UPDATES

തെരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ ചാണ്ടിയുടെ ചെകിട്ടത്ത് ജനം കൊടുത്ത അടി; വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

എല്‍ ഡി എഫിന്റെ സംശുദ്ധ രാഷ്ട്രീയത്തിനും, വര്‍ഗീയതയ്‌ക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിനും, ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടയുടെ അതിഭീകരമായ അഴിമതിഭരണത്തിനും, ജനവിരുദ്ധനടപടികള്‍ക്കും വര്‍ഗീയപ്രീണനത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയുമാണ് എല്‍ ഡി എഫിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രതിഫലിക്കുന്നത്. ബി ജെ പിയുമായി കൂട്ടുചേര്‍ന്ന വെള്ളാപ്പള്ളി നടേശന്റ അവിഹിതവേഴ്ചയ്ക്കും, ശ്രീനാരായണീയരെ ചാതുര്‍വര്‍ണ്യത്തിന്റെ തൊഴുത്തില്‍ കെട്ടുന്നതിനുള്ള ശ്രമത്തിനും, അഴിമതിമൂടിവയ്ക്കാനുമുള്ള ശ്രമത്തിനും പ്രബുദ്ധരായ ജനങ്ങള്‍ നല്‍കിയ ചുട്ട മറുപടിയും ഈ തെരഞ്ഞെടുപ്പുഫലത്തില്‍ കാണാന്‍ കഴിയും. ബിജെപിയുടെ വര്‍ഗീയ-ഫാസിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയൂ എന്ന കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ തിരിച്ചറിവുകൂടിയാണ് ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്നും വി എസ് പറഞ്ഞു.

ബി ജെ പിയുടെ വര്‍ഗീയ അജണ്ടയോട് മൃദുസമീപനം സ്വീകരിക്കുകയും, അവരെ തരാതരം പോലെ പ്രീണിപ്പിക്കുകയും ചെയ്ത യു ഡി എഫിന്റെ അപകടകരമായ രാഷ്ട്രീയ നിലപാട് ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. യുഡിഎഫിന്റെ ഈ വൃത്തികെട്ട രാഷ്ട്രീയമാണ് തലസ്ഥാന നഗരിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സഹായകമായത്. ബിജെപി-വെള്ളാപ്പള്ളി സഖ്യം എന്തോ ഒക്കെ കാട്ടിക്കൂട്ടുമെന്ന് വീമ്പിളക്കിയിരുന്ന കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ അവിശുദ്ധ കുട്ടുകെട്ടിന് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍പ്പോലും നടേശന്റെ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്. ബിജെപി-വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകെട്ടിനെ യഥാര്‍ത്ഥ ശ്രീനാരായണീയരും,കേരളത്തിലെ മതനിരപേക്ഷ സമൂഹവും അംഗീകരിക്കുകയില്ലെന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു; വി എസ് പറഞ്ഞു.

യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍പോലും എല്‍ഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിച്ചത് ഇതിനു തെളിവാണ്. കൊല്ലം ജില്ലയില്‍ ആര്‍എസ്പിക്കും, വയനാട് വീരേന്ദ്രകുമാറിന്റെ ജനതാദളിനും ഉണ്ടായ കനത്ത പരാജയം ഇവരുടെ അവസരവാദ യുഡിഎഫ് കൂട്ടുകെട്ടിനു ലഭിച്ച തിരിച്ചടിയാണ്. ഈ രണ്ട് പാര്‍ടികളും അവരുടെ രാഷ്ട്രീയനിലപാട് പുന:പരിശോധിക്കേണ്ട സമയമായിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസിന്റെ കോട്ടകളില്‍പ്പോലും യുഡിഎഫിനുണ്ടായ തിരിച്ചടി അഴിമതിവീരനായ മാണിക്കേറ്റ കരണത്തടിയാണ്. കേരളത്തില്‍ മതേതര ജനാധിപത്യത്തിനു മാത്രമേ ഭാവിയുള്ളൂ എന്നാണ് ഈ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നതെന്നും വി എസ് വ്യക്തമാക്കി. 

വാര്‍ഡുകള്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിച്ച് അധികാരം പിടിച്ചെടുക്കാനുള്ള യുഡിഎഫിന്റെ തന്ത്രം കോടതി പരാജയപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയുടെ കരണത്തേറ്റ അടിയാണെന്ന് ഞാന്‍ തെരഞ്ഞെടുപ്പുവേളയില്‍ പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം നല്‍കി ഉമ്മന്‍ചാണ്ടിയുടെ മറ്റേ കരണത്തുകൂടി അടി നല്‍കണമെന്നും ഞാന്‍ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അത് ജനങ്ങള്‍ നല്ല നിലയില്‍ നിര്‍വഹിക്കുക തന്നെ ചെയ്തിരിക്കുകയാണ്. ഇനി ആറു മാസം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കൂട്ടരെ കഴുത്തിനുപിടിച്ച് പുറത്താക്കി യുഡിഎഫിന്റെ അഴിമതിഭരണത്തിന് അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും വി എസ് ആഹ്വാനം ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍