്‍ തന്നെ എന്നതില്‍ അത്ഭുതത്തിന് വകയില്ല. കാരണം, ആന്തൂര്‍ കയ്യൂര്‍ പോലെ തന്നെ ഒരു പാര്‍ട്ടി ഗ്രാമമാണ്. ഇതര പാര്‍ട്ടി ഗ്രാമങ്ങളില്‍ കാലം വിള്ളല്‍ വീഴ്ത്തിയെങ്കിലും കയ്യൂരിനെപ്പോലെ തന്നെ ഉറച്ച സി.പി.എം കോട്ടയായി ആന്തൂര്‍ ഇന്നും നിലനില്‍ക്കുന്നു.

അമ്പത് ശതമാനം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദാരവത്തില്‍ തന്നെയാണ് സി.പി.എം. യു.ഡി.എഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുകാരാവട്ടെ ഈ പതിനാലിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ പോയതിലുള്ള ജാള്യതയിലും. പ്രദേശത്ത് സി.പി.എം തുടര്‍ന്നുവരുന്ന കിരാതവാഴ്ച്ചയാണ് തങ്ങള്‍ക്കുവേണ്ടി മത്സരിക്കാന്‍ ആളെ കിട്ടാത്തതിനു കാരണമായി കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഒരു വലിയ പരിധിവരെ ശരിയാണുതാനും. വികസനം ഇനിയും വേണ്ടത്ര കടന്നുചെന്നിട്ടില്ലാത്ത ആന്തൂരില്‍ സി.പി.എമ്മുകാര്‍ പറയുന്നതാണ് അവസാന വാക്ക്. എതിര്‍ത്താന്‍ വിവരമറിയും. അതിനായി ഏറെ കാത്തിരിക്കേണ്ടിവരില്ല. എന്നതാണ് വാസ്തവം. ധീരരക്തസാക്ഷികളുടെ നാടായ കയ്യൂരുപോലെ തന്നെ പണ്ടൊക്കെ 101 ശതമാനം പോളിംഗ് നടന്നിരുന്ന പ്രദേശങ്ങളില്‍ ഒന്നുതന്നെയായിരുന്നു ആന്തൂരും. സ്വന്തം അക്കൌണ്ടില്‍ രക്തസാക്ഷികളില്ലെങ്കിലും ഒരു പോലീസുകാരനെ തല്ലിക്കൊന്ന വീരചരിതം ആന്തൂരിന്റെ ഭാഗമായ മൊറാഴയ്ക്ക് സ്വന്തം. മൊറാഴയില്‍ വച്ചാണ് കുട്ടികൃഷ്ണമേനോന്‍ എന്ന പോലീസ് സബ് ഇന്‍സ്‌പെക്ടറെ കെ.പി.ആര്‍. ഗോപാലന്‍ എന്ന കമ്മ്യൂണിസ്റ്റ് ഇതിഹാസ നായകന്റെ നേതൃത്വത്തില്‍ ജനക്കൂട്ടം തല്ലിക്കൊന്നത്. കെ.പി.ആറും കൂട്ടരും അന്ന് കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസിലായിരുന്നു. കര്‍ഷകരുടെ പ്രതിഷേധ ജാഥ തടഞ്ഞതിന്റെ പേരിലായിരുന്നു തല്ലിക്കൊല്ലല്‍. തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട കെ.പി.ആര്‍. പിന്നീട് നെഹ്‌റുവിന്റെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ വിമോചിതനാവുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട മേനോന്റെ കുടുംബക്കാര്‍ അന്ന് വളപട്ടണം പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മറവുചെയ്ത ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ സ്വദേശമായ ഒറ്റപ്പാലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. എന്തുകൊണ്ടോ പിന്നീടത് നടന്നില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരെ നെഞ്ചേറ്റിയ മൊറാഴ സമരഗാഥയെക്കുറിച്ചു വലിയ പിടിപാടില്ലാത്ത ശിവരാമന്‍ എന്ന യുവ സി.പി.എം. എം.പി. പാര്‍ട്ടിക്ക് അനഭിമതനാകാന്‍ ഇതേ മേനോന്‍ തന്നെ കാരണക്കാരനായതും ചരിത്രത്തിന്റെ ഭാഗം തന്നെ. കുട്ടികൃഷ്ണമേനോന്റെ പേരില്‍ ചേര്‍പ്പളശ്ശേരിയില്‍ പണിതീര്‍ത്ത ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതിന്റെ പേരിലായിരുന്നു ഇത്. 

സംഗതി എന്തുതന്നെയായാലും കേരളത്തിലെ, പ്രത്യേകിച്ചും കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരുടെ വീര പുരുഷന്‍മാരായ കെ.പി.ആര്‍. ഗോപാലനും ഇ.കെ.നായനാരും കാന്തലോട്ട് കുഞ്ഞമ്പുവും ഒക്കെ ജനിച്ചു വളര്‍ന്ന നാടാണ് അന്തൂരിനോടു ചേര്‍ന്നുകിടക്കുന്ന കല്യാശ്ശേരിയും പാപ്പിനിശ്ശേരിയും. ഒരു കാലത്തു സി.പി.എമ്മിന്റെ കിരീടം വയ്ക്കാത്ത രാജാവായി അറിയപ്പെട്ടിരുന്ന എം.വി.രാഘവന്റെ ജന്മനാടും പാപ്പിനിശ്ശേരി തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ആന്തൂരിലെ സഖാക്കള്‍ക്കു അല്‍പം വീറും വാശിയും കൂടുമെന്നു സാരം. ഒരുകാലത്ത് തങ്ങളുടെ ആവേശമായിരുന്ന രാഘവനെതിരെ പിന്നീട് ഏറ്റവും ശക്തമായ രീതിയില്‍ പ്രതികരിച്ചതും ഇതേ ആന്തൂര്‍ – പാപ്പിനിശ്ശേരി – കല്ല്യാശ്ശേരി – മൊറാഴക്കാര് തന്നെയാണ്. രാഘവന്റെ പാപ്പിനിശ്ശേരിയിലെ സ്‌നേക്ക് പാര്‍ക്കിന് അന്നവര്‍ തീയിട്ടപ്പോള്‍ വെന്തെരിഞ്ഞത് നൂറുകണക്കിന് പാമ്പുകളും സിംഹവാലന്‍ കുരങ്ങ് അടക്കമുള്ള മറ്റു ജീവികളുമായിരുന്നു. 

മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തങ്ങളുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന വാശിയും ആന്തൂര്‍ സഖാക്കള്‍ക്കുണ്ട്. ഇതിന്റെ രണ്ടു പ്രത്യക്ഷ ഉദാഹരണങ്ങളാണ് ആര്‍.എസ്.എസ് പ്രചാരക് ആയിരുന്ന വിശ്വന്റെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന വി. ദാസന്റെയും കൊലപാതകങ്ങള്‍. വിശ്വന്‍ കൊലപ്പെട്ടത് ആന്തൂരിനടുത്തുള്ള ആരോലിയില്‍ ആയിരുന്നെങ്കില്‍ ദാസന്‍ മരിച്ചുവീണത് ആന്തൂരിലെ മണ്‍കടവില്‍ ആയിരുന്നു. വിശ്വന്‍ ആര്‍.എസ്.എസ് വഴി ബി.ജെ.പിയെ വളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ദാസന്‍ കൊല്ലപ്പെട്ടതു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആന്തൂരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരിലായിരുന്നു.

ഇത് ആന്തൂരിലെ കമ്മ്യൂണിസ്റ്റ് വിജയത്തിന്റെ ഒരു വശം മാത്രമാണ്. സി.പി.എം ആന്തൂരില്‍ വിതയ്ക്കുന്ന ഭീതിയുടെ മുഖം. ഇതിനൊരു മറുവശം കൂടിയുണ്ട്. അതാവട്ടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിടിപ്പുകേടിന്റേതും. ദാസന്റെ രക്തസാക്ഷിത്വം ആന്തൂരിലും പരിസരപ്രദേശങ്ങളിലും പാര്‍ട്ടി വളര്‍ത്താന്‍ പറ്റിയ ഒരു അവസരമായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍ അവരതു പ്രയോജനപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ ദാസന്‍ മരിച്ച് ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും മത്സരിക്കാന്‍ ആളെ കണ്ടുപിടിക്കാന്‍ കഴിയാതെ സി.പി.എമ്മിന്റെ ഗൂണ്ടാ രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് തടിതപ്പുകയാണവര്‍. ആന്തൂര്‍ എന്ന പുതിയ നഗരസഭയുടെ സൃഷ്ടാക്കളും യു.ഡി.എഫ്. തന്നെ. 

കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആന്തൂര്‍ പഞ്ചായത്തിനെ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമാക്കി. തളിപ്പറമ്പ് ഭരണം പിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു നടന്നു. എല്‍.ഡി.എഫ്. മാറി യു.ഡി.എഫ്. വന്നപ്പോള്‍ തളിപ്പറമ്പ് തിരിച്ചുപിടിക്കണമെന്ന മുസ്ലീം ലീഗിന്റെ കടുംപിടുത്തത്തിന് കോണ്‍ഗ്രസും കൂട്ടുനിന്നു. ആന്തൂറും മൊറാഴയും തളിപ്പറമ്പില്‍ നിന്നും നീക്കം ചെയ്തു. അങ്ങനെ വീണ്ടും ഒരു പഞ്ചായത്തായിരുന്ന ആന്തൂര്‍ നഗരസഭയായി. സി.പി.എംകാര്‍ക്കുവേണ്ടി കോണ്‍ഗ്രസും ലീഗും ചേര്‍ന്നു സൃഷ്ടിച്ചെടുത്ത ഒരു നഗരസഭ. ആന്തൂര്‍ കൈപ്പിടിയില്‍ ആയതുകൊണ്ടുമാത്രം കണ്ണൂരില്‍ മേല്‍ക്കൈ ലഭിക്കില്ലെന്ന് സി.പി.എമ്മിനും അറിയാം. പുതുതായി രൂപികരിക്കപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷനിലും തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിട്ടി, പാനൂര്‍ എന്നീ നഗരസഭകളിലും അവരുടെ സ്ഥിതി വളരെ ദയനീയമാണ്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍ എന്നിടങ്ങളിലും കടുത്ത മത്സരം തന്നെയാണ് എല്‍.ഡി.എഫ്. നേരിടുന്നത്. ഭരണത്തിലുള്ള മട്ടന്നൂര്‍ നഗരസഭയില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പില്ല താനും. പുതുതായി രൂപീകരിക്കപ്പെട്ട പാനൂര്‍ നഗരസഭയിലും തലശ്ശേരി കൂത്തുപറമ്പ് നഗരസഭകളിലും ബി.ജെ.പി. നേതാക്കളായ ഒ.കെ.വാസുവിനെയും അശോകനെയും പാര്‍ട്ടിയിലേക്കെടുക്കുക വഴി ഒരു വിഭാഗം പാര്‍ട്ടിപ്രവര്‍ത്തകരെ ശത്രുക്കളാക്കുകയും ചെയ്തിരിക്കുന്നു.

കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വം ആണ് സി.പി.എം. നേരിടുന്ന മറ്റൊരു വെല്ലുവിളി. ഉറച്ച സീറ്റുകളില്‍ നിന്നും കാരായിമാര്‍ ജയിച്ചു കയറിയേക്കാം. എന്നാല്‍ ഫസല്‍ വധക്കേസില്‍ സി.ബി.ഐ തടവില്‍ കഴിയുന്ന കാരായിമാരെ തിരക്കു പിടിച്ചു സ്ഥാനാര്‍ത്ഥികളാക്കുക വഴി ജില്ലയില്‍ മാത്രമല്ല കേരളത്തിലങ്ങളോമിങ്ങോളം സി.പി.എം. വിമര്‍ശനം നേരിടുകയാണ്. എസ്.എന്‍.ഡി.പി. – ബി.ജെ.പി. ബന്ധവും ചെറിയ തോതിലെങ്കിലും സി.പി.എമ്മിനും എല്‍.ഡി.എഫിനും തലവേദന ശൃഷ്ടിക്കുന്നുണ്ട്. എന്നുകരുതി വെള്ളാപ്പള്ളി – ബി.ജെ.പി. ബാന്ധവം കണ്ണൂര്‍ ജില്ലയില്‍ ഒരു വന്‍സംഭവം ഒന്നുമല്ല. പത്തു വര്‍ഷം മുമ്പ് ”ഇതാ ഞാന്‍ എന്റെ യാഗാശ്വത്തെ മലബാറിലേക്ക് അയക്കുന്നു” എന്നു പറഞ്ഞ് ഇറങ്ങി പുറപ്പെട്ട വെള്ളാപ്പള്ളി നടേശന് മലബാറില്‍ ലഭിച്ചത് തണുത്ത പ്രതികരണമായിരുന്നു. ആ അവസ്ഥയ്ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല മൈക്രോ ഫിനാന്‍സ് വിവാദം അത്യാവശ്യം ഏശുകയും ചെയ്തിട്ടുണ്ട്. എന്നുകരുതി കോണ്‍ഗ്രസിനും യു.ഡി.എഫിനും എല്ലാം ശുഭപര്യവസായി ആയിക്കൊള്ളണമെന്നില്ല. ശക്തരായ റിബലുകളാണ് യു.ഡി.എഫിന്റെ ഉറക്കം കെടുത്തുന്നത്. നാളിതു വരെ കോണ്‍ഗ്രസ്സിനു വേണ്ടി പ്രവര്‍ത്തിക്കുകയും, പഞ്ചായത്തിലും, നഗരസഭയിലേക്കുമൊക്കെ മികവുറ്റ പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തവരാണ് റിബലുകളില്‍ പലരും. ഇതില്‍ ചിലരാവട്ടെ കോണ്‍ഗ്രസിന്റെ സീറ്റ് വില്‍പ്പനയില്‍ പ്രതിഷേധിച്ചു രംഗത്ത് വന്നവരും. സത്യത്തില്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ റിബലുകളുണ്ടായതാണ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും പ്രതീക്ഷയും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍