UPDATES

സിനിമ

ലോഹം; അതുക്കും മേലെ പോകാന്‍ കഴിയാതെ രഞ്ജിത്തും മോഹന്‍ലാലും

Avatar

സഫിയ ഒ സി 

കോഴിക്കോടന്‍ ജീവിത പരിസരത്തില്‍ നിന്നു കഥപറയുക എന്നത് ഒരു രഞ്ജിത് ട്രേഡ് മാര്‍ക്കാണ്. അതില്‍ ബാബുക്കയും സംഗീത സദിരുകളും നാടക കമ്പക്കാരും മിഠായിത്തെരുവും കോഴിക്കോടന്‍ ബിരിയാണിയും എല്ലാമുണ്ടാകും. ഒരു തരത്തില്‍ താന്‍ വളര്‍ന്ന് പന്തലിച്ചതിന് കാരണമായ സാംസ്കാരിക ശേഷിപ്പുകളോടുള്ള ആദരവ് കൂടിയാണ് അത്. പണ്ടത്തെ വരിക്കാശേരി മീശപിരി സിനിമയ്ക്ക് പകരമായി ഈ കോഴിക്കോടന്‍ ബഹുസംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കല്‍ ഒരു തരത്തില്‍ രഞ്ജിത്തിന്റെ കുമ്പസാരം കൂടിയാണ്. ബ്രാഹ്മണ്യം മാത്രമല്ല ഇവിടത്തെ സംസ്കാരത്തെ രൂപപ്പെടുത്തിയത് എന്ന തിരിച്ചറിവില്‍ നിന്നായിരിക്കാം പാലേരി മാണിക്യവും കെ ടി എന്‍ കോവൂരുമൊക്കെ തിരശീലയില്‍ നിറഞ്ഞാടിയത്.

ഇന്ത്യന്‍ റുപ്പിയില്‍ കോഴിക്കോടന്‍ നഗരത്തെ ചുറ്റിപ്പറ്റി തഴച്ചു വളരുന്ന റീയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുടെ ജീവിതവും അന്തര്‍നാടകങ്ങളും അവതരിപ്പിച്ച രഞ്ജിത്ത് അത് ഏറെക്കുറേ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുകയുണ്ടായി. (തിലകന്‍ എന്ന പ്രഗത്ഭ നടന്റെ സാന്നിധ്യവും അതിന്റെ വിജയ ഘടകങ്ങളില്‍ പ്രധാനമായിരുന്നു). പിന്നീട് സ്പിരിട്ടിലേക്ക് വന്നപ്പോള്‍ രഞ്ജിത്ത് അബ്കാരികളുടെ കഥപറയാന്‍ പോകുന്നു എന്നു സിനിമാ പ്രേമികള്‍ വിചാരിച്ചു. ചാന്ദ്നി ബാറും (ബാര്‍ ഡാന്‍സര്‍മാരുടെ കഥ) പേജ് ത്രീയും (മാധ്യമലോകം) ഫാഷനുമൊക്കെ എടുത്ത മധൂര്‍ ഭണ്ഡാര്‍ക്കര്‍ സ്റ്റൈല്‍. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അബ്കാരികളുടെ ലോകമല്ല  ഒരു മദ്യപന്‍റെ ജീവിതത്തെ ദൃശ്യവത്ക്കരിക്കുകയായിരുന്നു സ്പിരിട്ടിലൂടെ രഞ്ജിത്. ലോഹത്തിലെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും കോഴിക്കോടിനെയുമൊക്കെ ചുറ്റിപ്പറ്റി തഴച്ചു വളര്‍ന്ന സ്വര്‍ണ്ണകള്ളക്കടത്ത് തന്നെയായിരിക്കും എന്ന് ഉറപ്പിച്ചിരുന്നു. പ്രത്യേകിച്ചും സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലിക സാഹചര്യത്തില്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ആരായിരിക്കും എന്ന കാര്യത്തില്‍ മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ.. കള്ളനോ? അതോ പോലീസോ? ലോഹം നല്കിയ പ്രതീക്ഷയുടെ അമിത ഭാരം ഇതാണ്.

‘ഇരുപതാം നൂറ്റാണ്ടി’നിപ്പുറം മലയാളത്തിലെ കള്ളക്കടത്ത് സിനിമകള്‍ വളര്‍ന്നിട്ടില്ലെന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കിപ്പറയാം ലോഹത്തെക്കുറിച്ച്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ കവിഞ്ഞ് മോഹന്‍ലാലിന് ഒന്നും ചെയ്യാനില്ലെന്നും. ഇന്ത്യന്‍ റുപ്പിയിലെ റിയല്‍ എസ്റ്റേറ്റ് ലോകം പോലെ മറ്റൊന്ന്. ഹിന്ദിയില്‍ രാം ഗോപാല്‍ വര്‍മ്മ പോലും ഉപേക്ഷിച്ച ദൃശ്യ പരിചരണ രീതികള്‍. (വര്‍മ്മ മോഹന്‍ലാലിനെ വെച്ചു തന്നെ രണ്ടു അധോലോക ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.) നായകനിലൂടെ പരകായ പ്രവേശം ചെയ്യുന്ന രഞ്ജിത്തിലെ ഉപദേശിയുടെ സദാചാര/സാമൂഹ്യ പാഠങ്ങള്‍. സീറ്റില്‍ ഒരടി പൊങ്ങിയിരുന്നു ത്രില്ലറുകള്‍ ആസ്വദിക്കുന്ന ഈ കാലത്ത് ഒരു നനഞ്ഞ ഏറുപടക്കം. നാരീമണികള്‍ക്ക് പ്രത്യേകിച്ച് ഇടമോ അസ്തിത്വമോ ഇല്ലാത്ത പുരുഷ ലോകം. (സ്വര്‍ണ്ണം കള്ളക്കടത്തില്‍ സ്ത്രീകള്‍ക്കെന്തുകാര്യം, അവര്‍ സ്വര്‍ണ്ണാഭരണ വിഭൂഷിതരാവേണ്ടവരല്ലോ!). ഇത്രയൊക്കെയുള്ളൂ ഈ ലോഹം.

ഒരു വിമാനം വന്നിറങ്ങുന്നതിനും മറ്റൊന്ന് പറന്നുയരുന്നതിനും ഇടയിലുള്ള കഥയില്‍ മനുഷ്യത്വ രഹിതമായ പണത്തിന്‍റെ കൈമറിയലും സ്വര്‍ണ ബിസിനസും രാഷ്ട്രീയവും കോര്‍പ്പറേറ്റ് ശത്രുതകളും അഴിമതിനിറഞ്ഞ ബ്യൂറോക്രസിയുമൊക്കെ കടന്നു പോകുന്നുണ്ട്. സമകാലീന കേരളത്തിന്റെ പരിച്ഛേദമെന്നോണം. പക്ഷേ ഇതെല്ലാം കൂട്ടിയിണക്കി പറയാന്‍ പുതിയൊരു കഥയോ അല്ലെങ്കില്‍ സുഭദ്രമായൊരു തിരക്കഥയോ ഇല്ലാതെ പോയി ലോഹത്തിന്. പറഞ്ഞു പഴകിയ മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഗൃഹാതുരതകളാതെ. (രാജു എന്ന നിഷ്കളങ്കനും വായാടിയുമായ കാര്‍ ഡ്രൈവര്‍ ഗാന്ധിനഗര്‍/ടി പി ബാലഗോപാലന്‍ കാലത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മീശ പിരി വരിക്കാശേരി കാലത്തെയും ഓര്‍മ്മിപ്പിക്കുന്നു.)

കസ്റ്റംസ് ഓഫീസറായ ഭര്‍ത്താവിനെ തേടി ജയന്തി (ആന്‍ഡ്രിയ) എത്തുന്നതും രാജുവിന്‍റെ കാറില്‍ കൊച്ചിയിലേക്ക് തിരിക്കുന്നതുമാണ് കഥയുടെ തുടക്കം. താരതമ്യേന കളിചിരി തമാശകളുമായി പ്രേക്ഷകരെ മടുപ്പിക്കാതെ (പ്രത്യേകിച്ചും സിദ്ധിക്ക് അവതരിപ്പിച്ച ഉണ്ണിക്ക എന്ന കഥാപാത്രം മികച്ചു നില്ക്കുന്നു) മുന്നേറിയ സിനിമയില്‍ പല ഇടങ്ങളില്‍ പല സമയങ്ങളില്‍ നിന്ന് നിരവധി കഥാപാത്രങ്ങള്‍ കടന്നു വരുന്നു. അവരൊക്കെ ഒരു കാര്യത്തിന്‍റെ പിന്നാലെയാണെന്ന് തോന്നിപ്പിക്കുന്നതിലും സംവിധായകന്‍ വിജയിക്കുന്നുണ്ട്. പക്ഷേ രാജു എന്ന സാദാ ഡ്രൈവര്‍ അതിമാനുഷ രൂപം കൈവരിക്കുന്നതോടെ താര സിനിമ എന്ന വാര്‍പ്പ് മാതൃകയിലെക്കും അതിന്‍റെ കൃത്രിമത്വത്തിലേക്കും സിനിമ കൂപ്പുകുത്തുകയായിരുന്നു. എന്നത്തേയും പോലെ ബുദ്ധിയും കൌശലവും മടക്കി വെച്ച് മല്ലയുദ്ധത്തില്‍ ഏര്‍പ്പെട്ട് വിജയശ്രീ ലാളിതരാകുകയാണ് ഒടുവില്‍ നായകനും സംഘവും.

സ്വര്‍ണ്ണ കള്ളക്കടത്തിന്റെയും അത് സൃഷ്ടിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെയും അരികും മൂലയും തൊട്ടു തലോടിപ്പോയി എന്നല്ലാതെ അതിന്‍റെ അര്‍ബുദ സമാനമായ വളര്‍ച്ചയെയും അതില്‍ വീണൊടുങ്ങുന്നവരെയും വാണരുളുന്നവരെയും മനസില്‍ തട്ടും വിധം അവതരിപ്പിക്കാനോ നമ്മളെ സംഭ്രമിപ്പിക്കാനോ ലോഹത്തിന് കഴിയുന്നില്ല. ഗള്‍ഫില്‍ വെച്ച് മരണപ്പെടുന്ന റഫീഖ് എന്ന യുവാവിന്റെ ജീവിതവും അയാളുടെ ഗര്‍ഭിണിയായ ഭാര്യയുമൊക്കെ അവരുടെ ദുരന്തത്തിന്റെ കാഠിന്യം കൊണ്ടുപോലും നമ്മുടെ കണ്ണു നിറയിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ലോഹത്തിലെ ഏറ്റവും ചെടിപ്പിക്കുന്ന ക്ലീഷേ ദൃശ്യവത്ക്കരണമായിരുന്നു റഫീഖിന്റെയും ഭാര്യയുടെയും എപ്പിസോഡ്. 

രഞ്ജിത്തില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതുക്കും മേലെയാണ് എന്ന തോന്നലാണ് ലോഹം കണ്ടിറങ്ങിയ പലരുടേയും മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കഴിയുക. ന്യൂ ജെന്‍ പിള്ളേരോട് കലഹിക്കുമ്പോള്‍ (സിനിമയില്‍ അത്തരം സൂചനകള്‍ തരുന്ന ഡയലോഗുകളുണ്ട്) തങ്ങളെ ബാധിച്ച വര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ കാണാതെ പോകരുത് നമ്മുടെ മാസ്റ്റര്‍ സംവിധായകരും നടന്മാരും എന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് ലോഹം നല്‍കുന്ന അനുഭവവും.

തിയറ്ററിന് പുറത്ത് കേട്ടത്
സിനിമ കാണാനെത്തിയ ന്യൂ ജെന്‍ കപ്പിള്‍സ് അഭിപ്രായം കേട്ട് മടങ്ങിപ്പോകുന്നത് കണ്ട് ഒരു സ്ത്രീ പറഞ്ഞു,‘നമ്മുടെ രണ്ട് മണിക്കൂര്‍ വെറുതെയാകുമോ?’ മറുപടിയായി മധ്യവയസ്കയായ കൂട്ടുകാരി ‘ഇത് രഞ്ജിത് സിനിമയല്ലേ.. അത്രയ്ക്ക് മോശമാകുമോ? അവരൊക്കെ ന്യൂ ജെന്‍ പിള്ളേരല്ലേ. അവര്‍ക്ക് ഇമ്മാതിരി പടങ്ങളൊന്നും പിടിക്കില്ല’

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍