(ഇത് മൂന്ന് ഭാഗങ്ങളുള്ള ഒരു ലേഖനമാണ്. നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പ്രണയത്തെ കുറിച്ചുള്ള ചില കാഴ്ചപ്പാടുകളാണ് ഈ ലേഖനങ്ങള്‍. എന്റെ സുഹൃത്ത് അഫീദയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നമ്മളൊക്കെ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായ’ പ്രണയത്തെ കുറിച്ചുള്ള ചില ചിന്തകള്‍. ആദ്യ രണ്ട്ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-നമ്മളൊക്കെ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായ പ്രണയത്തെ കുറിച്ചുതന്നെ, പ്രണയം, ശരീരം, കാമം: ഉന്മാദങ്ങളുടെയും വേദനകളുടെയും ലോകം)
എനിക്കെന്‍റെ ജീവിതത്തില്‍ ഏറ്റവും മടി തോന്നിയ സമയം എന്‍റെ എംഫില്‍ പഠനകാലം ആയിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഒന്ന് പുറത്തിറങ്ങാന്‍ പോലും മടി. അങ്ങനെ ഇരിക്കുമ്പോഴാണ് ഗൈഡ് ദീപ ശ്രീനിവാസ് എന്നെ വിളിച്ച് പൂനയില്‍ നിന്ന് വന്ന പ്രൊഫ.രാജാ റാവുവിന്റെ ക്ലാസ്സുണ്ട് എന്ന് പറയുന്നത്. ഗൈഡല്ലേ വെറുതെ എന്തിനാ വെറുപ്പിക്കണേ എന്ന ചിന്തയില്‍ ആണ് ഞാന്‍ ക്ലാസിനു ചെന്നത്. ഞാന്‍ ചെല്ലുമ്പോള്‍ ഷോലയിലെ ‘യേ ദോസ്തീ ഹം നഹീ ഛോഡേഗീ’ എന്ന ഗാനമാണ് കണ്ടത്. ഗാനം തീര്‍ന്നതും ഉയരമുള്ള ഒരു മനുഷ്യന്‍ കടന്നു വന്നു ഞങ്ങളോട് ചോദിച്ചു ഈ ഗാനം എന്തിനെ കുറിച്ചാണ്? ഞങ്ങള്‍ എല്ലാവരും പറഞ്ഞു സൌഹൃദത്തെ കുറിച്ച്. അതെല്ലേ? അമിതാഭ് ബച്ചനും ധര്‍മ്മേ’ന്ദ്രയും തമ്മിലെ സൌഹൃദമാണ് ആ പാട്ടെന്നു ആര്‍ക്കും മനസിലാകും. അപ്പോഴാണ് ആ കനത്ത ഒച്ച ഒന്ന് കൂടി ഉയര്‍ന്നു ചോദിച്ചത് ഇതില്‍ ബച്ചന് പകരം ഹെമാമാലിനി ആയിരുന്നെങ്കില്‍ ഈ ഗാനം ഒരു സൌഹൃദ ഗാനം മാത്രമായി നിങ്ങള്‍ കാണുമോ?
ചോദ്യം അല്പം കനത്തത് തന്നെ ആയിരുന്നു. ഒന്നാലോചിച്ചു നോക്കൂ നിങ്ങള്‍ ആണെങ്കില്‍ അതെങ്ങനെ കാണുമായിരുന്നു? ഒരാണും പെണ്ണും തമ്മിലെ ഗാനത്തെ, സൌഹൃദ ഗാനം മാത്രമായി നമ്മള്‍ സാധാരണ കാണാറുണ്ടോ? അങ്ങനെ ഏതെങ്കിലും ഗാനം പുറത്തിറങ്ങുന്നുണ്ടോ?
ഇതിനെ കുറിച്ച് ഓര്‍ത്തപ്പോഴാണ് നമ്മുടെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ആണ്‍- പെണ്‍ ബന്ധങ്ങള്‍ സാമാന്യവത്കരിക്കപ്പെടുന്നതിനെ കുറിച്ച് ആലോചിച്ചത്.
ഷോലെ എന്ന സിനിമയില്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും ചിത്രത്തില്‍ ഉടനീളം പങ്കുവയ്ക്കുന്ന ബന്ധത്തിലെ പ്രത്യേകതകളാണ് അന്ന് ക്ലാസ്സില്‍ ഉയര്‍ന്നു വന്ന ചര്‍ച്ചാ വിഷയം. ഇവര്‍ തമ്മിലെ ഇടപെടലുകള്‍ സുഹൃത്തുക്കള്‍ എന്നതിലുപരി കമിതാക്കളുടേതാണ് എന്നായിരുന്നു രാജാ റാവു അന്ന് മുന്നില്‍ വെച്ച വാദം. ഒന്നോര്‍ത്താല്‍ പല സന്ദര്‍ഭങ്ങളിലെയും സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ അത് ശരിയാണെന്നും കാണാം. ധര്‍മേന്ദ്രയുടെ വിവാഹാലോചനയുമായി ഹേമമാലിനിയുടെ അമ്മൂമ്മയുടെ അടുത്ത് ചെല്ലുന്ന ബച്ചന്‍ യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നത് ആ വിവാഹം മുടക്കാന്‍ ആണ് എന്നും അദ്ദേഹം വാദിച്ചു. ഇത് മറ്റു സിനിമകളില്‍ കാമുകന്‍ കാമുകിയുടെ ബന്ധം മുടക്കാന്‍ ശ്രമിക്കുന്നപോലെയാണ് എന്നാണ് അദ്ദേഹം വാദിച്ചത്.
ഇതൊരു ആമുഖമായി പറഞ്ഞതാണ്. നമ്മുടെ ജീവിതത്തിലും ബന്ധങ്ങള്‍ക്കിടയിലും ഇത്തരത്തില്‍ നാം കാണാതെ പോകുന്ന അല്ലെങ്കില്‍ കണ്ടിട്ടും തിരിച്ചറിയാതെ പോകുന്ന ചില സന്ദര്‍ഭങ്ങളെ ബന്ധങ്ങളെ കുറിച്ചാവാം ഇനി സംസാരം.
സന്ദര്‍ഭം ഒന്ന്: മുംബൈയില്‍ ക്രിയ എന്ന സംഘടനയുടെ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഒരുങ്ങവേ ആരോടൊപ്പമാണ് മുറി പങ്കിടാന്‍ താത്പര്യം എന്ന ഓപ്ഷന് നേരെ രണ്ടാമതൊന്ന് ആലോചിക്കാതെ സ്ത്രീ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത അര്‍ച്ചന എന്ന സഹപ്രവര്‍ത്തകയോട് വെറുതെ എന്ന രീതിയില്‍ ഞാന്‍ ചോദിച്ചു, എന്തേ നീ പുരുഷന്മാരുമായി മുറി പങ്കിടാത്തത്? അസ്വാഭാവികമായ ആ ചോദ്യം കേട്ട് അവള്‍ ഒന്ന് നെറ്റി ചുളിച്ചു. എന്ത് ചോദ്യാ ഇത്? ഏതെങ്കിലും പെണ്‍കുട്ടി അറിയാത്ത പുരുഷന്മാരുമായി മുറി പങ്കിട്വോ? സ്ത്രീകള്‍ ആയാല്‍ അല്ലെ സുരക്ഷ? വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ? പെണ്ണുങ്ങള്‍ ആയാല്‍ എന്തായാലും കേറി പിടിക്കാന്‍ വരില്ലല്ലോ. അവളുടെ മറുപടി. അതങ്ങനെയാണ്. നാമൊക്കെ കണ്ടു വന്നത്; അറിഞ്ഞത്; പെണ്ണും പെണ്ണും തമ്മില്‍ ആയാല്‍ അവിടെ “പ്രശ്നങ്ങള്‍” ഒന്നും ഇല്ല. “പ്രശ്നങ്ങള്‍” എന്നാല്‍ ലൈംഗിക ബന്ധം/അക്രമം എന്നതിനുള്ള സാധ്യത ഇല്ല എന്ന് തന്നെ.
ആണ്‍/പെണ്‍ ദ്വന്ദത്തില്‍ ഊന്നി നിലക്കുന്ന ഒരു സമൂഹത്തില്‍ ഇതില്‍ കൂടുതല്‍ ഒന്നും ഉണ്ടാകില്ല അല്ലെ?
ഒരു ചെറിയ കട്ട് എന്‍റെ ഫേസ്ബുക്ക് ചാറ്റിലേക്ക്. പേരെന്താ, വീടെവിടെയാ തുടങ്ങിയ സ്ഥിരം ബോറന്‍ ചോദ്യങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് എന്ത് ചെയ്യുന്നു എന്ന ചോദ്യം: (ശ്രദ്ധിക്കണേ പങ്കാളി പോലുമല്ല; ഭര്‍ത്താവ് തന്നെയാണ്) എത്രമാത്രം സാധാരണമായാണ് നമുക്ക് നേരെ വരുന്നത്. പുരുഷന്‍ ആണെങ്കില്‍ തിരിച്ചും. നമ്മുടെ ചിന്തകളില്‍ അടിയുറച്ച ദ്വന്ദങ്ങള്‍ ആണ് ചോദ്യങ്ങളിലൂടെ പുറത്തുവരുന്നത്. പങ്കാളി എന്ന് മറുപടി പറയുമ്പോള്‍ പങ്കാളിയാണോ ഭര്‍ത്താവ് അല്ലെ എന്ന മറുചോദ്യം? ആണിന് ആണും പെണ്ണിനും പെണ്ണും കൂട്ടുണ്ടാവില്ല എന്നും ആണും പെണ്ണും മാത്രമാണ് പ്രകൃതി എന്നും മറ്റെല്ലാം പ്രകൃതി വിരുദ്ധം എന്നും നാം അടിയുറച്ചു വിശ്വസിക്കുകയാണ്.
നമ്മുടെ ജീവിതത്തില്‍ ഒരു പ്രായം കഴിയുന്നതോടെ നമ്മളൊക്കെ ഇത്തരത്തില്‍ പെണ്‍ കൂട്ടങ്ങളില്‍ ആല്ലെങ്കില്‍ ആണ്‍ കൂട്ടങ്ങളില്‍ മാത്രമായി ഇടപെടലുകളും അടക്കി നിര്‍ത്തുന്നു. അല്ലെങ്കില്‍ അങ്ങനെ നിര്‍ത്താന്‍ ബാധ്യസ്ഥരാകുന്നു. നമ്മുടെ ജീവിതത്തില്‍ ലൈംഗികത ഉടലെടുക്കുന്ന കൌമാരഘട്ടത്തില്‍ ആണ് ഇതെന്നും ഓര്‍ക്കണം. ലൈംഗികത ഉടലെടുക്കുന്ന സമയങ്ങളില്‍ എല്ലാം നാം നമ്മുടെ അതെ വര്‍ഗ്ഗത്തിന്റെ കൂടെയാണ്. പക്ഷെ സാമൂഹ്യവത്കരണം എപ്പോഴും എതിര്‍ ലിംഗത്തില്‍ നിന്നു ഇണ തേടേണ്ടത് എന്ന് പറഞ്ഞു പറഞ്ഞു നമ്മുടെ സാധ്യതകളെ ഒറ്റയടിക്ക് തള്ളികളയുന്നു.
ഒരുപക്ഷെ അത് തുറന്നു തരുന്നത് സമൂഹത്തിന്‍റെ സദാചാര കണ്ണുകള്‍ക്ക് എളുപ്പം പിടി കൊടുക്കാത്ത, മനോഹരങ്ങള്‍ ആയ പ്രണയത്തിനുള്ള സാധ്യതകള്‍ ആണ് എന്നത് രസകരമാണ്. ഇത്തരത്തില്‍ സാധ്യതകള്‍ ഉള്ള ഒരു പ്രണയത്തെ അത്തരം ഒരു സാധ്യതയെ പോലും നാം വളരെ സൌകര്യ പൂര്‍വ്വം വിസ്മരിക്കുന്നു. അത് സൌഹൃദം മാത്രമാണെന്ന് പറഞ്ഞു ഊട്ടി ഉറപ്പിക്കുന്നു.
നമ്മുടെ ജീവിതത്തില്‍ നമുക്ക് പ്രണയം തോന്നുന്ന സ്വവര്‍ഗ സുഹൃത്ത്- പങ്കാളി ഉണ്ടായിട്ടുണ്ടാവില്ലെ? ഇവനെ അല്ലെങ്കില്‍ ഇവളെ കൂടാതെ ഒരു ദിവസം കൂടി തള്ളി നീക്കാന്‍ സാധിക്കില്ല എന്ന് തോന്നുന്ന ഒരു ചങ്ങാതി. ആത്മ സുഹൃത്ത് എന്ന പേരില്‍ നാം അടക്കി കളയുന്ന ആ പ്രണയം. സത്യത്തില്‍ കാമുകി അഥവാ കാമുകനോട് തോന്നുന്ന ബന്ധവും ആകര്‍ഷണവും സ്നേഹവും ഇവരോട് തോന്നുന്ന ബന്ധത്തിനേക്കാള്‍ അത്രയേറെ വ്യത്യാസപ്പെട്ടതാണോ? ഒരു പക്ഷെ നമ്മുടെ പങ്കാളിയോട് പറയുന്നതിനേക്കാള്‍ ആഴത്തില്‍ നാം നമ്മുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നത് ഇത്തരം സൌഹൃദങ്ങളോടല്ലേ? അതിനെ പ്രണയം എന്ന് നാം ഒരിക്കലും അടയാളപ്പെടുത്താത് എന്തെ?
എന്‍റെ പങ്കാളിയോട് ഞാന്‍ പലപ്പോഴും പറയാറുണ്ട് ” നിങ്ങളുടെ സുഹൃത്തിനോട് നിങ്ങള്‍ക്ക് പ്രണയമാണ്. അത് എപ്പോഴെങ്കിലും നിങ്ങള്‍ തിരിച്ചറിയും എന്ന്.” അതേപോലെ എനിക്ക് പ്രണയം തോന്നുന്ന ചില പെണ്‍ സുഹൃത്തുക്കള്‍ എന്‍റെ ജീവിതത്തിലും ഉണ്ട്. പക്ഷെ അത് തിരിച്ചറിയാനോ സമ്മതിക്കാനോ നാം ആരും തയ്യാറാകുന്നില്ല. ഇനി മുതല്‍ സ്ത്രീകളെ മാത്രേ പ്രേമിക്കൂ എന്ന് പ്രതിജ്ഞ എടുത്ത എന്‍റെ പെണ്‍ സുഹൃത്ത് ഇത് വായിച്ചു ചിരിക്കുന്നുണ്ടാകും.
നമ്മള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ കണ്ടിട്ടുണ്ടാകും കൈ കോര്‍ത്ത് പിടിച്ചു വരാന്തയിലൂടെ നടന്നു പോകുന്ന പെണ്‍- ആണ്‍ നിരകള്‍. അവയില്‍ ചിലര്‍ തമ്മില്‍ പിരി ആണ് എന്നുപറയാറുണ്ട്. ദേശാടനകിളികള്‍ കരയാറില്ല എന്ന ചിത്രത്തിലെ ശാരിയുടെ സ്വഭാവമുള്ള ഒരു പെണ്‍കുട്ടിയെ എനിക്കും പരിചയമുണ്ടായിരുന്നു. ഒന്ന് രണ്ട് വട്ടമേ കണ്ടിട്ടുള്ളൂ എങ്കിലും ഏടത്തി പഠിച്ച കന്യാസ്ത്രീകളുടെ സ്കൂളിലെ സഹപാഠിയെ കുറിച്ച്, ഏടത്തി പറഞ്ഞാണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. മറ്റു പെണ്‍കുട്ടികളോട് അനുരാഗം ഉണ്ടായിരുന്ന അവരെ ഞാന്‍ തെല്ലു പേടിയോടെ ആണ് കണ്ടിരുന്നത്. അന്ന് കുട്ടിയായിരുന്ന എന്നെ കൊഞ്ചിക്കാന്‍ കവിളില്‍ തൊട്ട അവരുടെ കൈ ഒരു തെല്ലു ദേഷ്യത്തില്‍ തട്ടിമാറ്റി മുഖം തിരിച്ചു നിന്നു. ശ്ശെ! പെണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ തന്നെ പ്രേമിക്യെ ഞാന്‍ ഓര്‍ത്തു. ഒരു പക്ഷെ നിങ്ങളില്‍ ആരെങ്കിലും ആയിരിക്കാം എന്നെ കൊഞ്ചിക്കാന്‍ മുതിര്‍ന്ന ആ പെണ്‍കുട്ടി. പക്ഷെ അവളുടെ മനസ് ഒരിക്കലും വായിക്കപെടാതെ പോയി. അങ്ങനെ നമ്മുടെ ചുറ്റിലും ജീവിച്ചിരിക്കുന്ന എത്രപേര്‍.
ഒരു സമൂഹത്തില്‍ മനോഹരമായി നിലനിര്‍ത്താവുന്ന സൌഹൃദങ്ങളെ- പ്രണയങ്ങളെ പാടെ വിസ്മരിച്ചു നാം മുന്നോട്ടു പോകേണ്ടതുണ്ടോ? നമ്മുടെ സൌഹൃദ ചര്‍ച്ചകളില്‍ സ്ഥിരമായി കടന്നു വരുന്ന ഒന്നാണ് പെണ്‍ സൌഹൃദങ്ങളിലെ ആഴമെന്നത്. ഒരേ അവസ്ഥകളിലൂടെ കടന്നു പോകുന്ന വ്യക്തികള്‍ തമ്മില്‍ പരസ്പരം പറയാതെ കാര്യങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന ഒരു രസകരമായ ബന്ധം അല്ലെ ഇത്? ആണ്‍-ആണ്‍, പെണ്‍-പെണ്‍, ആണ്‍-പെണ്‍, മൂന്നാം ലിംഗക്കാര്‍എന്നിവര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ പങ്കാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ലൈംഗികത മാത്രമാണ് നാം കാണുന്നതും ചര്‍ച്ച ചെയ്യുന്നതും. അതിലും ആഴത്തില്‍ നിലനില്‍ക്കുന്ന ഒരു മാനസിക ബന്ധത്തെ പോലും തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നില്ല.
കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ ഇത്തരത്തിലെ ദ്വന്ദങ്ങളെ കുറിച്ച് കെട്ടും അറിഞ്ഞും പറഞ്ഞും പഠിപ്പിച്ചും മനസില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയാണ് ആദ്യം വേണ്ടത്. ആണും പെണ്ണും ഒരുമിച്ചു നടന്നാല്‍ അവളും അവനും ലൈനും മറ്റുള്ളതെല്ലാം സൗഹൃദവും ആകുന്നതിനു പകരം, സൌഹൃദത്തിനും പ്രണയത്തിനും ഉള്ള അനേകം സാധ്യതകളെ തുറന്നു കാണിക്കുക. നമുക്ക് വേണ്ടത് ഒരു തുറന്ന മനസാണ്. നാം വിശ്വസിക്കുന്നതും കാണുന്നതും മാത്രമല്ല ലോകം എന്ന് തിരിച്ചറിയുകയും ചെയ്യുകയാണ് വേണ്ടത്. മറ്റുളളവരുടെ ആശയങ്ങളെ, സ്വകാര്യ തിരഞ്ഞെടുപ്പുകളെ അംഗീകരിക്കുകയും അവയില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരെ സഹായിക്കുകയും ആണ് വേണ്ടത്. വ്യക്തി ബന്ധങ്ങളെ കുറച്ചുകൂടി മനസിലാകുകയും ലോകം മുഴവന്‍ യോനിക്കും ലിംഗത്തിനും ഇടയില്‍ അല്ല ചുറ്റുന്നതെന്നും തിരിച്ചറിയുകയാണ് വേണ്ടത്. അതിലും ആഴത്തില്‍ വ്യതസ്തതകള്‍ കൊണ്ട് സുന്ദരമാകുന്ന ലോകത്ത് ഉള്ള ബന്ധങ്ങളെ മനസിലാക്കുക. ആണും-ആണും പെണ്ണും-പെണ്ണും ആണും-പെണ്ണും മൂന്നാം ലിംഗത്തില്‍പ്പെട്ടവരും അങ്ങനെ എല്ലാവരും ഒരുമിച്ചുള്ള സൌഹൃദങ്ങള്‍ പൂത്തുലയട്ടെ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക