UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബെഹ്ര വീണ്ടും പൊലീസ് മേധാവി: വെള്ളിയാഴ്ച ചുമതലയേല്‍ക്കും

സെന്‍കുമാര്‍ കഴിഞ്ഞാല്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയാകേണ്ടത് ജേക്കബ് തോമസാണ്. എന്നാല്‍ ജേക്കബ് തോമസിനെ ഡിജിപിയായി നിയമിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യമെടുത്തില്ല.

ലോക്‌നാഥ് ബെഹ്രയെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ജൂണ്‍ 30ന് കാലാവധി പൂര്‍ത്തിയാക്കി ടിപി സെന്‍കുമാര്‍ വിരമിക്കുന്ന സാഹചര്യത്തിലാണിത്. ജേക്കബ് തോമസ് അവധിയില്‍ പോയതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല വഹിക്കുകയാണ് ബെഹ്ര. പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് ബെഹ്ര തിരിച്ചുവരുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

സര്‍ക്കാരിനെതിരെ നിയമയുദ്ധവുമായി സുപ്രീംകോടതി വരെ പോയി അനുകൂല വിധി സമ്പാദിച്ച ടിപി സെന്‍കുമാറുമായി ആഭ്യന്തര വകുപ്പ് നിരന്തര ഏറ്റുമുട്ടലിലായിരുന്നു. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ കേസില്‍ ശക്തമായ തിരിച്ചടിയാണ് പിണറായി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. അധികാരത്തില്‍ വന്ന് ദിവസങ്ങള്‍കുള്ളില്‍ തന്നെ സെന്‍കുമാറിനെ മാറ്റി ബെഹ്രയെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ അടക്കം സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവും ആരോപണങ്ങളുമായി രംഗത്തെത്തി. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന്‍ ജെ തച്ചങ്കരിയെ നിയമിച്ച് ഏറ്റുമുട്ടല്‍ ശക്തമാക്കിയിരുന്നു. പൊലീസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആഭ്യന്തര വകുപ്പ് ഇടപെട്ട റദ്ദാക്കിയിരുന്നു
.
സെന്‍കുമാര്‍ കഴിഞ്ഞാല്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയാകേണ്ടത് ജേക്കബ് തോമസാണ്. എന്നാല്‍ ജേക്കബ് തോമസിനെ ഡിജിപിയായി നിയമിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യമെടുത്തില്ല. ആരായിരിക്കും പുതിയ വിജിലന്‍സ് ഡയറക്ടര്‍ എന്ന കാര്യത്തില്‍ മന്ത്രിസഭ ഉടന്‍ തീരുമാനം എടുക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍