UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

അനര്‍വചീനയവും പ്രവചനാതീതവുമായി പ്രണയത്തെ കുറിച്ച് ; ഭാഗം രണ്ട്

(ഇത് മൂന്ന് ഭാഗങ്ങളുള്ള ഒരു ലേഖനമാണ്. നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പ്രണയത്തെ കുറിച്ചുള്ള ചില കാഴ്ചപ്പാടുകളാണ് ഈ ലേഖനങ്ങള്‍. എന്റെ സുഹൃത്ത് അഫീദയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നമ്മളൊക്കെ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായ’ പ്രണയത്തെ കുറിച്ചുള്ള ചില ചിന്തകള്‍. ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മളൊക്കെ ജീവിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവായ പ്രണയത്തെ കുറിച്ചുതന്നെ-ഭാഗം 1 

ഇങ്ങനെയൊക്കെ വിചിത്രമായ പ്രണയത്തില്‍ ഒരിക്കെങ്കിലും പെടാത്തവര്‍ ഇല്ല. നേരത്തെ പറഞ്ഞു നിര്‍ത്തിയതില്‍ നിന്നാവട്ടെ തുടക്കം. ശാരീരിക ബന്ധവും പ്രണയവും അല്ലങ്കില്‍ പ്രണയത്തില്‍ ശാരീരിക ബന്ധത്തിനുള്ള പ്രാധാന്യം. ഇതിനും ഞാനൊരു സിനിമയുടെ കഥ എടുക്കട്ടെ ഉദാഹരണമായി. എന്റെ ഒരു ഡിഗ്രി പഠനത്തിന്റെ അവസാന കാലഘട്ടത്തില്‍ ആണ് ശ്യാമപ്രസാദിന്റെ ഒരേ കടല്‍ പുറത്തിറങ്ങുന്നത്. അന്നാണെങ്കില്‍ യാഥാസ്ഥിതിക മനോഭാവങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഒരു അറുബോറന്‍ (എങ്കിലും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ) പ്രണയത്തില്‍ ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ അന്ന് ആ ചിത്രം എന്നോട് സംവദിച്ചത് വളരെ വ്യത്യസ്തമായ ഒരു രീതിയില്‍ ആയിരുന്നു. എങ്കിലും ദീപ്തി എന്തിനാണ് അത്തരത്തില്‍ ഒരു ബന്ധത്തിലേക്ക് പോയത്? പാവം അവളുടെ ഭര്‍ത്താവും കുട്ടികളും… അങ്ങനെ കുറെ ബാലിശമായ ചിന്തകള്‍. ഇപ്പോള്‍ ഈ ഇരുപത്തിയെട്ടാം വയസ്സില്‍ ആ സിനിമ കാണുമ്പോള്‍ പ്രണയം എന്നതിനെ വിലയിരുത്തുന്ന അളവുകോലുകളില്‍ വന്ന മാറ്റം ചിത്രത്തെ സമീപിക്കുന്ന രീതിക്കും മാറ്റമുണ്ടാക്കിയിട്ടുണ്ട്. 

പതിവുപോലെ സിനിമയുടെ കഥ പറയേണ്ട കാര്യം ഇല്ലല്ലോ. മീര ജാസ്മിന്റെയും മമ്മൂട്ടിയുടെയും അഭിനയമുഹൂര്‍ത്തങ്ങള്‍ നമ്മെ ആവേശം കൊള്ളിച്ച ഒരു ചിത്രമായിരുന്നു അത്. പ്രണയം എന്നതിന് കാമം എന്നുകൂടിയുള്ള നിറം വെളിവാക്കിയ ഒരു സിനിമ. ഒരു വ്യക്തിയോട് പ്രണയം എന്നതിലുപരി ഒരാള്‍ക്ക് തോന്നുന്ന ശാരീരികാകര്‍ഷണം എന്താണെന്ന് പറഞ്ഞ ചിത്രം. 

നാം പലപ്പോഴും പറയാറുണ്ട് എല്ലാ ബന്ധങ്ങളും ബന്ധനങ്ങള്‍ ആണെന്ന്. എങ്കിലും കെട്ടുപാടുകള്‍ ഇല്ലാത്ത ഒരു ബന്ധത്തിനായി നമ്മുടെ മനസ് ഇപ്പോഴും കൊതിച്ചുകൊണ്ടിരിക്കും. അത്തരത്തില്‍ യാതൊരു കെട്ടുപാടുകളും ഇല്ലാതെ കാമിച്ച് നടന്നിരുന്ന ഒരാളായിരുന്നു നാഥന്‍ എന്ന സോഷ്യല്‍ സൈന്റിസ്റ്റ്. ദീപ്തി എന്ന സാധാരണ വീട്ടമ്മയായി മീര ജാസ്മിനാണ് അഭിനയിച്ചത്. ദീപ്തിയോടു നൈമിഷികമായി തോന്നുന്ന ഒരു ആകര്‍ഷണവും അതില്‍ നിന്ന് ഉടലെടുക്കുന്ന ഒരു ബന്ധവും ഇരുവരെയും തകര്‍ക്കുന്നു? അതോ കൂടുതല്‍ ഉന്മാദികള്‍ ആക്കുന്നു. കൂടുതല്‍ ജീവിതത്തെ പ്രണയിക്കുന്നവരാക്കുന്നു.

ശരീരം എന്ന ഒരു വസ്തുവിനെ അടിസ്ഥാനപ്പെടുത്തി ഈ ബന്ധത്തെ വിലയിരുത്തിയാല്‍ ലോകനാഥന്‍ ദീപ്തിയെ കാണുന്നത് ശരീരം മാത്രമായാണ്, ‘നിന്റെ ശംഖ് പോലുള്ള കഴുത്ത് എന്ന് പറഞ്ഞാണ് അയാള്‍ ആദ്യം അവളെ പ്രാപിക്കുന്നത് തന്നെ. പിന്നീട് അവളെ കാണുമ്പോഴും കാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോഴും എല്ലാം പ്രധാനം അവളുടെ മൃദുവായ തനിക്കു സുഖം പകരുന്ന അവളുടെ ശരീരത്തിനാണ്. അതില്‍ പ്രണയമേ ഇല്ല എന്നയാള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. നീ എന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു, സൂക്ഷിക്കണം എന്നവളോട് പറയുകയും ചെയ്യുന്നു. ഇതേപോലെ തന്നെയാണ് ദീപ്തിക്കും അദ്ദേഹത്തോടുള്ള ബന്ധവും. അവള്‍ അയാളുമായുള്ള ലൈംഗിക വേഴ്ചക്ക് തയ്യാറാവുമ്പോഴും അവള്‍ക്ക് അയാളോട് പ്രണയമോ ആരാധനയോ ഇല്ല. ഒരു പക്ഷെ ലൈംഗിക ബന്ധത്തിനിടയില്‍ എപ്പോഴെങ്കിലും ആകണം അവളില്‍ പ്രണയം ഉടലെടുത്തത്( അവള്‍ അതാസ്വദിച്ചിരുന്നു എന്ന് നാഥന്‍ പിന്നീട് ബേലയോട് പറയുന്നുണ്ട്. ഒരു കാര്യം ആസ്വദിക്കണമെങ്കില്‍ അതിനോട് പ്രതിപത്തി തോന്നേണ്ടതാണ്). പ്രണയത്തില്‍ ശരീരങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് മാധവിക്കുട്ടിയും ഇങ്ങനെ എഴുതുന്നു.’ ഒരു സ്ത്രീക്ക് അവളുടെ സൗന്ദര്യം അറിയണം എന്നുണ്ടെങ്കില്‍ അവള്‍ക്കൊരു കാമുകന്‍ ഉണ്ടായിരിക്കണം. അവനെക്കാള്‍ ആര്‍ക്കാണ് അവളുടെ ശരീരത്തിന്റെ മിനുപ്പും ഉയര്‍ച്ച താഴ്ച്ചകളെയും കുറിച്ച് പറഞ്ഞു കൊടുക്കാന്‍ സാധിക്കുക? എല്ലാ ആശയവിനിമയങ്ങള്‍ക്കും ശരീരം എന്നത് ഏറെ പ്രധാനമാണ്. നമ്മുടെ മലയാളി സമൂഹത്തില്‍ ശരീരം പാപമായത് കൊണ്ട് അതിനെ ഉപയോഗിക്കുക എന്നാല്‍ രാത്രിയുള്ള കസര്‍ത്തില്‍ പത്തോ ഇരുപതോ മിനിട്ട് ഉപയോഗിക്കുക എന്നതില്‍ മാത്രം അധിഷ്ഠിതമാണ്. പ്രണയത്തിലാകട്ടെ ശരീരമാണ് ഭാഷതന്നെ; മാംസനിബദ്ധമല്ലാത്ത അനുരാഗത്തെ, കണ്ണ് കൊണ്ട് മാത്രം കഥപറയുന്ന കാമുകിമാരുടെ ഒക്കെ കാലത്തിനിപ്പുറം, കാമുകന്റെ ശരീരത്തിലെ ഇന്ന ഭാഗമാണ് എന്നിലെ പ്രണയത്തെ ചൂടുപിടിപ്പിക്കുന്നത് എന്ന് തുറന്നു പറയുന്ന/ പറയാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. ശരീരം കൊണ്ട് പറയുന്നത് അല്ലെങ്കില്‍ ശരീരത്തെ കുറിച്ച് പറയുന്നത് പാപമല്ല എന്ന ബോധമാണ് നാം പകര്‍ന്നു നല്‍കേണ്ടത്. 

എന്തിനാണ് നാം പ്രണയിക്കുന്നത്? എല്ലാ പ്രണയത്തിലും വേദനകള്‍ ഉണ്ട്, പ്രശ്‌നങ്ങള്‍ ഉണ്ട്, വൈകാരിക കെട്ടുപാടുകള്‍ ഉണ്ട്. എങ്കിലും നാം പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. ഒരാളുടെ ജീവിതത്തില്‍ നാം പ്രധാനം ആണെന്ന തോന്നല്‍ ആണ് പ്രണയം നമുക്ക് തരുന്ന അടിസ്ഥാന വികാരം. നമ്മുടെ ജീവിതത്തിലെ ഒരു ചെറിയ കാര്യം പോലും നാം നമ്മുടെ കമിതാവിനോട് പങ്കുവയ്ക്കുന്നു. അവര്‍ നമ്മോടും. നാം ഇല്ലാതെ മറ്റൊരാള്‍ക്ക് സന്തോഷിക്കാന്‍ ആവില്ല. നാമില്ലാതാകുന്ന അവസ്ഥ മറ്റൊരാളുടെ മരണം പോലുമാകുന്ന അവസ്ഥ. ഇതില്‍ നിന്നുണ്ടാകുന്ന ആത്മസംതൃപ്തി നമ്മെ വീണ്ടും വീണ്ടും പ്രണയത്തിലേക്കെത്തിക്കുന്നു. ഇതൊരുതരത്തില്‍ ആത്മരതി തന്നെയാണ്. ഈ ആത്മബോധത്തിനേല്‍ക്കുന്ന മുറിവുകള്‍ നമ്മെ ഭ്രാന്തരാക്കുന്നു. ചിലപ്പോള്‍ നിരാശയുടെ പടുകുഴിയില്‍ തള്ളിയിടുന്നു, പ്രതികാരദാഹികള്‍ ആക്കുന്നു. കണ്ണുനീരുകള്‍ ഉറവയാകുന്നു. 

അങ്ങനെതന്നെയാവണം ദീപ്തിക്ക് ഭ്രാന്തു പിടിച്ചതും, പ്രണയത്തില്‍ ആഴ്ന്ന് കമിതാവിന്റെ ബീജത്തെ വഹിക്കുമ്പോള്‍ താന്‍ നേരിട്ട തിരസ്‌കാരമാണ് അവളില്‍ അസ്വസ്ഥതകള്‍ വിതച്ചത്, അല്ലാതെ ഭര്‍ത്താവിനെ ‘വഞ്ചിച്ചതോ’ ഒരു ‘അവിഹിത ഗര്‍ഭം ‘ഉദരത്തില്‍ ചുമന്നതോ അല്ല. നിന്റെ കൂടി കുഞ്ഞാണ് എന്റെ ഉള്ളില്‍ എന്ന് പറയാന്‍ ആഗ്രഹിച്ച അവളോട് നിരര്‍ത്ഥകമായ സോഷ്യല്‍ സയന്റിസ്റ്റ് വാദങ്ങള്‍ പറഞ്ഞ് അവളുടെ പ്രണയത്തെ പാടെ നിരസിക്കുന്ന അവസ്ഥയാണ് അവള്‍ക്ക് തിരസ്‌കാരത്തിന്റെ കയ്പുനീര്‍ പകര്‍ന്നത്. ഇതേ അവസ്ഥയാണ് തനിക്കു ദീപ്തിയോടു പ്രണയമാണ് എന്ന് തിരിച്ചറിയുമ്പോള്‍ നാഥനും ഉണ്ടാകുന്നത്. ഇതേ അവസ്ഥയിലേക്ക്, മദ്യപാനത്തിലേക്ക് ഓര്‍മകള്‍ ഇല്ലാത്ത നിസ്സഹായതയിലേക്ക് എത്തുന്ന അദ്ദേഹത്തിന് തനിക്കവളോട് പ്രണയമായിരുന്നു എന്ന് പറയാതിരിക്കാന്‍ ആകുന്നില്ല. ഒരാള്‍ തന്റെ പ്രണയം തിരിച്ചറിയുംവരെ പ്രണയിക്കുന്ന മനുഷ്യന്റെ അവസ്ഥയും ഇത് പോലെ തന്നെയാണ്. തീര്‍ത്തും സ്വതന്ത്രമായ ഒരവസ്ഥയില്‍ നിന്നും പ്രണയത്തിന്റെ കെട്ടുകളിലേക്ക് മുറുകുന്ന ഒരവസ്ഥ. പക്ഷെ അത് കൊണ്ടുചെന്നെത്തിക്കുന്നതോ ഓരോ നിമിഷവും തന്റെ അത്മബോധത്തെ തൃപ്തിപ്പെടുത്തുന്ന, തന്റെ പ്രണയം തിരിച്ചറിയപ്പെടുന്ന സുഖകരമായ ഒരവസ്ഥയിലേക്കും. 

ശരീരത്തെ പോലെ പ്രധാനമാണ് ആത്മസമര്‍പ്പണം എന്നതും. ഏതൊരു ബന്ധത്തിലും ഈ സമര്‍പ്പണം ഉണ്ട്. നേരത്തെ നാം പറഞ്ഞ കെട്ടുപാടുകള്‍ക്ക് ഏറെ വിരുദ്ധമായ ഒന്നാണ് ഇത്. തന്നെ സ്വയം സമര്‍പ്പി ച്ചുകൊണ്ട് മറ്റൊന്നും ആ ബന്ധത്തില്‍ നിന്ന് ആഗ്രഹിക്കാത്ത ഒരു തരം സമീപനം. തന്നെ തിരിച്ചു പ്രണയിക്കണം എന്നോ അവിശ്യപ്പെടാതെ പ്രണയത്തിനായി മാത്രം പ്രണയിച്ചു കൊണ്ടിരിക്കുക. എന്തൊരു മനോഹരമായിരിക്കും അത്. അങ്ങനെ മനോഹരമായ പ്രണയങ്ങള്‍ നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ട് തന്നെ. ഒരിക്കല്‍ കൃഷ്ണന്‍ രാധയെ മാത്രമാണ് പ്രണയിച്ചത് എന്ന് രുക്മിണി പരാതി പറയുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് രാധ വിശദീകരിക്കുന്ന രംഗം കുട്ടിക്കാലത്തെപ്പോഴോ വായിച്ചതോര്‍ക്കുന്നു. ‘ഞാന്‍ കൃഷ്ണന്റെതാണ് എന്നാണ് ഞാന്‍ കരുതുന്നത്. അല്ലാതെ കൃഷ്ണന്‍ എന്റെതാണ് എന്നല്ല. ആരെയും സ്വന്തമാക്കല്‍ അല്ല പ്രണയത്തിന്റെ ലക്ഷ്യം മറിച്ചു പ്രണയിക്കുക എന്ന അനുഭൂതി ആസ്വദിക്കുകയാണ് ‘രാധ പറഞ്ഞു. നമ്മളില്‍ എത്ര പേര്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്? അവള്‍/ അവന്‍ എന്റെതാണ് എന്റേത് മാത്രമാണ് എന്ന ചിന്തകൊണ്ട് മാത്രം നഷ്ടമായ എത്രയോ ബന്ധങ്ങള്‍, പ്രണയങ്ങള്‍ സൗഹൃദങ്ങള്‍ നമുക്കുണ്ടായിരുന്നിരിക്കണം. ഓരോ ബന്ധത്തെയും വിലയിരുത്തുമ്പോള്‍ നാം അവര്‍ക്ക് വേണ്ടി ചെയ്തതിനെക്കാള്‍ അവര്‍ നമുക്ക് വേണ്ടി ചെയ്ത സഹായങ്ങള്‍ ത്യാഗങ്ങള്‍ വിട്ടു വീഴ്ചകള്‍ എന്നിവ നോക്കിയാല്‍ മാത്രം മനോഹരമാകുന്ന എത്രയോ ബന്ധങ്ങള്‍ നമുക്ക് ഉണ്ടാക്കാം. 

പ്രണയത്തിന്റെ മറ്റൊരു മുഖമാണ് ഈഗോ അല്ലെങ്കില്‍ ഒരാളുടെ ആത്മബോധം. പലപ്പോഴും നാം ഒരു നഷ്ടപ്രണയത്തില്‍ മറ്റൊരാള്‍ക്ക് മുന്നില്‍ താഴ്ന്നു കൊടുക്കാന്‍ നാം ഒരിക്കലും തയ്യാറാകുന്നില്ല. മാധവികുട്ടിയുടെ ഒരു കഥയില്‍ കാമുകനായ രാജാവിനെ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ഒരിക്കലും തന്റെത് ആവാത്ത ആ പ്രണയത്തില്‍ താന്‍ ഓരോ നിമിഷവും അദ്ധേഹത്തെ ഓര്‍ത്ത് ഉരുകുകയാണെന്ന സത്യം പക്ഷെ തുറന്നു പറയാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല. എന്തേ നീ ഇങ്ങനെ മെലിഞ്ഞു എന്ന ചോദ്യത്തിന് ….. ഓ ചൂടുകാലത്ത് ഇതെനിക്ക് സാധാരണമെന്ന് ഒഴുക്കന്‍ മട്ടില്‍ മറുപടി പറയുകയാണ് അവള്‍. കഴിഞ്ഞ മാസമൊക്കയും നിങ്ങളെ ഓര്‍ത്തു കണ്ണീര്‍ വീഴ്ത്തിയതാണ് എന്റെ ക്ഷീണത്തിന് കാരണം എന്നവള്‍ മനസ്സില്‍ പറയുന്നു. ആത്മാഭിമാനമുള്ള സ്ത്രീ ഒരിക്കലും തന്റെ ദൗര്‍ബല്യം കാമുകന് മുന്നില്‍ തുറന്നു പറയില്ല എന്ന് മാധവികുട്ടി എഴുതുന്നു. എന്നാണോ പുരുഷന്‍ അവളെ ദുര്‍ബലയെന്നു തിരിച്ചറിയുന്നത് അന്നവളുടെ വില അയാള്‍ക്ക് മുന്നില്‍ ഇല്ലാതാകുന്നു. ഇതേ മാധവികുട്ടിയാണ് ഒന്നും പ്രതീക്ഷിക്കാതെ, ഒരാളുടെ പ്രണയത്തില്‍ അടിമയാകുന്ന സ്ത്രീയെ കുറിച്ചെഴുതിയതും. നിലനില്‍ക്കുന്ന ഒരു പ്രണയത്തില്‍ അടിമകള്‍ ആകുന്നവര്‍ പക്ഷെ ഒരിക്കലും മറ്റേ വ്യക്തിക്ക് നമ്മെ മുറിവേല്‍പ്പിക്കാന്‍ സമ്മതിക്കാറില്ല. നിങ്ങള്‍ക്ക് എന്നെ കൊണ്ടാണ് ആവിശ്യം അല്ലാതെ മറിച്ചല്ല എന്ന് നാം പറയാതെ പറയുന്നു. പ്രണയത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഹൃദയം മുറിയുന്ന വേദനയിലും, ഇല്ല നിങ്ങള്‍ പോയാലും ഞാന്‍ ഇതേപോലെ സന്തോഷത്തോടെ തലയുയര്‍ത്തി ജീവിക്കും എന്ന് പറയുകയും, ഉള്ളില്‍ ചതഞ്ഞ മനസോടെ വിങ്ങുകയും ചെയ്തിരിക്കും. ഒരു പക്ഷെ പ്രണയത്തിന്റെ വിജയവും മനുഷ്യന്റെ പരാജയവും ഇവിടെ ആയിരിക്കും. 

ഒരേ കടലില്‍ തനിക്ക് ദീപ്തിയോടു പ്രണയമില്ല എന്ന് ഓരോ തവണ പറയുമ്പോഴും, ബേലയോട് വാദിക്കുമ്പോഴും ഈ ഈഗോ ആണ് അവിടെ പ്രവര്‍ത്തിച്ചത്. പക്ഷെ എല്ലാം തകര്‍ന്ന്! ആരുമില്ലാതാകുന്ന അവസ്ഥയില്‍ എല്ലാ താനെന്ന ഭാവവും മറന്നു അവള്‍ക്കു മുന്നില്‍ തന്റെ പ്രണയം കൊണ്ട് അയാള്‍ അടിയറവു പറയുന്നു. ദീപ്തിയും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു. അയാളെ കൊല്ലാന്‍ തീരുമാനിച്ചു വീട്ടില്‍ നിന്നിറങ്ങുന്ന അവള്‍ പ്രണയചൂടില്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ ചാരി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. 

ബന്ധങ്ങളും പ്രണയങ്ങളും അങ്ങനെ മാറിമറിഞ്ഞു കൊണ്ടേയിരിക്കും. എന്താണെന്നോ എങ്ങിനെയാണ് എന്നോ പ്രവചിക്കാന്‍ സാധിക്കാത്ത വിധം നാം ഇപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. ഇനിയും പ്രണയിക്കുക തന്നെ ചെയ്യും, ഓരോ തലമുറ കഴിയുംതോറും അര്‍ത്ഥങ്ങളും നിറങ്ങളും മാറി പോകുന്ന തരത്തില്‍ എങ്കിലും തീവ്രമായി ആഴത്തില്‍ നമ്മോട് ചേരുന്ന പ്രണയത്തിനു ഓരോ നിമിഷവും കീഴ്‌പ്പെട്ടുകൊണ്ടിരിക്കും.

പിന്‍കുറിപ്പ്: ഒന്നു പറഞ്ഞപ്പോള്‍ തന്നെ ഓടിപോയി ഒരേ കടല്‍ സിനിമയുടെ സിഡി വാങ്ങി അയച്ചുതന്ന ആല്‍ബിന്…. രണ്ടു ദിവസം മുഴുവന്‍ ബന്ധങ്ങളെ കുറിച്ച് മാത്രം പറഞ്ഞ നിയതിക്ക്….

(തുടരും..)

(അടുത്ത ഭാഗം: സ്വവര്‍ഗ പ്രണയങ്ങള്‍ നിത്യജീവിതത്തില്‍ നാം സ്വാഭിവികമായും മറന്നു പോകുന്നതെങ്ങനെ?)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍