UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മളൊക്കെ ജീവിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവായ പ്രണയത്തെ കുറിച്ചുതന്നെ-ഭാഗം 1

(ഇത്  മൂന്ന്‍ ഭാഗങ്ങളുള്ള ഒരു ലേഖനമാണ്. നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പ്രണയത്തെ കുറിച്ചുള്ള ചില കാഴ്ചപ്പാടുകളാണ് ഈ ലേഖനങ്ങള്‍. എന്‍റെ സുഹൃത്ത്‌ അഫീദയുടെ ഭാഷയില്‍ പറഞ്ഞാല്‍  “നമ്മളൊക്കെ ജീവിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവായ” പ്രണയത്തെ കുറിച്ചുള്ള ചില ചിന്തകള്‍.)

പ്രണയം എന്നത് എല്ലാവരിലും എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഒരു ഭാവമാണ്. നമുക്ക് പലപ്പോഴും പലതിനോടും പ്രണയം തോന്നാം.  ചില പാട്ടുകളോട്, സ്ഥലങ്ങളോട് ചിത്രങ്ങളോട്, ആളുകളോട്, ചില ഭാവങ്ങളോട്.. ഇത് വളരെ കാല്‍പനികമായ- എന്നാല്‍ എല്ലാവരിലും സ്ഥായിയായി നില്‍ക്കുന്ന ഒന്ന്. ഓരോ മനുഷ്യനോടും ദേശ-കാലാതീതമായി സംവദിക്കുന്ന ഒരു വികാരമായതിനാലാണ് പ്രണയം നാം എഴുതുന്ന കവിതകള്‍ക്കും സാഹിത്യത്തിനും സിനിമക്കും എല്ലാം വിഷയമാകുന്നത്.  ഈയിടെ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രം ആളുകളിലേക്ക്‌ ഇത്രയേറെ എത്തിച്ചേരാന്‍ പോലും കാരണം ഒരു വ്യക്തി തന്‍റെ ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ചിത്രത്തിലെ നായകന്‍/നായിക അനുഭവിച്ച മനോവ്യാപാരങ്ങളിലൂടെ  കടന്നു പോയതുകൊണ്ടാണ്. ഇത് തന്നെയാണ് പ്രണയം എന്ന മാധ്യമത്തിന്‍റെ കച്ചവടതന്ത്രവും, ജനപ്രിയ ചിത്രങ്ങളുടെ  ട്രേഡ് സീക്രട്ടും. കവിതകളിലും സാഹിത്യത്തിലും സ്ഥിതി മറിച്ചല്ല. 

പ്രണയം എന്നത് സിനിമകളിലും സാഹിത്യത്തിലും വരുമ്പോള്‍ നാം സ്ഥിരമായി പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ആദ്യ പ്രണയം ഒരിക്കലും നമുക്ക് മറക്കാന്‍ സാധിക്കില്ല; ഒരാളോട് മാത്രം തോന്നുന്ന അഥവാ തോന്നേണ്ട ഒന്നാണ്. പ്രണയത്തിന്റെ സാക്ഷാത്കാരം വിവാഹത്തില്‍ ആണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഇതൊക്കെ നാം കുട്ടികാലം മുതല്‍ കേള്‍ക്കുന്ന കാര്യങ്ങളാണ്.

നമ്മുടെയൊക്കെ മനസ്സില്‍ കുട്ടിക്കാലം മുതല്‍ പ്രണയം= വിവാഹം എന്ന ഫോര്‍മുല കുത്തിവയ്ക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഒരു പ്രായത്തിനു ശേഷം  ഉണ്ടാകുന്ന പ്രണയത്തില്‍ കമിതാക്കളുടെ ജോലി, പണം, കുടുംബം അങ്ങനെ പ്രണയവുമായി യാതൊരു ബന്ധവുമില്ലാത്ത ഘടകങ്ങള്‍ പ്രധാനമായി വരുന്നത്. ഒരു വ്യക്തിയുടെ രൂപത്തെ അല്ലെങ്കില്‍ സ്വഭാവത്തെ പ്രണയിക്കുക; ആ പ്രണയത്തിനു അതിനു നല്‍കേണ്ട എല്ലാ ബഹുമാനവും നല്‍കുക എന്നതൊന്നും നമുക്ക് പരിചിതമായ ഒന്നല്ല. ഒരാളെ പ്രണയിച്ചാല്‍ അവളെ/അവനെ തന്നെ “കെട്ടുന്നതാണ്” യഥാര്‍ത്ഥ സ്നേഹം എന്നൊക്കെ നമ്മുടെ സുഹൃത്തുക്കള്‍ തന്നെ എത്രയോ വട്ടം പറഞ്ഞിരിക്കും. നമ്മളും നമ്മുടെ ജീവതത്തില്‍ പിന്തുടര്‍ന്ന് പോരുന്നതും ഇതൊക്കെ തന്നെയാണ്.

ഇതേ ഫോര്‍മുലയുമായി ബന്ധപ്പെടുത്തിത്തന്നെയാണ് പ്രണയത്തിന്റെ വിജയവും പരാജയവും നമ്മള്‍ തീരുമാനിക്കുന്നതും. കാരണം ഒരു ബന്ധത്തിലെ പ്രണയം ഇല്ലാതാവുമ്പോഴല്ല നമുക്കത് നഷ്ടപ്രണയം ആകുന്നത്. മറിച്ച് പ്രണയിക്കുന്നയാള്‍ സ്വന്തമല്ലാതാകുമ്പോഴാണ്. അതായത് വിവാഹത്തില്‍ എത്താത്ത പ്രണയങ്ങള്‍ വിജയിച്ചവയല്ല. പങ്കാളികളില്‍ ഒരാളുടെ വിവാഹത്തോടെ ആ ബന്ധം അവസാനിക്കുന്നു. എങ്ങനെയാണ് അങ്ങനെ ഒരു രാത്രി/പകല്‍ കൊണ്ട് നമ്മുടെ ജീവവായുപോലെ നാം കൊണ്ടുനടന്ന ഒരു ബന്ധം ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു സ്വന്തമാക്കല്‍ ഇല്ലാതെയാകുമ്പോള്‍ നിരാശയില്‍ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കാന്‍ നാം ശ്രമിക്കുന്നത്?

സ്വന്തം ജീവിതത്തില്‍ നമ്മുടെ പ്രണയ ജോഡിയെ നാം സ്വന്തമാക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തി ആ ബന്ധത്തെ നാം മനോഹരമായ ബന്ധമെന്നു വിശേഷിപ്പിക്കുമ്പോഴും നമ്മുടെ കഥകളിലും പുരാണത്തിലും വിജയിച്ച പ്രണയങ്ങളേക്കാള്‍ വാഴ്ത്തപ്പെടുന്നത് നഷ്ട പ്രണയങ്ങളെ ആണ്.  രമണന്‍-ചന്ദ്രിക, ലൈലാ-മജ്നു, ദേവദാസ്- പാറോ, രാധ-കൃഷ്ണന്‍. ഒരു പൃഥിരാജ് ഡയലോഗ് പോലെ പറഞ്ഞാല്‍ see the irony ഇവരൊക്കെ പ്രണയത്തില്‍ “തോറ്റവരാണ്”. പക്ഷെ നമ്മുടെ കാഴ്ചപ്പാടില്‍  ഇവരൊക്കെയാണ് പ്രണയത്തിന്‍റെ മൂര്‍ത്തിമത്ഭാവങ്ങള്‍. പക്ഷെ സ്വന്തം ജീവിതത്തില്‍ പ്രണയിച്ച ആളുടെ വിവാഹം ഒറ്റയടിക്ക് നമ്മുടെ പ്രണയത്തെ തുടച്ചുനീക്കി  അവരെ നമ്മുടെ “എക്സ്” ആക്കി മാറ്റുന്നു.

എന്നാല്‍ നമ്മുടെ മറ്റൊരു ബന്ധത്തിലും ഈ വിജയം, സ്വന്തമാക്കല്‍, നഷ്ടം എന്നിവയൊന്നും നാം വിലയിരുത്താറില്ല. എന്‍റെ ഏടത്തി എന്നേക്കാള്‍ കൂടുതല്‍ മറ്റൊരാളെ സ്നേഹിക്കുന്നു അതുകൊണ്ട് ഞാന്‍ അവളെ മറന്നു എന്നോ, എന്‍റെ സുഹൃത്ത്‌ കൂടുതല്‍ സമയം ചിലവഴിക്കുന്നത് മറ്റൊരു സുഹൃത്തിനൊപ്പമാണ് അതുകൊണ്ട് ഞങ്ങള്‍ സുഹൃത്തുക്കള്‍ അല്ല എന്നോ നാം ഒരിക്കലും ആരോടും പറയാറില്ല വിലയിരുത്താറുമില്ല. പക്ഷെ പ്രണയത്തില്‍ ഇവയൊക്കെ ഉണ്ടെന്നു നാം പറയുന്നു. സ്വാര്‍ത്ഥതയുണ്ട്, കൊടുക്കുന്നതിന്‍റെയും ലഭിക്കുന്നതിന്‍റെയും കണക്കുകളുണ്ട്, സ്വന്തമാക്കലുകളുണ്ട് എന്ന് ഓരോ തവണയും ഉറപ്പുവരുത്തുന്നു. അങ്ങനെയല്ലാത്തവ പ്രണയം അല്ലെന്നും വിധിക്കുന്നു.

ഒരു 20 വയസ്സുവരെ ഈ സങ്കല്‍പ്പങ്ങളും മിഥ്യാധാരണകളും ഉള്ള ഒരാള് തന്നെ ആയിരുന്നു ഞാനും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ എം എ പഠനത്തിനു വന്നതിനു ശേഷമാണ് പല തരത്തിലുള്ള പല നിറത്തിലുള്ള ആഴത്തിലുള്ള  ബന്ധങ്ങള്‍ ഞാന്‍ കാണാന്‍ തുടങ്ങിയത്. വിശകലനം ചെയ്യാന്‍ തുടങ്ങിയത്. എന്‍റെ വളരെ അടുത്ത രണ്ടാളുകള്‍ തമ്മിലുള്ള ബന്ധത്തെ വളരെ കൌതുകത്തോടെ എന്നാല്‍ അതിലേറെ വേദനയോടെ നോക്കിക്കണ്ട ഒരാള്‍ ആയിരുന്നു ഞാന്‍. രണ്ട് വ്യക്തികള്‍ക്ക് ഇത്ര മനോഹരമായി അറിയാന്‍ സാധിക്കുക എന്നത് ഏറെ അപൂര്‍വമായിരുന്നു. പക്ഷെ അവരൊരിക്കലും വിവാഹത്തെ കുറിച്ച് സംസാരിച്ചേയില്ല. ഒരിക്കല്‍ ഒരു കൌതുകത്തിന് ഞാന്‍ ചോദിച്ചു, “വിവാഹം കഴിക്കില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പാണ്‌. പിന്നെ എന്തിനാണ് ഇങ്ങനെ? എപ്പോഴെങ്കിലും വേര്‍പെടെണ്ടി വരുമ്പോള്‍  നിങ്ങള്‍ക്ക് അതൊരു വേദനയായി തീരില്ലേ? ” അതിന് അന്നവര്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു, “അനൂ, ഞങ്ങള്‍  എവിടെ പോയാലും ഞങ്ങളുടെ മനസ്സില്‍ പരസ്പരം ഉള്ള പ്രേമവും സ്നേഹവും കരുതലും ഇതേ പോലെ ഉണ്ടാകും. മറ്റാരെയെങ്കിലും വിവാഹം കഴിക്കുന്നതോ പ്രണയിക്കുന്നതോ ഈ ബന്ധത്തെ ബാധിക്കുകയേ ഇല്ല. ബാധിക്കുകയും അരുത്.” അന്ന് മനസിലാക്കാന്‍  വളരെബുദ്ധിമുട്ടുണ്ടാക്കിയ വാക്കുകള്‍ ആയിരുന്നു ഇവ. പക്ഷെ 6 കൊല്ലത്തിനിപ്പുറവും അവരെ ആ പഴയ കൌതുകത്തോടെയും തെല്ല് അസൂയയോടെയും ഞാന്‍ നോക്കി നില്‍ക്കുന്നു.

ഇത് പറയുമ്പോഴാണ് ഒരു ബന്ധത്തില്‍ നിന്നുകൊണ്ട് മറ്റൊരു വ്യക്തിയെ പ്രണയിക്കുക എന്ന “പ്രശ്നത്തെ” ഞാന്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. സംവിധായകന്‍ കമലിന്‍റെ മേഘമല്‍ഹാര്‍ എന്ന ചിത്രമാണ് ഇവിടെ എനിക്കോര്‍മ്മ വരുന്നത്. കുട്ടിക്കാലത്ത് സുഹൃത്തുക്കള്‍ ആയിരുന്ന രണ്ടു ആളുകള്‍ പരസ്പരം അറിയാതെ നഗരത്തില്‍ വച്ച് കണ്ടു മുട്ടുന്നതും, ജോലി സംബന്ധമായി അവര്‍ അടുക്കുന്നതും,  ഇത് തന്‍റെ ചെറുപ്പത്തില്‍ തന്നില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ  കളിക്കൂട്ടുകാരന്‍ ആണെന്ന് സ്ത്രീ  തിരിച്ചറിയുന്നതും അദ്ദേഹത്തോട് അടുപ്പം തോന്നുന്നതും എന്നാല്‍ പുരുഷന്‍ ഇതറിയാതെ അവരെ പ്രണയിക്കാന്‍ ആരംഭിക്കുന്നതുമാണ് കഥാതന്തു എന്ന് നിങ്ങള്‍ക്കെല്ലാം അറിയാം.

വിവാഹത്തിന് പുറത്തുണ്ടാകുന്ന പ്രണയ ബന്ധങ്ങള്‍ക്ക് (എന്തുകൊണ്ടോ അവിഹിതം എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വിഹിതവും അവിഹിതവും തീരുമാനിക്കാന്‍  ആര്‍ക്കും അവകാശം ഇല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.) കാരണം എന്താണെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. വിവാഹത്തിന് പുറത്തു പുരുഷനോ  സ്ത്രീക്കോ  ഒരു ബന്ധം ഉണ്ടാകണമെങ്കില്‍ ആ ഇണകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകണം, അല്ലെങ്കില്‍ ആ ബന്ധം ഇണകള്‍ തമ്മില്‍ ഉള്ള പ്രണയത്തെ ഇല്ലാതാക്കും എന്നൊക്കെ ഒരു പൊതുധാരണ നമ്മുടെയൊക്കെ  മനസ്സില്‍ ഉണ്ട്. ഈ ചിത്രത്തില്‍ തനിക്ക് നന്ദിത എന്ന എഴുത്തുകാരിയോടുള്ള പ്രണയം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ രാത്രി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഭാര്യ എന്താണ് സംഭവം എന്ന് ചോദിക്കുന്ന ഒരു രംഗം ഉണ്ട്.  താന്‍ ഭാര്യയോട്  തെറ്റാണോ ചെയ്യുന്നത് എന്ന വിചാരത്തില്‍ നിന്ന് രാജീവന്‍ അവളെ ഇറുക്കി പുണരുകയും അതോടൊപ്പം ഭാര്യയെ താന്‍ ഇപ്പോഴും ആഴത്തില്‍ പ്രണയിക്കുന്നു എന്ന തിരിച്ചറിവില്‍ ആശ്വസിക്കുകയും ചെയ്യും. അതേപോലെ നന്ദിതയും ഭര്‍ത്താവും തമ്മിലും വൈകാരികമായോ മറ്റുതരത്തിലോ ഉള്ള “പ്രശ്നങ്ങള്‍” ഉളളതായി പ്രേക്ഷകന് അനുഭവപ്പെടുന്നേയില്ല.

അപ്പോള്‍ ഒരു പ്രണയം ഉണ്ടാകാന്‍ നിലവിലുള്ള ബന്ധത്തില്‍ സ്വരക്കേടുകള്‍ ഉണ്ടാകണം എന്നില്ല. പങ്കാളിയുടെ കുറവോ – പ്രശ്നമോ അല്ല പല പ്രണയങ്ങള്‍ക്കും വഴിവയ്ക്കുന്നത്. വളരെ പെട്ടന്ന് മറ്റൊരു വ്യക്തിയോട് തോന്നുന്ന ഒരു സ്പാര്‍ക്ക് ആകാം; ശാരീരികമായ ഒരാകര്‍ഷണമാകാം. നിങ്ങളുടെ നിലവിലെ ബന്ധങ്ങളോ അതിന്‍റെ ആഴമോ ശക്തിയോ ഒന്നും പുതുതായി ഉണ്ടാകുന്ന ബന്ധത്തെയോ അതുണ്ടാകാനുള്ള കാരണത്തെയോ സ്വാധീനിക്കേണ്ട കാര്യം ഇല്ല. അതിനെ സ്വാഭാവികമായ ഒന്നായി കണക്കിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പ്രണയം എന്നത് രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടാകാവുന്ന വളരെ സ്വാഭാവികമായ ഒന്നായി മാത്രമേ കാണേണ്ടൂ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ് വിഹാഹത്തിനു പുറത്തു പ്രണയം ഉണ്ടാകുമ്പോള്‍ അത് പ്രശ്നമാണ് എന്ന്  നാം പറയുന്നത്? എന്തുകൊണ്ടാണ് രണ്ടു വ്യക്തികളോട് ഒരേ സമയം പ്രണയം തോന്നുകയേ ഇല്ല എന്നും അങ്ങനെ തോന്നിയാല്‍ അത് വഞ്ചനയാണ് എന്നും നാം ഇപ്പോഴും പറയുകയും നമ്മുടെ ഇടപെടലുകളിലൂടെ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നത്? ഈയിടെ എന്‍റെ അനുഭവത്തില്‍ ഉണ്ടായ ചില സ്ഥിരം ചോദ്യങ്ങളുടെ സ്വഭാവം  ഇവിടെ കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ എന്‍റെ മുഖപുസ്തകത്തില്‍ പ്രണയ കവിതകള്‍ എഴുതുമ്പോള്‍ പലരും ചോദിക്കാറുണ്ട്,  “നിങ്ങള്‍ക്ക് വേറൊരു പ്രണയം ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങളുടെ പങ്കാളിയുടെ പ്രതികരണം എന്തായിരിക്കും എന്ന്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് നിങ്ങളുടെ പങ്കാളിയെ മറന്ന്‍ മറ്റൊരാളെ സ്നേഹിക്കാന്‍ സാധിക്കുന്നത്?  നാം നേരത്തെ പറഞ്ഞ പോലെ ഒരേ സമയം ഒരാളോട് മാത്രം തോന്നുന്ന ഒന്നാണ് എന്ന് മനസ്സില്‍ പതിഞ്ഞുപോയതില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ വരുന്നത് എന്ന് പറയേണ്ടതില്ലല്ലോ.

ഒരു പക്ഷെ മറ്റൊരാളുമായുള്ള  ശാരീരിക ബന്ധത്തില്‍ പോലും ഈ പ്രശ്നങ്ങളോ ചിന്തകളോ  നിലനില്‍ക്കുന്നില്ല. എന്‍റെ ഒരു സുഹൃത്ത്‌  ഇടയ്ക്കു പറയാറുണ്ട്, “എന്‍റെ പങ്കാളിക്ക് മറ്റൊരാളുമായി ഉണ്ടാകുന്ന ശാരീരിക ബന്ധം എനിക്ക് അംഗീകരിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റൊരു സ്ത്രീയുമായി ബൌദ്ധികമായ ഉണ്ടാകുന്ന ആത്മബന്ധം ആണ് എന്നെ കൂടുതല്‍ ഭയപ്പെടുന്നത്.” അപ്പോള്‍ പ്രണയം എന്നത് ശാരീരിക ബന്ധത്തെക്കാള്‍ ആഴത്തില്‍ ഉണ്ടാകുന്ന എന്തോ ഒന്നാണ്.  ഒരുപക്ഷെ നമ്മുടെ  ആത്മബോധത്തെ തന്നെ നിര്‍ണയിക്കുന്ന ഒന്ന്. നമ്മുടെ നിലനില്‍പ്പിനെ; ജീവിതബന്ധങ്ങളെ തന്നെ നിര്‍ണയിക്കുന്ന ഒന്ന്.  

(തുടരും)

(അടുത്ത ലേഖനം- മനുഷ്യബന്ധങ്ങളില്‍ ശരീരത്തിനുള്ള പ്രാധാന്യം; പ്രണയത്തില്‍ ആരാധനയും സ്വയം സമര്‍പ്പണവും എങ്ങനെ വിലയിരുത്തപ്പെടുന്നു.) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍