UPDATES

വിശകലനം

ബിജെപിയ്ക്കാവുമോ കോട്ടകള്‍ കാക്കാന്‍; മൂന്നാം ഘട്ട വോട്ടെടുപ്പ് ഭരണകക്ഷിക്ക് തലവേദനയാകാന്‍ കാരണങ്ങള്‍ ഏറെ

ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്നത് തുടര്‍ഭരണത്തിന് ശ്രമിക്കുന്ന ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടമായ ഇന്നാണ്. 15 സംസ്ഥാനങ്ങളിലായി 116 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 2014 ല്‍ ഈ മണ്ഡലങ്ങളില്‍ ഏറെയും നേടിയത് ബിജെപിയാണ്. ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്നത് തുടര്‍ഭരണത്തിന് ശ്രമിക്കുന്ന ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളും നേടിയത് ബിജെപിയാണ്. 26 സീറ്റുകള്‍. ആ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. നേരന്ദ്രമോഡി തരംഗം കഴിഞ്ഞ തവണ പോലെ ഇല്ലെങ്കിലും പരമാവധി സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തിലുണ്ടായ സംഭവങ്ങളാണ് ബിജെപിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. 2014 ന് ശേഷമാണ് പട്ടേലുമാര്‍ സംവരണം ആവശ്യപ്പെട്ട സമരം ആരംഭിക്കുന്നത്. ദലിത് പ്രക്ഷോഭം ഉന കേന്ദ്രീകരിച്ച് ആരംഭിച്ചതും ഇതിന് ശേഷമാണ്.

ബിജെപിയോടൊപ്പം നിന്ന സാമൂഹ്യ വിഭാഗങ്ങളാണ് വ്യത്യസ്ത കാരണങ്ങളാല്‍ പാര്‍ട്ടിയില്‍നിന്ന് അകന്നത്. ഇതിനെ പരമാവധി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. 182 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. 1985 നു ശേഷം കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച രണ്ടാമത്തെ തെരഞ്ഞെടുപ്പായിരുന്നു അത്. ഇത്തവണ ചുരുങ്ങിയത് ആറ് സീറ്റിലെങ്കിലും ബിജെപി ശക്തമായ വെല്ലുവിളി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 59.1 ശതമാനം വോട്ടാണ് ഗുജറാത്തില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് 32. 9 ശതമാനവും. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴെക്കും ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വലിയ കുറവാണ് ഉണ്ടായത്. പത്തുശതമാനത്തോളം കുറഞ്ഞ് 49.1 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 41.4 ശതമാനമായി ഉയരുകയും ചെയ്തു.

10 എം പിമാര്‍ക്ക് ഇത്തവണ സീറ്റുനല്‍കാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ഇത് ഭരണവിരുദ്ധ വികാരത്തെ നിഷ്‌ക്രിയമാക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. അല്‍പേഷ് താക്കുര്‍ കോണ്‍ഗ്രസ് വിട്ടതും, ജിഗ്നേഷ് മേവാനി സംസ്ഥാനത്തിന് പുറത്താണ് കാര്യമായി പ്രചാരണത്തിന് സമയം ചിലവിട്ടതെന്നതും പാര്‍ട്ടിക്ക് ഗുണകരമാവുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. എന്നാല്‍ അതേസമയം കഴിഞ്ഞതവണത്തെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്ക് പോലും ആത്മവിശ്വാസമില്ലെന്ന് അവരുടെതന്നെ പ്രസ്തവാനകള്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് കര്‍ണാടക. തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കിയ ഏക സംസ്ഥാനം. 28 സീറ്റുകളില്‍ 17 സീറ്റാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഇത്തവണ കോണ്‍ഗ്രസും ജനതാദളും ഒന്നിച്ചു മല്‍സരിക്കുന്നു. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളില്‍ 10 ലും വിജയിച്ചത് ബിജെപിയാണ്. വോട്ടര്‍മാരില്‍ വലിയൊരു ശതമാനം ലിങ്കായത്തുകളാണെന്നതാണ് മറ്റൊരു പ്രത്യകത. ഈ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഇത്തവണയും ബിജെപിയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം. അതായത് രാഷ്ട്രീയമായി ജനതാദള്‍ കോണ്‍ഗ്രസ് സഖ്യവും, അതുപോലെ ലിങ്കായത്തുപോലുള്ള സാമുഹ്യവിഭാഗത്തിന്റെ പിന്തുണയെ സംബന്ധിച്ച ആശങ്കയുമാണ് ബിജെപിയ്ക്ക് വെല്ലുവിളി നേരിടുന്നത്.

ഗോവയില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം മനോഹര്‍ പരീക്കര്‍ ഇല്ലാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവില്‍ രണ്ട് സീറ്റുകളും ബിജെപിയുടെതാണ്. ഇവിടെ രണ്ടിടത്തും കടുത്ത മല്‍സരമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതേക്കാള്‍ പ്രധാന്യം ബിജെപിയെ സംബന്ധിച്ച് അവിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളാണ്. മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയിലെ ബിജെപി സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പുകള്‍.

ഉത്തര്‍പ്രദേശിലെ 10 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇതിനകം 16 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍്ത്തിയാക്കി കഴിഞ്ഞു. ബിജെപിയെയും എസ്പിയെയും സംബന്ധിച്ച് നിര്‍ണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്. ഒമ്പത് മണ്ഡലങ്ങളില്‍ ബിഎസ്പി മല്‍സരിക്കുമ്പോള്‍ ഒരിടത്ത് ബിഎസ്പിയാണ് മല്‍സരിക്കുന്നത്. യാദവ് ശക്തികേന്ദ്രങ്ങളിലാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 80 സീറ്റുകളില്‍ 72 എണ്ണമാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഇത്തവണ എസ്പിയേയും ബിഎ്‌സ്പിയേയും ഒന്നിച്ചുനേരിടേണ്ട അവസ്ഥയാണ് ബിജെപിയ്ക്കുളളത്. മുസ്ലിം യാദവ് വോട്ടുകളാണ് ഇന്നത്തെ സീറ്റുകളില്‍ പ്രധാനം. ഇതും ബിജെപിയ്ക്ക് കനത്ത വെല്ലുവിളിയാണ്.

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 14 മണ്ഡലങ്ങലിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ശരത് പവാറിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പമുണ്ടായിരുന്ന സ്വാഭിമാനി ശേഷ്ട്കാരി സംഘ്ടന്‍ എന്ന സംഘടന ഇത്തവണ എന്‍സിപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ബിജെപിയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സീറ്റുകളില്‍ സിപിഎമ്മാണ് ജയിച്ചത്.
ബംഗാളില്‍ അഞ്ചിടത്താണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് ആയിരുന്നു കഴിഞ്ഞ തവണ ജയിച്ചത്. ഇത്തവണ ബിജെപി കടുത്ത മല്‍സരമാണ് ഈ അഞ്ച് മണ്ഡലങ്ങളിലും നടത്തുന്നത്. ഇന്നത്തെ ജനങ്ങളുടെ വിധിയെഴുത്ത് ബിജെപിയെ സംബന്ധിച്ച നിര്‍ണായകമാകുമെന്ന് ഇതുകൊണ്ടൊക്കെ ഉറപ്പാണ്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും സീറ്റുകള്‍ കുറഞ്ഞാല്‍ അത് നികത്താന്‍ മാത്രം മറ്റിടങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിയുമോ എന്നതാണ് നിര്‍ണായക പ്രശ്‌നം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍