UPDATES

കൊല്ലത്ത് മുന്നണി മാറ്റങ്ങള്‍ ജയപരാജയം തീരുമാനിക്കും

Avatar

എം കെ രാമദാസ്

പ്രവചനാതീതമാണ് കൊല്ലത്തെ രാഷ്ട്രീയ ചിത്രം. ആര്‍ എസ് പിയുടെ ചേരിമാറ്റം സൃഷ്ടിച്ച രാഷ്ട്രീയ അവ്യക്തതയ്ക്ക് അറുതിവരണമെങ്കില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകേണ്ടിവരും. ആണ്ടിറങ്ങിയ വേരുകളാണ് കൊല്ലത്ത് ഇടത് മുന്നണിയുടേത്. സി പി ഐ എമ്മിന് പുറമെ ആര്‍ എസ് പി – സി പി ഐ എന്നിവയ്ക്കും സാമാന്യം ഭേദപ്പെട്ട അനുഭാവിവൃന്ദം ഇവിടെയുണ്ട്. ബാലകൃഷ്ണപിള്ള കേരളാ കോണ്‍ഗ്രസ് (ബി)യ്ക്കും അണികളുണ്ട്.

ലോക്‌സഭാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഇടത് മുന്നണിയില്‍ നിന്ന് മറുചേരിയില്‍ എത്തിയ ആര്‍ എസ് പിയാണ് കൊല്ലത്തെ ഫലം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനികള്‍. പിള്ളയ്ക്കുമുണ്ട് ചെറിയ റോള്‍. ആയിരത്തിനടുത്ത് വോട്ടര്‍മാര്‍ വിധി നിശ്ചയിക്കുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ നേരിയ തോതിലുള്ള ചേരിമാറ്റം വലിയ മാറ്റത്തിന് വഴിതുറക്കും. പൊതുവെ ചുവപ്പന്‍ കോട്ടയാണ് കൊല്ലം. ഇടത് കക്ഷികളുടെ ദൗര്‍ബല്യത്തിനാണ് ഇവിടെ കോണ്‍ഗ്രസിന്റെ പ്രസക്തി. ആര്‍ എസ് പി പിരിഞ്ഞു പോയെങ്കിലും മറ്റ് ഇടത് കക്ഷികള്‍ നല്ല യോജിപ്പിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടത് മുന്നണിയിലേയ്ക്കില്ലെന്ന് ആര്‍ എസ് പി ദേശീയ മുന്നണി അംഗവും എം പിയുമായ പ്രേമചന്ദ്രന്റെ ആവര്‍ത്തിച്ചുള്ള പറച്ചില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും എന്നതില്‍ തര്‍ക്കമില്ല.

തെരഞ്ഞെടുപ്പ് അടുത്തുവരവെ പ്രാദേശിക പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണ് ഇവിടെ. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ബീഫില്‍ നിന്ന് ബാറിലേക്കും ശാശ്വതീകാനന്ദയിലേക്കും മാറിയെന്ന് ചുരുക്കം. കുടിവെള്ളവും പാലവും റോഡുമെല്ലാം പിന്നിലേയ്ക്ക് മാറി.

ഹാട്രിക് ജയത്തിന്റെ ആത്മവിശ്വാസമാണ് കൊല്ലം കോര്‍പ്പറേഷനില്‍ ഇടത് മുന്നണിയുടേത്. ആകെ 55 അംഗങ്ങള്‍. എല്‍ ഡി എഫ് 34, യു ഡി എഫ് 19. ജെ എസ് എസ്, ആര്‍ എസ് പി, ലീഗ് എന്നിവയ്ക്ക് യു ഡി എഫില്‍ അംഗത്വമുണ്ട്. ഇടതുമുണിയില്‍ സി പി ഐ എമ്മിനും സി പി ഐയ്ക്കുമാണ് പ്രാതിനിധ്യം. സി പി ഐ എമ്മിലെ പ്രസന്ന ഏണസ്റ്റായിരുന്നു മേയര്‍. സി പി ഐയിലെ ജി ലാലു ഡെപ്യൂട്ടി മേയറും. അവസാനവര്‍ഷം സി പി ഐ പ്രതിനിധി ഹണി ബഞ്ചമിന്‍ മേയറായി. നാലാമത് ഊഴം ലഭിച്ചാല്‍ സി പി ഐ എമ്മിലെ അഡ്വ. വി രാജേന്ദ്രബാബു, രാജ്‌മോഹന്‍, നൗഷാദ് എന്നിവരില്‍നിന്ന് ഒരാള്‍ മേയര്‍ ആകുമെന്നാണ് സൂചന. ആര്‍ എസ് പിയ്ക്ക് വേരുകള്‍ ഉള്ള കൊല്ലത്ത് അവരുടെ ചേരിമാറ്റമാണ് എല്‍ ഡി എഫിന് പ്രധാന ആശങ്ക. പതിവുപോലെ യു ഡി എഫ് നേരിടുന്ന വെല്ലുവിളി വിമതരാണ്.

കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്തായി തുടരുന്ന കൊല്ലം വീണ്ടും ഭരിക്കാന്‍ അവസരം കിട്ടുമെന്ന ഉറച്ച വിശ്വാസമാണ് ഇടത് മുന്നണിയ്ക്ക്. മുനിസിപ്പാലിറ്റികളില്‍ രണ്ടുവീതം ഇരുമുന്നണികളും പങ്കിടുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ മുന്‍തൂക്കം ഇടതിനുതന്നെ. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ 11-ല്‍ ഒമ്പതും നേടിയ ഇടതിന്റെ മുന്‍തൂക്കത്തിന് ഇളക്കം തട്ടിയത് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തോടെയായിരുന്നു. ആര്‍ എസ് പി വോട്ടുകള്‍ അതേപ്പടി യു ഡി എഫില്‍ നിലനിന്നാല്‍ ഇടത് കോട്ടകള്‍ തകരുമെന്നത് സംശയമില്ല.

എസ് എന്‍ ഡി പി, ബി ജെ പി ചങ്ങാത്തം വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമല്ലെന്നാണ് യു ഡി എഫ് ഇടത് – വലത് മുന്നണി വിചാരം. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി മികവാണ് ഇരുമുണികള്‍ക്കും തലവേദന.

സി പി ഐ എമ്മിലെ വി എസ് പക്ഷത്തിനുള്ള സ്വാധീനം കൊല്ലത്ത് കുറഞ്ഞുവരുെന്നന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ചരിത്രത്തില്‍ ആദ്യമായി ഫോര്‍വേഡ് ബ്ലോക്കിന് ഇടതുമുന്നണി സീറ്റ് നല്‍കി. കൊല്ലം കോര്‍പ്പറേഷനിലേയ്ക്കാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ കന്നി മത്സരം. മുന്നണിയിലെടുക്കാതെ ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസിനും ഇടത് സഖ്യത്തില്‍ പങ്കാളിത്തം നല്‍കിയിട്ടുണ്ട്.

ഭരണനേട്ടങ്ങളുടെ മാറ്റുരയ്ക്കലാണ് ഇടത് മുന്നണിയ്ക്ക് കൊല്ലത്തെ തെരഞ്ഞെടുപ്പ്. പ്രാദേശിക വികസന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഇടത് ഭരണസമിതികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന ആശ്വാസമാണ് എല്‍ ഡി എഫിന് ധൈര്യം. സംസ്ഥാന ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ചും, എസ് എന്‍ ഡി പി ചേരിമാറ്റം സൃഷ്ടിക്കുന്ന സി പി ഐഎം വോട്ട് ചോര്‍ച്ചയിലും പ്രതീക്ഷ അര്‍പ്പിക്കുകയാണ് യു ഡി എഫ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍