UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രഭു സഭയെ ലോക്സഭ എന്ന് വിളിക്കേണ്ടി വരുമ്പോൾ

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള ഭരണമാറ്റവും വിശകലനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന നാളുകളാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പും ഭരണമാറ്റവും അന്തര്‍ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടുവെന്ന വസ്തുത നിഷേധിക്കാനാവില്ല.

81 കോടി സമ്മതിദായകരില്‍ 55 കോടിയില്‍പ്പരം പേർ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 16-ാം ലോക്‌സഭ തെരഞ്ഞെടുപ്പ് ജനപങ്കാളിത്തത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ഒന്നാംസ്ഥാനത്തെത്തുകയായിരുന്നു. ജനപങ്കാളിത്തത്തിനു പുറമെ യഥാസമയം (അടിയന്തരാവസ്ഥയിലൊഴികെ) നടക്കുന്ന തെരഞ്ഞെടുപ്പുകളും തുടര്‍ന്നുള്ള സുഗമമായ അധികാര കൈമാറ്റങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയുടെ സൂചനകളായി പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ മേഖലകളിലെ രാജ്യങ്ങള്‍ എന്നിവയില്‍ ഭൂരിപക്ഷത്തിന്റേയും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു മികച്ച റെക്കോര്‍ഡ് ആണെന്നു കാണാം.

 

രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിന്റെ അന്ത്യം കുറിച്ച തെരഞ്ഞെടുപ്പാണിതെന്നും അതല്ല, കോര്‍പ്പറേറ്റ് ശക്തികള്‍ പിന്‍വാതിലിലൂടെ കടന്നുകയറി അധികാരം കൈവകശപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും തുടങ്ങി വ്യത്യസ്തമായ പല വിലിയിരുത്തലുകളും ഉണ്ടായിക്കഴിഞ്ഞു. നെഹ്രു-ഗാന്ധി കുടുംബത്തിന് കേന്ദ്രസര്‍ക്കാറിലുണ്ടായിരുന്ന അധികാരകുത്തക നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിച്ചുവെന്ന വാദം ഉയര്‍ന്നു വന്നിരിക്കുന്നത്. തീവണ്ടിയിലെ ഒരു പഴയ ചായവില്‍പ്പനക്കാരന്‍ ഒരു സായംസന്ധ്യയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയെന്ന കഥയ്ക്ക് തീര്‍ച്ചയായും കാല്‍പ്പനിക സൗന്ദര്യം അവകാശപ്പെടാവുന്നതാണ്.

 

 

ഇപ്പറഞ്ഞവയെല്ലാംതന്നെ ഒറ്റനോട്ടത്തില്‍ സ്വീകാര്യത നേടാവുന്ന വിലയിരുത്തലുകളാണ്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ലോക്‌സഭകള്‍ എത്രത്തോളം യഥാര്‍ത്ഥ ജനാഭിലാഷത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം അത്രയൊന്നും നമുക്ക് ആശ്വാസത്തിനു വക നല്‍കുന്നതല്ല എന്നതാണ് സത്യം. പതിനാറാം ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സാമൂഹിക സാമ്പത്തികപശ്ചാത്തലം ഇതിനകം പുറത്തുവന്നത് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഇവരില്‍ 82% അംഗങ്ങള്‍ കോടീശ്വരന്‍മാരാണെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ വ്യക്തമാക്കുന്നു. പതിനഞ്ചാം സഭയില്‍ 58% കോടീശ്വരന്‍മാരാണ് ഉണ്ടായിരുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ 84% അംഗങ്ങളും മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെ 80% അംഗങ്ങളും കോടീശ്വരന്‍മാരാണ്. സഭാംഗങ്ങളുടെ ശരാശരി സമ്പത്ത് 2009ല്‍ 5.35 കോടി രൂപയായിരുന്നത് 2014ല്‍ എത്തിയപ്പോള്‍ 14.7 കോടിയായി ഉയരുകയും ചെയ്തിരിക്കുന്നു. 2014ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 165 എം.പിമാരുടെ സ്വത്തില്‍ ശരാശരി 137 ശതമാനവും വര്‍ദ്ധനയും ഉണ്ടായതായി രേഖകള്‍ തെളിയിക്കുന്നു. ഇക്കാലയളവില്‍ രൂപയ്ക്ക് സംഭവിച്ച മുല്യശോഷണം പരിഗണിച്ചാല്‍പ്പോലും മേല്‍പറഞ്ഞ വര്‍ദ്ധനകള്‍ ഞെട്ടിക്കുന്നതാണെന്ന് കാണാം. ഇന്ത്യന്‍ ജനാധിപത്യത്തെ പണാധിപത്യം സ്വാധീനിക്കുന്നതിന്റെ അപകടസൂചനകള്‍ ഇതില്‍നിന്നു വായിച്ചെടുക്കാം.

സ്ഥാനാര്‍ത്ഥികളുടെ സാമ്പത്തികശേഷി തെരഞ്ഞെടുപ്പുവിജയം നേടുന്നതില്‍ നിര്‍ണായക ഘടകമാണെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക്ക് റിഫോര്‍മ്‌സ് എന്ന സംഘടനയുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കോടീശ്വരനായ സ്ഥാനാര്‍ത്ഥിയുടെ ജയസാധ്യത ഇരുപത് ശതമാനം ആണെങ്കില്‍ അല്ലാത്ത സ്ഥാനാര്‍ത്ഥിയുടെ ജയസാധ്യത രണ്ട് ശതമാനത്തില്‍ താഴെയാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. പ്രധാന ലോക്‌സഭ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ശരാശരി അഞ്ച് മുതല്‍ 10 കോടി രൂപവരെയാണെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ സമ്മതിക്കുന്നു. കോടീശ്വരനല്ലാത്ത സ്ഥാനാര്‍ത്ഥിക്ക് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അത്ര എളുപ്പമല്ലെന്നര്‍ത്ഥം. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിനാവാശ്യമായ പണം നല്‍കുകയും പ്രതിഫലമായി സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണം സാമ്പത്തികശക്തികള്‍ നേടിയെടുക്കുകയും ചെയ്യുന്നത് ഈ സാഹചര്യത്തിലാണ്. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഈ ദുസ്ഥിതിക്ക് പരിഹാരമായി ചെയ്യാനുള്ളത്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇന്ത്യന്‍ വളര്‍ച്ചയെന്ന കെട്ടുകഥ
ആരേയും കൂസാത്ത ഓഡിറ്റര്‍മാര്‍
ക്വത്‌റോച്ചി മുതല്‍ ചൌധരി വരെ : ദല്ലാളുകളുടെ ലോകം
ഇന്ത്യ ശരിക്കും വികസിക്കുന്നുണ്ടോ?
നികുതിരഹിത രാജ്യങ്ങളിലേക്ക് പണം കടത്തുന്നവരില്‍ മലയാളികളുമെന്ന്‍ രഹസ്യ രേഖകള്‍

ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തികനിലവാരവും അവരുടെ പ്രതിനിധികളുടെ സാമ്പത്തികനിലവാരവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. സര്‍ക്കാരിന്റെ സ്വന്തം കണക്കുകള്‍ പ്രകാരം ഇരുപത്തേഴു കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരാണ്. (ഈ രേഖയെപ്പറ്റി ധാരാളം പരാതികള്‍ ഉള്ളത് തല്‍ക്കാലം മാറ്റിവെയ്ക്കാം) ഐക്യരാഷ്ട്രസഭ 2013ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ മൊത്തം ദരിദ്രരില്‍ മൂന്നിലൊന്ന്, അതായത് നാല്‍പ്പത് കോടി ഇന്ത്യയിലാണ്. ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ടതും ഇക്കഴിഞ്ഞ മെയ്മാസത്തില്‍ പ്രസിദ്ധീകരിച്ചതുമായ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്ന ജനങ്ങള്‍ ഏറ്റവും കൂടുതലുള്ളത്, ഏകദേശം 56 കോടി, ഇന്ത്യയിലാണ്. കോടിക്കണക്കിനു വരുന്ന ദരിദ്രനാരായണന്‍മാരുടെ അഭിലാഷങ്ങളോടും ആവശ്യങ്ങളോടും നീതി പുലര്‍ത്തുന്നതിന് കോടീശ്വരന്‍മാര്‍ക്ക് ബഹുഭൂരിപക്ഷമുള്ള ഒരു സഭയ്ക്ക് കഴിയുമോ?

 

‘മാവോയിസ്റ്റ് മേഖല’ എന്ന് മുദ്രകുത്തപ്പെട്ട ആദിവാസി മേഖലയിലെ വീടുകളുടേയും റോഡുകളുടേയും ആശുപത്രികളുടേയും പാഠശാലകളുടേയും വാര്‍ത്താവിതരണ സംവിധാനത്തിന്റേയും ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അവിടെ അധിവസിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും വൈദ്യുതിയും എത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ഈ സഭയ്ക്ക് കഴിയുമോ? നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാവി തന്നെ ഈ ചോദ്യത്തിന്റെ ഉത്തരങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. 

 

ഇന്ത്യയില്‍ നിലനില്‍ക്കുന്ന പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ മാതൃക നാം സ്വീകരിച്ചത് ബ്രിട്ടീഷ്, അമേരിക്കന്‍ ഭരണഘടനകളെ പിന്‍പറ്റിയാണ്. സാമ്പത്തികവും സാമൂഹികവുമായ ഉപരിവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രഭുസഭയ്ക്കായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ തുടക്കത്തില്‍ രാഷ്ട്രീയാധികാരത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. എല്ലാ അര്‍ത്ഥത്തിലും പ്രഭു സഭ അന്ന് ഉപരിസഭയായിരുന്നു. സാധാര ജനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഹൗസ് ഓഫ് കോമണ്‍സിന് അധികാരത്തിന്റെ കാര്യത്തില്‍ പ്രഭുസഭയ്ക്ക് താഴെയായിരുന്നു സ്ഥാനം. എന്നാല്‍ ജനാധിപത്യം കാലാനുസൃതമായി വളര്‍ന്നപ്പോള്‍ സാധാരണ ജനങ്ങളുടെ ഹൗസ് ഓഫ് കോമണ്‍സ് അധികാരത്തിന്റെ നിയന്ത്രണം നേടുകയും പ്രഭുസഭ വെറും ആലങ്കാരിക സഭയായി ചുരുങ്ങുകയുമാണുണ്ടായത്. ഒരു ജനാധിപത്യ രാജ്യത്തില്‍ യാഥാസ്ഥിതിക, പ്രതിലോമ താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം ഒരു പ്രഭുസഭ ആവശ്യമില്ലെന്ന് പ്രശസ്ത ബ്രിട്ടീഷ് രാഷ്ട്രീയ ദാര്‍ശനികനായ ജോണ്‍ സ്റ്റ്യുവര്‍ട്ട് മില്‍ അഭിപ്രായപ്പെടാന്‍ കാരണം വര്‍ഗ്ഗതാല്‍പര്യത്തിലധിഷ്ഠിതമായ അതിന്റെ പുരോഗമനവിരുദ്ധ സ്വഭാവം തന്നെയാണ്. ബ്രിട്ടനില്‍ പാര്‍ലമെന്ററി ജനാധിപത്യം വളര്‍ച്ച പ്രാപിച്ചതിന് ആനുപാതികമായി പ്രഭുവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയാധികാരങ്ങള്‍ ക്ഷയിക്കുകയാണുണ്ടായത് എന്നാല്‍ ഇന്ത്യയില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ജനസഭ-ലോക്‌സഭ – ക്ക് പ്രഭുത്വം വര്‍ദ്ധിക്കുകയും ജനസഭതന്നെ പ്രഭുക്കന്‍മാരുടെ സഭയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്ന പ്രവണത വളരുകയാണുണ്ടായത്. 

 

 

ലോക്‌സഭയിലെ കോടീശ്വരസ്വാധീനം ബി.ജെ.പി.യുടേയും കോണ്‍ഗ്രസിന്റെയും മാത്രം പ്രശ്‌നമല്ല. പ്രാദേശിക, സാമുദായിക വികാരങ്ങളുടെ അടിത്തറയില്‍ രൂപംകൊണ്ട പാര്‍ട്ടികളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, മുലായംസിംഗിന്റെ സമാജ്വാദി പാര്‍ട്ടി, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി, ദേവഗൗഡയുടെ ജനദാദള്‍ എസ്, ബീഹാറിലെ ജനതാദള്‍ (യു), പഞ്ചാബിലെ അകാലിദള്‍ എന്നീ പാര്‍ട്ടികളിലെ മുഴുന്‍ ലോകസഭാംഗങ്ങളും കോടീശ്വരന്‍മാരാണ്. ശിവസേനയുടെ 94 ശതമാനം എം.പിമാരും കോടിപതികള്‍ തന്നെ. ദാരിദ്ര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ഛത്തീസ്ഗഡ്, മണിപ്പൂര്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോടീശ്വരന്‍മാരായ ലോക്‌സഭാംഗങ്ങളുടെ അനുപാതം അഖിലേന്ത്യാ ശരാശരിയേക്കാള്‍ മുകളിലാണ്. ജനങ്ങള്‍ ദരിദ്രരായി തുടരുമ്പോള്‍ അവരുടെ നേതാക്കന്‍മാര്‍ സമ്പന്നരായി കഴിയുന്നു എന്നാണ് ഇതിനര്‍ത്ഥം. ഈ വൈരുദ്ധ്യം ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്തതാണ്.

 

പ്രായപൂര്‍ത്തി വോട്ടവകാശവും വിരല്‍ത്തുമ്പിലെ മായാത്ത മഷിയടയാളവും കൂടിച്ചേര്‍ന്നതുകൊണ്ടുമാത്രം ജനാധിപത്യം ഉണ്ടാവുകയില്ല. ഭൂരിപക്ഷത്തിന്റെ വോട്ടുനേടി സര്‍ക്കാര്‍ രൂപീകരിച്ചതുകൊണ്ടും ജനാധിപത്യം സ്ഥാപിതമാകണമെന്നില്ല. എബ്രഹാം ലിങ്കണ്‍ നിര്‍വ്വചിച്ചതുപോലെ ഭരണം ജനങ്ങള്‍ക്കുവേണ്ടിയാകണം, ജനങ്ങളുടേതുമാകണം. അപ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ത്ഥ പൂര്‍ണ്ണമാകുന്നത്. പൗരന്റെ ആളോഹരി വരുമാനം എഴുപത്തി അയ്യായിരം രൂപയും, പൗര പ്രതിനിധിയുടെ ശരാശരി സമ്പത്ത് പതിനഞ്ചുകോടി രൂപയും ആവുക എന്നത് (ഏകദേശം രണ്ടായിരം മടങ്ങ്) തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരിന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. ജനസഭയുടെ നിയന്ത്രണം അതീവ ന്യൂനപക്ഷമായ പുത്തന്‍ പ്രഭുവര്‍ഗ്ഗത്തിന്റെ കൈകളില്‍ എത്തപ്പെടുന്നതു കൊണ്ടുമാത്രം സംഭവിക്കുന്ന ഒരു ദുരന്തമാണിത്. ജനാധിപത്യത്തിന്റെ മേലങ്കി എടുത്തണിയുന്നവരെല്ലാം ജനാധിപത്യവാദികള്‍ അല്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം.

ജനാധിപത്യ സമ്പ്രദായം നല്‍കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തി സങ്കുചിതവും നിക്ഷിപ്തവുമായ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ആള്‍ക്കൂട്ടങ്ങളും ഉപജാപക സംഘങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പൊയ്മുഖങ്ങള്‍ ധരിച്ചെത്തുന്ന അരങ്ങായി നമ്മുടെ രാഷ്ട്രീയ രംഗം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നത് ഒരപ്രിയസത്യം മാത്രമാണ്. യഥാര്‍ത്ഥ മുഖങ്ങളെ തന്ത്രപൂര്‍വ്വം പിന്തള്ളി പൊയ്മുഖങ്ങള്‍ മുന്‍നിരയിലെത്തുകയും ചെയ്യുന്നു. ദാരിദ്ര്യത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും അസമത്വത്തില്‍ നിന്നും ജനങ്ങളെ വിമോചിപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുക്കേണ്ട ആവശ്യം ഈ പൊയ്മുഖധാരികള്‍ക്കില്ല. ജനങ്ങളുടെ താല്‍പര്യങ്ങളെ ഒറ്റുകൊടുക്കുന്നതിന് തയ്യാറുള്ള യൂദാസുമാരും അതിനുവേണ്ടി എത്ര വെള്ളിക്കാശുവേണമെങ്കിലും നല്‍കാന്‍ തയ്യാറുള്ള സ്‌പോണ്‍സര്‍മാരും നമ്മുടെ ജനാധിപത്യത്തില്‍ എവിടെയുമുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ജനങ്ങളുടെ പ്രതിനിധികള്‍ ഇരിക്കേണ്ട കസേരകള്‍ അവരുടെ ഒറ്റുകാര്‍ കൈവശപ്പെടുത്തുന്നത് (അതിന്റെ രീതീശാസ്ത്രം ഈ കുറിപ്പിന്റെ പരിധിക്കു പുറത്താണ്). രാഷ്ട്രീയരംഗത്തെ ഈ പൊയ്മുഖങ്ങളെ തിരിച്ചറിയുകയും തോല്‍പ്പിക്കുകയുമാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ജനാധിപത്യ വിശ്വാസികളുടെ ചുമതല. അതാകട്ടെ അസാധ്യമല്ലെങ്കിലും ശ്രമകരമായ ദൗത്യമാണെന്ന് പറയാതെ വയ്യ.

പ്രൊഫ. സി കര്‍മചന്ദ്രന്‍

പ്രൊഫ. സി കര്‍മചന്ദ്രന്‍

കൊല്ലം കുണ്ടറ സ്വദേശിയായ പ്രൊഫ. സി.കര്‍മചന്ദ്രന്‍ 30 വര്‍ഷത്തെ ചരിത്ര അധ്യാപന സേവനത്തിന് ശേഷം തൃശൂര്‍ കുട്ടനെല്ലുര്‍ സി.അച്യുതമേനോന്‍ ഗവ.കോളജില്‍ നിന്ന് വിരമിച്ചു. നിലവില്‍ മാള പൈതൃക സംരക്ഷണ സമിതി അധ്യക്ഷനാണ്. സമകാലിക സംഭവവികാസങ്ങളെ അവലോകനം ചെയ്യുന്ന കോളമാണ് മറുപുറം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍