UPDATES

വാര്‍ത്തകള്‍

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട്; തെളിവായി ദൃശ്യങ്ങൾ

കള്ളവോട്ട് നടന്നതിന് തെളിവുകൾ പുറത്ത് വന്നതിന് പിറകെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി.

കാസർക്കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തെ സാധുകരിക്കുന്ന ദൃശ്യങ്ങൾ കോണ്‍ഗ്രസ് പുറത്തുവിട്ടു. കാസർക്കോട് മണ്ഡലത്തിൽപെട്ട കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലാണ് കള്ളവോട്ട് നടന്നതെന്നാണ് ദൃശ്യങ്ങൾ പറയുന്നു. പിലാത്തറ, എലമംകുറ്റൂർ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്നാണ് ആരോപണം.ഒരാൾ തന്നെ രണ്ട് വോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നും ആരോപണം ഉയരുന്നു. സിപിഎമ്മിന് അനുകൂലമായി കള്ളവോട്ട് ചെയ്തെന്നാണ് കോൺഗ്രസ് ആക്ഷേപം.

അതേസമയം, കള്ളവോട്ട് ചെയ്തത് ജനപ്രതിനിധികൂടിയായ വ്യക്തിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗം കൂടിയായ സലീന രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യമാണ് പുറത്ത് വന്നത്. ഒരിക്കൽ വോട്ട് ചെയ്ത് പോയ ഇവർ വീണ്ടും തിരിച്ചെത്തി രണ്ടാമതും വോട്ട് ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്. വേഷം പോലും മാറാതെ എത്തുന്ന ഇവരെ ഓഫീസർമാർ തടയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതേ പഞ്ചായത്തിലെ മുൻ അംഗം സുമയ്യയും സമാനമായ രീതിയിൽ വോട്ട് ചെയ്തെന്നും റിപ്പോർട്ട് പറയുന്നു.

774-ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തി. ഇവര്‍ കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും  ഇത്തരത്തില്‍ ആറോളം പേര്‍ ഈ ഒരു ബൂത്തില്‍ മാത്രം കള്ളവോട്ടുകള്‍ ചെയ്തെന്നും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

അതേസമയം, കള്ളവോട്ട് നടന്നതിന് തെളിവുകൾ പുറത്ത് വന്നതിന് പിറകെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. കണ്ണൂർ കാസർക്കോട് ജില്ലാ കളക്ടർമാരോടാണ് ടിക്കാറാം മീണ റിപ്പോർട്ട് തേടിയത്. ഇക്കാര്യം പരിശോധിക്കുമെനും ടിക്കാറാം മീണ പറയുന്നു.

കാസർക്കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് കാസർക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. കള്ളവോട്ട് ആരോപണം വോട്ടെടുപ്പ് ദിവസം തന്നെ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. കള്ളവോട്ട് ചെയ്തെന്ന് വ്യക്തമാക്കുന്ന സ്തീക്ക് 17ാം നമ്പർ വോട്ടിലാണ് വോട്ട് എന്നാൽ ഇവർ വോട്ട് ചെയ്തത് 19ാം നമ്പർ ബൂത്തിലാണെന്നും അദ്ദേഹം ആരോപിക്കുന്നു.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍