UPDATES

വായിച്ചോ‌

നഷ്ടമാകുന്ന സംവാദ ഇടങ്ങള്‍ – ഷെഹ്ല റാഷിദ്

നിലപാടുകളില്‍ യോജിപ്പുള്ളവരോടും ഇല്ലാത്തവരോടുമുള്ള സംവാദങ്ങള്‍ക്കുള്ള ഇടമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

വര്‍ഗ്ഗീയ ഹിന്ദുത്വ സേനകള്‍ ജീവിതത്തിന്റെ സകല മേഖലകളെയും കീഴടക്കുമ്പോള്‍ രാജ്യത്ത് ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് ഇടം നഷ്ടമാവുകയാണെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ്. നിലപാടുകളില്‍ യോജിപ്പുള്ളവരോടും ഇല്ലാത്തവരോടുമുള്ള സംവാദങ്ങള്‍ക്കുള്ള ഇടമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. മരണ ശിക്ഷ അഭികാമ്യമാണോ സ്വവര്‍ഗ്ഗ ലൈംഗീക താല്‍പര്യങ്ങള്‍ ഉള്ളവര്‍ എന്തുകൊണ്ടാണ് വിവേചനം അനുഭവിക്കുന്നത്, ഷാബാനു കേസ് ശരിയോ തെറ്റോ തുടങ്ങിയ ചോദ്യങ്ങള്‍ നേരത്തെ എവിടെയും ചോദിക്കാമായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയൊരു ഇടം നഷ്ടമായിരിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഷെഹ്ല തന്റെ ആശങ്കകള്‍ പങ്കുവെക്കുന്നത്.

മുസ്ലീങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുമ്പോള്‍ ഷാബാനു കേസിനെ കുറിച്ചുള്ള ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെടുന്നു. 377-ാം വകുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നേരത്തെ സജീവമായി പങ്കെടുക്കാമായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ സ്വന്തം പേരിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട മതത്തെ കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതമാകുന്നു. ചുരുക്കത്തില്‍ വൈവിദ്ധ്യം എന്ന സങ്കല്‍പം തന്നെ ഇല്ലാതാവുന്നു. ആര് എന്ത് വിമര്‍ശനം ഉന്നയിച്ചാലും അവരെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്ന് തുടര്‍ച്ചയായി ആക്രോശിക്കപ്പെടുന്നു. എടിഎമ്മുകള്‍ക്ക് മുന്നില്‍ നിശബ്ദരായി ക്യൂ നില്‍ക്കുന്നവര്‍ മാത്രം ദേശസ്‌നേഹികളായി വാഴ്ത്തപ്പെടുന്നു. നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാന്‍ അനുകൂലികളാണ് എന്ന് മുദ്രകുത്തപ്പെടുന്നു. കുട്ടിയുടെ പേര് ടൈമൂര്‍ എന്നിട്ടാല്‍ ആക്രമിക്കപ്പെടുന്നു. അത് ബാബു എന്നോ മായ എന്നോ ആയാല്‍ സ്വീകരിക്കപ്പെടുന്നു (ഗുജറാത്ത് കലാപത്തില്‍ കൂട്ടക്കൊല നടത്തിയതിന് ശിക്ഷിക്കപ്പെട്ട ബാബു ബജ്രംഗി, മായ കോഡ്‌നാനി).

ജെഎന്‍യുവില്‍ നിന്നും കാണാതായ 27 വയസുള്ള, ഇന്ത്യ ക്രിക്കറ്റ് ജയിക്കുമ്പോള്‍ ആഹ്ലാദഭരിതനാകുന്ന നജീബ് ട്രോളുകളില്‍ 39 വയസുള്ള തീവ്രവാദിയായി മാറുന്നു. അയാള്‍ സിറിയയില്‍ പോയി ഐഎസ്‌ഐഎസില്‍ ചേര്‍ന്നിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ എത്തുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പോലും യാതൊരു വിലയുമില്ലാതായിരിക്കുന്നു. നേരത്തെ ജനാധിപത്യം എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ജനാധിപത്യം എങ്ങനെ തിരിച്ചുപിടിക്കാം എന്നാണ് ആശങ്കപ്പെടുന്നതെന്നും ഷെഹ്ല റാഷിദ് തന്റെ ലേഖനത്തില്‍ പറയുന്നു.

വിശദമായ വായനയ്ക്ക്: https://goo.gl/Z3yX7F

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍