UPDATES

സിനിമ

ഒഴുകുന്ന ജീവിതത്തില്‍ നിന്ന് കുടിയിറക്കപ്പെടുന്നവര്‍

Avatar

ഉണ്ണികൃഷ്ണന്‍ വി

ലോകത്തിലെ ഏക ഒഴുകി നടക്കുന്ന ദേശീയോദ്യാനമാണ് കെയ്ബുള്‍ ലാംജാവോ. മണിപ്പൂരിലെ ലോക് തക് തടാകത്തിലാണ് ഈ അത്ഭുതം. പ്രകൃതിരമണീയവും വിനോദ സഞ്ചാര സാധ്യതകള്‍ ഉള്ളതുമായ ഇവിടെ നിന്ന് തദ്ദേശവാസികളെ കുടിയിറക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഹോബം പബന്‍ കുമാര്‍ സംവിധാനം ചെയ്ത ‘ഫ്‌ളോട്ടിംഗ് ലൈഫ്’ എന്ന ഡോക്യുമെന്ററി. 

അന്തര്‍ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണ് മണിപ്പൂരുകാരനായ  ഹോബം പബന്‍ കുമാര്‍. അതില്‍ തന്നെ ഏറെ പ്രശംസ ഏറ്റുവാങ്ങിയവയാണ് AFSPA 1958-ഉം ഫ്‌ളോട്ടിംഗ് ലൈഫും. സായുധസേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന കരിനിയമമായ AFSPA-1958-നെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത AFSPA-1958 ലോകശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. മണിപ്പൂരി ജനത നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ നേര്‍ചിത്രമായിരുന്നു ഈ ഡോക്യുമെന്ററി.

സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും അടിസ്ഥാന പ്രശ്‌നങ്ങളുമാണ് എന്നും ഹോബം പബന്‍ കുമാറിന്റെ വിഷയങ്ങള്‍. മണിപ്പൂരിലെ ലോക് തക് തടാകത്തില്‍ ജീവിക്കുന്ന ഒരു കൂട്ടമാളുകളുടെ ജീവിതം കേന്ദ്രബിന്ദുവാക്കി പബന്‍ കുമാര്‍ ഒരുക്കിയ അന്വേഷണാത്മക ഡോക്യുമെന്റ്ററിയാണ് ഫ്‌ളോട്ടിംഗ് ലൈഫ്.

വടക്ക്കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക് തകില്‍ കാണപ്പെടുന്ന ബയോമാസ്സ് ആയ ഫുംടിയില്‍ പ്രകൃതിക്കു ദോഷമുണ്ടാക്കാത്ത, പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് കിടപ്പാടമുണ്ടാക്കി വസിക്കുന്ന ജനത മത്സ്യബന്ധനം നടത്തിയാണ് ജീവിക്കുന്നത്. ഒഴുകി നടക്കുന്ന ഒന്നാണ് ഫുംടി. വികസനത്തിന് തടസ്സം നില്‍ക്കുന്നു, ജലാശയം നശിപ്പിക്കുന്നു എന്ന ആരോപണമുയര്‍ത്തി മണിപ്പൂര്‍ സര്‍ക്കാര്‍ ഇവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നു. തങ്ങളുടെ ജീവനോപാധി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ 2011-ല്‍ സര്‍ക്കാര്‍ ഇവരുടെ കുറേ കുടിലുകള്‍ കത്തിച്ചു കളയുകയും മറ്റുള്ളവ നശിപ്പിക്കുകയും ചെയ്തു. അതും മതിയായ കുടിയൊഴിപ്പിക്കല്‍ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ തന്നെ.

സമാധാനമായി പ്രകൃതിയോടിണങ്ങി, പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന കുറച്ചു മനുഷ്യരുടെ ജീവിതത്തില്‍ ഭരണകൂടം നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി നമ്മോട് സംസാരിക്കുന്നത്. “ജലാശയത്തിലെ ഒഴുകി നടക്കുന്ന വീടുകളാണ് അവരുടേത്. അവര്‍ക്ക് സ്വന്തമെന്നു പോലും പറയാന്‍ ഒരിഞ്ചു സ്ഥലം ഇല്ല. സ്വന്തമല്ലാത്തിടത്തോളം കാലം അവരെ ആര്‍ക്കും അടിച്ചിറക്കാം. എന്നെ ഈ വിഷയത്തിലേക്ക് ആകര്‍ഷിച്ചതും ഇങ്ങനെ കുറച്ചു വസ്തുതകളാണ്. അവര്‍ക്ക് സ്വന്തമായി വസ്തുവില്ല, ഒഴുകി നടക്കുന്ന ഒരു ജീവിതമാണവരുടെത്, ഉറപ്പുമില്ലാത്തത്. അവര്‍ ജലാശയം നശിപ്പിക്കുന്നു എന്ന ന്യായം സര്‍ക്കാരിന്റെ കപടവാദങ്ങളില്‍ ഒന്നാണ്. അവരുടെ ജീവിതം തന്നെ ആ ജലാശയത്തെ ആശ്രയിച്ചാണ്, അവിടെ നിന്ന് പിടിക്കുന്ന മീന്‍ സംസ്‌കരിച്ചു വില്‍പ്പന നടത്തിയാണ് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നത്. ഒരു മീനിനെ പിടിച്ചു കരയില്‍ ഇട്ടാലോ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന അവരെക്കൊണ്ട് പോയി മറ്റൊരു സ്ഥലത്ത് താമസിപ്പിച്ചാലോ സംഭവിക്കുന്നത് ഒരേ കാര്യമായിരിക്കും. മാത്രമല്ല ഒരു മാറിത്താമസം അവരെക്കൊണ്ട് സാധിക്കില്ല. അവര്‍ വീട് വയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തന്നെ അങ്ങനെയുള്ളതാണ്. അത് കൃത്യമായി പ്രകൃതിക്ക് യോജിച്ചതും. എന്നാല്‍ മറ്റൊരിടത്തേക്ക് അവര്‍ മാറുമ്പോള്‍ ആ പ്രദേശത്തിനനുസരിച്ച നിര്‍മ്മാണ രീതിയാവും വര്‍ക്കവലംബിക്കേണ്ടി വരിക. അത് അവരേ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണ്, അല്ല അസാധ്യമാണ്.”  പബന്‍ കുമാര്‍ പറയുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“ഇതെല്ലാം മനസ്സിലാക്കേണ്ട സര്‍ക്കാര്‍ തന്നെയാണ് അവരെ അടിച്ചിറക്കാന്‍ ശ്രമിക്കുന്നതും, പലര്‍ക്കും അവര്‍ നഷ്ടപരിഹാരം കൊടുത്തു. അവരില്‍ പലരും ഇപ്പൊ അനുഭവിക്കുന്നത് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളാണ്. 40000 രൂപയാണ് അവര്‍ക്ക് കിട്ടിയ നഷ്ടപരിഹാരം, അതു കൊണ്ട് ഇക്കാലത്ത് ഒരു പട്ടിക്കൂട് പോലും ഉണ്ടാക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?” സംവിധായകന്‍ ചോദിക്കുന്നു. 

‘ലോക് തക് തടാകം ഞങ്ങളുടെ കണ്ണീര്‍ കൊണ്ട് നിറയും. ഇത് അവരില്‍ ഒരാള്‍ പറഞ്ഞ വാചകമാണ്,അവരുടെ അമ്മയായി കരുതുന്ന ലോക് തക് തടാകത്തില്‍ നിന്നും കുടിയിറക്കപ്പെടാന്‍ പോകുന്ന ഒരു സ്ത്രീയുടെ വേദന നിറഞ്ഞ വാക്കുകള്‍.

(എട്ടാമത് കേരള അന്തരാഷ്ട്ര ഡോക്യുമെന്ററി ഹൃസ്വ ചലചിത്ര മേളയില്‍ ഡോക്യുമെന്ററി മത്സര വിഭാഗതില്‍ ഫ്ലോട്ടിംഗ് ലൈഫ് പ്രദര്‍ശിപ്പിച്ചു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍