UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടതുശരീരത്തിന്റെ ജാതി ഞരമ്പുകള്‍

Avatar

സുനില്‍ ജി

1957ല്‍ കേരള നിയമസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കമ്മ്യൂണിസ്റ്റ് സഥാനാര്‍ത്ഥികളെ വിജയിപ്പിച്ച ജില്ല ആലപ്പുഴയായിരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പാര്‍ട്ടി സ്വതന്ത്രരായി മത്സരരംഗത്തിറക്കിയ സവര്‍ണ സ്ഥാനാര്‍ഥികള്‍ ഈ വിജയത്തില്‍ അതിനിര്‍ണായകമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു വി.എസ്.അച്യുതാനന്ദന്‍. അന്ന് മുതല്‍ക്കെ പരമ്പരാഗത കമ്മ്യൂണിസ്റ്റുകളുടെ തിരഞ്ഞെടുപ്പ് തന്ത്രം ഈ സവര്‍ണ-അവര്‍ണ കോംബോ ആയിരുന്നു. അതായത് തങ്ങളുടെ ഫിക്‌സഡ് അസറ്റായ ഈഴവരും ദളിതരും അടങ്ങുന്ന അവര്‍ണ വോട്ടുകള്‍ക്കൊപ്പം സവര്‍ണ ഹിന്ദു വോട്ടുകള്‍ നേടാനായാല്‍ ഭൂരിപക്ഷം ഹിന്ദു വോട്ടുകള്‍ നേടി വിജയം നേടാമെന്ന സിംപിള്‍ ജാതി ടാക്റ്റിക്‌സ്. പില്‍ക്കാലം 87ലും 2004ലും 2011ലും 2015ലും വി.എസ്. എടുത്തുപയറ്റിയ തിരഞ്ഞെടുപ്പ് തന്ത്രവും മറ്റൊന്നല്ല.

ആന്റണി, സുധീരന്‍, വക്കം, ചെന്നിത്തല, കെ.സി. തുടങ്ങിയ വ്യക്തിഗത പെര്‍ഫോമര്‍മാരുടെയല്ലാതെ യു.ഡി.എഫിന് ജില്ലയില്‍ രാഷ്ട്രീയ നേട്ടമുണ്ടായിട്ടുള്ളപ്പോഴെല്ലാം അതിന് ഇടതുപക്ഷത്തു നിന്നുള്ള രാഷ്ട്രീയ ചോര്‍ച്ച കാരണമായിട്ടുണ്ട്. സി.പി.ഐ., ജെ.എസ്.എസ്. തുടങ്ങിയ വിഭാഗങ്ങള്‍ ഇടത്തു നിന്ന് മാറി വലതുപക്ഷം തേടിയപ്പോഴാണ് യു.ഡി.എഫിന് ആ വിജയങ്ങള്‍ ലഭിച്ചത്. ഉദാഹരണത്തിന് 1994ല്‍ ഗൗരിയമ്മയെ പുറത്താക്കിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് 95ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പായിരുന്നു. അന്ന് ജില്ലയില്‍ പരക്കെ, വടക്കന്‍ മേഖലകളില്‍ വിശേഷിച്ചും എല്‍.ഡി.എഫിന് അടിപതറി. എങ്കിലും യു.ഡി.എഫിലെ അനൈക്യം മുതലാക്കി ജില്ലാ പഞ്ചായത്ത് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് സാധിച്ചു.

1995 മുതല്‍ക്കിങ്ങോട്ട് നടന്നിട്ടുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ എല്ലാം യു.ഡി.എഫിലെ അനൈക്യം എല്‍.ഡി.എഫിനെ സഹായിച്ചു. ലോക സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ പോലും (മാവേലിക്കര, കായംകുളം, ആലപ്പുഴ,ചേര്‍ത്തല) ഇടതുപക്ഷത്തിന് തുടര്‍ച്ചയായി അധികാരം നിലനിര്‍ത്താന്‍ സാധിച്ചു.  എന്നാല്‍ 2010ല്‍ കഥ അല്‍പം മാറി. സി.പി.എമ്മില്‍ പടര്‍ന്ന് പന്തലിച്ച വിഭാഗീയതയെ അവസരമാക്കി ഒറ്റപ്പെട്ട പ്രദേശങ്ങളിലെങ്കിലും യു. ഡി. എഫ് മേല്‍ക്കൈ നേടി.  നഗരസഭകളിലും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും യു.ഡി.എഫ്. നില മെച്ചപ്പെടുത്തിയെങ്കിലും ജില്ലാ പഞ്ചായത്ത് അവര്‍ക്ക് കിട്ടാക്കനിയായി തുടര്‍ന്നു.

വി.എസും പാര്‍ട്ടിയും തമ്മില്‍ ഇടയ്ക്ക് സുല്ലിട്ടും അല്ലാത്തപ്പോള്‍ ഉത്സാഹിച്ചും നടത്തിപ്പോരുന്ന പോരില്‍ മുറിവേറ്റവരും പുറത്തായവരും ആയ അസംഖ്യം പേര്‍ ജില്ലയുടെ പല ഭാഗത്തുമുണ്ട്. ഒരു വിഗ്രഹമെന്ന നിലയിലേക്ക് പ്രതിഷ്ഠിയ്ക്കപ്പെട്ട വി.എസിന് നേര്‍ക്ക് ഇടതടവില്ലാതെ ചൊരിഞ്ഞ ഭര്‍ത്സനങ്ങള്‍ ജില്ലയിലെ പരമ്പരാഗത ഇടത് വോട്ടര്‍മാര്‍ക്കിടയില്‍ സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് ഒരു വില്ലന്‍ ഇമേജ് ഉണ്ടാക്കി. ഔദ്യോഗിക ചേരിയില്‍ പോലും നിലനില്‍ക്കുന്ന വിഭാഗീയത സൂക്ഷ്മതലത്തില്‍ പാര്‍ട്ടിയെ തളര്‍ത്തുന്നത് തിരഞ്ഞെടുപ്പുകളിലാണ്. മുമ്പെന്നത്തേക്കാളുമേറെ വിമതരും കൂടുമാറി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുമൊക്കെ ഇടതുപക്ഷത്തിന് തലവേദനയാവുന്ന തിരഞ്ഞെടുപ്പാണിത്. ഐസക്കിന്റെ നേതൃത്വത്തില്‍ പരീക്ഷിച്ച് വിജയിച്ച പ്രാദേശികാസൂത്രണ പ്രവൃത്തികള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ആ മണ്ഡലത്തിന് പുറത്തേക്ക് വ്യാപിക്കുവാനോ ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മൊത്തത്തില്‍ ഉപകരിക്കുവാനോ കഴിയാത്തതിന് പിന്നിലും ഈ വിഭാഗീയത തന്നെയാണ്. ഐസക്കിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയമായി എന്ത് നേട്ടമുണ്ടാക്കുമെന്ന് ഈ തിരഞ്ഞെടുപ്പിന് തെളിയിക്കാനാവും.

സവര്‍ണ വോട്ടുകള്‍ ഇടതിന് അനുകൂലമായും പ്രതികൂലമായും വീണ ചരിത്രം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ തങ്ങളുടേതെന്ന് എല്‍.ഡി.എഫ്. ഉറച്ച് വിശ്വസിക്കുന്ന അവര്‍ണ ഹിന്ദു വോട്ടുകളില്‍ ഇളക്കം സംഭവിക്കുന്നതാണ്  ഇടതു കോട്ടയുടെ ഇന്നത്തെ ഭയാശങ്കകള്‍. അതിനാല്‍ത്തന്നെയാണ് എസ്.എന്‍.ഡി.പി.യുടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ സി.പി.എമ്മിനെ വിറളി പിടിപ്പിക്കുന്നത്. എണ്‍പതുകളോടുകൂടി ക്രമാനുഗതമായി ഇടതുപാളയത്തില്‍ നിന്നും അകന്ന് തുടങ്ങിയ ദളിത് വിഭാഗങ്ങളില്‍ ഒരു ചെറു ന്യൂനപക്ഷം മാത്രമേ ഇന്ന് ഇടതിനൊപ്പം അവശേഷിക്കുന്നുള്ളൂ. ജില്ലയിലെ ഏറ്റവും പ്രബല സമുദായമായ ഈഴവ സമുദായ വോട്ടില്‍ സംഭവിക്കാവുന്ന നേരിയ വ്യതിയാനങ്ങള്‍ പോലും ഇടതുപക്ഷത്തെ ആശങ്കയിലാഴ്ത്തും. അതിനാല്‍ത്തന്നെ എസ്.എന്‍.ഡി.പി. ഈ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിച്ചേക്കാവുന്നതാണ്.

ബി.ജെ.പി.-എസ്.എന്‍.ഡി.പി. ബാന്ധവത്തിന് അനുകൂലമോ പ്രതികൂലമോ എന്നതിലുപരി, ഒരു തനത് രാഷ്ട്രീയ നീക്കത്തിന് ഏറ്റവും വലിയ ഹിന്ദു സമുദായമായ ഈഴവര്‍ മുന്‍കൈ എടുക്കുന്നതിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ തിരഞ്ഞെടുപ്പില്‍ അറിയാന്‍ കഴിയുക. വെള്ളാപ്പള്ളിയെ വി.എസിനെ മുന്‍ നിര്‍ത്തി ആക്രമിച്ച് കീഴ്‌പ്പെടുത്തുക എന്ന രാഷ്ട്രീയ കസര്‍ത്തിലല്ല കാര്യം. മറിച്ച് ഓരോ വാര്‍ഡ് പ്രദേശത്തും വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നീക്കം സ്വന്തം സമുദായ അംഗങ്ങളുടെ രാഷ്ട്രീയ ഭാവനയില്‍ ചെലുത്തുന്ന സ്വാധീനമാണ് നിര്‍ണായകം. ഗണ്യമായ നിലയില്‍ അതിന് സാധിക്കുമെങ്കില്‍ യു.ഡി.എഫിന് എന്നും ബാലികേറാമലയായ ജില്ലാ പഞ്ചായത്തു പോലും സ്വപ്‌നം കാണാവുന്നതേയുള്ളൂ.

കുറിപ്പ്:- ആലപ്പുഴയുടെ രാഷ്ട്രീയ അവലോകനം ഇടതു രാഷ്ട്രീയത്തെക്കുറിച്ചും, ജാതികളെക്കുറിച്ചുമാവുന്നത് ഒട്ടും യാദൃശ്ചികമല്ല, തീര്‍ത്തും ചരിത്രപരമാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് നിരീക്ഷകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍