UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: രണ്ട് സംഗീത രാജാക്കന്മാരുടെ ജന്മദിനം, ഒന്നാം ലോക മഹായുദ്ധത്തില്‍ അമേരിക്കയുടെ നിഷ്പക്ഷ നിലപാട് പ്രഖ്യാപനം

Avatar

ആഗസ്റ്റ് 4
രണ്ട് സംഗീത രാജാക്കന്മാരുടെ ജന്മദിനം

സംഗീത ലോകത്തെ രണ്ട് ഇതിഹാസങ്ങളുടെ ജന്മദിനമാണ് ആഗസ്റ്റ് 4. ജാസ് സംഗീത രംഗത്തെ രാജാവ് എന്നറിയപ്പെടുന്ന ലൂയിസ് ആംസ്‌ട്രോംഗും ഇന്ത്യയുടെ ഏക്കാലത്തേയും പ്രിയപ്പെട്ട പിന്നണി ഗായകന്‍ കിഷോര്‍ കുമാറുമാണ് ഒരേ ദിവസം ജനിച്ച ആ രണ്ടു ഇതിഹാസങ്ങള്‍. സാച്ച്‌മോ എന്നും പോപ് എന്നും അറിയപ്പെട്ട ലൂയിസ് ആംസ്‌ട്രോംഗ് 1901 ഓഗസ്റ്റ് 4 ന് ജനിച്ചപ്പോള്‍, 1929 ഓഗസ്റ്റ് 4 ന് ആയിരുന്നു കിഷോര്‍ കുമാറിന്റെ ജനനം. രണ്ടു പേരും അവരവരുടെ കാലഘട്ടത്തില്‍ തങ്ങളുടെ മേഖലയില്‍ മഹനീയമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുത്തവരാണ്.

ജാസ് സംഗീത രംഗത്തെ ട്രംപെറ്റ്, കോര്‍നെറ്റ് സംഗീതജ്ഞനെന്ന നിലയില്‍ ആംസ്‌ട്രോംഗ് പ്രശസ്തിയുടെ ഉച്ചസ്ഥായിയില്‍ വിരാജിക്കുന്നത് 1920 കളിലാണ്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശത്തിലെ പ്രതിഭാധനരായ വ്യക്തിത്വങ്ങളിലൊരാളെന്ന നിലയിലാണ് ആംസ്‌ട്രോംഗ് ഇന്നും ആദരിക്കപ്പെടുന്നത്. 

ആംസ്‌ട്രോംഗിന്റെ ജനനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങളുണ്ട്. താന്‍ ജനിച്ചത് 1900 ആഗസ്റ്റ് 4 ന് എന്നായിരുന്നു ആംസ്‌ട്രോംഗ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 1980 കളില്‍ ഒരു ഗവേഷകന്‍ കണ്ടെത്തിയത് യഥാര്‍ത്ഥത്തില്‍ ആംസ്‌ട്രോംഗ് ജനിച്ചത് 1901 ആഗസ്റ്റ് 4 നാണ് എന്നായിരുന്നു. 1971ന് ലൂയിസ് ആംസ്‌ട്രോംഗ് അന്തരിച്ചു. 1972 ല്‍ ആജീവനാന്ത സംഭാവനകള്‍ക്കുള്ള ഗ്രാമി പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലൂയിസ് ആംസ്‌ട്രോംഗിന് സമര്‍പ്പിക്കപ്പെട്ടു. 

ആംസ്‌ട്രോംഗിന്റെ കാര്യത്തിലുണ്ടായപോലത്തെ അനിശ്ചിതത്വമൊന്നും കിഷോര്‍ കുമാറിന്റെ കാര്യത്തിലില്ലായിരുന്നു. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലെ ഒരു ബംഗാളി കുടുംബത്തിലാണ് കിഷോര്‍ കുമാറിന്റെ ജനനം. കിഷോര്‍ കുമാര്‍ ഉള്‍പ്പെടെ നാലു സഹോദരങ്ങളായിരുന്നു. അവരില്‍ ഒരാളാണ് ഹിന്ദി സിനിമാലോകത്തെ ഇതിഹാസ താരം അശോക് കുമാര്‍. അബ്ബാസ് കുമാര്‍ ഗാംഗുലി എന്നാണ് കിഷോര്‍ കുമാറിന്റെ യഥാര്‍ത്ഥ പേര്. സിനിമാലോകത്ത് എത്തിയശേഷമാണ് കിഷോര്‍ കുമാര്‍ എന്ന പേര് സ്വീകരിക്കുന്നത്. ശരിക്കും ഒരു സകലകലാവല്ലഭന്‍ ആയിരുന്നു കിഷോര്‍ കുമാര്‍. പാട്ടുകാരന്‍ എന്നതിനുപുറമെ നാടകകൃത്ത്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. എന്നാലും പിന്നണി ഗായകന്‍ എന്ന നിലയിലാണ് കിഷോര്‍ കുമാര്‍ ചരിത്രമായത്. സംഗീത സംവിധായകന്‍ ആര്‍.ഡി ബര്‍മ്മനും കിഷോര്‍ കുമാറും ഒത്തുചേര്‍ന്നപ്പോള്‍ ഹിന്ദി സിനിമാ സംഗീത ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത ഗാനങ്ങളാണ് പിറവികൊണ്ടത്. 1987 ഒക്ടോബറില്‍ കിഷോര്‍ കുമാര്‍ അന്തരിച്ചു.

1914 ആഗസ്റ്റ് 4
ഒന്നാം ലോക മഹായുദ്ധത്തില്‍ നിഷ്പക്ഷ നിലപാടുമായി അമേരിക്ക

ജര്‍മ്മനി റഷ്യയോടും ഫ്രാന്‍സിനോടും യുദ്ധപ്രഖ്യാപനം നടത്തിയതോടെ 1914 ആഗസ്റ്റ് ആദ്യ ആഴ്ച യൂറോപ്പില്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു. യുദ്ധാരംഭത്തില്‍ നിഷ്പക്ഷ നിലപാടാണ് യു.എസ് കൈക്കൊണ്ടത്. 1914 ആഗസ്റ്റ് 4ന് അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ അമേരിക്കയുടെ നിഷ്പക്ഷ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.  

ലോക യുദ്ധത്തില്‍ ജര്‍മ്മനിക്കെതിരായി റഷ്യക്കും ഫ്രാന്‍സിനുമൊപ്പം ബ്രിട്ടനും അണിചേര്‍ന്നു. ഈ സമയം അമേരിക്ക ബ്രിട്ടനുമായി നല്ല ബന്ധത്തിലാണ് നിലകൊണ്ടിരുന്നത്. ബ്രിട്ടന്റെ രംഗപ്രവേശത്തോടെ ജര്‍മ്മനി ആ രാജ്യത്തിനെതിരേയും ആക്രമണം നടത്താന്‍ ആരംഭിച്ചു. അവര്‍ ബ്രിട്ടീഷ് ദ്വീപ് വളഞ്ഞു. 1915 ഫെബ്രുവരിയില്‍ ബ്രിട്ടന്റെ ജലപാതകളില്‍ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കാന്‍ ജര്‍മ്മനി ആരംഭിച്ചു.

ഇതിനിടയിലാണ് ആക്രമണത്തില്‍പ്പെട്ട് ബ്രിട്ടനിലേക്ക് ധാന്യങ്ങളുമായി വരികയായിരുന്ന ഒരു അമേരിക്കന്‍ കപ്പല്‍ കടലില്‍ മുങ്ങുന്നത്. ഈ സംഭവം അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സനുമേല്‍ ജര്‍മ്മനിയെ ആക്രമിക്കാനുള്ള സമ്മര്‍ദ്ദം ഏറ്റി. എന്നാല്‍ കപ്പല്‍ ആക്രമിക്കാനുണ്ടായ സംഭവത്തില്‍ ഖേദപ്രകടനം നടത്താന്‍ ജര്‍മ്മനി തയ്യാറായി. പക്ഷേ, അതിനുശേഷവും ജര്‍മ്മനിയുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങള്‍ ഉണ്ടാവുകയാണ് ചെയ്തത്.

മെയില്‍ ബ്രിട്ടനാവിശ്യമായ 173 ടണ്‍ പടക്കോപ്പുകളും വഹിച്ചുകൊണ്ട് ന്യുയോര്‍ക്കില്‍ നിന്ന് ലിവര്‍പൂളിലേക്കുള്ള യാത്രയില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ലൂയിസ്റ്റാനിയ എന്ന പടക്കപ്പല്‍ ജര്‍മ്മന്‍ അന്തര്‍വാഹിനിയാല്‍ ആക്രമിക്കപ്പെട്ടു. കപ്പലിലുണ്ടായിരുന്ന രണ്ടായിരം പേരില്‍ 1201 പേരും അന്ന് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ 128 അമേരിക്കക്കാരുമുണ്ടായിരുന്നു. ഈ സംഭവത്തിലും ജര്‍മ്മനി അമേരിക്കയോട് ഖേദപ്രകടനം നടത്തിയെങ്കിലും നവംബറില്‍ വീണ്ടും ഒരു ഇറ്റാലിയന്‍ പടക്കപ്പലിനുനേരെയുണ്ടായ ജര്‍മ്മന്‍ ആക്രമണത്തില്‍ 27 അമേരിക്കക്കാര്‍ക്ക് കൂടി ജീവഹാനി ഉണ്ടായി. കൂടാതെ അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ നാല് അമേരിക്കന്‍ ചരക്ക് കപ്പലുകള്‍ കൂടി ജര്‍മ്മനി തകര്‍ത്തു.

ഇതോടെ ഏപ്രില്‍ 4 ന് ജര്‍മ്മനിയോട് അമേരിക്ക യുദ്ധം പ്രഖ്യാപിച്ചു. 14,000 പേരടങ്ങുന്ന അമേരിക്കന്‍ കാലാള്‍പ്പട ജൂണ്‍ 26 ന് ഫ്രാന്‍സില്‍ എത്തിയതോടെ അമേരിക്കയും ഒന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍