UPDATES

ട്രെന്‍ഡിങ്ങ്

പ്രേമചന്ദ്രന്റെ സ്വന്തം വോട്ട് Vs ഇടതിന്റെ രാഷ്ട്രീയ വോട്ട്; അവസാന ലാപ്പിലും പിടിതരാതെ കൊല്ലം

വളരെ കടുത്ത മത്സരമാണ് കൊല്ലത്ത് നടക്കുന്നത്. കുഴപ്പമില്ല എന്ന് പറയുന്ന 30 ശതമാനം വോട്ടര്‍മാരുടെ നിലപാട് മുന്നണികളുടെ ജയ, പരാജയങ്ങളില്‍ നിര്‍ണായകമായിരിക്കും.

സംസ്ഥാനത്ത് ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തുന്ന പ്രദേശങ്ങളുള്ള രണ്ട് ജില്ലകള്‍ പാലക്കാടും കൊല്ലവുമാണ്. പാലക്കാടിന്റെ കിഴക്കന്‍ മേഖലയും കൊല്ലം ജില്ലയിലെ പുനലൂര്‍ അടക്കമുള്ള കിഴക്കന്‍ മേഖലകളും വെന്തുരുകുന്ന ചൂടുമായി ബന്ധപ്പെട്ടും അറിയപ്പെടുന്നു. ഇത്തവണത്തെ വേനല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചൂട് കൂടി ചേര്‍ന്ന് അല്‍പ്പം കൂടി കടുത്തതായിരിക്കുന്നു. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് കൊല്ലമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ എസ് പിയുടെ സിറ്റിംഗ് എംപി എന്‍കെ പ്രേമചന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെഎന്‍ ബാലഗോപാലും ഏറ്റുമുട്ടുന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ 37,000ല്‍ പരം വോട്ടുകള്‍ പരാജയപ്പെടുത്തിയ എന്‍കെ പ്രേമചന്ദ്രനെ വീഴ്ത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇത്തവണ സിപിഎം ഇറക്കിയിരിക്കുന്നത് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞൈടുപ്പിലും നേടിയ വന്‍ വിജയം ലോക്‌സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും സിപിഎമ്മും. പ്രചാരണം വളരെ നേരത്തെ തുടങ്ങാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. അതേസമയം യുഡിഎഫില്‍ ആദ്യം ഉറപ്പിക്കപ്പെട്ട സ്ഥാനാര്‍ത്ഥിത്വവും എന്‍കെ പ്രേമചന്ദ്രന്റേതായിരുന്നു.

എന്നാല്‍ രാഷ്ട്രീയ ചായ്‌വുകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമപ്പുറം വ്യക്തികളായ സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ട് ചെയ്യുന്ന പതിവ് കൊല്ലത്തുണ്ട്. അതേസമയം പ്രിയനേതാക്കളെ അട്ടിമറിച്ച് തോല്‍പ്പിച്ച ചരിത്രവും കൊല്ലത്തിനുണ്ട്. കൊല്ലത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ളവരോട് സംസാരിക്കുമ്പോള്‍ രണ്ട് ഉത്തരങ്ങളാണ് പ്രധാനമായും വരുന്നത്. ഇത്തവണയും പ്രേമചന്ദ്രന്‍ തന്നെ എന്നും അല്ലെങ്കില്‍ ഇക്കുറി പറയാന്‍ കഴിയില്ല, കടുത്ത മത്സരമാണ് എന്നുമാണ്. ചാത്തനൂരെ ജ്യൂസ് കടക്കാരനും പറയുന്നത് അതാണ്. പ്രേമചന്ദ്രനാണ് കൂടുതല്‍ സാധ്യത എന്ന്. ചാത്തനൂര്‍ ഭാഗത്ത് യുഡിഎഫിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്നും എല്‍ഡിഎഫിനാണെന്നും പറഞ്ഞുകൊണ്ട് തന്നെയാണ് കൊല്ലം മണ്ഡലം മൊത്തമായി എടുക്കുമ്പോള്‍ പ്രേമചന്ദ്രനാണ് കൂടുതല്‍ സാധ്യത എന്ന് പറയുന്നത്. അതേസമയം ബാലഗോപാലിനെ വില കുറച്ച് കാണാന്‍ തയ്യാറുമല്ല. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് തൂത്തുവാരിയ ഒരേയൊരു ജില്ല കൊല്ലമാണ്. കൊല്ലത്തെ 10ല്‍ 10ഉം എല്‍ഡിഎഫ് വിജയിക്കുമ്പോള്‍ ബാലഗോപാല്‍ ആയിരുന്നു ജില്ലാ സെക്രട്ടറി.

1952 മുതല്‍ 80 വരെയുള്ള ഏഴ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ചിലും ജയിച്ചത് സോഷ്യലിസ്റ്റ് നേതാവ് എന്‍ ശ്രീകണ്ഠന്‍ നായര്‍. ഈ കാലത്തിനിടെ 1957ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പികെ കൊടിയന്‍ ജയിച്ചത് മാത്രമാണ് അപവാദം. 1980ല്‍ ശ്രീകണ്ഠന്‍ നായരെ അട്ടിമറിച്ച് കോണ്‍ഗ്രസിലെ ബികെ നായര്‍ വിജയം കണ്ടു. പിന്നീട് മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തന്നെ ജയിച്ചു. സിവില്‍ സര്‍വീസ് രാജി വച്ച് രാഷ്ട്രീയത്തിലിറങ്ങിയ എസ് കൃഷ്ണകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഹാട്രിക് വിജയം നേടുകയും കേന്ദ്ര മന്ത്രിയാവുകയും ചെയ്തു. 1996ലും 98ലും എന്‍കെ പ്രേമചന്ദ്രന്‍ വിജയിച്ചു. 1999ല്‍ സിപിഎം മണ്ഡലം ആര്‍എസ്പിയില്‍ നിന്ന് ഏറ്റെടുത്തു. 99ലും 2004ലും സിപിഎമ്മിലെ പി രാജേന്ദ്രന്‍ ജയിച്ചു. 2009ല്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് നാല് സീറ്റിലൊതുങ്ങിയ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം യുഡിഎഫ് പിടിച്ചു. കോണ്‍ഗ്രസിലെ എന്‍ പീതാംബര കുറുപ്പ് പി രാജേന്ദ്രനെ തോല്‍പ്പിച്ചു.

2014ല്‍ കൊല്ലം ലോക്‌സഭ സീറ്റ് വേണമെന്ന ആര്‍എസ്പിയുടെ ആവശ്യം അംഗീകരിക്കാതിരുന്ന സിപിഎം നിലപാടിനെതിരെ പ്രതിഷേധിച്ച് ആര്‍എസ്പി മുന്നണി വിട്ടു. പത്തനംതിട്ടയടക്കം ഏതെങ്കിലും ഒരു സീറ്റ് തന്നിരുന്നെങ്കില്‍ തങ്ങള്‍ ഇടതുമുന്നണിയില്‍ തുടരുമായിരുന്നു എന്ന പ്രചാരണം ആര്‍ എസ് പി നടത്തിയിരുന്നു. കുണ്ടറ എംഎല്‍എ ആയിരുന്ന പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ ആണ് കൊല്ലം തിരിച്ചുപിടിക്കാന്‍ സിപിഎം ഇറക്കിയത്. സീറ്റ് കിട്ടാത്തതിന് യുഡിഎഫിലേയ്ക്ക് പോയ ആര്‍എസ്പി നേതാവ് പ്രേമചന്ദ്രനെ കൊല്ലത്തെ പൊതുയോഗത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘പരനാറി’ എന്ന് വിളിച്ചു. ആ പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി പിണറായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞു. ചെയ്യുന്ന വോട്ടിനെ വഞ്ചിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത് എന്നും പിണറായി പറഞ്ഞു.

പ്രേമചന്ദ്രന്റെ ‘ഗിമ്മിക്കു’കളൊന്നും ഇത്തവണ വിലപ്പോവില്ല എന്നാണ് സിപിഎം പറയുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ പ്രേമചന്ദ്രന്‍ അവകാശപ്പെടുന്ന പിന്തുണ ഇത്തവണ കിട്ടാന്‍ പോകുന്നില്ലെന്നും മുത്തലാഖ് അടക്കമുള്ള വിഷയങ്ങളില്‍ പ്രേമചന്ദ്രന്റെ കാപട്യം മുസ്ലീം സമുദായത്തില്‍ പെട്ട വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നുമാണ് ഡിവൈഎഫ്്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷബീര്‍ പറയുന്നത്. കൊല്ലം ബൈ പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതിരെ ബിജെപി സംഘപരിവാര്‍ ബാന്ധവം ആരോപിക്കുന്ന സിപിഎം ഈ ബന്ധത്തിന്റെ ഭാഗമായാണ് പ്രേമചന്ദ്രനെ സഹായിക്കുന്നതിനായി ഇത്തവണ ബിജെപി ദുര്‍ബലനായ സ്്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത് എന്ന് ആരോപിക്കുന്നു. ബൈപാസിന്റെ 70 ശതമാനത്തിലധികം ജോലികള്‍ പൂര്‍ത്തീകരിച്ചത് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ്. പണി പൂര്‍ത്തിയാക്കി ഉദ്ഘാടനമടക്കം തീരുമാനിച്ച സമയത്താണ് മുഖ്യമന്ത്രിയെ ഒഴിവാക്കുന്നതിനായി എംപി ഇടപെട്ട് പ്രധാനമന്ത്രിയെ വരുത്തി എന്ന സംശയമുയരുന്നത്.

ഉദ്ഘാടനത്തില്‍ നിന്നും എംഎല്‍എമാരായ എം നൗഷാദിനേയും വിജയന്‍ പിള്ളയേയും ഒഴിവാക്കുന്നതടക്കമുള്ള നീക്കമുണ്ടായി. പൊറ്റങ്കരയിലെ ബിജെപി പഞ്ചായത്ത് മെമ്പര്‍ പ്രേമചന്ദ്രന്റെ ഫോട്ടോ വച്ച് ഫ്‌ളക്‌സ് അടിച്ചു. പ്രേമചന്ദ്രന് അഭിവാദ്യമര്‍പ്പിച്ച്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗം സിദ്ദിഖും പ്രേമചന്ദ്രനുമായി തര്‍ക്കമുണ്ടായിരുന്നു. ഞങ്ങളൊക്കെ ബിജെപിയായാലേ ഇവിടെ വികസനം നടക്കുകയുള്ളോ എന്ന് കോണ്‍ഗ്രസ് അംഗം ചോദിച്ചിരുന്നു. കൊല്ലത്ത് ഇത്തരം വിഷയങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. അങ്ങനെയാണ് പ്രേമചന്ദ്രന്റെ ബിജെപി ബന്ധം സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്ന എം സുനിലിന്റെ പേരാണ് ആദ്യം അവരുടെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ കൊല്ലവുമായി യാതൊരു ബന്ധവുമില്ലാത്ത പിഎം വേലായുധന്‍ വന്നു. ഇത്തവണയും സുരേഷ് ഗോപിയുടേയും ബിജെപി സംസ്ഥാന ട്രഷറര്‍ ശ്യാം കുമാറിന്റെ പേരും വന്നു. എന്നാല്‍ കൊല്ലത്തുകാര്‍ക്ക് യാതൊരു പരിചയവുമില്ലാത്ത കെവി സാബു വന്നു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 56,000 വോട്ട് മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ഇത്തവണ അതിലും താഴെ പോയേക്കാം.

രാഹുല്‍ ഗാന്ധിയ്ക്ക് പ്രേമചന്ദ്രന്‍ പിന്തുണ നല്‍കും എന്നാണ് പറയുന്നത്. അങ്ങനെയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച മോദി സര്‍ക്കാരിനെക്കുറിച്ചോ സംഘപരിവാര്‍ ഭീകരതയെക്കുറിച്ചോ ഒന്നും പറയുന്നില്ല. ഇതെല്ലാം ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി പ്രേമചന്ദ്രനോടുള്ള ന്യൂനപക്ഷങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രേമചന്ദ്രന്‍ 16 മിനുട്ട് ലോക്‌സഭയില്‍ മുത്തലാഖ് വിഷയത്തില്‍ സംസാരിച്ചു എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ ആ പ്രസംഗം പരിശോധിച്ചാല്‍ ആ ബില്ലിന് പിന്നിലുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തെക്കുറിച്ച് പ്രേമചന്ദ്രന്‍ പറയുന്നില്ല എന്ന് മനസിലാകും എന്ന് ഷബീര്‍ പറയുന്നു. മറിച്ച് സിപിഎമ്മിലെ മുഹമ്മദ് സലീം അടക്കമുള്ളവര്‍ സഭയില്‍ ശക്തമായ പ്രസംഗമാണ് നടത്തിയത്. ഇതെല്ലാം ന്യൂനപക്ഷ വോട്ടര്‍മാര്‍ കാണുന്നുണ്ട്.

പിന്നെ എസ്ഡിപിഐ പോലുള്ള സംഘടനകളെ മുസ്ലീം പ്രതിനിധികളായി കാണാനാവില്ല. അവര്‍ക്ക് അവരുടേതായ അജണ്ടകളുണ്ട്. അവര്‍ ഇവിടെ സ്ഥാനാര്‍ത്ഥിയ നിര്‍ത്തിയിട്ടില്ല. ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒന്നാകെ എല്‍ഡിഎഫിന് വോട്ട് ചെയ്യും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ ഇത് പ്രകടമായിരുന്നു. അതേ ജനവികാരം തന്നെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലും ഉണ്ടാവുക. കൊല്ലം ജില്ലയില്‍ 51 ശതമാനം വോട്ട് എല്‍ഡിഎഫിന് കിട്ടിയിരുന്നു. പ്രേമചന്ദ്രന്റെ പ്രതിച്ഛായ എന്ന് പറയുന്നത മത, സാമുദായിക സംഘടനകളുടെ പരിപാടികളിലെല്ലാം ചെന്ന് പ്രസംഗിച്ച് അവരുടെ പ്രീതി നേടിക്കൊണ്ടുള്ളതാണ്. എന്നാല്‍ അടിത്തട്ടില്‍ സാധാരണക്കാരുമായി സംസാരിക്കുമ്പോള്‍ വികസന നായകനെന്ന നിലയിലുള്ള യുഡിഎഫിന്റേയും പ്രേമചന്ദ്രന്റേയും പ്രതിച്ഛായ വെറും പൊള്ളയാണ് എന്നാണ് മനസിലാകുന്നത്. എടുത്തുകാണിക്കാന്‍ ഒരു വികസന പ്രവര്‍ത്തനം പോലും പ്രേമചന്ദ്രനില്ല.

കശുവണ്ടി മേഖലയിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പൊതുവായി അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാഷ്യു കോര്‍പ്പറേഷന്‍, കാപ്പെക്‌സ് തുടങ്ങിയവയുടെ കാര്യമെടുക്കാം. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച പോലെ 100 ദിവസത്തിനുള്ളില്‍ അടഞ്ഞുകിടന്നിരുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു. മൂവായിരത്തോളം തൊഴിലാളികളുടെ പ്രശ്‌നം പരിഹരിച്ചു. സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ഇറക്കുമതി തീരുവയിലെ വര്‍ദ്ധനവാണ്. അതിന് എംപി ഉത്തരവാദിയാണ്. കൊല്ലത്തെ ചില വലിയ കശുവണ്ടി മുതലാളിമാര്‍ക്ക് വേണ്ടി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് ഇംപോര്‍ട്ട് ടാക്‌സ് വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി. പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം പ്രസംഗിച്ചിരുന്നു. ഇത് കശുവണ്ടി മേഖലയില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഇംപോര്‍ട്ട് ടാക്‌സ് 9.36 ശതമാനമായി ഉയര്‍ത്തിയതിന്റെ ഭാഗമായി ചെറുകിട കശുവണ്ടി ഫാക്ടറികള്‍ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഒന്നോ രണ്ടോ ഫാക്ടറികള്‍ മാത്രമുള്ള സ്വകാര്യ ഉടമകളുണ്ട്. അവരെ ഇത് കാര്യമായി ബാധിച്ചു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുമായി സഹകരിച്ച് ഒരു പാക്കേജ് പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക് ഇവരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും പുതിയ ലോണുകള്‍ നല്‍കാനുള്ള സൗകര്യമുണ്ടാക്കി. സൗജന്യമായി തോട്ടണ്ടി ലഭ്യമാക്കി. അത് സംസ്‌കരിച്ച് കശുവണ്ടി പരിപ്പാക്കി വില്‍ക്കുമ്പോള്‍ മാത്രം ആ തുക തോട്ടണ്ടിയുടെ വിലയായി വാങ്ങുന്ന അവസ്ഥയുണ്ടാക്കി. സ്വകാര്യ മേഖലയിലെ പ്രതിസന്ധിയെ ഇത്തരത്തില്‍ കുറേയൊക്കെ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അടച്ചുപൂട്ടിയ സ്വകാര്യ ഫാക്ടറികളില്‍ പലതും തുറക്കാനുള്ള അവസരമുണ്ടായി. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. സ്വകാര്യ മേഖലയിലെ ഈ പ്രതിസന്ധിയില്‍ എംപി കൂടി കാരണക്കാരനാണ് എന്നതില്‍ കശുവണ്ടി തൊഴിലാളികള്‍ക്ക് വലിയ പ്രതിഷേധമുണ്ടെന്നും സിപിഎം നേതാവ് പറയുന്നു.

മണ്ഡലത്തിലെ റെയില്‍ വികസനം സംബന്ധിച്ച പ്രേമചന്ദ്രന്റെ അവകാശവാദം പൊള്ളയാണ്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനല്‍ കൊണ്ടുവന്നു എന്ന അവകാശവാദം തട്ടിപ്പാണ്. ഒരു മതില്‍ പൊളിച്ച് ആര്‍ച്ച് പണിത് ഉദ്ഘാടനം നടത്തി. രണ്ടാം ടെര്‍മിനല്‍ എന്ന് പറയുന്നത് ഇതിനെയാണ്. കൊല്ലത്ത് ഇപ്പോളും രണ്ടാം ടെര്‍മിനല്‍ ഇല്ല. ഒന്നാം പ്ലാറ്റ്‌ഫോമിലേയ്ക്കുള്ള ഓവര്‍ ബ്രിഡ്ജ് പൂര്‍ത്തിയായിട്ടില്ല. രണ്ടാം ടെര്‍മിനലിലൂടെ പ്രവേശിച്ചാല്‍ ട്രെയിനില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം – ചെങ്കോട്ട റെയില്‍വേ പാത മീറ്റര്‍ ഗേജ് ആയിരുന്ന സമയത്ത് 13 എക്‌സ്പ്രസ് ട്രെയിനുകളാണ് ഓടിയിരുന്നത്. ഇപ്പോള്‍ 10 ട്രെയിനുകളാണുള്ളത്. ഇതില്‍ പാസഞ്ചര്‍ ഒഴിവാക്കിയാല്‍ ആഴ്ചയില്‍ ഒരു ദിവസം സര്‍വീസ് നടത്തുന്ന രണ്ടോ മൂന്നോ ട്രെയിനുകള്‍.

വേളാങ്കണ്ണി എക്‌സ്പ്രസ് ട്രെയിന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം മുഴുവന്‍ പ്രേമചന്ദ്രന്റെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. അത് ആഴ്ചയില്‍ ഒരു ദിവസം മാത്രം. തീര്‍ത്ഥാടകര്‍ക്ക് കാര്യമായ ഉപകാരമില്ല. വേളാങ്കണ്ണിയിലേക്കുള്ള അതേ റേക്ക് ഉപയോഗിച്ച് ഗുരുവായൂരിലേയ്ക്ക് സര്‍വീസ് നടത്തുന്നു. പുതിയ ട്രെയിന്‍ അനുവദിച്ചു എന്ന് പറഞ്ഞുള്ള പ്രചരണം തട്ടിപ്പാണ്. മീറ്റര്‍ ഗേജ് ആയിരിക്കെ എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ഉണ്ടായിരുന്നു. അത് ഇല്ലാതാക്കിയാണ് ഇത് വരുന്നത്. കൊല്ലം ജ്ംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്റെ വികസനം ഇഴഞ്ഞുനീങ്ങുന്നു. കൊല്ലത്ത് എസ്‌കലേറ്ററിന്റേയും ലിഫ്്റ്റിന്റേയും പണി പൂര്‍ത്തിയായിട്ടില്ല. നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന പരവൂര്‍ അടക്കമുള്ള ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വികസനമില്ല. കൊല്ലം – എറണാകുളം പാതയില്‍ പുതിയെ ട്രെയിനുകളൊന്നുമില്ല.

കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി പ്രവര്‍ത്തകര്‍ വ്യാപകമായി എല്‍ഡിഎഫിനെ പിന്തുണക്കുന്ന നിലയുണ്ടായി. നിയമസഭ തിരഞ്ഞെടുപ്പിലും ഇത് പ്രകടമായിരുന്നു. ചവറ നിയമസഭ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ നോക്കിയാല്‍ ആര്‍ എസ് പിക്ക് വലിയ തകര്‍ച്ചയുണ്ടായിട്ടുണ്ട്്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് ഒരൊറ്റ കൗണ്‍സിലര്‍ സ്ഥാനം മാത്രമാണ് കിട്ടിയത്. മുമ്പ് ഇത് ഏഴായിരുന്നു. കഴിഞ്ഞയാഴ്ച ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗം ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. പുനലൂരും ചടയമംഗലത്തുമെല്ലാം ചാത്തനൂരുമെല്ലാം എല്‍ഡിഎഫിന് അനുകൂലമായി വളരെ ആവേശകരമായ പ്രചാരണമാണുള്ളത്. യുഡിഎഫ് പ്രവര്‍ത്തനം ഇവിടെയെല്ലാം ദുര്‍ബലമാണ്. കൊല്ലം ജില്ലാ ആശുപത്രിയിലടക്കം ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം യുഡിഎഫ് പരാതി നല്‍കി നിര്‍ത്തിവച്ചതടക്കമുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് പ്രചാരണവിഷയമാക്കുന്നുണ്ട്്.

കൊല്ലം നഗരത്തില്‍ പ്രേമചന്ദ്രന് മുന്‍തൂക്കമുണ്ടെന്നും കൊല്ലം, ഇരവിപുരം മണ്ഡലങ്ങളില്‍ പ്രേമചന്ദ്രന് നേരിയ മുന്‍തൂക്കമുണ്ടെന്നും അതേസമയം ബാക്കി എല്ലാ മണ്ഡലങ്ങളിലും തങ്ങളാണ് മുന്നിലെന്നാണ് സിപിഎം അവകാശപ്പെടുന്നത്. കെഎന്‍ ബാലഗോപാലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇക്കാര്യമാണ് പങ്കുവച്ചത്. ജില്ല സെക്രട്ടറി എന്ന നിലയില്‍ കൊല്ലത്ത് പാര്‍ട്ടി സംഘടനയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും സംഘടനയെ ശക്തിപ്പെടുത്താനും കഴിഞ്ഞിട്ടുള്ള ബാലഗോപാലിന് പാര്‍ട്ടി സംഘടനയില്‍ വലിയ സ്വാധീനമുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ പ്രേമചന്ദ്രന്റെ വലിയ ജനപിന്തുണയെ മറികടക്കാന്‍ എല്‍ഡിഎഫിന് കഴിയുമോ എന്നതാണ് ചോദ്യം.

2014ല്‍ എംഎ ബേബിക്ക് ലഭിച്ച വോട്ടുകള്‍ എല്ലാം അരിച്ചെടുത്ത് ബാക്കിയുള്ള പാര്‍ട്ടി വോട്ടുകളായിരുന്നു എന്ന് സിപിഎം പറയുന്നു. തെക്കന്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളിലുണ്ടായ പാളിച്ചയും സമുദായ സമവാക്യങ്ങള്‍ പരിഗണിക്കാഞ്ഞതും എല്‍ഡിഎഫിന് വിനയായി എന്ന് കൊല്ലത്തെ സിപിഎം പ്രവര്‍ത്തകര്‍ കരുതുന്നുണ്ട്. പ്രേമചന്ദ്രന്‍ സീറ്റ് കിട്ടാത്തത് പറഞ്ഞ് സഹതാപം നേടാനുള്ള പ്രചാരണം നടത്തിയെന്നും അവര്‍ പറയുന്നു. പിണറായിയുടെ പരനാറി പ്രയോഗവും ഇതില്‍ ഭാഗമായെന്ന് ബാലഗോപാലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടവര്‍ സമ്മതിക്കുന്നുണ്ട്്.

കൊല്ലത്ത് സിപിഎം ഇത്തവണ എന്ത് പ്രതീക്ഷ വച്ചിട്ടും കാര്യമില്ല എന്നാണ് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറയുന്നത്. നിയമസഭയിലെ വന്‍ വിജയം വച്ച് പാര്‍ലമെന്റില്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. കേരളത്തില്‍ ഭൂരിഭാഗം സീറ്റുകളും യുഡിഎഫ് നേടും. രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ അടുപ്പമുള്ള സ്ഥാനാര്‍ത്ഥിയാണ് കൊല്ലത്തുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രേമചന്ദ്രന്റെ മികച്ച പ്രവര്‍ത്തനം വോട്ടായി മാറും. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള കള്ളപ്രചാരണമാണ് കൊല്ലത്ത് സിപിഎം നടത്തുന്നത്.

കശുവണ്ടി മേഖലയെ രക്ഷിച്ചു എന്നുള്ള സര്‍ക്കാര്‍ അവകാശവാദം പൊള്ളയാണ് എന്ന് എഎ അസീസ് പറയുന്നു. കശുവണ്ടി മേഖലയെടുത്താല്‍ പൊതുമേഖലയില്‍ 40 ഫാക്ടറികളേ ഉള്ളൂ. കശുവണ്ടി കോര്‍പ്പറേഷന് കീഴില്‍ 30, കാപ്പെക്‌സിന് കീഴില്‍ 10. കോര്‍പ്പറേഷന്റെ ഫാക്ടറികളില്‍ പന്ത്രണ്ടായിരത്തോളം തൊഴിലാളികള്‍. കാപ്പക്‌സില്‍ 3500 തൊഴിലാളികള്‍. ബാക്കി മൂന്നര ലക്ഷത്തോളം തൊഴിലാളികള്‍ സ്വകാര്യ മേഖലയിലാണ്. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പിഎല്‍സി രവീന്ദ്രനാഥന്‍ നായരുടെ 16 കമ്പനികള്‍, കെപിപി ഗ്രൂപ്പിന്റെ കമ്പനികള്‍ ഇതെല്ലാം പൂട്ടിക്കിടക്കുകയാണ്. ഇകെ നായനാര്‍ ഭരിച്ചപ്പോളും വിഎസ് അച്യുതാനന്ദന്‍ ഭരിച്ചപ്പോളുമെല്ലാം കശുവണ്ടി മേഖലയെ രക്ഷിക്കാനുള്ള നടപടികളുണ്ടായി. കശുവണ്ടി തൊഴിലാളികളെ സഹായിക്കാനുള്ള തീരുമാനങ്ങളുണ്ടായി. ഇപ്പോഴത്തെ സര്‍ക്കാരും വകുപ്പ് മന്ത്രിയും ഇതൊന്നും മനസിലാക്കുന്നില്ല. ആകെയുള്ള 864ല്‍ 494 ഫാക്ടറികള്‍ ഇപ്പോളും പൂട്ടിക്കിടക്കുകയാണ്. ഇത് തുറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തില്ല. കാപ്പക്‌സ് നേരത്തെയും പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ ഫാക്ടറികളെ സഹായിക്കാന്‍ പാക്കേജ് ഉണ്ടാകുമെന്നും സബ്‌സിഡി അനുവദിക്കുമെന്നും പറഞ്ഞു. ഒന്നും കൊടുത്തില്ല.

കശുവണ്ടി തൊഴിലാളികള്‍ കൊല്ലത്തെ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തും. കശുവണ്ടി വികസന കോര്‍പ്പറേഷന് കീഴിലുള്ള, പൊതുമേഖല ഫാക്ടറികളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുറന്നുപ്രവര്‍ത്തിച്ചത്. സ്വകാര്യ മേഖലയിലാണ് വലിയ വിഭാഗം തൊഴിലാളികളും. സ്വകാര്യ മുതലാളിമാര്‍ ഗവണ്‍മെന്റുമായി സഹകരിക്കുന്നില്ല. കശുവണ്ടി കോര്‍പ്പറേഷന് കീഴില്‍ പതിനേഴോ പതിനെട്ടോ ഫാക്ടറികള്‍ കാണും. ഇവിടെ മൊത്തം 60,000ല്‍ താഴെ തൊഴിലാളികളേ ഉള്ളൂ. അതേസമയം സ്വകാര്യ ഫാക്ടറികളില്‍ മൂന്ന് ലക്ഷത്തില്‍ പരം തൊഴിലാളികളുണ്ട്. അവരില്‍ നല്ലൊരു ശതമാനം തൊഴില്‍രഹിതരാണ്. അവരുടെ സമീപനം എങ്ങനെയായിരിക്കും എന്ന ചോദ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ പ്രശ്‌നത്തിന് മറുപടി പറയേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിനേക്കാള്‍ കൊല്ലത്തെ എംപിമാരാണ്. പ്രേമചന്ദ്രനും അതിന് മുമ്പുള്ളവരും. ടീ ബോര്‍ഡോ കോഫി ബോര്‍ഡോ പോലെ കാഷ്യു ബോര്‍ഡ് രൂപീകരിക്കാനൊന്നും കഴിഞ്ഞില്ല. വില ഉയര്‍ത്തുന്നതിനോ കൃത്യമായി ഉല്‍പ്പന്നങ്ങള്‍ വരുന്നതിനോ ഒന്നുമുള്ള ശ്രമങ്ങളുണ്ടായില്ല. അത് കൊല്ലത്തെ പ്രതിനിധീകരിച്ചവരുടെ കഴിവില്ലായ്മയാണ്.

വെറുതെ തോട്ടണ്ടിയുടേയും കശുമാവിന്റേയും പടമെടുക്കുക, എവിടെയെങ്കിലും തൊഴിലാളികള്‍ക്ക് ബോണസോ കുടിശികയോ കൊടുത്തതിന്റെ പടമെടുക്കുക ഇതൊക്കെയേ നടക്കുന്നുള്ളൂ. കൂലിവര്‍ദ്ധനയില്ല. മിനിമം വേതനത്തിന് വേണ്ടി, 35 ശതമാനം കൂലിവര്‍ദ്ധനവിന് വേണ്ടി സമരം ചെയ്തയാളാണ് ഇപ്പോളത്തെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. 25 ശതമാനം പോലും വര്‍ദ്ധനവ് നിലവിലില്ല. ഇപ്പോള്‍ സര്‍ക്കാരും സിഐടിയുക്കാരും പറയുന്നത് മിനിമ വേതനം കൊടുത്തില്ലെങ്കിലും ഫാക്ടറി തുറന്നാല്‍ മതി എന്നാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വിട്ട യുഡിഎഫിലേയ്ക്ക് പോയപ്പോള്‍ കശുവണ്ടി തൊഴിലാളികള്‍ ഞങ്ങളോട് രോഷം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അവര്‍ രോഷം കാണിക്കുന്നത് എല്‍ഡിഎഫിനോടാണ്. ഫാക്ടറികള്‍ തുറപ്പിക്കും എന്ന് പറഞ്ഞിട്ട് എന്തായി എന്നാണ് സിപിഎമ്മിനോട് തൊഴിലാളികള്‍ ചോദിക്കുന്നത് – എഎ അസീസ് പറയുന്നു.

ആര്‍എസ്പിയില്‍ നിന്ന് വലിയ തോതില്‍ കൊല്ലത്ത് കൊഴിഞ്ഞുപോക്കുണ്ടായതായുള്ള പ്രചാരണം ശരിയല്ല എന്ന് എഎ അസീസും ജില്ലാ സെക്രട്ടറിയും കാംപെയിന്‍ കമ്മിറ്റി ചെയര്‍മാനുമായ ഫിലിപ്പോസ് തോമസും പറയുന്നു. ബാബു ദിവാകരന്‍ അടക്കമുള്ളവര്‍ തിരിച്ചുവരുകയാണ് ചെയ്തത്. താമരാക്ഷന്‍ തിരിച്ചുവന്നു. കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടി വിട്ടതല്ലാതെ മറ്റാരും പോയിട്ടില്ല. പാര്‍ട്ടി പൂര്‍ണമായും ഒറ്റക്കെട്ടാണ് എന്ന് എഎ അസീസ് അവകാശപ്പെട്ടു. കൊല്ലത്തെ സാധാരണക്കാരുമായി ബാലഗോപാലിന് പ്രേമചന്ദ്രനുള്ളത് പോലെ കൊല്ലത്തെ വലിയ ബന്ധമൊന്നും ഇല്ലെന്ന് ഫിലിപ്പോസ് തോമസ് അഭിപ്രായപ്പെടുന്നു. കശുവണ്ടി തൊഴിലാളികളുമായോ മറ്റ് മേഖലകളിലെ തൊഴിലാളികളുമായോ ബാലഗോപാലിന് കാര്യമായ ബന്ധമില്ലെന്നും ഫിലിപ്പോസ് തോമസ് പറഞ്ഞു. തീരദേശമേഖല തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും എന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.

എസ്എന്‍ കോളേജിന് സമീപം കന്റോണ്‍മെന്റ് മൈതാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത സമ്മേളനത്തില്‍ രാജ്‌നാഥ് സിംഗിനെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത് തന്നെ “സ്വാമിയേ ശരണമയ്യപ്പ” എന്ന് വിളിച്ചാണ്. രാജ്‌നാഥ് സിംഗ് ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിച്ചതിന് സാധാരണ പ്രവര്‍ത്തകരില്‍ ചിലര്‍ മനസിലാക്കിക്കൊണ്ട് കൃത്യമായി മറുപടി നല്‍കുന്നതായി കണ്ടു. എന്നാല്‍ തര്‍ജ്ജമ ചെയ്യുന്നയാളെ മാറ്റേണ്ടി വന്നു. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ രാജ്യദ്രോഹം സംബന്ധിച്ച നിയമം ഇളവ് ചെയ്യുമെന്ന വാഗ്ദാനമുണ്ട്. ഇത് സംബന്ധിച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞപ്പോള്‍ പരിഭാഷകന്‍ ഇത് ബിജെപി പ്രകടന പത്രിക എന്നാക്കി. തെറ്റ് മനസിലാക്കിയ രാജ്‌നാഥ് സിംഗ് ഉടന്‍ ഇടപെട്ട് തിരുത്തി. പിന്നീട് വന്നയാള്‍ അല്‍പ്പം ഭേദമായിരുന്നെങ്കിലും രാജ്‌നാഥ് സിംഗ് പറയുന്നത് പലതും മനസിലാക്കാതെ കുഴങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള രണ്ടാമത്തെ പരിഭാഷകനെ സഹായിച്ചു. ആരെതിര്‍ത്താലും ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് ശ്രീധരന്‍ പിള്ളയും എംടി രമേശും അടക്കമുള്ള നേതാക്കള്‍ പറഞ്ഞു.

കൊല്ലം യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ മണ്ഡലമാണ്. ഒരു ലക്ഷം വോട്ടിന് എല്‍ഡിഎഫ് ജയിക്കേണ്ടതാണ്. എന്നാല്‍ ഏതാണ്ട് 50,000, 60,000 വോട്ട് സ്വന്തമായുള്ള ആളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി – ഇത് അവഗണിക്കാനാവില്ല എന്നാണ് ഇടതുപക്ഷ അനുഭാവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എന്‍എസ് ജ്യോതി കുമാര്‍ പറയുന്നത്. പ്രത്യേകിച്ച് സമുദായ സമാവാക്യങ്ങള്‍ പ്രേമചന്ദ്രന് അനുകൂലമാണ്. അതൊരു മോശം കാര്യമാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. മുമ്പ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഞാന്‍. തേവലക്കര, ഇരവിപുരം തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം മുസ്ലീം കേന്ദ്രങ്ങളിലെല്ലാം വലിയ സ്വാധീനം പ്രേമചന്ദ്രനുണ്ട്. ചവറ, കൊല്ലം, ഇരവിപുരം എന്നീ മൂന്ന് മണ്ഡലങ്ങളാണ് നിര്‍ണായകമാകാന്‍ പോകുന്നത്.

രാഷ്ട്രീയമായി എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള മേഖലകളില്‍ പോലും വ്യക്തിഗത സ്വാധീനവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ നേടുകയാണ്. ഇത്തവണ കൊല്ലത്ത് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയുമായാണ് എല്‍ഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ മത്സരമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത് ഇത്തവണ. പക്ഷെ എന്തൊക്കെ വലിയ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെട്ടാലും കുറഞ്ഞത് 30 ശതമാനമെങ്കിലും വോട്ടര്‍മാര്‍ വ്യക്തിപരമായ ഘടകങ്ങളും വേണ്ടപ്പെട്ടവരുടെ അഭിപ്രായങ്ങളുമെല്ലാം പരിഗണിച്ച് തന്നെയാണ് വോട്ട് ചെയ്യുന്നത്. പലപ്പോഴും സര്‍വേകള്‍ കേരളത്തില്‍ പരാജയപ്പെടുന്നതിനും ഇത് കാരണമാണ്.

ആലപ്പുഴയിലോ മാവേലിക്കരയിലോ ഉള്ള മുന്‍തൂക്കം എല്‍ഡിഎഫിന് കൊല്ലത്തില്ല. പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നാം. എന്നാല്‍ അതൊരു ഇല്യൂഷനാണ് പലപ്പോളും. കൊല്ലം ജില്ലയില്‍ ആറ് ഗ്രാമപഞ്ചായത്ത് മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. ബാക്കി എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ആണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നെണ്ണം മാത്രമാണ് യുഡിഎഫിനുള്ളത്. പുനലൂര്‍ അടക്കമുള്ള കിഴക്കന്‍ മേഖല എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. കരുനാഗപ്പള്ളിയേക്കാളും സിപിഐയ്ക്ക് സ്വാധീനമുള്ളത് പുനലൂരിലും കുളത്തൂപുഴയിലുമൊക്കെയാണ്. തോട്ടം തൊഴിലാളികള്‍ക്കിടയിലും മറ്റും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ട്.

വളരെ കടുത്ത മത്സരമാണ് കൊല്ലത്ത് നടക്കുന്നത്. കുഴപ്പമില്ല എന്ന് പറയുന്ന 30 ശതമാനം വോട്ടര്‍മാരുടെ നിലപാട് മുന്നണികളുടെ ജയ, പരാജയങ്ങളില്‍ നിര്‍ണായകമായിരിക്കും. കൊല്ലത്ത് എല്‍ഡിഎഫ് രാഷ്ട്രീയമായി വളരെ മുന്നിലാണെങ്കിലും പ്രേമചന്ദ്രന്റെ വ്യക്തിബന്ധങ്ങളെ കുറച്ചുകാണാനാകില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍, എല്ലാ ജാതി, മത, സാമ്പത്തിക വര്‍ഗങ്ങള്‍ക്കുമിടയില്‍ പ്രേമചന്ദ്രന് വലിയ സ്വാധീനമുണ്ട്. അത്രയധികം പബ്ലിക് റിലേഷന്‍സ് ചെയ്യുന്നയാളാണ് പ്രേമചന്ദ്രന്‍. രാഷ്ട്രീയ വോട്ടുകള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വഴി മാറുന്നു എന്നത് കൊല്ലത്ത് മാത്രമല്ല, കേരളത്തിലുടനീളം യാഥാര്‍ത്ഥ്യമാണ് – എന്‍എസ് ജ്യോതി കുമാര്‍ പറഞ്ഞു.

അതേസമയം കൊല്ലത്ത് ബിജെപിയുടെ വോട്ട് പ്രേമചന്ദ്രന് മറിക്കുന്ന എന്ന സിപിഎം ആരോപണം ശരിവയ്ക്കുന്ന വിധമാണ് ഇന്ന് യുവമോര്‍ച്ചാ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്‍ പ്രശാന്ത് ആണ് ബിജെപി വോട്ട് കച്ചവടം നടത്തുന്നതായി ആരോപിച്ചു വോട്ടുകച്ചവടത്തെ തുറന്നെതിര്‍ത്തും രംഗത്തെത്തിയത്. നേതാക്കളുടെ അറിവോടെയുള്ള വോട്ടുകച്ചവടത്തില്‍ പ്രതിഷേധിച്ച് മേക്ക് എ മിഷനെന്ന സംഘടനയ്ക്ക് നിയോജക മണ്ഡലത്തില്‍ രൂപം നല്‍കിയതായും പ്രശാന്ത് പറഞ്ഞു.

ബിജെപി വോട്ട് ബിജെപിക്ക് തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കുന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനമെന്നും പ്രശാന്ത് പറയുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കേണ്ട ബാധ്യത ബിജെപി ഏറ്റെടുക്കരുതെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. നേതാക്കളുടെ താല്‍പര്യം പ്രവര്‍ത്തകരില്‍ അടിച്ചേല്‍പ്പിക്കാന്‍ അംഗീകരിക്കില്ല. എല്ലാവരിലും സംശയം ജനിപ്പിക്കുന്നതാണ് ചിലരുടെ സമീപനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും ഇത് പ്രകടമായിരുന്നു. അണികളുടെ സംശയം മാറ്റാന്‍ പോലും ഇതുവരെയും നേതൃത്വം ഇടപെട്ടിട്ടില്ല. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം പേരിന് മാത്രമാണെന്നും പ്രശാന്ത് ആരോപിച്ചു.

പ്രതിഷേധം ശക്തമായതോടെ ഇന്നലെ കൊല്ലത്ത് ബിജെപിയുടെ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ തുടക്കം മുതലേ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബാഹ്യമായ ഇടപെടലുണ്ടായെന്ന് ആരോപിച്ച് യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം സനില്‍ വാസവനാണ് നേരത്തെ രംഗത്ത് വന്നത്. ബിജെപി ലീഗല്‍ സെല്‍ മുന്‍ ജില്ലാ കണ്‍വീനര്‍ അഡ്വ.കല്ലൂര്‍ കൈലാസ് നാഥും എതിര്‍പ്പ് ഉന്നയിച്ചു.

ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റാണ് കൊല്ലത്തെ സ്ഥാനാര്‍ത്ഥി കെവി സാബു. സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം, ടോം വടക്കന്‍, എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്യാംകുമാര്‍ എന്നിവരുടെ പേരുകളാണ് കൊല്ലത്ത് പരിഗണിച്ചിരുന്നത്. നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി അറിയിക്കുകയും ചെയ്തു. എന്നാല്‍ നേതൃത്വം ഇത് ബോധപൂര്‍വം ഇത് ഒഴിവാക്കി. സാബുവിനെ മത്സരിപ്പിക്കുന്നതിന് പിന്നില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണെന്ന ആക്ഷേപം ശക്തമാകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍