UPDATES

വാര്‍ത്തകള്‍

കര്‍ഷക രോഷം, മത്സരിക്കാന്‍ 185 പേര്‍; തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ സ്ഥാനാര്‍ഥിയാകുന്ന മണ്ഡലത്തില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചേക്കും

തങ്ങള്‍ നേരിടുന്ന ദുരിതം ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് വ്യാപകമായി നാമനിര്‍ദേശ പത്രികകള്‍ നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ നിസാമാബാദില്‍ മത്സരിക്കുന്നത് 185 സ്ഥാനാര്‍ഥികളാണ്. വോട്ടിങ് യന്ത്രത്തില്‍ (EVM) നോട്ട ഉള്‍പ്പടെ 64 സ്ഥാനാര്‍ഥികളുടെ പേര് മാത്രമെ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വന്നാല്‍ അത് ചേര്‍ക്കാനുള്ള സംവിധാനം ഇല്ല.

ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. അതേ സമയം ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ നിസാമാബാദ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമോയെന്നത് നിലവില്‍ പറയാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രജത് കുമാര്‍ വ്യക്തമാക്കി.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയുള്‍പ്പടെ മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം കര്‍ഷക രോഷമാണ്. വിവിധ പാര്‍ട്ടിയിലെയും സ്വതന്ത്രരുള്‍പ്പടെയുള്ള 45 പേരെ കൂടാതെ ഇരുനൂറോളം കര്‍ഷകരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. ഇപ്പോഴുള്ള 185 സ്ഥാനാര്‍ഥികളില്‍ 178 പേരും കര്‍ഷകരാണ്‌

മഞ്ഞളിന് താങ്ങുവില കൂട്ടുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ കാലങ്ങളായി അവഗണിച്ചിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തങ്ങള്‍ നേരിടുന്ന ദുരിതം ദേശീയ ശ്രദ്ധയിലെത്തിക്കാനായി വ്യാപകമായി നാമനിര്‍ദേശ പത്രികകള്‍ നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

ഇന്നലെ (28-03-2019) പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.  നാമനിര്‍ദേശ പത്രിക നല്‍കിയ പല കര്‍ഷകരെയും പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം സജീവമായിരുന്നുവെങ്കിലും പലതും വിജയം കണ്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍