UPDATES

കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ തിരുവനന്തപുരത്തെ ഫലം ശ്രദ്ധിക്കുക

Avatar

അഴിമുഖം പ്രതിനിധി

ബിജെപിയുടെ താമര ചിഹ്നത്തില്‍ കുത്തുന്നതില്‍ ‘അറപ്പും വെറുപ്പും’ ഇല്ലാത്തവരാണ് തിരുവനന്തപുരത്തുകാര്‍. ഇത് എല്‍ഡിഎഫിന്റേയോ യുഡിഎഫിന്റേയോ നേതാക്കന്‍മാര്‍ രഹസ്യമായോ പരസ്യമായോ തിരുവനന്തപുരത്തുകാരെ കുറിച്ച് പറയുന്ന കാര്യമല്ല. ബിജെപിയുടെ നേതാക്കന്‍മാര്‍ തന്നെയാണ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം, നേമം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങള്‍, നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ ബിജെപി രണ്ടു മുന്നണികളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തിയത് വോട്ടര്‍മാരുടെ ‘അറപ്പും വെറുപ്പും’ ഇല്ലായ്മ ചെയ്തു കൊണ്ടാണ്. കേരളത്തില്‍ ബിജെപിക്ക് എന്തെങ്കിലും നേട്ടം കൊയ്യാന്‍ കഴിയുമെങ്കില്‍ അത് തലസ്ഥാന ജില്ലയിലാണ് എന്ന് പാര്‍ട്ടി വിശ്വസിക്കുകയും മറ്റു പാര്‍ട്ടിക്കാര്‍ ഭയക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍. ഏത് തെരഞ്ഞെടുപ്പിലും ബിജെപിയുടെ തുറുപ്പ് ചീട്ടായ ഒ രാജഗോപാലിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി പടനയിക്കുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും അദ്ദേഹം ഇറങ്ങിയില്ലെന്ന് മാത്രമല്ല ടിവി ചാനലുകളില്‍ പാര്‍ട്ടിയുടെ മുഖമായ വി വി രാജേഷ് തോല്‍വി ഭയന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ പോലും തയ്യാറായില്ല. എങ്കിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന ജില്ല തിരുവനന്തപുരമാണ്. മറ്റു ജില്ലകളിലേത് പോലെ ഇവിടെയും പ്രധാനമത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെ. ഇടത് വലത് മുന്നണികള്‍ തമ്മിലെ പോരാട്ടത്തിന് വീര്യം കൂടും. കാരണം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരാകും സംസ്ഥാന ഭരണം പിടിക്കുക എന്നതിന്റെ സൂചന കൂടി തിരുവനന്തപുരത്ത് നിന്ന് ലഭിക്കുമെന്ന് പൊതുവിലെ രാഷ്ട്രീയ വിശ്വാസം. തിരുവനന്തപുരത്ത് മേല്‍ക്കൈ നേടുന്നവര്‍ സംസ്ഥാനം ഭരിക്കും.

കഴിഞ്ഞ തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടതുമുന്നണി കഷ്ടിച്ചാണ് ഭരണം നിലനിര്‍ത്തിയത്. എന്നാല്‍ 1995-ല്‍ ജില്ലാപഞ്ചായത്ത് രൂപീകരിച്ച ശേഷം ആദ്യമായി യുഡിഎഫ് ഭരണം പിടിച്ചു. നാല് മുന്‍സിപ്പാലിറ്റികളില്‍ രണ്ടെണ്ണം വീതം ഇരുമുന്നണികളും നേടി. 11 ബ്ലോക്കുകളില്‍ ആറെണ്ണം യുഡിഎഫും അഞ്ചെണ്ണം എല്‍ഡിഎഫിനും ലഭിച്ചു. 71 ഗ്രാമപഞ്ചായത്തുകളില്‍ 31 ഇടത്ത് യുഡിഎഫും 28 എണ്ണം എല്‍ഡിഎഫിനും ലഭിച്ചപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം നല്‍കാതെ 14 ഗ്രാമപഞ്ചായത്തുകള്‍ വിധിയെഴുതി. യുഡിഎഫിന് ലഭിച്ച മേല്‍ക്കൈ അവര്‍ നിയമസഭയിലും നേടി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജയന്‍ ബാബുവാണ് ഇടതു മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിനെ നയിക്കാന്‍ രണ്ടുപേരുണ്ട്. മഹേശ്വരന്‍ നായരും ജോണ്‍സണ്‍ ജോസഫും. ബിജെപി മുന്നില്‍ നിര്‍ത്തുന്നത് അശോക് കുമാറിനേയും. ജയന്‍ബാബുവിന് മേയര്‍ പദവിയില്‍ അനുഭവപരിചയവും ഉണ്ട്.

തിരുവനന്തപുരത്ത് എല്‍ഡിഎഫ് നടത്തുന്നത് നഷ്ടപ്പെട്ടുപോയ തട്ടകം തിരികെ പിടിക്കുക എന്നതാണ്. അതേസമയം കഴിഞ്ഞ തവണ ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്തുക എന്ന കഠിനമായ ദൗത്യത്തിലാണ് യുഡിഎഫ്. ബിജെപിയാകട്ടെ സ്വന്തമായിട്ടുള്ള ഇടം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലും. സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിച്ച് പടലപ്പിണക്കങ്ങള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് മുന്‍തൂക്കം നല്കി. അതേസമയം യുഡിഎഫിന് വിമതശല്യം രൂക്ഷമാണ്. കഴിഞ്ഞവര്‍ഷം തിരിച്ചടിയായത് സിപിഐഎമ്മിലെ ഗ്രൂപ്പ് വഴക്കുകള്‍ ആണെന്ന് സമ്മതിക്കുന്ന നേതാക്കള്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി യുഡിഎഫിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ കാരണം ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ വന്ന പാളിച്ചകള്‍ വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. യുഡിഎഫിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തില്‍ മാറ്റം ഉണ്ടായിരുന്നു. കൂടാതെ ഭരണമുന്നണിയിലെ അംഗങ്ങള്‍ തന്നെ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഗ്രാമപ്രദേശങ്ങളിലെ അടിയുറച്ച വോട്ട് ബാങ്കിന്റെ ബലത്തില്‍ ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സമ്മതിക്കുമ്പോഴും തങ്ങള്‍ക്ക് മുന്‍കൈയുണ്ടെന്നാണ് യുഡിഎഫിന്റെ അവകാശവാദം. അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് അവര്‍ പുലര്‍ത്തുന്നത്. ബിജെപിക്ക് ഇതുവരെ ജില്ലാ പഞ്ചായത്തില്‍ വിജയിക്കാനായില്ലെങ്കിലും നഗരപ്രദേശങ്ങളിലെ വോട്ട് പിടിച്ച് മാജിക്ക് കാണിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ 60 വാര്‍ഡുകളില്‍ ബിജെപിക്ക് മേല്‍ക്കൈയുണ്ടായിരുന്നു. നിലവില്‍ ആറ് സീറ്റുകള്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഒപ്പമാണ്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നോക്കി വോട്ട് ചെയ്യരുതെന്ന് ബിജെപി പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ പ്രാദേശിക വിഷയങ്ങള്‍ക്കും മേലെ ചര്‍ച്ചയാകുന്നത് ബീഫും വര്‍ഗീയതയും ബാര്‍ കോഴയും എസ്എന്‍ഡിപി-ബിജെപി ബാന്ധവും ആണ്. സമരത്തെ തുടര്‍ന്ന് വിളപ്പില്‍ശാലയിലെ ചവര്‍ ഫാക്ടറി പൂട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ മാലിന്യ പ്രശ്‌നം ഇരുമുന്നണികള്‍ക്കും തലവേദനയായി എങ്കിലും തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭ നടത്തിയ വികേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജ്ജനം വിജയം കണ്ടത് മുന്നണിക്ക് വോട്ട് നേടി കൊടുക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. അതേസമയം യുഡിഎഫാകട്ടെ വിളപ്പില്‍ശാല സമരത്തിന് നേതൃത്വം കൊടുത്ത വിളപ്പില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശോഭന കുമാരിയെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കുന്നുണ്ട്.

എല്ലാ മുന്നണികളുടേയും ജാതി പരീക്ഷണ ശാല കൂടിയാണ് തിരുവനന്തപുരം ജില്ല. നായര്‍, ഈഴവ, നാടാര്‍ ജാതികളുടെ സ്വാധീന മേഖലകളില്‍ അവരുടെ മനസ് അറിഞ്ഞ് തന്നെ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കൃത്യമായ മത സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഒപ്പമാണെങ്കിലും ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന വിഷയങ്ങളും അവര്‍ക്ക് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും. അതുകൊണ്ട് തന്നെ തങ്ങളുടെ വോട്ടുകളിലും സീറ്റുകളിലും ചോര്‍ച്ചയുണ്ടാകില്ലെന്നും അവര്‍ കരുതുന്നു. നഗരപ്രദേശത്ത് വസിക്കുന്നവരില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലിക്കായി വന്ന് താമസിക്കുന്നവര്‍ ഉള്ളതിനാല്‍ കേരളത്തിന്റെ മനസ് ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വായിച്ചെടുക്കാനാകും. അതുതന്നെയാണ് മുന്നണികളുടെ ഉറക്കം കെടുത്തുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍