UPDATES

വാര്‍ത്തകള്‍

‘താമരയ്ക്ക് വോട്ട് പോയത് കൃത്യമായി കണ്ടു, പരാതിപ്പെട്ടപ്പോള്‍ പോയ്‌ക്കോളാന്‍ പറഞ്ഞു’; ചൊവ്വരയിലെ അനുഭവം പങ്കുവച്ച് യുവതി

സ്ഥാനാർത്ഥിക്ക് നേരെയുള്ള ബട്ടൺ പലതവണ അമർത്തി. പക്ഷേ പ്രവർത്തിച്ചില്ല.

കോവളം ചൊവ്വരയിൽ കൈപ്പത്തിക്ക് ചെയ്ത വോട്ട് താമരയില്‍ പതിഞ്ഞെന്ന് ആരോപണവുമായി ചൊവ്വര 151 ാം ബൂത്തിലെ വോട്ടറായ യുവതി. മനോരമ ന്യൂസിനോടായിരുന്നു യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വോട്ട് ബിജെപിക്ക് പോയെന്ന് ആവർത്തിച്ച് പറയുന്ന യുവതി തനിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം തരണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരം ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളില്‍ പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചതിന് പിറകെയാണ് അവകാശവാദവുമായി യുവതി രംഗത്തെത്തിയത്.

കോൺഗ്രസിന് വോട്ട് രേഖപ്പെടുത്താനായാണ് പോളിങ്ങ് ബുത്തിലെത്തിയത്. സ്ഥാനാർത്ഥിക്ക് നേരെയുള്ള ബട്ടൺ പലതവണ അമർത്തി. പക്ഷേ പ്രവർത്തിച്ചില്ല. ഇക്കാര്യം അവിടെ നിന്ന ഉദ്യാഗസ്ഥയോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന് അത് പ്രസ് ചെയ്തപ്പോള്‍ ആ വോട്ട് നേരെ താമരയ്ക്കാണ് പോയത്. വി.വി. പാറ്റ് രസീത് വ്യക്തമായി കണ്ടു. എന്നാൽ അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പോയ്ക്കാളാനായിരുന്നു പറഞ്ഞത്. ഇതോടെ പുറത്ത് വന്ന് എന്റെ ഭര്‍ത്താവിനടുത്ത് പരാതി പറഞ്ഞു. ഭര്‍ത്താവ് മറ്റുള്ളവരോടും കാര്യം പറയുകയായിരുന്നു. എനിക്ക് റീ വോട്ടിങ് വേണം. എനിക്ക് കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം വേറൊന്നും വേണ്ട. വി.വി. പാറ്റിലും മെഷീനിലും താമരയാണ് വന്നത്. യുവതി ആവർത്തിച്ച് വ്യക്തമാക്കുന്നു.

കംപ്ലയിന്റ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഇല്ല. ഇത് ഇത് ഇങ്ങനെ തന്നെയാണെന്നായിരുന്നു അവര്‍ പറഞ്ഞത്. മെഷീന് പ്രശ്‌നമൊന്നും ഇല്ലെന്നും നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അറിയാത്തതിന്റെ പ്രശ്‌നമാണെന്നുമാണ് പറഞ്ഞത്. നാലാം നമ്പറില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും ഇതേ പ്രശ്‌നം ഉണ്ട്. ഒന്നുകില്‍ വോട്ട് വരില്ല. അവരുടെ സഹായം ആവശ്യപ്പെടണം. ബാക്കിയാര്‍ക്കും ഈ വിഷയം ഇല്ല- പരാതിക്കാരിയുടെ ഭര്‍ത്താവും അരോപിച്ചു.

പോളിങ്ങ് ആരംഭിച്ച ആദ്യമണിക്കൂറിൽ തന്നെ ചൊവ്വരയിലെ 151ാം ബൂത്തിലെ വോട്ടിങ് മെഷീനെതിരെ ആരോപണം ഉയർന്നിരുന്നു. 75 പേർ വോട്ട് ചെയ്ത ശേഷം 76- മത് വ്യക്തിയാണ് ആക്ഷേപം ഉന്നിയിച്ചത്. ഇതോടെ വോട്ടിങ്ങ് മെഷീന്‍ മാറ്റി പുതിയത് എത്തിച്ച് വോട്ടിങ്ങ് തുടരുകയായിരുന്നു.

അതിനിടെ സംഭവത്തില്‍ പരാതിയുമായി എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കട്ടെ എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വ്യക്തമാക്കി. വോട്ടിംഗ് യന്ത്ര തകരാറില്‍ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറെ പരാതി അറിയിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരൻ വ്യക്തമാക്കി. അ തേസമയം വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍