സമാനമായ വോട്ട് കച്ചവടം മറ്റ് മണ്ഡലങ്ങളിലും നടന്നിരിക്കാമെന്നും പി മോഹനൻ ആരോപിച്ചു.
കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന ആരോപണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കോഴിക്കോട്ടെയും വടകരയിലെയും ഉയർന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് വിലയിരുത്താൻ കോഴിക്കോട്ട് ജില്ലാ നേതാക്കൾ അവലോകന യോഗം ചോർന്നിരുന്നു. ഇതിന് പിറകെയാണ് ബിജെപി വോട്ട് വിൽപ്പന നടത്തിയെന്ന ആരോപണവുമായി ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.
വോട്ട് കച്ചവടം പുതിയ കാര്യമല്ല, ചില ബുത്തുകൾ കേന്ദ്രീകരിച്ചാണ് ഇത് നടന്നിട്ടുള്ളത്. ഇക്കാര്യം സിപിഎം മുൻകൂട്ടി കണക്കാക്കിയിരുന്നതിനാൽ അതിന് അനുസൃതമായി പ്രവർത്തിക്കാനായെന്നും പി മോഹനൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സമാനമായ വോട്ട് കച്ചവടം മറ്റ് മണ്ഡലങ്ങളിലും നടന്നിരിക്കാമെന്നും പി മോഹനൻ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വടകരയിൽ കോ-ലീ-ബി രഹസ്യ സഖ്യമുണ്ടെന്ന് സ്ഥാനാർത്ഥി പി ജയരാജനുൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചിരുന്നു. ഇത് സാധുകരിക്കുന്ന ആരോപണങ്ങളാണ് പി മോഹനൻ ആവർത്തിച്ചത്. വടകര മണ്ഡലത്തിലെ പല ബൂത്തുകളിലും കോൺഗ്രസ് – ബിജെപി പ്രവർത്തകർ ഒന്നിച്ചിരുന്നാണ് വോട്ടർമാർക്ക് സ്ലിപ്പുകൾ കൊടുത്തതെന്നും സിപിഎം ആരോപിക്കുന്നു. നാദാപുരത്തെ ചില ബൂത്തുകളിൽ താനിത് നേരിട്ട് കണ്ടുവെന്നും ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കു. പോളിംഗ് ദിവസം പോലും ബിജെപി സ്ഥാനാർത്ഥികൾ പുറത്തിറങ്ങാതിരുന്നതും, സ്ലിപ്പ് വിതരണത്തിനടക്കം ബിജെപി പ്രവർത്തകർ വിട്ട് നിന്നതും ഇതിന് തെളിവാണെന്നും പി മോഹനൻ പറയുന്നു.