UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ ചെ ഗുവേര ആരാധകനായ സംഘ് പ്രചാരകന്‍

അടിയന്തരാവസ്ഥ കാലത്തു വിയ്യൂര്‍ ജയിലിലും കോഴിക്കോട് തളി ക്ഷേത്ര സമരവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും ബംഗ്ലാദേശ് സമര കാലത്ത് തിഹാര്‍ ജയിലും സികെപി കിടന്നിട്ടുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

ജനിച്ചത് കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ആയതിനാലും പിതാവ് കാവുമ്പായി കര്‍ഷക സമര സേനാനി അനന്തന്‍ നമ്പ്യാര്‍ ആയിരുന്നതിനാലും രാഷ്ട്രീയ പ്രവേശനം എസ് എഫ്, കെ എസ് വൈ എഫ് എന്നിവയിലൂടെ ആയിരുന്നതുകൊണ്ടുമാകാം ബിജെപി നേതാവ് സി കെ പദ്മനാഭന് ഇന്നും ചെഗുവേരയോട് കടുത്ത ആരാധന. അടുത്തകാലത്ത് എ എന്‍ രാധാകൃഷ്ണനെ പോലുള്ള ചില ബിജെപി നേതാക്കള്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് ഊര്‍ജം പകരുന്നത് ചെഗുവേരയാണെന്ന് ആരോപിച്ചപ്പോള്‍ പദ്മനാഭന്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്നത് അധികമാരും മറന്നിട്ടുണ്ടാവാനിടയില്ല. ആ പദ്മനാഭനെ തന്നെയാണ് ബിജെപി ഇത്തവണ കണ്ണൂരില്‍ പരീക്ഷിക്കുന്നത്.

ചെ ഗുവേരയോട് കടുത്ത ആരാധന ഉണ്ടെങ്കിലും സി കെ പദ്ഭനാഭന്‍ എന്ന സികെപിക്ക് സിപിഎമ്മിനോടോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടോ അത്ര മമതയൊന്നുമില്ല. അതുകൊണ്ടു തന്നെയാകണമല്ലോ യുവാവായിരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ കെ എസ് വൈ എഫില്‍ നിന്നും നേരെ ആര്‍എസ്എസ് ശാഖയിലേക്ക് വച്ചുപിടിച്ചതും. 1967ലായിരുന്നു ഇത്. 1969ല്‍ സംഘ് പ്രചാരകാനായ സി കെ പി 70ല്‍ ജനസംഘത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയി. ജനസംഘം ബിജെപി ആയി മാറിയപ്പോള്‍ അതിന്റെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. 1981ല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയും 87ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് രണ്ടു തവണ സംസ്ഥാന പ്രസിഡന്റുമായി (1998- 2003 കാലഘട്ടത്തില്‍). 2004 മുതല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്.

രണ്ടു സിനിമകളില്‍ ജനപ്രതിനിധിയുടെ വേഷം ചെയ്തിട്ടുണ്ടെങ്കിലും ആറ് തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സികെപിക്കു ജീവിതത്തില്‍ ആ വേഷം ഇനിയും ഒത്തുവന്നിട്ടില്ല. മൂന്ന് തവണ വീതം ലോക് സഭയിലേക്കും നിയമസഭയിലേക്കുമായി മത്സരിച്ചു മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വേണ്ട സികെപി മൂന്നു തവണ ജയില്‍ വാസവും അനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തു വിയ്യൂര്‍ ജയിലിലും കോഴിക്കോട് തളി ക്ഷേത്ര സമരവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും ബംഗ്ലാദേശ് സമര കാലത്ത് തിഹാര്‍ ജയിലും.

കോണ്‍ഗ്രസിലെ കെ സുധാകരനും സിപിഎമ്മിലെ സിറ്റിംഗ് എംപി, പി കെ ശ്രീമതി ടീച്ചറും തമ്മില്‍ തീപാറുന്ന മത്സരം നടക്കുന്ന കണ്ണൂരിലേക്കു മറ്റൊരു കണ്ണൂര്‍ക്കാരനായ സികെപി കൂടിയെത്തിയതോടെ എന്‍ഡിഎ ക്യാമ്പും സജീവമായിക്കഴിഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠപുരത്തിനടുത്ത കോട്ടൂരില്‍ ജനിച്ച സികെപി അഴീക്കോടാണ് ഇപ്പോള്‍ താമസിക്കുന്നത്. സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന ബീനയാണ് ഭാര്യ. പ്രിയങ്ക, പ്രിയ എന്നിവര്‍ മക്കള്‍.

©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍