UPDATES

യാത്ര

ലോണാവലയിലെ കാറ്റിന്റെ കൊട്ടാരങ്ങള്‍

Avatar

ശാലിനി പദ്മ

നീട്ടി വെച്ചാല്‍ നടക്കാറില്ല. മറ്റു പലതും എന്നത് പോലെ യാത്രകളും. തണുപ്പത്ത് തെരുവുവിളക്കുകളുടെ മഞ്ഞ വെളിച്ചത്തിലൂടെ നടക്കുമ്പോഴാണ് നാളെ ലോണാവലയ്ക്ക് പോവുന്നു എന്ന് തീരുമാനിച്ചത്. കൃത്യമായ പദ്ധതി ഒന്നുമുണ്ടായിരുന്നില്ല. എങ്ങോട്ട്, എങ്ങനെ എന്നതൊന്നും അറിഞ്ഞുകൂട. അമൂര്‍ത്തമായ സാഹചര്യങ്ങളില്‍ നിന്ന് ഒരു വഴി കണ്ടു പിടിച്ചു കാര്യം സാധിക്കുക എന്നതിന്റെ ഗ്രാമ്യ ഭാഷ്യമാണ് ജുഗാട് കര്‍നാ. എന്നത്തേയും പോലെ ജുഗാട് കര്‍ ലെംഗെ എന്ന ബോധ്യത്തില്‍ ബാക്ക് പാക്കിനുള്ളില്‍ ആവശ്യ സാധനങ്ങളെല്ലാം എടുത്തു വെച്ചു കിടന്നുറങ്ങി. അതിരാവിലെ, പതിവ് പോലെ ഗണപതിക്ക് മുന്നില്‍ നെയ്ത്തിരി കത്തിച്ച് ഇന്ന് ഇപ്പോള്‍ ഇവിടെയാണ് ജീവിതം എന്ന് പ്രാര്‍ഥിച്ചു… ആദ്യം വന്ന ട്രെയിനില്‍ കയറിക്കൂടി. പുലര്‍ന്നു വരുമ്പോഴത്തെ തണുപ്പ് കമ്പിളിക്കുപ്പായം തുളച്ചു.

ട്രെയിനില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. പ്രതീക്ഷിച്ചത്ര തണുപ്പ് ലോണാവലയില്‍ ഉണ്ടായിരുന്നില്ല. ചൂടുകുറഞ്ഞ വെയിലിലേയ്ക്കു ട്രെയിനിറങ്ങി.മറ്റെല്ലാ റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളും പോലെ ചപ്പു ചവറുകളും ചവച്ചു തുപ്പിയത് പോലെ പരസ്യ ബോര്‍ഡുകളും തെരുവുനായ്ക്കളും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ സന്ദര്‍ശകരെ നോക്കിയിരിയ്ക്കുന്ന മനുഷ്യരുമുള്ള അതിസാധാരണമായപരിസരം.മുഖ്യ കാവാടം കടന്നു പുറത്ത് വന്നപ്പോള്‍ റിക്ഷക്കാര്‍ ചുറ്റും കൂടി.പോവേണ്ട സ്ഥലങ്ങള്‍ ട്രെയിനിലിരുന്നു കണ്ടു പിടിച്ചിരുന്നു. എത്ര ദൂരമുണ്ടെന്നോ ഏതു ദിശയിലാണെന്നോ അറിഞ്ഞുകൂട. പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും കൊണ്ട് പോവാം. നിശ്ചിത തുക തന്നാല്‍ മതി എന്ന് പറഞ്ഞു ഒരാള്‍ പുറകെ കൂടി. ഓരോ സ്ഥലത്തേയ്ക്കുമുള്ള ദൂരം, അങ്ങോട്ടുള്ള സമയം, എല്ലാം അയാള്‍ വിവരിച്ചു കൊണ്ടിരുന്നു. എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടു നില്‍ക്കുന്നത് കണ്ട അയാള്‍ക്ക് ഏകദേശം ഉറപ്പായിരുന്നു വണ്ടിയില്‍ കയറും എന്നത്. പോവുന്നതല്ല പ്രശ്‌നം. വാഹനത്തിന്റെ നമ്പരും അയാളുടെ ലൈസന്‍സും ഫോട്ടോ എടുത്ത് ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്താല്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പോവുന്നില്ല. എങ്കിലും ദിവസം മുഴുവന്‍ ഒരു വാഹനത്തില്‍ സഞ്ചരിക്കുക എന്നത് സുരക്ഷിതവുമല്ല. അതുമല്ല, നല്ലവണ്ണം അന്വേഷിച്ചിട്ട് മതി എന്ന് ഉള്ളിലിരുന്നു ആരോ പറഞ്ഞു. യാത്രയുടെ ഒന്നാമത്തെ നിയമം അതാണ്; ജീവിതത്തിന്റെയും. ‘സബ്കി സുനനെ കാ, ഓര്‍ സിര്‍ഫ് അപ്നി മര്‍സി ഹി കര്‍നെ കാ’-എല്ലാവരും പറയുന്നത് കേള്‍ക്കുക. അവനവനു ശരി എന്ന് തോന്നുന്നത് മാത്രം ചെയ്യുക. വേണ്ട, എന്ന് പറഞ്ഞു പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഭാഷ അറിയാം എന്നതുകൊണ്ട് മാത്രം പരസ്യമായി വിളിക്കാത്തൊരു തെറി അയാളുടെ അണപ്പല്ലിലിരുന്നു ഞെരുങ്ങി.

പുറത്തിറങ്ങി. ചുറ്റു വട്ടത്തൊക്കെ വൈന്‍ ഷോപ്പുകളുണ്ട്. ഭക്ഷണം കഴിച്ച ഹോട്ടലിന്റെ മെനു കാര്‍ഡില്‍ സിംഗിള്‍ മാള്‍ട്ട്‌ന്റെ വില രേഖപ്പെടുത്തിയിരുന്നു. അവനവനു സുരക്ഷിതമല്ല എന്ന് തോന്നുന്ന ഒരിടത്ത് നിന്നും മദ്യപിച്ചു ശീലമില്ല. ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. പരിസരത്ത് കുറച്ചു നേരം ചുറ്റി നടന്നു. കണ്ട ടാക്‌സിക്കാരോട് ഓരോ സ്ഥലത്തെയ്ക്കുമുള്ള നിരക്കുകളെ കുറിച്ച് വെറുതേ തര്‍ക്കിച്ചു. അപ്പോഴേയ്ക്കും സ്ഥലങ്ങളെ കുറിച്ച് ഒരു ധാരണ കിട്ടിയിരുന്നു. ഏതായാലും ടാക്‌സിയില്‍ ഒരുപാടു ദൂരം പോവുന്നില്ല. പോവേണ്ട സ്ഥലങ്ങള്‍ നാല് ദിശയിലും ചിതറിയാണ് കിടക്കുന്നത്. എങ്ങിനെ പോവും എന്ന ചോദ്യത്തിന് ഉത്തരം പോലെ സര്‍ക്കാര്‍ ബസ് സ്റ്റാന്‍ഡ് കണ്ടു. ടൈഗര്‍ പോയിന്റിലേക്ക് ബസ്സുണ്ട്. ഓരത്ത് ബസ്സ് നിര്‍ത്തിയിട്ടിട്ടുണ്ട് എങ്കിലും കുറച്ചധികം സമയം കഴിഞ്ഞേ പോവുകയുള്ളൂ. അതിനുള്ളില്‍ ഖണ്ടാലയില്‍ പോയി വരാം എന്ന് തീരുമാനിച്ചു. പോവേണ്ട സ്ഥലങ്ങളില്‍ ബസ്സുകള്‍ നിര്‍ത്തുകയില്ല എന്നതുകൊണ്ട് ടാക്‌സിയില്‍ കയറി. മുംബൈ പുണെ എക്‌സ്പ്രസ്സ് ഹൈവേ മുറിച്ചു കടന്ന് വണ്ടി പാഞ്ഞു. ഇടയ്ക്ക് അശുഭ ചിന്തകളെ അകറ്റാന്‍ മാര്‍ക്കണ്ടേയനാല്‍ എഴുതപെട്ട സ്‌തോത്രം ശിവനെ ധ്യാനിച്ച് ചൊല്ലുന്നവര്‍ക്ക് മൃത്യു, അഗ്‌നി, മോഷ്ട്ടാക്കള്‍ എന്നിവയെ ഭയക്കേണ്ടതില്ല എന്ന വരികള്‍ മനസ്സില്‍ ചൊല്ലി. വളഞ്ഞു പുളഞ്ഞു വഴികള്‍. റിസോര്‍ട്ടുകള്‍, ക്രൈസ്തവ സഭകളുടെ കാര്യാലയങ്ങള്‍, നിര്‍ത്താതെ പായുന്ന വാഹനങ്ങള്‍. വഴി നീളെ സഞ്ചാരികളുടെ നിര. ചിലര്‍ വിശ്രമിക്കുന്നു. ഒരു ചെറുപ്പക്കാരന്‍ ഇനിയുമൊട്ടും ചര്‍ദ്ദിയ്ക്കാനാവാതെ ഒരു മരക്കൊമ്പിലേയ്ക്ക് ചാഞ്ഞിരിയ്ക്കുന്നു.

ഖണ്ടാലയിലെ ദേവീക്ഷേത്രത്തിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നിങ്ങള്‍ എത്ര പെട്ടെന്ന് വരുന്നോ, അത്രയും വേഗം നിങ്ങളെ തിരിച്ചു ബസ്സ് സ്‌റ്റേഷനില്‍ കൊണ്ട് വിടാം എന്ന ഉറപ്പുമായി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഏതു ദേവിയാണെന്നറിഞ്ഞുകൂട .തണുത്ത നിലത്തു മഞ്ഞളും മറ്റു പ്രസാദങ്ങളും വെച്ചിട്ടുണ്ട്. രണ്ടു മൂന്നു വിഗ്രഹങ്ങള്‍ നിരന്നിരിയ്ക്കുന്നു. നടുവില്‍ കണ്ണുകള്‍ ഒഴികെ ബാക്കി സര്‍വ്വവും മഞ്ഞള്‍ പൂശിയ മുഖത്ത് കുറച്ചു നേരം നോക്കി നിന്നു. പണ്ട് ഗ്രാമത്തില്‍ വേപ്പിലക്കാരി എന്നൊരു മൂര്‍ത്തിയുണ്ടായിരുന്നു. വസൂരിയുടെയും ദുരിതങ്ങളുടെയും കാവലാള്‍. ദീര്‍ഘദൂര യാത്രകളില്‍ ഒരു പിടി വേപ്പില പറിച്ചു പാട്ടി ബാഗില്‍ നിക്ഷേപിക്കുമായിരുന്നു, സര്‍വ്വരക്ഷ തകിടെന്നോണം. യാത്രാ സഞ്ചികളില്‍ ഇപ്പോഴും അമ്മയുടെ തുളസിയിയും കൂവളവും കരിഞ്ഞു കിടപ്പുണ്ട്.

ക്ഷേത്രത്തില്‍ നിന്നു പുറത്തിറങ്ങി. ഒരു വളവിറങ്ങി നടന്നു. സണ്‍ സെറ്റ് പോയിന്റില്‍ എത്തി. ദൂര ദൂരം വരെ കാണാം. മുന്നില്‍ പഴയ ജ്യോഗ്രഫി പാഠപുസ്തകങ്ങളിലെ പര്‍വ്വത നിരകള്‍ മുന്നില്‍ നിരന്നു കിടക്കുന്നു. താഴ്‌വര വരെ നീണ്ടു കിടക്കുന്ന പെരുമ്പാമ്പ് പാത. എക്‌സ്പ്രസ്സ് ഹൈവേയില്‍ വാഹനങ്ങള്‍ പറക്കുന്നു. ഇടയ്ക്ക് ഒരു കൂറ്റന്‍ ട്രക്ക് വലിഞ്ഞിഴഞ്ഞു കയറുന്നുണ്ട്. സൂര്യാസ്തമയം എന്നത് ഈ സ്ഥലത്ത് തീര്‍ച്ചയായും ഒരു ഗംഭീര കാഴ്ച്ചയാവും. അവിടെ നിന്നും തിരിച്ചു നടന്നു. തൊട്ടടുത്ത് മലമുകളില്‍ ഒരു ചെറിയ പാര്‍ക്കുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ആള്‍ക്കൂട്ടം ആ വഴി പോവുന്നതു കണ്ടു ഒപ്പം കയറി. കടലിരമ്പം പോലെ ശബ്ദം കേള്‍ക്കാം .അവിടെ എന്തോ ഉണ്ട് എന്ന തോന്നലില്‍ ശബ്ദത്തിനു നേരെ ഓടി. ഒരു ചെറിയ വേലി ചാടിക്കടന്ന് ചെന്ന് പെട്ടത് കാറ്റിലേയ്ക്കാണ്. കാറ്റിന്റെ കൊട്ടാരത്തിലേയ്ക്ക്. മുന്നിലൊരു ഗംഭീര താഴ്‌വര.അതിനപ്പുറം മറ്റൊരു മല കാണാം. ഇടയിലൂടെ ഹൈവേയുടെ വെള്ളിനാട. വന്നു പെട്ടവരൊക്കെ മിണ്ടാതെ നില്ക്കുകയാണ്. മുന്‍പ് വന്നവര്‍ അത്ഭുതത്തില്‍ നിന്നുണര്‍ന്നു കൂവുന്നുണ്ട്. കാറ്റിന്റെ ഗാംഭീര്യം. കാറ്റിന്റെ കലി കണ്ടിട്ടുണ്ട്. പുല്ലു മേഞ്ഞ കുടിലിന്റെ ഭിത്തിയിലെ തുളയില്‍ കൂടിയുള്ള കാഴ്ച്ചയില്‍ തൊട്ടടുത്ത കുടിലിന്റെ മേലാപ്പ് കാറ്റെടുത്തു ഉയര്‍ത്തി നിലത്തിടുന്നതാണ് അതില്‍ ആദ്യത്തേത്. ഇവിടെ കാറ്റ് ഗംഭീരമാണ്. താഴ്‌വരയില്‍ നിന്നു മുകളിലേയ്ക്ക്. സുരക്ഷാവേലിയ്ക്ക് മുകളില്‍ കയറി കൈകള്‍ വിരിച്ചാല്‍ പറക്കുകയാണ്. പിന്നോട്ട് പോ , വീഴും എന്ന മട്ടില്‍ കാറ്റ് നെഞ്ചില്‍ പിടിച്ചു തള്ളുന്നു. ചെറിയ കുട്ടിയുടെ പട്ടത്തെ എന്ന പോലെ ഇത്ര മതിയോ? ഇനിയും ഉയര്‍ത്തണോ എന്ന് ബലം പരീക്ഷിയ്ക്കുന്നു. കാറ്റടിച്ചു കണ്ണു നിറഞ്ഞു. കരഞ്ഞതാണോ എന്ന സംശയം തോന്നി. മറ്റുള്ളവരും കണ്ണുകള്‍ തുടയ്ക്കുന്നത് കണ്ടു. ആരും ആരെയും ശ്രദ്ധിയ്ക്കുന്നില്ല. കുടുംബങ്ങളാണ് കൂടുതല്‍. പിറകോട്ടു വീഴും എന്ന് തോന്നിയപ്പോള്‍ ഇറങ്ങി. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, ആര്‍പ്പു വിളിയ്ക്കുന്ന ആള്‍ക്കൂട്ടം. കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കുടുംബങ്ങള്‍. ബസിനു സമയമായി എന്ന് റിമൈന്‍ഡര്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഇറങ്ങി വണ്ടിയിലേയ്ക്ക് നടന്നു. ഡ്രൈവര്‍ വണ്ടി പറപ്പിക്കുകയാണ്.

കൃത്യം ബസ് എടുക്കുന്നതിനു മുന്‍പ് സ്‌റ്റേഷനിലെത്തി. ഏറ്റവും പുറകിലുള്ള സീറ്റുകളില്‍ ഒന്നില്‍ ഇരിപ്പുറപ്പിച്ചു. അതിസാധാരണരായ ഗ്രാമീണരാണ് നിറയെ. സന്ദര്‍ശകരെ ആരെയും തന്നെ കണ്ടില്ല. സ്വന്തം വാഹനത്തിലോ, വാടകയ്‌ക്കെടുത്തതിലോ ആണ് കൂടുതല്‍ പേരും. ഒരു പരിധി വരെ സുരക്ഷിതം എപ്പോഴും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആണ് എന്ന വൈയക്തിക അനുഭവം കൊണ്ട് സാധി്ക്കുമ്പോഴൊക്കെ അങ്ങനെയെ ചെയ്യാറുള്ളൂ. ചെലവും തുച്ഛമാണ്. അണ്‍ റിസെര്‍വഡ് കംബാര്‍ട്ടുമെന്റുകളിലും സര്‍ക്കാര്‍ ബസ്സുകളിലും പിടിച്ചു നിര്‍ത്തുന്ന മറ്റെന്തോ കൂടിയുണ്ട്.

വണ്ടി ചുരം കയറിത്തുടങ്ങി. കുട്ടികള്‍ ചിത്രം വരയ്ക്കുമ്പോഴെന്ന പോലെ കുന്നുകള്‍. പല നിറങ്ങളില്‍ പരന്ന പാടങ്ങള്‍. കറുത്തുരുണ്ട പേനുകള്‍ പോലെ മേയുന്ന കാലികള്‍.വൈദ്യുത കമ്പികള്‍ . ജലാശയങ്ങള്‍. ഡാമില്‍ വെള്ളമില്ല. ചെറുപ്പക്കാര്‍ വാഹനങ്ങളില്‍ അങ്ങോട്ട് പോവുന്നുണ്ട്. കയറിക്കയറി ബസ്സ് മലമുകളിലെത്തി. ലോണാവാല-തുംഗി പാതയില്‍ വിസ്തൃതമായ പ്രദേശം മുഴുവന്‍ പരന്നു കിടക്കുന്ന മല വിളുംബാണ് ടൈഗര്‍ പോയിന്റ്. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഇതേ ബസ്സ് തിരിച്ചു വരും എന്ന് കണ്ടക്ടര്‍ പറഞ്ഞു. ലയണ്‍സ് പോയിന്റ് എന്നെഴുതിയ ദിശാ സൂചികയ്ക്ക് മുന്നിലേയ്ക്ക് നടന്നു. ടൈഗര്‍ പോയിന്റ് വേറെയുണ്ടോ എന്ന് സംശയമായി. ടൈഗര്‍ പോയിന്റ് ആണു ലയണ്‍സ് ക്ലബ്ബുകാര്‍ ലയന്‍സ് പോയിന്റ് ആക്കിയതെന്ന് ഒരാള്‍ മറുപടി പറഞ്ഞു. ജനാധിപത്യത്തില്‍ ആടിനെ പട്ടിയാക്കുന്നിടത് കടുവയെ സിംഹമാക്കുന്നതില്‍ എന്താണ് തെറ്റ്. കൂമ്പാള മേലാപ്പുള്ള കൂടാരങ്ങളും, ചായക്കടകളും ആളുകളെ കയറ്റിയ ഒട്ടകങ്ങളും കുതിരകളും തിരക്കിട്ട് നടക്കുന്ന സന്ദര്‍ശകരും. സുരക്ഷാ വേലികള്‍ അവിടവിടെ അടിച്ച് പൊളിച്ചിട്ടുണ്ട്.

ടൈഗര്‍ പോയിന്റിലെ കാറ്റ് മരിച്ചവരുടെ വിരലുകളാണ്. ജീവിച്ചിരി്ക്കുന്നതിന്റെ വിലയറിയും പോലെ അത് മെല്ലെ വന്നു തൊടുന്നു. കാറ്റിന്റെ കൊട്ടാരം നിശബ്ദമാണ്. സുരക്ഷാവേലി കടന്ന് ആളുകള്‍ കഴിയുന്നത്ര മുന്‍പിലേയ്ക്ക് പോവുന്നുണ്ട്. അങ്ങിനെ പോയിപ്പോയി വഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ആളൊഴിയുന്നത് വരെ കാത്തു നിന്ന് അങ്ങോട്ട് ഇറങ്ങിച്ചെന്നു. അത്യഗാധമായ മലഞ്ചരിവ്. ദൂരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍. പിന്നിട്ടു പോന്ന വഴികളിലെ ഡാമിന്റെ പകുതി കാണാം. വിദൂരങ്ങളില്‍ ജനവാസ മേഖലകള്‍. കാറ്റ് ഇടയ്ക്ക് വീശുന്നുണ്ട്. കുത്തനെ താഴേയ്ക്ക്. പുറത്ത് പിടിച്ചു മുന്നിലേയ്ക്ക്, കൊക്കയിലേയ്ക്ക് തള്ളിയിടും പോലെ. ചെറിയ കാറ്റേ ഉള്ളൂ. വീണു പോവുകയില്ല എന്ന് തോന്നി. അവിടെ കണ്ട ഒരു കല്ലിന്മേല്‍ കയറിയിരുന്നു. അപ്പുറമിപ്പുറം ആളുകള്‍ ഇരിപ്പുണ്ട്. കുടുംബങ്ങളാണ്. പ്രണയി്ക്കുന്നവരും വിവാഹിതരും ഉണ്ട്. ചെറുപ്പക്കാരുടെ കൂട്ടത്തിനു മര്യാദയുണ്ട്, ആരും ആരെയും ഉപദ്രവിയ്ക്കുന്നില്ല. മറ്റൊന്നിലും ശ്രദ്ധി്ക്കാതെ ആളുകള്‍ തങ്ങളുടെ ഭൂതകാലത്തിലേയ്‌ക്കെന്ന പോലെ വിദൂരതയിലേയ്ക്കും അതിനപ്പുറത്തേയ്ക്കും കണ്ണു നട്ടു. വേലിയ്ക്കപ്പുറത്ത് ഒരാള്‍ ഭാവി അറിയണോ, ഭാവി എന്ന് വിളിച്ചു ചോദിച്ചു നടക്കുന്നുണ്ട്. ഇവിടെ ഒരു പക്ഷെ എണ്ണമറ്റ ആത്മഹത്യകളും കൊലപാതകങ്ങളും നടന്നിട്ടുണ്ടാവാം.കല്ലിനു മുകളില്‍ കയറി നില്‍ക്കുമ്പോള്‍ അറിയാം ആളുകള്‍ എന്ത് കൊണ്ടാണ് വീണു കളയുന്നത് എന്ന്. ഭയപ്പെടുത്തുന്ന ആഴങ്ങളും വലിച്ചടുപ്പിയ്ക്കുന്ന ആഴങ്ങളുമുണ്ട്. ചില സമയങ്ങളില്‍ സ്‌നേഹം പോലെ തന്നെ സഹജമായ മനുഷ്യ സ്വഭാവമാണ് ആത്മഹത്യ. വേലിക്കപ്പുറത്തു നിന്നും ഒരു കുട്ടി സോപ്പ് കുമിളകള്‍ ഊതിപ്പറപ്പിച്ചു. കൊക്കയിലേയ്ക്ക് പാറിപ്പോയ അവയെ മരിച്ചു പോയവരുടെ വിരലുകള്‍ വന്നു തൊട്ടപ്പോള്‍ അവ അദൃശ്യമായി. എവിടെ നിന്നോ പാറിവന്ന വെളുത്ത പോളിത്തീന്‍ കൂട വീണു പോവാതെ കൊക്കയുടെ നടുവില്‍ നിശ്ചലമായി നിന്നു.

ആരെക്കൊണ്ടാണ് ഫോട്ടോ എടുപ്പിക്കുക എന്ന് സംശയിച്ചു നിന്നപ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ വന്നു. ഇയാള്‍ നന്നായി ചിത്രങ്ങളെടുക്കും എന്ന് പറഞ്ഞു പെണ്‍കുട്ടി ആണ്‍കുട്ടിയ്ക്ക് ക്യാമറ കൈമാറി. സത്യത്തില്‍ അയാളെടുത്ത ചിത്രങ്ങള്‍ നല്ലതായിരുന്നു. നന്ദി പറഞ്ഞു മുകളിലേക്ക് കയറിപ്പോവുമ്പോള്‍ സന്തോഷം തോന്നി. പ്രണയത്തിലുള്ള മനുഷ്യര്‍ ഭംഗിയുള്ള കാഴ്ചയാണ്. ഒരു കടയില്‍ നിന്നു ചായയും ഉള്ളി പക്കോടയും വാങ്ങി. ഇത്തിരി ചായയ്ക്ക് 20 രൂപ. ഒരു ചെറിയ പാത്രം പക്കൊടയ്ക്കു 70 രൂപ! ശരിയാണ്. വെള്ളമടക്കം സകലതും ബസ്സില്‍ കൊണ്ട് വരണം. ബസ്സുകാര്‍ അധികക്കൂലി വാങ്ങുകയും ചെയ്യും. ആളുകള്‍ സ്വയം മറന്ന മട്ടില്‍ കൊക്കയിലേയ്ക്ക് നോക്കിയിരിപ്പാണ്. തുറസുകളിലെയ്ക്ക് നോക്കിയിരി്ക്കാന്‍ മനുഷ്യര്‍ക്ക് എന്തിഷ്ട്ടമാണ്! ചെറിയ കുരങ്ങുകളുടെ കൂട്ടം അവിടവിടെയിരിപ്പുണ്ട്. ഒരു കുട്ടിക്കുരങ്ങു പ്ലാസ്റ്റിക് ചപ്പി വലിച്ചു.

കുറെ നേരം അവിടെയിരുന്നു. ഒരു മരക്കഷണത്തിലേയ്ക്ക് ചാഞ്ഞ് അഗാധതയിലേയ്ക്ക് കാലുകളിട്ടിരിയ്ക്കുമ്പോള്‍ മനസ് ശാന്തമാവുന്നു…ബസ്സ് വരാന്‍ കുറച്ചു സമയം കൂടിയുണ്ട്. കൂമ്പാളക്കൂടാരങ്ങളില്‍ ഒന്നിലേയ്ക്കു നടന്നു. രണ്ടോ മൂന്നോ ആളുകളെ ബസ്സിനു കാത്തിരിക്കുന്നുള്ളൂ. ബഹു ഭൂരിപക്ഷം പേരും സ്വന്തം വാഹനങ്ങളിലാണ്. ബസ്സ് വന്നില്ലെങ്കില്‍ എന്ത് ചെയ്യും എന്ന് ഉള്ളിലിരുന്നു ആരോ ചോദിച്ചപ്പോള്‍ മറ്റൊരാള്‍ ലിഫ്റ്റ് ചോദിക്കാന്‍ സാധിക്കുന്ന വണ്ടികള്‍ കണ്ടു പിടിയ്ക്കാന്‍ തുടങ്ങി. അങ്ങിനെയിരുന്ന ഇരുപ്പില്‍ വെയിലുകൊണ്ട് കിടന്നിടത്ത് നിന്നും എറിഞ്ഞോടിയ്ക്കപ്പെട്ട കണ്ണുകാണാത്ത വൃദ്ധ നായയായി കുരച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാനായി പ്രത്യയ ശാസ്ത്ര യുദ്ധം നടത്താതെ കൈ നിറയെ ഭക്ഷണപ്പൊതികലുമായി വന്ന സമ്പന്നയായ യുവതിയുടെ കൈയ്യില്‍ നിന്നു ഒരെണ്ണം തട്ടിപ്പറിച്ച് ഒരു ചെറിയ കുരങ്ങായി കുത്തനെ താഴെ മരങ്ങള്‍ക്കിടയിലെയ്ക്ക് പാഞ്ഞു. ഇത്തിരി ഭക്ഷണത്തിന് വേണ്ടി ദിവസം മുഴുവന്‍ ആ കുന്നിന്‍ മുകളില്‍ തടിച്ചു കൊഴുത്ത മനുഷ്യരെ മുതുകത്തേറ്റി, തല്ലു കൊണ്ട്, തേരാ, പാരാ നടക്കുന്ന ഒട്ടകമായി. ആണുങ്ങള്‍ വന്നു ഉള്ളി വറുത്തു തരാന്‍ പറയുമ്പോള്‍ സാരി ശരിയാം വിധമാണ് കിടക്കുന്നത് എന്നുറപ്പ് വരുത്തുന്ന ചായക്കടക്കാരിയായി. മുന്‍ കാലുകളില്‍ ഒന്ന് പാടേ മുറിഞ്ഞു പോയ പെണ്‍ പട്ടിയുടെ കണ്ണുകളിലൂടെ ജീവിതത്തെ നോക്കിയപ്പോള്‍ ഭയം തോന്നി. ബലി മൃഗത്തിന്റെ കണ്ണുകളിലൂടെ നോക്കിയാല്‍ ദൈവം ആരായിരിയ്ക്കും എന്ന ചോദ്യം പോലെ. പരകായ പ്രവേശം അവസാനിപ്പിച്ച് റോഡിന്റെ ഓരത്ത് വന്നു നിന്നു.

വൈകി പരിഭ്രമിപ്പിച്ചെങ്കിലും ബസ് വന്നു. ഏറ്റവും പുറകിലെ സീറ്റില്‍ ജനാലയ്ക്കരികിലിരിയ്ക്കുമ്പോള്‍ മുന്നിലാരോ മധുര നാരങ്ങ തൊലിയുതിര്‍ക്കുന്നു. തണുപ്പും നാരങ്ങാപ്പൂക്കളുടെ ഗന്ധവും. ഉറക്കം വന്നു. ബസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ഉണര്‍ന്നത്. കര്‍ലാ ഗുഹകളും വാക്‌സ് മ്യൂസിയവും കാണണം എന്നുണ്ടായിരുന്നു എങ്കിലും വയ്യ എന്ന് തോന്നി. സമയവും വൈകി. ഭക്ഷണം കഴിച്ച് സ്റ്റേഷനിലെത്തി. ഇളകി തുടങ്ങിയ ട്രെയിനിന്റെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ഓടിക്കയറി. മുന്നിലെ സീറ്റില്‍ രണ്ടു മനുഷ്യര്‍ ഇരിക്കുന്നു. ഒന്നാം ലിംഗം എന്ന സ്ഥാനം ആണുങ്ങളും രണ്ടാം ലിംഗം പെണ്ണുങ്ങളും കയ്യടക്കിയത് കൊണ്ട് രണ്ടിലും പെടാതെ പോയ രണ്ടു മനുഷ്യര്‍. നിന്നു തിരിയാന്‍ ഇടമില്ലാതെ സ്ത്രീകള്‍ നിറഞ്ഞ കംപാര്‍ട്ടുമെന്റില്‍ സ്ത്രീകളുടെതായ ഇടങ്ങളില്‍ സ്ത്രീകളിരിയ്ക്കുന്ന ശാന്തതയോടെ അവരിരിയ്ക്കുന്നു. ഒരാളുടെ കണ്ണുകള്‍ കട്ടച്ചോര നിറമാണ്. ഒരാളുടെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. അവര്‍ക്കും അപ്പുറത്ത് അസ്തമിയ്ക്കുന്ന സൂര്യനെ നോക്കുന്ന മട്ടില്‍ അവരെ നോക്കിയിരുന്നു. ഭാഗ്യം പകുക്കുമ്പോള്‍ ജനിതക രേഖയുടെ കൃത്യം അപ്പുറമിപ്പുറം വീണു പോയത് കൊണ്ട് മാത്രമാണ് അവരിരിയ്ക്കുന്നിടത്ത ഇരിയ്‌ക്കേണ്ടി വരാത്തത്. തെരുവിലെ കുഞ്ഞുങ്ങള്‍, വേശ്യകള്‍, ഭ്രാന്തര്‍. നിര്‍വചിയ്ക്കാനാവാത്ത ഏതോ ഭാഗ്യമൊന്നു മാത്രമാണ് അവരുമായുള്ള വ്യത്യാസം. അവരുടെ കണ്ണിലൂടെ പടച്ചോനെ നോക്കാന്‍ വയ്യ. ആണായാല്‍ കക്കാം, പെണ്ണായാല്‍ വേശ്യാവൃത്തി ചെയ്യാം ഞങ്ങളെന്തു ചെയ്യും എന്ന് ഒരാള്‍ ചോദിച്ചത് ഓര്‍മ വന്നു. രാത്രിയ്ക്ക് കട്ടി കൂടുന്നതിനനുസരിച്ച് കംപാര്‍ട്ടുമെന്റില്‍ തിരക്ക് കുറഞ്ഞു വന്നു. നിറയെ നിയോണ്‍ കത്തുന്ന ഒരു സ്‌റ്റേഷനില്‍ അവരും ഇറങ്ങിപ്പോയി. അവസാനത്തെ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത് എന്നത് കൊണ്ട് വേവലാതിയില്ലാതെ ജനാലയ്ക്കരികിലേയ്ക്ക് ചുരുണ്ടുകൂടിയപ്പോള്‍ ഇരുട്ടിനു മധുര നാരങ്ങാ ഗന്ധം. ചില നേരങ്ങളില്‍ വിദൂര ദേശങ്ങളിലെ പേരറിയാ പെരും പുഴയ്ക്കു കുറുകെയുള്ള പാലത്തില്‍ നിന്ന് സൂര്യാസ്തമയം കാണുമ്പോള്‍ എന്ന പോലെ നാരങ്ങാപ്പൂക്കളുടെ ഗന്ധമുള്ള തണുത്ത കാറ്റു വീശും. വിഷാദം പഴയ പരിചയക്കാരെ പോലെ പതിയെ പുറത്ത് തട്ടി അഭിവാദ്യം ചെയ്യും. മറന്നിട്ടില്ല എന്ന് പറയും പോലെ.

(കെമിക്കല്‍ എഞ്ചിനീയറാണ് ശാലിനി)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍