UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ പഞ്ചായത്തുകള്‍ ഉണ്ടാക്കിക്കോളൂ; അതിനുമുമ്പ് ഈ കണക്കുകള്‍ കൂടി ഒന്നു നോക്കണം

സംസ്ഥാന സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിച്ചിരുന്ന അധികാരം പടിപടിയായി പതിനെട്ട് വര്‍ഷം മുമ്പ് ഗ്രാമങ്ങളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നാട്ടില്‍ നിശ്ശബ്ദമായി ഒരു ജനാധിപത്യ വിപ്ലവം നടക്കുകയാണെന്ന് ശുദ്ധഗതിയാല്‍ നാമെല്ലാം വിചാരിച്ചു. പഞ്ചായത്തിരാജും നഗരപാലികാ നിയമവും തത്വത്തില്‍ വലിയ വിപ്ലവാശയങ്ങള്‍ തന്നെ. പ്രയോഗതലത്തില്‍ രാഷ്ട്രീയോപജീവികളുടെ പുതിയൊരു ചൂഷകവര്‍ഗ്ഗത്തെ നാട്ടില്‍ വളര്‍ത്താന്‍ അതു സഹായിച്ചു. കാര്യങ്ങളുടെ കടിഞ്ഞാണ്‍ ഇപ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ നിന്ന് വിട്ടില്ല.

ആസൂത്രണവും വികസനവും ഗ്രാമസഭകള്‍ കൂടി നാട്ടുകാര്‍ക്ക് സ്വയം ചര്‍ച്ച ചെയ്തു നടപ്പാക്കാം. പഞ്ചായത്തു വഴിയോ നഗരസഭ മുഖേനയോ സര്‍ക്കാര്‍ ഇഷ്ടംപോലെ ഫണ്ട് തരും. കേള്‍ക്കാന്‍ എത്ര സുന്ദരമായ കാര്യം. കേരളത്തില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ എത്ര പദ്ധതികള്‍ നാട്ടുക്കൂട്ടങ്ങളുടെ ഭാവനയില്‍ ഉത്ഭവിച്ച് നടപ്പിലായിട്ടുണ്ടെന്ന് ഒരു കണക്കെടുക്കണം. നിരാശാജനകമാണ് ലഭ്യമായ വിവരങ്ങള്‍.

മഹാനഗരമായ കൊച്ചി ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്തിന്റെയും നഗരഭരണകൂടങ്ങളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്തയോഗം ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആസൂത്രണത്തിനും വികസനത്തിനും സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ വിനിയോഗക്കണക്ക് കേള്‍ക്കുക. കൊച്ചി കോര്‍പ്പറേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച തുകയുടെ 26.54 ശതമാനം ചെലവഴിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് 26.26 ശതമാനം തുക വിനിയോഗിച്ചു. ഗ്രാമതലത്തില്‍ 31 ശതമാനവും ബ്ലോക്ക് തലത്തില്‍ 32 ശതമാനവും ജില്ലാതലത്തില്‍ വെറും 14 ശതമാനവും ഫണ്ട് ശരാശരി ഉപയോഗിച്ചപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ഉപയോഗപ്പെടുത്തിയ ഗ്രാമപഞ്ചായത്ത് വാളകം ആയി. 58 ശതമാനമാണ് വാളകം ഗ്രാമത്തിന്റെ വിനിയോഗം. കീരമ്പാറ പതിനേഴര ശതമാനം ഫണ്ടും കുമ്പളം 18 ശതമാനം ഫണ്ടും ഉപയോഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സഞ്ചരിക്കാന്‍ വാഹനം വാങ്ങിയ തുക അടക്കമുള്ള ഉപയോഗത്തിന്റെ ശതമാനക്കണക്കാണിത്. എങ്കില്‍ നാട്ടുകാര്‍ക്ക് എത്ര തുകയുടെ വികസനം കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ കിട്ടിയിട്ടുണ്ടാകുമെന്ന് ഊഹിക്കാം. കേരളത്തിലെ എല്ലാ തദ്ദേശഭരണപ്രദേശങ്ങളുടെയും പൊതുസ്ഥിതി ഇതില്‍ നിന്ന് ഭിന്നമാകാന്‍ ഇടയില്ല.

പഞ്ചായത്തിലെയും നഗരസഭകളിലെയും ജീവനക്കാരെ വ്യവസ്ഥയില്ലാതെ സ്ഥലം മാറ്റുന്നതിനാല്‍ ആസൂത്രണവികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നുണ്ടെന്ന് പ്രതിനിധികള്‍ പരാതിപ്പെട്ടു. നേരോ? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് നിയതമായ വ്യവസ്ഥ ഇല്ലെന്നോ? അങ്ങനെയെങ്കില്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അധികാരങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് ആ അധികാരം അട്ടിമറിക്കുകയാണ്. അല്ലെങ്കില്‍ വികസന പ്രവര്‍ത്തനത്തിന് നല്‍കുന്ന ഫണ്ടിന്റെ കാല്‍ഭാഗംപോലും ഉപയോഗിക്കാത്ത സ്വയംഭരണ സ്ഥാപനങ്ങളുടെമേല്‍ കര്‍ശന നടപടിയെടുക്കേണ്ടതല്ലേ? നിലവിലുള്ള പഞ്ചായത്തുകളുടെ വികസനചരിത്രം ഇതാണെങ്കില്‍ മുളവൂര്‍, അറയ്ക്കപ്പടി, നേര്യമംഗലം, കുറുപ്പംപടി, പട്ടിമറ്റം, തൃക്കാരിയൂര്‍ എന്നീ പുതിയ ആറു പഞ്ചായത്തുകള്‍കൂടി എറണാകുളം ജില്ലയില്‍ രൂപീകരിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 25 ന് സ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. സംസ്ഥാനത്തെ നിര്‍ദ്ദിഷ്ട 69 പുതിയ പഞ്ചായത്തുകള്‍ക്ക് ഒപ്പം അവയും ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ‘പട്ടിമറ്റം’ എന്ന് സ്വന്തം പഞ്ചായത്ത് അറിയപ്പെടുന്നതില്‍ അപമാനിതനായ ഒരു ഗ്രാമവാസി ദുഃഖത്തോടെ ഒരു പത്രത്തിലെ വായനക്കാരുടെ പംക്തിയില്‍ കത്തെഴുതി പ്രതിഷേധിച്ചിരുന്നു. ആ പഞ്ചായത്തില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ താമസം മാറ്റുമെന്ന ഭീഷണിയുമുണ്ട്. ഹൈക്കോടതി ഉത്തരവ് ഗ്രാമീണരെ രക്ഷിച്ചു എന്ന് കരുതാമോ?

വില്ലേജുകള്‍ പകുത്ത് പുതിയ ഗ്രാമപഞ്ചായത്തുകള്‍ ഉണ്ടാക്കുന്നതിന് ഗവര്‍ണറുടെ അനുമതി നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 69 പഞ്ചായത്തുകള്‍ ഉണ്ടാക്കി വിജ്ഞാനം ഇറക്കിയത് ആ അനുമതി നേടാതെ ആയിരുന്നു. തെറ്റ് മനസ്സിലാക്കി ഗവര്‍ണറില്‍ നിന്ന് രണ്ടരമാസം കഴിഞ്ഞ് അനുമതി ഉത്തരവ് നേടിയത് ഹൈക്കോടതി അംഗീകരിച്ചില്ല. 991 ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമെ 69 പുതിയ പഞ്ചായത്തുകള്‍കൂടി രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ കാരണം അതാണ്. എങ്കിലും സംസ്ഥാനത്തെ പഞ്ചായത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെച്ചൊല്ലി ഉയര്‍ന്നിട്ടുള്ള രാഷ്ട്രീയ വിവാദം അവശേഷിക്കുന്നു. ഭരിക്കുന്ന കക്ഷികള്‍ അവരവരുടെ രാഷ്ട്രീയ താല്‍പ്പര്യാര്‍ത്ഥം വാര്‍ഡ് വിഭജനവും മണ്ഡലവിഭജനവും നടത്താറുണ്ട്. ഇടതുപക്ഷം ഭരിക്കുമ്പോഴും വലതുപക്ഷം ഭരിക്കുമ്പോഴും ജനങ്ങളുടെ രാഷ്ട്രീയ ചായ്‌വ് നോക്കി പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദപ്രകാരം വാര്‍ഡുകള്‍ വിഭജിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. 2010 ല്‍ ഇടതുമുന്നണി അത്തരത്തില്‍ നടത്തിയ മണ്ഡല പുനര്‍നിര്‍ണ്ണയവും വാര്‍ഡ് വിഭജനവും അവര്‍ പ്രതീക്ഷിച്ചത്ര ഗുണം ചെയ്തില്ല. വലിയ തിരിച്ചടി ആവുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും ഇടതുമുന്നണിക്കു നഷ്ടപ്പെട്ടു. ഈ ദുരനുഭവം കൂടി മനസ്സില്‍ വച്ചുകൊണ്ടാണ് മുസ്ലിംലീഗ് നേതാവായ മന്ത്രി എം കെ മുനീര്‍ പഞ്ചായത്തുകള്‍ വിഭജിച്ചത്. അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ മഞ്ഞളാംകുഴി അലിയാണ് നഗരാസൂത്രണ മന്ത്രി. ഇരുവരും കൂട്ടി വാര്‍ഡ് വിഭജനം നടത്തിയപ്പോള്‍ മുസ്ലിം ഭൂരിപക്ഷ ഭവനങ്ങള്‍ വരത്തക്കവിധമുള്ള അതിരുകള്‍ ഉണ്ടായെന്നാണ് ഉദാഹരണസഹിതം സി പി എം നേതാവ് തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞത്. കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും രാഷ്ട്രീയ പക്ഷപാതത്തോടെ വാര്‍ഡ് വിഭജിച്ചാല്‍ എല്ലാ ജാതിമത വിഭാഗക്കാരും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. മുസ്ലിം ലീഗില്‍ ഇതരസമുദായക്കാര്‍ കമ്മിയായതിനാല്‍ വാര്‍ഡ് വിഭജനം വര്‍ഗ്ഗീയ വിഭജനമായി എന്നാണ് വിമര്‍ശനം. കടലുണ്ടിപ്പുഴയുടെ ഇരുകരകളിലും നടന്ന അത്തരമൊരു വിഭാഗീയ വിഭജനത്തിന്റെ ദൃഷ്ടാന്തം ഐസക്ക് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അത് സത്യമാണെങ്കില്‍ ‘എങ്കിലും മുനീറേ, താങ്കള്‍  അതു ചെയ്‌തോ’ എന്ന് തലയില്‍ കൈവച്ച് അന്തംവിടുകയാണ്. ഒന്നുമില്ലെങ്കിലും ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ തൂവല്‍ തലയിലുള്ള തൊപ്പിയില്‍ തിരുകിയ നേതാവാണല്ലോ ഡോക്ടര്‍ മുനീര്‍.

സ്വയംഭരണാധികാരമുണ്ടായിട്ടും നമ്മുടെ നഗരങ്ങളും ഗ്രാമപഞ്ചായത്തുകളും വേണ്ടവിധം മെച്ചപ്പെടുന്നില്ല. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സ്വയേച്ഛയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുമെന്ന് തോന്നുന്നില്ല. ഫണ്ടിന്റെ വിനിയോഗ ശതമാനത്തിന്റെ തോതുവച്ച് പ്രാദേശിക ഭരണകൂടങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ ഒരു മറുവശമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ പകുതി കടന്ന ശേഷമാകും സംസ്ഥാന ധനകാര്യ വകുപ്പില്‍ നിന്ന് ഫണ്ട് പഞ്ചായത്തുകളില്‍ എത്തുന്നത്. വിനിയോഗിക്കാനുള്ള കാലദൈര്‍ഘ്യം പരിമിതപ്പെടുത്തി പ്രാദേശിക ഭരണകൂടങ്ങളെ ഞെരുക്കാന്‍ സര്‍ക്കാരിന് എപ്പോഴും കഴിയുന്നു. ഇതിനെ എങ്ങനെ മറികടക്കും? പഞ്ചായത്തുകളും നഗരസഭകളും സര്‍ക്കാരിന്റെ വാലല്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന തിരിച്ചറിവ് അംഗങ്ങള്‍ നേടിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. സ്വാതന്ത്ര്യം ആരും അറിഞ്ഞുതരില്ല; അത് പിടിച്ചെടുക്കുകതന്നെ വേണം. പ്രാദേശിക ജനപ്രതിനിധികളില്‍ പകുതിയും സ്ത്രീകളാണ്. ജനാധിപത്യം അര്‍ത്ഥവത്തായി പുലരേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണെന്ന വിചാരം നാട്ടുകാര്‍ക്കും വേണം.

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ സിറ്റി സ്റ്റേറ്റ് എന്ന ആശയം ഉടലെടുത്തിരുന്നു. ബോംബെ നഗരം രാജ്യത്തെ ഒന്നാമത്തെ സിറ്റി സ്റ്റേറ്റ് ആയി രൂപംകൊള്ളണമെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആഗ്രഹിച്ചു. സംസ്ഥാനങ്ങളുടെ നിയന്ത്രണമില്ലാതെ ജനങ്ങളില്‍ നിന്ന് നേരിട്ട് നികുതി പിരിച്ച് നഗരാസൂത്രണം നടത്തി നഗരങ്ങള്‍ സ്വയം ഭരിക്കുന്ന ആശയം അട്ടിമറിക്കപ്പെട്ടു. അതിനാല്‍ കല്‍ക്കത്ത, മദ്രാസ്, ബോംബെ തുടങ്ങിയ നഗരങ്ങള്‍ അര്‍ഹമാംവിധം വികസിക്കാതെപോയി. ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ എന്നീ നഗരങ്ങളുടെ പ്രൗഢിയോ ലോകപ്രശസ്തിയോ ഇന്ത്യയിലെ നഗരങ്ങള്‍ക്ക് ഇല്ല. മാലിന്യങ്ങളുടെയും ജനപ്പെരുപ്പ പ്രശ്‌നങ്ങളുടെയും ചേരികളുടെയും പേരിലുള്ള കുപ്രസിദ്ധി മാത്രമേ നമ്മുടെ വന്‍ നഗരങ്ങള്‍ക്കുള്ളൂ. അര്‍ഹമായ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും ലഭിച്ചിരുന്നെങ്കില്‍ മുംബെയും ചെന്നൈയും കൊല്‍ക്കത്തയും അവിടുത്തെ മേയര്‍മാരും ലോകപ്രശസ്തമാകുമായിരുന്നു. ആസ്‌ത്രേലിയയിലെ സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത് എന്നീ നഗരങ്ങളുടെ പ്രശസ്തിപോലും നമ്മുടെ മഹാനഗരങ്ങള്‍ക്ക് ഇല്ല. ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെ വിദ്യാസമ്പന്നര്‍ക്ക് പരിചിതനാണ്. മുംബൈ മേയറുടെ പേര് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍പോലും നെറ്റില്‍ നോക്കാതെ പറയുമെന്ന് തോന്നുന്നില്ല.

നമ്മുടെ നഗരങ്ങള്‍ക്ക് സ്റ്റേറ്റിന്റെ സാമന്തപദവിയാണ്. ഗ്രാമങ്ങള്‍ക്ക് കുടിയിടപ്പുകാരുടെ സ്ഥാനവും. പിന്നെ നാട് എങ്ങനെ നന്നാകും? കാരണം ആരോ പറഞ്ഞതുപോലെ, ആശ്രിതനാശ്രിത ധര്‍മ്മം. കിളിക്കോ ചിറകുകള്‍!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍