UPDATES

വാര്‍ത്തകള്‍

ആണത്തത്തോടെ കള്ള വോട്ടില്ലാത്ത തിരഞ്ഞെടുപ്പിന് സിപിഎം തയ്യാറുണ്ടോ?; വെല്ലുവിളിയുമായി കെ സുധാകരൻ

ജനഹിതം അട്ടിമറിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇത്തരം നടപടികൾക്കെതിരെ നിയമന‍ടപടി സ്വീകരിക്കും.

കാസർഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിറകെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരന്‍. കണ്ണൂർ കാസർഗോഡ് മണ്ഡലങ്ങളിൽ സിപിഎം നടത്തുന്നത് നഗ്നമായ തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നായിരുന്നു കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരന്റെ പ്രതികരണം.

കണ്ണൂരിൽ കാലങ്ങളായുള്ള പതിവാണ് സിപിഎമ്മിന്റെ കള്ളവോട്ട്. ഇക്കാര്യം മുൻപും താൻ ആരോപിച്ചിട്ടുണ്ട്. ജനഹിതം അട്ടിമറിക്കുകയാണ് ഇതിലൂടെ സിപിഎം ചെയ്യുന്നത്. ഇത്തരം നടപടികൾക്കെതിരെ നിയമന‍ടപടി സ്വീകരിക്കും. എന്തുവിലകൊടുത്തും നടപടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, കള്ളവോട്ട് ചെയ്യാതെ ആണത്തത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം തയ്യാറുണ്ടെങ്കിൽ രംഗത്ത് വരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കാസർഗോഡ് മണ്ഡലത്തിൽപ്പെട്ട കണ്ണുർ ജില്ലയിലെ പ്രദേശങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിറകെയായിരുന്നു സുധാകരന്റെ വാർത്താ സമ്മേളനം. കണ്ണൂരിലെ പിലാത്തറ, എലമംകുറ്റൂർ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്നാണ് ആരോപണം.ഒരാൾ തന്നെ രണ്ട് വോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സിപിഎമ്മിന് അനുകൂലമായി കള്ളവോട്ട് ചെയ്തെന്നാണ് കോൺഗ്രസ് ആക്ഷേപം.

അതേസമയം, കള്ളവോട്ട് ചെയ്തത് ജനപ്രതിനിധികൂടിയായ വ്യക്തിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗം കൂടിയായ സലീന രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യമാണ് പുറത്ത് വന്നത്. ഒരിക്കൽ വോട്ട് ചെയ്ത് പോയ ഇവർ വീണ്ടും തിരിച്ചെത്തി രണ്ടാമതും വോട്ട് ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്. വേഷം പോലും മാറാതെ എത്തുന്ന ഇവരെ ഓഫീസർമാർ തടയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതേ പഞ്ചായത്തിലെ മുൻ അംഗം സുമയ്യയും സമാനമായ രീതിയിൽ വോട്ട് ചെയ്തെന്നും റിപ്പോർട്ട് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍